കാൻസറിനെ തോൽപ്പിച്ച 'ചിരി'

കാൻസറിനെ തോൽപ്പിച്ച 'ചിരി'

കാൻസറിനുളള മറുമരുന്നാണ് ഇന്നസെന്റ് എന്നായിരുന്നു "കാൻസർ വാർഡിലെ ചിരി" എന്ന പുസ്തകത്തിന്റെ ആമുഖത്തിൽ ഡോ. ഗംഗാധരൻ അദ്ദേഹത്തെ വിശേഷിപ്പിച്ചത്
Updated on
3 min read

ഇന്ന‌സെന്റിന്റെ നിറഞ്ഞ ചിരി മായുമ്പോൾ മലയാളികൾക്ക് നഷ്ടമാകുന്നത് ചിരിപ്പിക്കുകയും അതിലേറെ ചിന്തിപ്പിക്കുകയും ചെയ്ത ബഹുമുഖ പ്രതിഭയെയാണ്. നിർമാതാവായി മലയാള ചലച്ചിത്ര ലോകത്തേയ്ക്ക് എത്തിയ അദ്ദേഹം പിന്നീട് ഹാസ്യ നടനായും സ്വഭാവ നടനായും വെളളിത്തിരയിൽ തിളങ്ങി. അദ്ദേഹത്തിന്റെ ജീവിതത്തിൽ 2013ലാണ് അർബുദം വില്ലനായി എത്തുന്നത്. എന്നാൽ, അപ്പോഴും സരസമായി ഫലിതം പറയുന്ന ഇന്നസെന്റിനെയാണ് മലയാളികൾ കണ്ടത്. രോഗത്തെ ഫലിതം കൊണ്ട് ചികിത്സിച്ച് കാൻസർ വാർഡിൽ നിന്ന് വീണ്ടും ബിഗ് സ്ക്രീനിൽ തിരകെയെത്തി. 2014ൽ നടന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ ചാലക്കുടി മണ്ഡലത്തിൽ നിന്ന് എൽഡിഎഫിന്റെ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിച്ച് കോൺഗ്രസിന്റെ പി സി ചാക്കോയെ പരാജയപ്പെടുത്തി പാർലമെന്റിലെത്തി.

രോഗം തന്നെ കാർന്നുതിന്നാൻ തുടങ്ങിയെന്ന് അറിഞ്ഞപ്പോൾ ശാസ്ത്രത്തെ വിശ്വസിക്കുകയും ഡോക്ടറുടെ നിർദേശ പ്രകാരം ചികിത്സയുമായി മുന്നോട്ട് പോവുകയും ചെയ്ത പോരാളി

"കാൻസർ വാർഡിലെ ചിരി" എന്ന ഇന്നസെന്റിന്റെ അനുഭവക്കുറിപ്പുകൾ ആരംഭിക്കുന്നത് അദ്ദേഹത്തെ ചികിത്സിച്ച കാൻസർ സ്പെഷ്യലിസ്റ്റ് ഡോ. ഗംഗാധരന്റെ ആമുഖ കുറിപ്പോടെയാണ്. കാൻസറിനുളള മറുമരുന്നാണ് ഇന്നസെന്റ് എന്നായിരുന്നു ആമുഖത്തിൽ ഡോ. ഗംഗാധരൻ അദ്ദേഹത്തെ വിശേഷിപ്പിച്ചത്. ഒരു കത്തോലിക്ക കുടുംബത്തിൽ ജനിച്ച അദ്ദേഹം രോഗം തന്നെ കാർന്നുതിന്നാൻ തുടങ്ങിയെന്ന് അറിഞ്ഞപ്പോൾ ശാസ്ത്രത്തെ വിശ്വസിക്കുകയും ഡോക്ടറുടെ നിർദേശ പ്രകാരം ചികിത്സയുമായി മുന്നോട്ട് പോവുകയും ചെയ്ത പോരാളി കൂടിയാണ്. കാൻസർ രോഗികളിൽ പൊതുവെ കാണപ്പെടുന്ന വിഷാദം പോലും ഇന്നസെന്റിനെ അലട്ടിയിരുന്നില്ലെന്നാണ് ഡോ. ഗംഗാധരൻ വ്യക്തമാക്കിയത്. എന്നാൽ, ഭാര്യ ആലീസിനും കാൻസർ എന്നറിഞ്ഞപ്പോൾ ആ പോരാളിയുടെ മനസ്സൊന്ന് പിടഞ്ഞു. പക്ഷേ ഒരു സന്തുഷ്ട കാൻസർ കുടുംബമെന്ന് പറഞ്ഞ് സ്വതസിദ്ധമായ നർമത്തിലൂടെ കാൻസറിനെ നേരിടുകയും വിജയിക്കുകയും ചെയ്യുന്ന കാഴ്ചയാണ് പിന്നെ കണ്ടത്.    

കാൻസർ വാർഡിലെ ചിരി എന്ന പുസ്തകം 70000 ഓളം കോപ്പികൾ വിറ്റഴിഞ്ഞതിലൂടെ ആ പുസ്തകം എത്രത്തോളം വായനക്കാരെയും സമൂഹത്തെയും സ്വാധീനിച്ചുവെന്ന് വ്യക്തമാണ്. തീക്ഷ്ണമായ ജീവിതാനുഭവങ്ങളെ നർമത്തിൽ ചാലിച്ചെഴുതിയ ഓർമക്കുറിപ്പുകളുടെ സമാഹാരം. ഓരോ താളും വായിച്ച് മറിയുമ്പോൾ വായനക്കാരുടെ മുഖത്ത് ചിരി വിടരുമെന്നുളളതാണ് ആ പുസ്തകത്തിന്റെ പ്രത്യേകതയും. കാൻസർ എന്ന് മാരകമായ രോഗത്തെ താൻ നേരിട്ട് കൊണ്ടിരിക്കുമ്പോഴും ആ വേദനകളെ ഒക്കെ മറച്ചുപിടിച്ച് കൊണ്ട് കാമറയ്ക്ക് മുന്നിൽ നിന്ന് പ്രേക്ഷകനെ ചിരിപ്പിക്കുന്ന അതേ വൈദഗ്ധ്യമാണ് പുസ്കത്തിലും അദ്ദേഹം കാഴ്ചവച്ചത്. രോഗത്തിന്റെ കാലയളവിൽ, തന്നെ കാണാൻ വരികയും സഹതപിക്കുകയും ചെയ്തവരെ പരിഹസിക്കാനും അദ്ദേഹം മറന്നില്ല.  

'ജീവിതത്തിലായാലും മരണത്തിലായാലും സങ്കടപ്പെടുന്ന മനുഷ്യന് നല്‍കാൻ എന്റെ കൈയിൽ ഒരു ഔഷധം മാത്രമേ ഉള്ളൂ-ഫലിതം. ജീവിതത്തിന്റെയും മരണത്തിന്റെയും ഇടനാഴിയിൽനിന്ന് തിരിച്ചുവന്ന് എനിക്ക് നല്കാനുള്ളതും കാൻസർ വാർഡിൽനിന്നും കണ്ടെത്തിയ ഈ ചിരിത്തുണ്ടുകൾ മാത്രം' എന്നായിരുന്നു ഇന്നസെന്റ് പുസ്കത്തെ കുറിച്ച് പറഞ്ഞത്. ഡോ. ഗംഗാധരനും ഡോ. ലിസിയും ആലീസും മക്കളും കൊച്ചു മക്കളും സത്യൻ അന്തിക്കാടുമൊക്കെ കടന്നുവരുന്ന വലിയൊരു ലോകത്തെ നർമത്തിൽ പൊതിഞ്ഞ് അവതരിപ്പിച്ച പുസ്തകം കൂടിയായിരുന്നു കാൻസർ വാർഡിലെ ചിരി. ധാരാളം പേർക്ക് പ്രചോദനമായി മാറിയ പുസ്കത്തിന്റെ ഒരു ഭാഗം ഒടുവിൽ അഞ്ചാം ക്ലാസിലെ വിദ്യാർഥികൾക്ക് പഠിക്കാനായി പാഠപുസ്തകത്തിലും സർക്കാർ‌ ഉൾപ്പെടുത്തിയിരുന്നു. കാൻസറെന്ന വിപത്തിനെ ചിരിച്ചുനേരിട്ട ഇന്നസെന്റിന്റെ ഇച്ഛാശക്തിയെ കുറിച്ച് പ്രചോദനാത്മക രീതിയിൽ കുട്ടികളിലെത്തിക്കുകയായിരുന്നു 'ചിരിയും ചിന്തയും' എന്ന ഭാഗത്തിൽ ഉൾപ്പെടുത്തിയ പാഠഭാഗത്തിന്റെ ലക്ഷ്യം.

‘അനുഭവക്കുറിപ്പുകളിൽ എന്റെ പരാജിതമായ ബാല്യകൗമാരങ്ങളുണ്ട്; പലവേഷങ്ങൾ കെട്ടിയുള്ള അലച്ചിലുണ്ട്, അവയ്ക്കിടയിൽ കണ്ടുമുട്ടിയ വിചിത്രരായ മനുഷ്യരും അവരുടെ ജീവിതവുമുണ്ട്. രാഷ്ട്രീയവും  കച്ചവടവും നാടുവിടലും പിട്ടിണിയുമുണ്ട്. മരണത്തിനും ജീവിതത്തിനും ഇടയിലൂടെയുള്ള എന്റെ കടന്നുപോകലുണ്ട്. ഇരിങ്ങാലക്കുടയിലെയും ദാവൺഗരെയിലെയും മദിരാശിയിലെയും മനുഷ്യരും കാഴ്ചകളുമുണ്ട്. വഴിനടത്തിയ വെളിച്ചങ്ങളും അനുഭവങ്ങളിൽ നിന്നൂറിയ ദർശനങ്ങളുമുണ്ട്. ഇവയൊക്കെ ചേർന്നാണ് എന്നെ ഇന്നത്തെ ഇന്നസെന്റാക്കിയത്'. ‘ചിരിക്ക് പിന്നിൽ’ എന്ന ആത്മകഥയിലുളള ഇന്നസെന്റിന്റെ വാക്കുകളാണ് ഇത്. നർമം ചേർത്ത് പ്രേക്ഷകരെ ചിരിപ്പിച്ചിരുന്ന ഇന്നസെന്റിന്റെ ഉളള് കാണാൻ ഈ പുസ്തകം വായിച്ചാൽ മതിയാകും. ജീവിതത്തിൽ താൻ അനുഭവിച്ച പ്രയാസങ്ങളും വേദനകളും ഒക്കെ ഇതിൽ അദ്ദേഹം വ്യക്തമാക്കുന്നുണ്ട്.

റാംജി റാവു സ്പീക്കിങ്ങിലെ രംഗം
റാംജി റാവു സ്പീക്കിങ്ങിലെ രംഗം

'റാംജിറാവു സ്പീക്കിങ് എന്ന സിനിമ റിലീസായ കാലം. ഞാനും ആലീസും മോനും കൂടി തൃശൂരിൽ സിനിമയ്ക്ക് കയറി. സിനിമ കണ്ട് ആളുകൾ കസേരയിൽ കയറിനിന്ന് ചിരിക്കുകയാണ്. ചിരിയുടെ തിരമാലകൾക്ക് നടുവിൽ ഒരാൾ മാത്രം ചിരിക്കാതെ ഇരിക്കുന്നുണ്ടായിരുന്നു, ഞാൻ. ചിരിക്ക് പകരം എന്റെ കണ്ണിൽ നിന്നും കണ്ണീർ ഒഴുകിക്കൊണ്ടേയിരുന്നു. ഇതിനാണല്ലോ ദൈവമേ ഞാൻ ഇത്രനാൾ അലഞ്ഞത്. പട്ടിണി കിടന്നത്. പരിഹസിക്കപ്പെട്ടത്. ഉടുതുണിക്ക് മറുതുണിയില്ലാതെ ഒളിച്ചിരുന്നത്. ഭ്രാന്തിന്റെ വക്കോളം ചെന്നെത്തിയത്. അതോർത്തപ്പോൾ ആ ഇരുട്ടിൽ, അട്ടഹാസത്തിനും ചിരികൾക്കും നടുവിൽ ഇരുന്ന് ഞാൻ തേങ്ങിക്കരഞ്ഞുപോയി. ആഘോഷത്തിനിടയിൽ പക്ഷേ, ആരും അത് കണ്ടില്ല.

ഇന്നസെന്റിന്റെ ഈ വാക്കുകൾ വായിക്കുമ്പേൾ മലയാള സാഹിത്യത്തിലെ ബഷീറിനെയായിരിക്കും നമ്മുടെ മനസിൽ തെളിയുക. 'എഴുതാത്ത ബഷീർ' എന്ന് സത്യൻ അന്തിക്കാട് വിശേഷിപ്പിച്ചതും അതുകൊണ്ട് തന്നെയാണ്. ജീവിതത്തിലെ ഏത് പ്രതിസന്ധിയെയും പൊട്ടിച്ചിരിയോടെ നേരിട്ട അപ്പൻ വറീതിനായിരുന്നു ഇന്നസെന്റ് ആത്മകഥ സമർപ്പിച്ചിരുന്നതും.    

നടനും നിർമാതാവും രാഷ്ട്രീയക്കാരനും എന്നതിലുപരി എഴുത്തുകാരനായും അദ്ദേഹം തന്നിലെ പ്രതിഭയുടെ തിളക്കം കൂട്ടി

അപ്പൻ വറീത് തന്നെയായിരുന്നു ഇന്നസെന്റ് എന്ന വ്യക്തിയെ രൂപപ്പെടുത്തിയത്. ജീവതത്തിൽ താൻ അനുഭവിച്ചിരുന്ന പല പ്രതിസന്ധികൾക്കിടയിലും അപ്പന്റെ വാക്കുകൾ അദ്ദേഹത്തിന് വെളിച്ചമായി മാറി. പഠനത്തിലും ബിസിനസിലും പുറകിലായ ഇന്നസെന്റ് ഒടുവിൽ പാർലമെന്റിൽ വരെ എത്തി. ഞാൻ ഇന്നസെന്റ് (സ്മരണകൾ), മഴക്കണ്ണാടി (ചെറുകഥാ സമാഹാരം) എന്നിങ്ങനെ പത്തോളം പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചതിലൂടെ നടനും നിർമാതാവും രാഷ്ട്രീയക്കാരനും എന്നതിലുപരി എഴുത്തുകാരനായും അദ്ദേഹം തന്നിലെ പ്രതിഭയുടെ തിളക്കം കൂട്ടി. നർമം ചേർന്ന വാക്കുകളാൽ ചിരിപ്പിക്കാനായി ഇനി അയാൾ നമുക്കിടയിൽ ഉണ്ടാകില്ല. എന്നാൽ, അഭിനയിച്ച സിനിമകളിലൂടെയും എഴുതിയ പുസ്തകങ്ങളിലൂടെയും പ്രേക്ഷകരെയും വായനക്കാരെയും രസിപ്പിച്ച് കൊണ്ട് ആ പ്രതിഭ എക്കാലവും മലയാളികളുടെ മനസിലുണ്ടാകും.      

logo
The Fourth
www.thefourthnews.in