ഗുണ്ടാത്തലവൻ, സമാജ്‌വാദി പാർട്ടി മുൻ എംപി; തടവിലിരുന്നും മോദിക്കെതിരെ മത്സരിച്ച അതിഖ് അഹമ്മദ് ആരാണ്?

ഗുണ്ടാത്തലവൻ, സമാജ്‌വാദി പാർട്ടി മുൻ എംപി; തടവിലിരുന്നും മോദിക്കെതിരെ മത്സരിച്ച അതിഖ് അഹമ്മദ് ആരാണ്?

2005 ജനുവരി 25-ന് ബിഎസ്പി എംഎൽഎ രാജുപാലിന്റെ കൊലപാതകത്തോടെയാണ് അതിഖിന്റെ രാഷ്ട്രീയ ജീവിതം പാടേ മാറിമറിഞ്ഞത്.
Updated on
3 min read

ഗുണ്ടാത്തലവനും സമാജ്‌വാദി പാർട്ടി മുൻ എംപിയുമായ അതിഖ് അഹമ്മദിനെയും സഹോദരൻ അഷ്റഫിനെയും ഇന്നലെ രാത്രി മൂന്നം​ഗ സംഘം കൊലപ്പെടുത്തിയിരിക്കുകയാണ്. പ്രയാ​ഗ് രാജ് പോലീസിന്റെ കസ്റ്റഡിയിലിരിക്കെ മാധ്യമ ക്യാമറകൾക്ക് മുന്നിലാണ് ഇരുവരും കൊല്ലപ്പെട്ടത്. അതിഖ് അഹമ്മദിനെയും അഷ്‌റഫിനെയും വൈദ്യപരിശോധനയ്‌ക്കായി കൊണ്ടുപോകുന്നതിനിടെയാണ് ഇരുവർക്കും വെടിയേറ്റത്. രണ്ട് ദിവസം മുൻപാണ് അതിഖിന്റെ മകൻ ആസാദ് പ്രത്യേക ദൗത്യ സേനയുമായി ഉണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത്. നൂറോളം ക്രിമിനൽ കേസുകളിൽ പ്രതിയാണ് അതിഖ് അഹമ്മദ്.

ഗുണ്ടാത്തലവൻ, സമാജ്‌വാദി പാർട്ടി മുൻ എംപി; തടവിലിരുന്നും മോദിക്കെതിരെ മത്സരിച്ച അതിഖ് അഹമ്മദ് ആരാണ്?
അതിഖ് അഹമ്മദിന്റെ കൊലപാതകം: യുപിയിലുടനീളം നിരോധനാജ്ഞ

ഡോൺ പരിവേഷത്തിൽ നിന്നും രാഷ്ട്രീയ കുപ്പായത്തിലേക്ക്

2013ലെ ഐഎഎൻഎസ് റിപ്പോർട്ട് പ്രകാരം ഉത്തർപ്രദേശിൽ 'ഗുണ്ടാ നിയമ' പ്രകാരം കേസെടുത്ത ആദ്യ വ്യക്തിയാണ് അതിഖ് അഹമ്മദ്. 1979-ൽ കൊലപാതകക്കുറ്റം ചുമത്തപ്പെട്ടതോടെയാണ് ക്രിമിനൽ കുറ്റങ്ങളുടെ പട്ടികയിൽ ആദ്യമായി അതിഖ് അഹമ്മദിന്റെ പേര് ഉയർന്നുകേൾക്കാൻ തുടങ്ങിയത്. നൂറോളം ക്രിമിനൽ കേസുകളാണ് ഇയാൾക്കെതിരെയുള്ളത്. 2005-ൽ ബഹുജൻ സമാജ് പാർട്ടി എംഎൽഎ രാജു പാലിനെ കൊലപ്പെടുത്തിയ കേസിലെ പ്രധാന സാക്ഷിയായ ഉമേഷ് പാലിന്റെ കൊലപാതകവുമായി ബന്ധപ്പെട്ടും പ്രയാഗ്‌രാജിലെ ധൂമംഗഞ്ച് പോലീസ് സ്‌റ്റേഷനിൽ ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരുന്നു.

ഗുണ്ടാത്തലവൻ, സമാജ്‌വാദി പാർട്ടി മുൻ എംപി; തടവിലിരുന്നും മോദിക്കെതിരെ മത്സരിച്ച അതിഖ് അഹമ്മദ് ആരാണ്?
'ക്രമസമാധാനം പാലിക്കുന്നതിൽ യോഗി തികഞ്ഞ പരാജയം'; അതിഖ് അഹമ്മദിന്റെ കൊലപാതകത്തില്‍ ആഞ്ഞടിച്ച് പ്രതിപക്ഷം

തുടർച്ചയായി അഞ്ചു തവണ എംഎൽഎ, എസ്പി ടിക്കറ്റിൽ എംപി

ഗുണ്ടാത്തലവനപ്പുറം അതിഖ് സമാജ് വാദി പാർട്ടിയുടെ എംപി കൂടിയായിരുന്നു. 1989-ൽ അലഹബാദ് വെസ്റ്റിൽ നിന്ന് സ്വതന്ത്ര സ്ഥാനാർത്ഥിയായി അസംബ്ലി സീറ്റിൽ വിജയിച്ചതോടെയാണ് അതിഖ് തന്റെ രാഷ്ട്രീയ യാത്ര ആരംഭിച്ചത്. 1999-2003 കാലഘട്ടത്തിൽ സോനെ ലാൽ പട്ടേൽ സ്ഥാപിച്ച അപ്നാ ദളിന്റെ പ്രസിഡന്റായിരുന്നു. തുടർന്ന് നടന്ന രണ്ട് നിയമസഭാ തിരഞ്ഞെടുപ്പുകളിലും സ്വതന്ത്രനായി മത്സരിക്കുകയും വിജയിക്കുകയും ചെയ്തിരുന്നു. ഇതിന് ശേഷമാണ് അതിഖ് സമാജ്‌വാദി പാർട്ടിയിൽ എത്തുന്നത്.

1996ൽ നടന്ന തിരഞ്ഞെടുപ്പിൽ അദ്ദേഹം എസ്പിയുടെ ടിക്കറ്റിൽ തുടർച്ചയായി നാലാം തവണയും വിജയിച്ചു. 2002-ൽ അപ്നാ ദളിൽ നിന്ന് അദ്ദേഹം വീണ്ടും സീറ്റ് നേടി. തുടർച്ചയായി അഞ്ച് തവണ വിജയിച്ച ശേഷമാണ് 2004-2009 കാലഘട്ടത്തിൽ, ഉത്തർപ്രദേശിലെ ഫുൽപൂരിൽ നിന്ന് 14- ലോക്‌സഭയിലേക്ക് സമാജ്‌വാദി പാർട്ടി എംപിയായി അതിഖ് തിരഞ്ഞെടുക്കപ്പെടുന്നത്. ജവഹർലാൽ നെഹ്‌റു മൂന്ന് തവണ പൊതുതെരഞ്ഞെടുപ്പിൽ വിജയിച്ച മണ്ഡലമായിരുന്നു ഫുൽപൂർ.

രാജു പാലിന്റെ കൊലപാതകവും തിരഞ്ഞെടുപ്പിലെ പരാജയവും

2004-ലെ ഉപതെരഞ്ഞെടുപ്പിൽ എല്ലാ പ്രതീക്ഷകൾക്കും വിരുദ്ധമായി ആതിഖിന്റെ സഹോദരൻ ഖാലിദ് അസിം എന്ന അഷ്‌റഫിനെ ബിഎസ്പിയുടെ രാജു പാൽ പരാജയപ്പെടുത്തി. 2005 ജനുവരി 25-ന് ബിഎസ്പി എംഎൽഎ രാജുപാലിന്റെ കൊലപാതകത്തോടെ അതിഖിന്റെ രാഷ്ട്രീയ ജീവിതം പാടേ മാറിമറിഞ്ഞു. രാജു പാലിന്റെ ഭാര്യ പൂജ പാൽ നൽകിയ പരാതിയിൽ അതിഖും അഷ്റഫും അടക്കമുളളവരുടെ പേരുമുണ്ടായിരുന്നു. കലാപം, കൊലപാതകശ്രമം, കൊലപാതകം, ക്രിമിനൽ ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങളാണ് എഫ്‌ഐആറിൽ ചുമത്തിയിരിക്കുന്നത്.

എംഎൽഎ രാജുപാൽ
എംഎൽഎ രാജുപാൽ

തീവ്രമായ രാഷ്ട്രീയ സമ്മർദ്ദത്തിന്റെ ഫലമായി, അതിഖ് അഹമ്മദ് 2008-ൽ കോടതിയിൽ കീഴടങ്ങി. തുടർന്ന് സമാജ്‌വാദി പാർട്ടിയിൽ നിന്നും അദ്ദേഹത്തെ പുറത്താക്കി. 2012-ൽ ജയിൽ മോചിതനായി അതിഖിന് ബിഎസ്പിയിൽ നിന്നും മത്സരിക്കുന്നതിന് മായാവതി അനുവദിച്ചിരുന്നില്ല.

ജയിൽ മോചിതനായ അതിഖിന് 2014ൽ, ശ്രാവസ്തി മണ്ഡലത്തിൽ നിന്ന് ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ എസ്പി ടിക്കറ്റ് അനുവദിച്ചിരുന്നു. എന്നാൽ, ആ തിരഞ്ഞെടുപ്പിൽ അതിഖ് ബിജെപിയുടെ ദദ്ദൻ മിശ്രയോട് ഒരു ലക്ഷത്തോളം വോട്ടുകൾക്ക് പരാജയപ്പെട്ടു. തുടർന്ന്, അതിഖിന്റെ ക്രിമിനൽ പശ്ചാത്തലം കാരണം അഖിലേഷ് യാദവും അദ്ദേഹത്തെ കൈയ്യൊഴിഞ്ഞു.

അതിഖ് അഹമ്മദും അഷ്റഫും
അതിഖ് അഹമ്മദും അഷ്റഫും

വീണ്ടും ഡോൺ കുപ്പായത്തിലേക്ക്

തിരഞ്ഞെടുപ്പിലെ പരാജയങ്ങൾക്ക് ശേഷം അതിഖ് വീണ്ടും ഗുണ്ടാത്തലവനായി പ്രവർത്തനം ആരംഭിച്ചു. 2016 ഡിസംബർ 14ന്, അതിഖ് തന്റെ ​ഗുണ്ടാസംഘത്തിനൊപ്പം സാം ഹിഗ്ഗിൻബോട്ടം അഗ്രികൾച്ചർ ടെക്നോളജി ആൻഡ് സയൻസ് സർവകലാശാലയിലെ ജീവനക്കാരെ ആക്രമിച്ചു. കോപ്പിയടിച്ചതിന് രണ്ട് വിദ്യാർത്ഥികളെ പരീക്ഷ എഴുതുന്നതിൽ നിന്ന് ജീവനക്കാർ ഡിബാർ ചെയ്തതായിരുന്നു വിഷയം. സർവകലാശാലയിലെ അധ്യാപകനെയും ജീവനക്കാരെയും അതിഖും സംഘവും മർദിക്കുന്നതിന്റെ വീഡിയോ വൈറലാകുകയും സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുകയും ചെയ്തു.

തടവിലിരുന്നും മോദിക്കെതിരെ മത്സരിച്ച അതിഖ്

2017 ഫെബ്രുവരി 10 ന് അലഹബാദ് ഹൈക്കോടതി അതിഖിന്റെ ക്രിമിനൽ ചരിത്രം പരിശോധിക്കുകയും തുടർന്ന്, കേസിലെ എല്ലാ പ്രതികളെയും അറസ്റ്റ് ചെയ്യാൻ അലഹബാദ് പോലീസ് സൂപ്രണ്ടിന് നിർദ്ദേശം നൽകുകയും ചെയ്തു. ഫെബ്രുവരി 11ന് പോലീസ് അറസ്റ്റ് ചെയ്ത അതിഖിനെ 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. തടവിലായിരുന്നിട്ടും 2019ൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വാരാണസി ലോക്‌സഭാ സീറ്റിൽ അതിഖ് മത്സരിച്ചിരുന്നു. എന്നാൽ, തിരഞ്ഞെടുപ്പിൽ അതിഖിന് 855 വോട്ടുകൾ മാത്രമാണ് നേടാനായത്.

ആസാദ് അഹമ്മദ്
ആസാദ് അഹമ്മദ്

ഉമേഷ് പാലിന്റെ കൊലപാതകവും രാഷ്ട്രീയ പകപോക്കലും

രാജു പാൽ വധക്കേസിലെ മുഖ്യസാക്ഷി ഉമേഷ് പാലും രണ്ട് സുരക്ഷാ ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടിരുന്നു. ഇക്കഴിഞ്ഞ ഫെബ്രുവരി 24നായിരുന്നു അവരെ വെടിവച്ചുകൊന്നത്.തൊട്ടു പിറ്റേദിവസം തന്നെ അതിഖ് അഹമ്മദ്, ഭാര്യ സഹിസ്ത പർവീൺ, അവരുടെ രണ്ട് ആൺമക്കൾ, ഇളയ സഹോദരൻ ഖാലിദ് അസിം എന്ന അഷ്‌റഫ് എന്നിവർക്കെതിരെ പോലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തു. തുടർന്ന്, കോടതിയിൽ കീഴടങ്ങിയ അതിഖും സഹോദരൻ അഷ്റഫും സബർമതി ജയിലിൽ കഴിയുകയായിരുന്നു. മാർച്ച് 28ന് ഈ കേസിൽ ഇദ്ദേഹത്തിന് ജീവപര്യന്തം തടവും പിഴയും ശിക്ഷയായി കോടതി വിധിച്ചിരുന്നു.

ഉമേഷ് പാൽ
ഉമേഷ് പാൽ

ഉത്തർപ്രദേശിലെ പ്രയാഗ്‌രാജിലെ കോടതിയിൽ ഹാജരാകുന്നതിനായി ചൊവ്വാഴ്ചയാണ് സബർമതി ജയിലിൽ നിന്ന് ഇയാളെ മാറ്റിയത്. യാത്രയിൽ, മാധ്യമങ്ങളുമായുള്ള ആശയവിനിമയത്തിനിടെ, തന്റെ ജീവനെ കുറിച്ച് ഭയമുണ്ടെന്നും ഉത്തർപ്രദേശ് പോലീസിന്റെ ഉദ്ദേശ്യങ്ങളെക്കുറിച്ച് സംശയമുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു.

logo
The Fourth
www.thefourthnews.in