ഇറാനിൽ കൊല്ലപ്പെട്ട ഹമാസ് നേതാവ്; ആരാണ് ഇസ്മായിൽ ഹനിയ?
ഹമാസിന്റെ രാഷ്ട്രീയ വിഭാഗം മേധാവി ഇസ്മായിൽ ഹനിയ ഇറാനിൽവച്ച് ബുധനാഴ്ച രാവിലെയാണ് കൊല്ലപ്പെട്ടത്. സമാധാന ചർച്ചകൾ പുരോഗമിക്കവേ നടന്ന സംഭവം, പശ്ചിമേഷ്യൻ രാഷ്ട്രീയത്തിൽ പുതിയൊരു വഴിത്തിരിവായിരിക്കുകയാണ്. പലസ്തീനികൾക്കിടയിൽ ഏറെ ജനപ്രിയനായ, നിലവിലെ സമാധാന ചർച്ചകൾക്കുൾപ്പെടെ നേതൃത്വം നൽകിയിരുന്ന മിതവാദിയായ നേതാവായിരുന്നു ഇസ്മായിൽ ഹനിയ.
ഹമാസിൻ്റെ രാഷ്ട്രീയ വിഭാഗം ചെയർമാൻ എന്ന നിലയിൽ, ഖത്തറിലായിരുന്നു ഇസ്മായിൽ ഹനിയ കഴിഞ്ഞിരുന്നത്. പലസ്തീൻ വിമോചന സായുധ സംഘത്തിന്റെ മൊത്തത്തിലുള്ള നേതാവായി കണക്കാക്കകപ്പെട്ടിരുന്ന ഇസ്മായിൽ ഹനിയ 1980-കളുടെ അവസാനത്തോടെയാണ് ഹമാസിൻ്റെ റാഡിക്കൽ ഓപ്പറേഷനുകളിൽ സജീവ സാന്നിധ്യമാകുന്നത്.
1992-ലാണ് ഹനിയ, മറ്റ് ഹമാസ് നേതാക്കൾക്കൊപ്പം ആദ്യമായി നാടുകടത്തപെടുന്നത്. തെക്കൻ ലെബനനിലേക്കായിരുന്നു ഇസ്രയേൽ ഭരണകൂടം അദ്ദേഹത്തെ നാടുകടത്തിയത്. പിന്നീട് ഒരുവർഷത്തിന് ശേഷം ഗാസയിലേക്ക് മടങ്ങിയെത്തിയ ഹനിയ 1997ൽ ഹമാസിന്റെ സ്ഥാപക നേതാവായ അഹ്മദ് യാസീന്റെ അനുയായി ആയി മാറി.
യാസീന്റെ ഓഫീസ് കാര്യങ്ങളുടെ നേതൃത്വം ഇസ്മായിൽ ഹനിയ ഏറ്റെടുത്തതോടെയാണ് ഹമാസിനുള്ളിലെ വളർച്ച ആരംഭിക്കുന്നത്. 2003 ഒക്കെ ആകുമ്പോഴേക്കും വീൽ ചെയറിൽ കഴിഞ്ഞിരുന്ന ഹമാസിന്റെ ആത്മീയ നേതാവായ അഹ്മദ് യാസീന്റെ ഏറ്റവും അടുത്തയാളായി ഹനിയ മാറിയിരുന്നു.
2006ൽ വെസ്റ്റ് ബാങ്കിലും ഗാസയിലുമായി പലസ്തീൻ അതോറിറ്റി നടത്തിയ തിരഞ്ഞെടുപ്പിൽ ഹമാസിന്റെ നേതാവായിരുന്നു ഇസ്മായിൽ ഹനിയ. തിരഞ്ഞെടുപ്പിൽ വിജയിച്ച ഹമാസ്, ഗാസ പ്രധാനമന്ത്രിയായി അദ്ദേഹത്തെ തിരഞ്ഞെടുക്കുകയും ചെയ്തു. എന്നാൽ പ്രസിഡൻ്റ് മഹ്‌മൂദ് അബ്ബാസിൻ്റെ പാർട്ടിയായ ഫതഹും ഹമാസും തമ്മിലുള്ള സംഘർഷം ഉടലെടുത്തതോടെ, 2007-ൽ ഹമാസ് സർക്കാരിനെ മഹ്മൂദ് അബ്ബാസ് പിരിച്ചുവിട്ടു. എന്നാൽ ഉത്തരവ് അംഗീകരിക്കാൻ തയ്യാറാകാതിരുന്ന ഹനിയ, ഗാസയിൽ ഭരണം തുടരുകയായിരുന്നു.
പിന്നീട് 2017ലാണ് തൽസ്ഥാനത്തുനിന്ന് ഹനിയ പടിയിറങ്ങിറങ്ങുന്നത്. അതേവർഷം, ഖാലിദ് മെഷലിൽനിന്ന് ഹനിയ ഹമാസിൻ്റെ രാഷ്ട്രീയ വിഭാഗം ചെയർമാനായി ചുമതലയും ഏറ്റെടുത്തു. ഇസ്രയേലിന്റെ ഹിറ്റ്ലിസ്റ്റിലെ മുൻനിരക്കാരനായിരുന്നു നേരത്തെ തന്നെ ഹനിയ. നിരവധി തവണ ഹനിയയ്ക്ക് നേരെ വധശ്രമങ്ങൾ ഉണ്ടായെകിലും വിജയം കണ്ടിരുന്നില്ല.
ഈ വർഷം ആദ്യം, വടക്കൻ ഗാസയിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ അദ്ദേഹത്തിൻ്റെ മൂന്ന് ആൺമക്കൾ കൊല്ലപ്പെട്ടിരുന്നു. ഗാസയിലും വെസ്റ്റ് ബാങ്കിലുമുടനീളമുള്ള പലസ്തീനികൾ ഇസ്മായിൽ ഹനിയയെ ഒരു മിതവാദിയായ നേതാവായിട്ടാണ് കണ്ടിരുന്നത്. എന്നാൽ പലസ്തീൻ വിമോചനത്തിനായി സായുധ പോരാട്ടം അവസാനിപ്പിക്കാൻ അദ്ദേഹം ഒരുകാലത്തും തയ്യാറായിട്ടുമില്ല.
ഹമാസിന്റെ സൈനിക വിഭാഗം നേതാക്കളുമായി താരതമ്യപ്പെടുത്തുമ്പോൾ, കാര്യങ്ങളെ പ്രായോഗികമായി സമീപിക്കുന്ന നേതാവായിരുന്നു അദ്ദേഹം. കൂടാതെ പലസ്തീനികൾക്കിടയിൽ വളരെയധികം ജനപ്രിയനുമായിരുന്നു. അതുകൊണ്ടുതന്നെ ഹനിയയുടെ കൊലപാതകം പലസ്തീൻ ജനതയ്ക്കിടയിൽ ഒട്ടാകെ വലിയൊരു ആഘാതം സൃഷിടിച്ചിട്ടുണ്ട്.