ഹിസ്ബുള്ളയ്ക്കു പുതിയ തലവന്‍; നസറുള്ളയുടെ പിന്‍ഗാമി നയീം ഖാസിം ആരാണ്?

ഹിസ്ബുള്ളയ്ക്കു പുതിയ തലവന്‍; നസറുള്ളയുടെ പിന്‍ഗാമി നയീം ഖാസിം ആരാണ്?

നസറുള്ളയുടെ മരണത്തെത്തുടര്‍ന്ന് ആക്ടിങ് സെക്രട്ടറി ജനറലായി പ്രവര്‍ത്തിച്ചുവരികയായിരുന്നു എഴുപത്തിയൊന്നുകാരനായ ഷെയ്ഖ് നയീം ഖാസിം
Updated on
2 min read

ഇസ്രയേല്‍ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ട ഹിസ്ബുള്ള തലവന്‍ ഹസന്‍ നസറുള്ളയുടെ പിന്‍ഗാമിയായി ഷെയ്ഖ് നയീം ഖാസിം. നസറുള്ള കഴിഞ്ഞാല്‍ ഹിസ്ബുള്ള നേതൃത്വത്തിലെ രണ്ടാമനായിരുന്നു നയീം ഖാസിം. സറുള്ളയുടെ മരണത്തെത്തുടര്‍ന്ന് ആക്ടിങ് സെക്രട്ടറി ജനറലായി പ്രവര്‍ത്തിച്ചുവരികയായിരുന്നു എഴുപത്തിയൊന്നുകാരനായ ഷെയ്ഖ് നയീം ഖാസിം. അതിനു മുന്‍പ് 33 വര്‍ഷം ഡെപ്യൂട്ടി സെക്രട്ടറി ജനറലായിരുന്നു.

ശൂറാ കൗണ്‍സില്‍ ചേര്‍ന്ന് നയീം ഖാസിമിനെ സെക്രട്ടറി ജനറലായി തിരഞ്ഞടുത്തതായി ഹിസ്ബുള്ള പ്രസ്താവനയില്‍ അറിയിച്ചു. ഹിസ്ബുള്ളയിലെ ഉയര്‍ന്ന തീരുമാനമെടുക്കല്‍ സമിതിയാണു ശൂറാ കൗണ്‍സില്‍.

1992 മുതല്‍ ഹിസ്ബുള്ളയുടെ സെക്രട്ടറി ജനറല്‍ സ്ഥാനം വഹിച്ച ഹസന്‍ നസറുള്ള കഴിഞ്ഞമാസമുണ്ടായ ഇസ്രയേല്‍ വ്യോമാക്രമണത്തിലാണു കൊല്ലപ്പെട്ടത്. നസറുള്ളയ്ക്കു പകരക്കാരനായി നയീം ഖാസിമിനു പുറമെ ഹിസ്ബുള്ളയുടെ എക്സിക്യൂട്ടീവ് കൗണ്‍സിലിന്റെ തലവന്‍ ഹാഷിം സഫീദ്ദീന്റെ പേരും പരിഗണിക്കപ്പെടുന്നതായി വാര്‍ത്തകളുണ്ടായിരുന്നു. നസ്റുള്ളയുടെ ബന്ധുകൂടിയാണു സഫീദ്ദീന്‍.

ഹിസ്ബുള്ളയ്ക്കു പുതിയ തലവന്‍; നസറുള്ളയുടെ പിന്‍ഗാമി നയീം ഖാസിം ആരാണ്?
നസറുള്ളയെ വധിക്കാന്‍ ഇസ്രയേലിനെ സഹായിച്ചത് ഇറാനിയന്‍ ചാരന്‍; ഹിസ്ബുള്ള തലവന്റെ ലൊക്കേഷന്‍ കൈമാറി

വര്‍ഷങ്ങളായി ഹിസ്ബുള്ളയുടെ പ്രവര്‍ത്തനങ്ങളില്‍ പ്രധാന പങ്ക് വഹിച്ചിക്കുന്ന നയീം ഖാസിം നബാത്തി ഗവര്‍ണറേറ്റിലെ ക്ഫാര്‍ കില എന്ന തെക്കന്‍ ലെബനീസ് ഗ്രാമത്തില്‍നിന്നുള്ള കുടംബത്തിലെ അംഗമാണ്. 1953ല്‍ ബെയ്‌റൂട്ടിലായിരുന്നു ജനനം. കഴിഞ്ഞ ഒക്ടോബര്‍ മുതല്‍ നിരവധി ഇസ്രയേല്‍ ആക്രമണങ്ങള്‍ നടന്നിട്ടുള്ള പ്രദേശമാണ് ക്ഫാര്‍ കില.

ഷിയാ രാഷ്ട്രീയത്തില്‍ ഒരു നീണ്ട ചരിത്രമുണ്ട് ഖാസിമിന്. ലെബനനിലെ ഷിയാ ഗ്രൂപ്പായ അമാല്‍ മൂവ്‌മെന്റിന്റെ ഭാഗമായാണു ഖാസിമിന്റെ രാഷ്ട്രീയജീവിതം ആരംഭിക്കുന്നത്. 1970-കളില്‍, അന്തരിച്ച ഇമാം മൂസ അല്‍-സദറിന്റെ ഡിസ്‌പോസസ്ഡ് പ്രസ്ഥാനത്തിന്റെ ഭാഗമായിരുന്നു ഖാസിം. അത് പിന്നീട് ലെബനനിലെ ഷിയാ ഗ്രൂപ്പായ അമാല്‍ മൂവ്മെന്റിന്റെ ഭാഗമായി. ഷിയാപ്രവര്‍ത്തകരിലെ പുതിയ തലമുറയെ പ്രചോദിപ്പിച്ച ഇറാനിലെ ഇസ്ലാമിക വിപ്ലവത്തെത്തുടര്‍ന്ന് 1976ല്‍ അമാല്‍ വിട്ടു. തുടര്‍ന്ന, 1982 ലെ ഇസ്രായേല്‍ ലെബനന്‍ അധിനിവേശത്തിന് മറുപടിയായി സ്ഥാപിതമായ ഹിസ്ബുള്ളയുടെ രുപീകരണത്തില്‍ നിര്‍ണായക പങ്കുവഹിച്ചു.

ഹിസ്ബുള്ളയുടെ അടിസ്ഥാന മതപണ്ഡിതന്മാരില്‍ ഒരാളായ ഖാസിം പ്രമുഖ ലെബനീസ് - ഇറാഖി മതനേതാവായിരുന്ന അയത്തുള്ള മുഹമ്മദ് ഹുസൈന്‍ ഫദ്ലല്ലയുടെ ശിഷ്യനാണ്. പതിറ്റാണ്ടുകളായി ബെയ്റൂട്ടില്‍ മതക്ലാസുകള്‍ നടത്തുന്നുണ്ട്.

ഹിസ്ബുള്ളയ്ക്കു പുതിയ തലവന്‍; നസറുള്ളയുടെ പിന്‍ഗാമി നയീം ഖാസിം ആരാണ്?
പലസ്തീന്‍ ജനതയുടെ ദുരിതം ഇരട്ടിക്കാൻ ഇസ്രയേല്‍; യുഎൻ ഏജൻസിയെ നിരോധിച്ചത് എന്തുകൊണ്ട്?

ഹിസ്ബുള്ള വളരെ രഹസ്യസ്വഭാവം സൂക്ഷിക്കുന്ന സംഘടനയായതിനാല്‍, അതില്‍ ഖാസിമിന്റെ ചുമതലകള്‍ എന്തൊക്കെയാണെന്നുള്ളത് പൊതുവിടങ്ങളില്‍ പരസ്യമല്ല. എന്നിരുന്നാലും, ഒരു ഘട്ടത്തില്‍, ഹിസ്ബുള്ളയുടെ വിദ്യാഭ്യാസശൃംഖലയുടെ ഒരുഭാഗം അദ്ദേഹം നിയന്ത്രിക്കുകയും 1992 മുതല്‍ ഗ്രൂപ്പിന്റെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ ജനറല്‍ കോര്‍ഡിനേറ്റററായി പ്രവര്‍ത്തിക്കുകയും ചെയ്തു.

2005-ല്‍ 'ഹിസ്ബുള്ള, ദി സ്റ്റോറി ഫ്രം വിത്ത്' എന്ന പേരില്‍ അദ്ദേഹം ഒരു പുസ്തകം പ്രസിദ്ധീകരിച്ചിരുന്നു. അത് നിരവധി ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. 1991-ല്‍ അന്നത്തെ സെക്രട്ടറി ജനറല്‍ അബ്ബാസ് അല്‍-മുസാവിയുടെ കീഴിലാണ് ഖാസിം ഡെപ്യൂട്ടി സെക്രട്ടറി ജനറലായി തിരഞ്ഞെടുക്കപ്പെട്ടത്. മുസാവിയെ പിന്നീട് ഇസ്രയേല്‍ വധിച്ചു.

ഹിസ്ബുള്ള നേതൃസ്ഥാനത്ത് വലിയ ശൂന്യതയാണു നസറുള്ളയുടെ കൊലപാതകം സൃഷ്ടിച്ചത്. ഇസ്രയേല്‍ ആക്രമണങ്ങള്‍ വളരെ ശക്തമായി തുടരുന്ന സാഹചര്യത്തില്‍ ഹിസ്ബുള്ളയെ പഴയതരത്തില്‍ എത്രത്തോളം മുന്നോട്ടുനയിക്കാന്‍ നയീം ഖാസിമിനു കഴിയുമെന്നാണ് ഇനി അറിയാനുള്ളത്. കാരണം, മാസങ്ങളായി തുടരുന്ന ഇസ്രയേല്‍ അതിക്രമങ്ങളില്‍ ഹിസ്ബുള്ള നേതൃനിരയുടെ ഭൂരിഭാഗം പേരും കൊല്ലപ്പെട്ടു എന്നതുതന്നെ.

logo
The Fourth
www.thefourthnews.in