തീരദേശ കർണാടകയുടെ ജനകീയ മുഖം, മലയാളികളുടെ പ്രിയങ്കരൻ; യു ടി ഖാദര്‍ ഇനി വിധാന്‍സഭയുടെ നാഥന്‍

തീരദേശ കർണാടകയുടെ ജനകീയ മുഖം, മലയാളികളുടെ പ്രിയങ്കരൻ; യു ടി ഖാദര്‍ ഇനി വിധാന്‍സഭയുടെ നാഥന്‍

സിദ്ധരാമയ്യയുടെ ഒന്നും രണ്ടും മന്ത്രിസഭകളിൽ വ്യത്യസ്ത കുപ്പായമണിഞ്ഞ യു ടി ഖാദർ തീരദേശ കർണാടകയുടെ ജനകീയ നേതാവാണ്
Updated on
2 min read

ഓപ്പറേഷൻ താമരയിലൂടെ കർണാടകയിൽ അധികാരത്തിലെത്തിയ ബൊമ്മെ സർക്കാരിനെ വീഴ്ത്തി സിദ്ധരാമയ്യ തന്റെ രണ്ടാം ഇന്നിങ്സിന് തുടക്കം കുറിച്ചപ്പോൾ രാജ്യമെങ്ങും അത് കോൺ​ഗ്രസിന്റെ തിരിച്ചുവരവായാണ് ആഘോഷിക്കപ്പെട്ടത്. 224 നിയമസഭാ​ അം​ഗങ്ങളുള്ള കർണാടക നിയമസഭാ തിരഞ്ഞെടുപ്പിൽ 135 സീറ്റോടെയാണ് കോൺ​ഗ്രസ് തങ്ങളുടെ വരവറിയിച്ചത്. അടുത്ത അഞ്ച് വർഷം കർണാടകയെ ആര് നിയന്ത്രിക്കുമെന്ന ചോദ്യത്തിന് സിദ്ധരാമയ്യ മുഖ്യമന്ത്രിയും ഡികെ ശിവകുമാർ ഉപമുഖ്യമന്ത്രിയായും ഹൈക്കമാൻഡ് ഉത്തരവും കണ്ടെത്തി. ഒടുവിൽ, സഭ നിയന്ത്രിക്കാനായി മലയാളിവേരുകളുള്ളതും മലയാളികൾക്ക് എപ്പോഴും ആശ്രയിക്കാൻ സ്വാതന്ത്ര്യവുമുള്ള യു ടി ഖാദർ എത്തുന്നതോടെ പുതുചരിത്രത്തിനാണ് കർണാടക സാക്ഷിയാകുന്നത്.

കൈവിടാത്ത മംഗളൂരു മണ്ഡലം

അഞ്ച് തവണ മംഗളൂരു മണ്ഡലത്തിൽനിന്ന് കർണാടക നിയമസഭയിലെത്തിയ യു ടി ഖാദർ തീരദേശ കർണാടകയുടെ മുഖം എന്നാണ് വിശേഷിപ്പിക്കപ്പെടുന്നത്. സിദ്ധരാമയ്യയുടെയും കുമാരസ്വാമിയുടെയും മന്ത്രിസഭകളിൽ ആരോഗ്യ - ഭക്ഷ്യ പൊതുവിതരണ - നഗര വികസന വകുപ്പുകള്‍ കൈകാര്യം ചെയ്ത അദ്ദേഹം ഒടുവിൽ പ്രതിപക്ഷ ഉപനേതാവായും തിളങ്ങി. കോൺഗ്രസ് നേതാവ് യു ടി ഫരീദിന്റെയും നസീമയുടെയും മകനായി മം​ഗലാപുരത്തെ ഉളളാളിലാണ് ഖാദറിന്റെ ജനനം.

നിയമത്തിൽ ബിരുദം നേടിയ ഖാദർ 1990-കളിൽ നാഷണൽ സ്റ്റുഡന്റസ് യൂണിയന്റെ ജില്ലാ പ്രവർത്തകനായാണ് രാഷ്ട്രീയ ജീവിതം ആരംഭിച്ചത്. ഉളളാൾ (ഇപ്പോൾ മംഗലാപുരം) നിയോജക മണ്ഡലത്തിലെ സിറ്റിങ് എംഎൽഎ ആയിരുന്നു യു ടി ഫരീദിന്റെ നിര്യാണത്തെ തുടർന്നാണ് ഖാദർ ആദ്യമായി തിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കാനെത്തുന്നത്. 1972, 1978, 1999, 2004 വര്‍ഷങ്ങളില്‍ ഫരീദിനെ തുണച്ച ഉള്ളാള്‍ 2007ലെ ഉപതിരഞ്ഞെടുപ്പിൽ ഖാദറിനെയും കൈവിട്ടില്ല. അതിനുശേഷം എല്ലാ തിരഞ്ഞെടുപ്പുകളിലും മംഗളൂരു നിയോജകമണ്ഡലത്തിൽനിന്ന് അദ്ദേഹമല്ലാതെ മറ്റൊരും വിജയിച്ചിട്ടില്ല.

1972, 1978, 1999, 2004 വര്‍ഷങ്ങളില്‍ യുടി ഫരീദിനെ ജയിപ്പിച്ച ഉള്ളാള്‍ മണ്ഡലം മകനെയും കൈവിട്ടില്ലെന്നത് ചരിത്രം

2008ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിയുടെ പത്മനാഭ കൊട്ടാരിയെ 7049 വോട്ടിന് പരാജയപ്പെടുത്തിയാണ് ഖാദർ വീണ്ടും നിയമസഭയിലെത്തിയത്. 50,718 വോട്ടുകൾ ഖാദർ നേടിയപ്പോൾ കൊട്ടാരിയ്ക്ക് 43,669 വോട്ടാണ് ലഭിച്ചത്. ഇതേ വർഷം കോൺ​ഗ്രസിന് ഭരണം നഷ്ടമായി. ബിഎസ് യെദ്യൂരപ്പയുടെ നേതൃത്വത്തിലുളള ബിജെപി സർക്കാർ 110 സീറ്റ് നേടിയെങ്കിലും കേവല ഭൂരിപക്ഷം മറികടക്കാൻ കഴിഞ്ഞിരുന്നില്ല. തുടർന്ന്, ആറ് സ്വതന്ത്രന്മാരുടെ പിന്തുണയോടെ ബിജെപി അധികാരത്തിലെത്തി. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ബിജെപി ഒറ്റയ്ക്ക് അധികാരത്തിലെത്തിയതും ഈ തിരഞ്ഞെടുപ്പിലായിരുന്നു.

സിദ്ധരാമയ്യ മന്ത്രിസഭയിലെ ബഹുമുഖ പ്രതിഭ

2013ൽ തിരഞ്ഞെടുപ്പിൽ ബിജെപിയുടെ ചന്ദ്രഹാസ് ഉളളാളിനെ 29,111 വോട്ടിനാണ് മംഗളൂരുവിൽ ഖാദർ പരാജയപ്പെടുത്തിയത്. തുടർന്ന് സിദ്ധരാമയ്യയുടെ ഒന്നാം മന്ത്രിസഭയിൽ അം​ഗമായ അദ്ദേഹം 2016 വരെ ആരോഗ്യ കുടുംബക്ഷേമ മന്ത്രിയായും അതിനുശേഷം 2018 വരെ ഭക്ഷ്യ പൊതുവിതരണ മന്ത്രിയായും അദ്ദേഹം സേവനമനുഷ്ടിച്ചു.

ഓപ്പറേഷൻ താമരയും ഉപപ്രതിപക്ഷ നോതാവിന്റെ കുപ്പായവും

2018ൽ ബിജെപിയുടെ സന്തോഷ് കുമാർ റായ്‌ക്കെതിരെ 19,739 വോട്ടിന്റെ ഭൂരിപക്ഷത്തിനായിരുന്നു ഖാദറിന്റെ വിജയം. ഒറ്റക്കക്ഷിക്കും വ്യക്തമായ ഭൂരിപക്ഷമില്ലാതിരുന്ന ആ തിരഞ്ഞെടുപ്പിൽ നിർണായകമായത് ഡികെ ശിവകുമാറിന്റെ ഇടപെടലായിരുന്നു. വിയോജിപ്പ് മാറ്റിനിർത്തി ഡികെ കുമാരസ്വാമിക്ക് കൈകൊടുത്തത് മറ്റൊരു ചരിത്രത്തിന് കന്നഡ രാഷ്ട്രീയം വഴിമാറി. ഒടുവിൽ, കുമാരസ്വാമിയുടെ മന്ത്രിസഭയിൽ ഖാദർ നഗരവികസന, ഭവന മന്ത്രിയായി എത്തി. എന്നാൽ, കുമാരസ്വാമിക്ക് അധികകാലം മുഖ്യമന്ത്രിക്കസേരയിൽ ഇരിക്കാൻ കഴിഞ്ഞില്ല. ഓപ്പറേഷൻ താമരയിലൂടെ കോൺ​ഗ്രസിന്റെയും ജെഡിഎസിന്റെയും എംഎൽഎമാരുടെ കൊഴിഞ്ഞുപോക്കോടെ യെദ്യൂരപ്പ സർക്കാർ വീണ്ടും അധികാരത്തിലെത്തി. തുടർന്ന്, ഖാദർ ഉപപ്രതിപക്ഷ നേതാവായി.

രണ്ടാം സിദ്ധരാമയ്യ സർക്കാർ, പുതിയ റോൾ

ഇത്തവണ സിദ്ധരാമയ്യയുടെ നേതൃത്വത്തിൽ കോൺഗ്രസ് വീണ്ടും അധികാരത്തിലെത്തിയപ്പോൾ പുതിയ റോളിലാണ് യു ടി ഖാദർ. ഇത്തവണ മംഗളുരു റൂറൽ മണ്ഡലത്തിൽ ബിജെപിയുടെ സതീഷ് കുമ്പളയെ 22,790ൽ അധികം വോട്ടിന് പരാജയപ്പെടുത്തിയയാണ് ഖാദർ തുടർച്ചയായി അഞ്ചാം തവണ സഭയിലെത്തിയത്. കർണാടക നിയമസഭയുടെ ചരിത്രത്തിൽ സ്പീക്കർ പദവിയിലേക്ക് ന്യൂനപക്ഷ സമുദായത്തിൽനിന്ന് ആദ്യമെത്തുന്ന ആദ്യ നേതാവാണ് തീരദേശത്തിന്റെ മുഖമായ യുടി ഖാദർ.

മുസ്ലീം വിഭാഗത്തിനായി മൂന്നു മന്ത്രിസ്ഥാനങ്ങൾ കോൺഗ്രസ് മാറ്റിവച്ചതോടെയാണ് ഖാദറിനെ തേടി ഇത്തവണ ഉത്തരവാദിത്തമെത്തിയത്. ബെംഗളുരു നഗരത്തിൽ സമീർ അഹമ്മദ് ഖാനും കോൺഗ്രസിനെ പിന്തുണച്ച പഴയ മൈസുരു, ഉത്തര കന്നഡ മേഖലയിൽനിന്നുള്ളവർക്ക് ബാക്കി രണ്ടു സ്ഥാനങ്ങളും നൽകണമെന്ന സമ്മർദ്ദമുണ്ടായതിന് പിന്നാലെയാണ് ഖാദറിന് സ്പീക്കർ ടിക്കറ്റിന്റെ നറുക്കുവീണത്.

സ്പീക്കർ പദവിയിലേക്ക് ആര്‍ വി ദേശ്പാണ്ഡെ , ടി ബി ജയചന്ദ്ര , എച്ച് കെ പാട്ടീല്‍ തുടങ്ങിയ മുതിര്‍ന്ന നേതാക്കളുടെ പേരുകളാണ് തുടക്കത്തിൽ ഉയര്‍ന്നുകേട്ടത്. ഒടുവിൽ, രാഹുല്‍ ഗാന്ധിയുടെ ഇടപെടലോടെ യുടി ഖാദർ കർണാടക നിയമസഭയുടെ നാഥനാവുകയായിരുന്നു.

logo
The Fourth
www.thefourthnews.in