സബ്‌കളക്ടറിൽനിന്ന് ഒഡിഷയുടെ അധികാരതലപ്പത്തേക്ക്; നവീന്‍ പട്‌നായിക്കിന്റെ പിന്‍ഗാമിയോ വികെ പാണ്ഡ്യനെന്ന തമിഴ്‌നാട്ടുകാരൻ?
ഒഡിഷയിൽ മുഖ്യമന്ത്രി നവീൻ പട്‌നായിക്കിന്റെ പിൻഗാമിയായി ഐഎഎസ് ഉദ്യോഗസ്ഥനായിരുന്ന വി കെ പാണ്ഡ്യൻ എത്തുമോ? കഴിഞ്ഞ ദിവസങ്ങളിലായി ഒഡിഷയിൽനിന്ന് ഉയരുന്ന വലിയ ചോദ്യങ്ങളിൽ ഒന്നാണിത്. 2000 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനും തമിഴ്‌നാട് സ്വദേശിയുമായിരുന്ന വി കാർത്തികേയ പാണ്ഡ്യൻ എന്ന വി കെ പാണ്ഡ്യൻ കഴിഞ്ഞ ദിവസമാണ് സർവിസിൽനിന്ന് സ്വയം വിരമിച്ചത്. മുഖ്യമന്ത്രി നവീൻ പട്‌നായിക്കിന്റെ പ്രൈവറ്റ് സെക്രട്ടറിയും അദ്ദേഹത്തിന്റെ സ്വപ്‌നപദ്ധതിയായ 5ടിയുടെ (ടീം വർക്ക്, ടെക്നോളജി, ട്രാൻസ്പരൻസി, ട്രാൻസ്ഫർമേഷൻ, ടൈം ലിമിറ്റ്) സെക്രട്ടറിയായിരിക്കുമ്പോഴാണ് വി കെ പാണ്ഡ്യൻ സ്വയം വിരമിക്കാനുള്ള അപേക്ഷ കേന്ദ്രസർക്കാരിന് നൽകുന്നത്.
വി ആർ എസ് അനുമതി ലഭിച്ചതിന്റെ തൊട്ടടുത്ത ദിവസം പാണ്ഡ്യനെ ക്യാബിനറ്റ് പദവിയോടെ 5 ടി പദ്ധതിയുടെ ചെയർമാനായി ഒഡിഷ സർക്കാർ നിയമിച്ചു. മുഖ്യമന്ത്രി നവീൻ പട്‌നായിക്കിന് നേരിട്ട് കീഴിലാണ് പാണ്ഡ്യന്റെ നിയമനം. ബിജു ജനതാദൾ പാർട്ടിയിൽ തന്റെ പിൻഗാമിയായി പാണ്ഡ്യനെ ഉയർത്തികൊണ്ടുവരാനാണ് നവീൻ പട്‌നായിക്കിന്റെ ശ്രമമെന്നാണ് അഭ്യൂഹങ്ങൾ.
ഒഡിഷയിലെ കലഹണ്ടി ജില്ലയിൽ 2002-2004 കാലഘട്ടത്തിൽ സബ് കളക്ടറായിരുന്ന വികെ പാണ്ഡ്യൻ പിന്നീട് 2005-2007 കാലഘട്ടത്തിൽ മയൂർഭഞ്ച് ജില്ലയിൽ കളക്ടറായി തുടർന്ന് 2007 മുതൽ 2011 വരെ ഗഞ്ചം ജില്ലയിൽ കളക്ടറായിരുന്നു
ആരാണ് വികെ പാണ്ഡ്യൻ
2000 ബാച്ചിലെ ഒഡിഷ സെക്ടറിലുള്ള ഐ എസ് ഉദ്യോഗസ്ഥനായിരുന്നു വി കെ പാണ്ഡ്യൻ. തമിഴ്‌നാട് സ്വദേശിയായ പാണ്ഡ്യൻ ഒഡിഷ സ്വദേശിയും ഐ എ എസ് ഉദ്യോഗസ്ഥയുമായ സുജാത ആർ കാർത്തികേയനെയാണ് വിവാഹം ചെയ്തിരിക്കുന്നത്. കരിയറിന്റെ തുടക്കത്തിൽ തന്നെ മികച്ച കളക്ടർ എന്ന പേര് വികെ പാണ്ഡ്യൻ സ്വന്തമാക്കിയിരുന്നു.
ഒഡിഷയിലെ കലഹണ്ടി ജില്ലയിൽ 2002-2004 കാലഘട്ടത്തിൽ സബ് കളക്ടറായിരുന്ന വികെ പാണ്ഡ്യൻ പിന്നീട് 2005-2007 കാലഘട്ടത്തിൽ മയൂർഭഞ്ച് ജില്ലയിൽ കളക്ടറായി തുടർന്ന് 2007 മുതൽ 2011 വരെ ഗഞ്ചം ജില്ലയിൽ കളക്ടറായിരുന്നു. സബ് കളക്ടറായിരുന്ന കാലത്ത് പാണ്ഡ്യന്‍ ആരംഭിച്ച പൊതുമരാമത്ത് വകുപ്പുകളുടെ പുനരുദ്ധാരണത്തിന് ഇന്ത്യൻ രാഷ്ട്രപതിയിൽ നിന്ന് ദേശീയ അവാർഡ് നേടി. പിന്നീട് ഈ പദ്ധതി ദേശീയ മാതൃകയായി ഏറ്റെടുത്ത് രാജ്യത്തുടനീളം നടപ്പാക്കുകയും ചെയ്തിരുന്നു. ഗഞ്ചം ജില്ലയിൽ കളക്ടറായി ഇരിക്കുന്ന സമയത്താണ് മുഖ്യമന്ത്രി നവീൻ പട്‌നായിക് പാണ്ഡ്യനെ ശ്രദ്ധിക്കുന്നത്. തുടർന്ന് 2011 ൽ പാണ്ഡ്യൻ നവീൻ പട്‌നായിക്കിന്റെ പ്രൈവറ്റ് സെക്രട്ടറിയായി.
2019 ൽ നവീൻ പട്‌നായിക് അഞ്ചാം തവണയും ഒഡിഷ മുഖ്യമന്ത്രിയായതോടെ ആരംഭിച്ച 'നബീന ഒഡിഷ' പദ്ധതിയുടെ ഭാഗമായി 5 ടി പദ്ധതി പ്രഖ്യാപിക്കുകയും ഇതിന്റെ സെക്രട്ടറിയായി അധിക ചുമതല പാണ്ഡ്യന് നൽകുകയും ചെയ്തു. പൊതുജനങ്ങളിൽ നിന്ന് നേരിട്ട് അഭിപ്രായങ്ങൾ സ്വീകരിച്ച് പ്രവർത്തിക്കുന്ന 'മോ സർക്കാരിന്റെ' ചുമതലയും പാണ്ഡ്യനായിരുന്നു.
വിവാദങ്ങൾ ആരോപണങ്ങൾ, ഒടുവിൽ രാജി
മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി ബിജു ജനതാദളിന്റെ പ്രമോട്ടറായി ജോലി ചെയ്യുകയാണെന്നും രാഷ്ട്രീയനേട്ടത്തിന് വേണ്ടിയാണ് പാണ്ഡ്യൻ പ്രവർത്തിക്കുന്നതെന്നുമായിരുന്നു പ്രതിപക്ഷ കക്ഷികൾ ഉയർത്തിയിരുന്ന പ്രധാനവിമർശനം. ഇതിനുപുറമെ ആരോഗ്യപ്രശ്‌നങ്ങൾ അലട്ടുന്ന നവീൻ പട്‌നായിക്കിനുവേണ്ടി ഒഡിഷയിൽ ഭരണം അനൗദ്യോഗികമായി നിയന്ത്രിക്കുന്നത് പാണ്ഡ്യനാണെന്നും ആരോപണമുണ്ട്.
മുഖ്യമന്ത്രിയെ നേരിട്ടുകാണുന്നതിന് പാണ്ഡ്യനെ കണ്ട് കാരണം ബോധിപ്പിക്കണമെന്നാണ് ബി ജെ പി ഉയർത്തുന്ന പ്രധാന ആരോപണം. ആറ് മാസത്തിനിടെ സംസ്ഥാനത്തെ 147 മണ്ഡലങ്ങളിൽ പാണ്ഡ്യൻ നേരിട്ട് പര്യടനം നടത്തുകയും പദ്ധതികൾ വിലയിരുത്തുകയും ചെയ്തിരുന്നു. എന്നാൽ ഈ യാത്രയ്ക്കായി ഹെലികോപ്റ്റർ ഉപയോഗിച്ചതായിരുന്നു പ്രതിപക്ഷ കക്ഷികൾ വിമർശിച്ചത്. ഐ എ എസ് ഉദ്യോഗസ്ഥൻ ജനപ്രതിനിധികൾക്കായുള്ള സൗകര്യങ്ങൾ ഉപയോഗിച്ച് യാത്ര ചെയ്യുന്നത് എങ്ങനെയാണെന്നായിരുന്നു ചോദ്യങ്ങൾ. എന്നാൽ തന്റെ നിർദ്ദേശപ്രകാരമാണ് പാണ്ഡ്യൻ യാത്ര നടത്തിയതെന്ന് മുഖ്യമന്ത്രി നവീൻ പട്‌നായിക് ഇതിന് മറുപടി പറയുകയും ചെയ്തു.
സർക്കാർ ഉദ്യോഗസ്ഥനായി തുടരുമ്പോഴും രാഷ്ട്രീയക്കാരനെപ്പോലെ വികെ പാണ്ഡ്യൻ പ്രവർത്തിക്കുകയാണെന്ന് ബിജെപിയും കോൺഗ്രസും വിമർശിക്കുകയും ചെയ്തു. ഈ ചർച്ചകൾ ചൂടുപിടിക്കുന്നതിനിടെയാണ് പാണ്ഡ്യൻ ഐ എ എസിൽ നിന്ന് സ്വയം വിരമിച്ചതും തൊട്ടുപിന്നാലെ ക്യാബിനറ്റ് പദ്ധവിയോടെ നവീൻ പട്‌നായിക് തന്റെ കീഴിൽ പാണ്ഡ്യനെ നിയമിച്ചതും
ബി ജെ ഡിയിൽനിന്ന് തന്നെ പാണ്ഡ്യനെതിരെ വിമർശനങ്ങൾ ഉയർന്നിരുന്നു. ഒഡിഷയിലെ പ്രമുഖപത്രമായ 'സാംബദ്'ന്റെ എഡിറ്ററും ബി ജെ ഡി വൈസ് പ്രസിഡന്റും എം എൽ എയുമായ സൗമ്യ രഞ്ജൻ പട്‌നായിക്കായിരുന്നു പാണ്ഡ്യനെതിരെ രംഗത്തെത്തിയത്. തന്റെ പത്രത്തിൽ പാണ്ഡ്യനെതിരെയും യാത്രകൾക്കെതിരെയും രൂക്ഷമായ വിമർശനങ്ങളാണ് ഉയർത്തിയത്. ''ആത്മബിഭോർ സച്ചിബ, നിസഹായ മന്ത്രി (ആഹ്ലാദിക്കുന്ന സെക്രട്ടറി, നിസഹായരായ മന്ത്രിമാർ), സച്ചിബ ബദാ നാ മന്ത്രി ബഡാ (ആരാണ് വലുത് - സെക്രട്ടറി അല്ലെങ്കിൽ മന്ത്രി) എന്നിങ്ങനെ തന്റെ എഡിറ്റോറിയൽ ലേഖനങ്ങളിൽ രൂക്ഷ വിമർശനം ഉന്നയിക്കുകയും ചെയ്തിരുന്നു.
രാഷ്ട്രീയയോഗം പോലെയാണ് പാണ്ഡ്യന്റെ യാത്രകളെന്നും മന്ത്രിമാർക്കോ എം എൽ എമാർക്കോ ഇല്ലാത്തെ തരത്തിലുള്ള സൗകര്യങ്ങളാണ് പാണ്ഡ്യന് ലഭിക്കുന്നതെന്നും പത്രത്തിൽ ആരോപിച്ചിരുന്നു. എന്നാൽ ഇതിനുപിന്നാലെ പാർട്ടിയിലെ വൈസ് പ്രസിഡന്റ് സ്ഥാനത്തുനിന്ന് സൗമ്യ രഞ്ജൻ പട്‌നായികിനെ നവീൻ പട്‌നായിക് പുറത്താക്കി. സർക്കാർ ഉദ്യോഗസ്ഥനായി തുടരുമ്പോഴും രാഷ്ട്രീയക്കാരനെപ്പോലെ വികെ പാണ്ഡ്യൻ പ്രവർത്തിക്കുകയാണെന്ന് ബിജെപിയും കോൺഗ്രസും വിമർശിക്കുകയും ചെയ്തു. ഈ ചർച്ചകൾ ചൂടുപിടിക്കുന്നതിനിടെയാണ് പാണ്ഡ്യൻ ഐ എ എസിൽ നിന്ന് സ്വയം വിരമിച്ചതും തൊട്ടുപിന്നാലെ ക്യാബിനറ്റ് പദ്ധവിയോടെ നവീൻ പട്‌നായിക് തന്റെ കീഴിൽ പാണ്ഡ്യനെ നിയമിച്ചതും.
നവീൻ പട്‌നായിക്കിന്റെ പിൻഗാമിയാകുമോ പാണ്ഡ്യൻ ?
വികെ പാണ്ഡ്യനും അദ്ദേഹത്തിന്റെ ഭാര്യയും ഐഎഎസ് ഉദ്യോഗസ്ഥയായ സുജാതയും രാഷ്ട്രീയത്തിലേക്ക് ഇറങ്ങുമെന്ന് ഏറെ നാളുകളായി അഭ്യൂഹങ്ങളുണ്ട്. ഇതിനിടെയാണ് 2024 ലെ തെരഞ്ഞെടുപ്പിന് ഏതാനും മാസങ്ങൾ മാത്രം ബാക്കി നിൽക്കെയാണ് പാണ്ഡ്യൻ സ്വയം വിരമിച്ച് ക്യാബിനറ്റ് പദവി നേടുന്നത്. ഒഡിഷയിൽ ഭരണം നടത്തുന്നത് പാണ്ഡ്യനാണെന്ന ആരോപണം ഏറെ നാളുകളായി നിലനിൽക്കുന്നുണ്ട്.
ആരോഗ്യപ്രശ്‌നങ്ങൾ ഉള്ള നവീൻ പട്‌നായിക് പാർട്ടിയിലെ തന്നെ പിൻഗാമിയായി ഉയർത്തികൊണ്ടുവരാൻ ശ്രമിക്കുന്നത് വി കെ പാണ്ഡ്യനെയാണെന്ന ആരോപണവും ശക്തമാണ്. അവിവാഹിതനായ നവീൻ പട്‌നായികിന്റെ പാർട്ടിയിലെ പിൻഗാമി ആരായിരിക്കുമെന്ന ചോദ്യ നേരത്തെ തന്നെയുണ്ട്. ഭരണകാര്യങ്ങൾക്ക് പുറമെ മുന്നണി ചർച്ചകൾക്കും നവീൻ പട്‌നായിക് വിശ്വാസം അർപ്പിച്ചിരിക്കുന്നത് പാണ്ഡ്യനിലാണ്. നേരത്തെ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്കും ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിനുമൊപ്പം നടത്തിയ മുന്നണിരൂപീകരണ ചർച്ചകൾക്കും നവീൻ പട്‌നായിക്കിനൊപ്പം പാണ്ഡ്യനായിരുന്നു ഉണ്ടായിരുന്നത്.
വി കെ പാണ്ഡ്യൻ ഉടൻ പാർട്ടിയിൽ ചേരുമെന്നും തിരഞ്ഞെടുപ്പ് രംഗത്ത് കാര്യക്ഷമമായി അദ്ദേഹത്തിന് പ്രവർത്തിക്കാൻ സാധിക്കുമെന്നും ചില ബി ജെ ഡി നേതാക്കൾ പറഞ്ഞിരുന്നു. എന്നാൽ പാർട്ടിയുടെ തലപ്പത്തേക്ക് പാണ്ഡ്യനെ ഉയർത്തിക്കാണിക്കുന്നത് അത്ര എളുപ്പമായിരിക്കില്ല. നിലവിൽ പാർട്ടിയിൽ നേതാക്കൾ നിശബ്ദരാണെങ്കിലും പാണ്ഡൻ നേതൃസ്ഥാനത്തേക്ക് എത്തിയാൽ പ്രതിഷേധങ്ങൾ ഉണ്ടാവാൻ സാധ്യത കൂടുതലാണ്.
അതേസമയം വി കെ പാണ്ഡ്യൻ ബി ജെ ഡിയുടെ തലപ്പത്തേക്ക് വരുന്നതിന് ബി ജെ പിയുടെ നിശബ്ദപിന്തുണയുണ്ടെന്നാണ് വിലയിരുത്തുന്നത്. പ്രത്യേക്ഷത്തിൽ ബി ജെ പിയുമായി ബി ജെ ഡി സഖ്യത്തിൽ അല്ലെങ്കിലും മോദിയെയോ പാർട്ടിയെയോ നേരിട്ട് വിമർശിക്കാൻ നവീൻ പട്‌നായിക് ഇതുവരെ തയ്യാറായിട്ടില്ല. ഇതിനുപുറമെ പാണ്ഡ്യന്റെ സ്വയം വിരമിക്കൽ നടപടികൾ കേന്ദ്രസർക്കാർ വേഗത്തിലാക്കിയതും ഈ ആരോപണങ്ങൾക്ക് ശക്തി പകരുന്നുണ്ട്. ഒക്ടോബർ 20 ന് നൽകിയ സ്വയംവിരമിക്കൽ അപേക്ഷ 23 ന് കേന്ദ്രസർക്കാർ അംഗീകരിക്കുകയായിരുന്നു.