ഹന്ന ആലീസ് സൈമണ്‍
ഹന്ന ആലീസ് സൈമണ്‍

കണ്ണല്ല, കാഴ്ചയാണ് കരുത്ത്; ഉയരങ്ങള്‍ താണ്ടാന്‍ ഹന്ന ആലീസ് സൈമണ്‍

സിബിഎസ്ഇ പ്ലസ്ടു പരീക്ഷയില്‍ ഭിന്നശേഷി വിദ്യാർഥികളുടെ വിഭാഗത്തില്‍ ഒന്നാമതെത്തി; ആദ്യ പുസ്തകം 'വെല്‍ക്കം ഹോം' പ്രകാശനം ചെയ്തു
Updated on
2 min read

കണ്ണ് കാണില്ല, പക്ഷെ ഹന്നയുടെ കാഴ്ചകള്‍ക്ക് അതിരുകളില്ല. പാട്ടുകാരി, മോട്ടിവേഷണല്‍ സ്പീക്കർ, യൂട്യൂബർ എന്നിങ്ങനെ ഹന്ന ആലീസ് സൈമണ്‍ എന്ന കൊച്ചി സ്വദേശിക്ക് വിശേഷണങ്ങളേറെയാണ്. ഉള്‍ക്കാഴ്ച്ചയുടെ കരുത്തില്‍ 17-ാം വയസില്‍ ഈ പെണ്‍കുട്ടി നടന്നു കയറിയ പടവുകള്‍ നിസാരമല്ല. സിബിഎസ്ഇ പ്ലസ്ടു പരീക്ഷയില്‍ ഭിന്നശേഷി വിദ്യാർത്ഥികളുടെ വിഭാഗത്തില്‍ ഒന്നാമതെത്തിയതാണ് ഹന്നയുടെ ഏറ്റവും പുതിയ നേട്ടം.

മൈക്രോഫ്താല്‍മിയ എന്ന രോഗം കാഴ്ച മറച്ചെങ്കിലും നിരന്തരമായ പരിശ്രമത്തിലൂടെ സ്വപ്നങ്ങളിലേക്ക് കുതിക്കുകയാണ് ഹന്ന. ഉന്നത പഠനത്തിനായി സ്കോളർഷിപ്പോടെ അമേരിക്കയ്ക്ക് പോകാനൊരുങ്ങുകയാണ് അവള്‍. അതിനൊപ്പം മറ്റൊരു സ്വപ്നവും പൂവണിഞ്ഞു. ആദ്യ പുസ്തകം 'വെല്‍ക്കം ഹോ'മിന്റെ പ്രകാശനം കഴിഞ്ഞ ആഴ്ചയായിരുന്നു. ഹന്ന രചിച്ച ആറ് കഥകളുടെ സമാഹാരമാണ് 'വെല്‍ക്കം ഹോം'.

മൈക്രോഫ്താല്‍മിയ എന്ന രോഗം കാഴ്ച മറച്ചെങ്കിലും നിരന്തരമായ പരിശ്രമത്തിലൂടെ സ്വപ്നങ്ങളിലേക്ക് കുതിക്കുകയാണ്

എല്ലാവരെയും പോലെയാണ് ഞാനും വളര്‍ന്നത്

ശാരീരിക വെല്ലുവിളി നേരിടുന്നവരുടെ ജീവിതം 'റെഗുലർ' അല്ലെന്ന് വിചാരിക്കുന്നവരുടെ മുന്നിലുള്ള ഉത്തരമാണ് ഹന്ന. ഇതുവരെയും റെഗുലർ സ്കൂളിലായിരുന്നു പഠനം. "സാധാരണ ഭിന്നശേഷിക്കാരായി ജനിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് വീട്ടില്‍ പ്രത്യേക പരിഗണന നല്‍കും. പക്ഷെ എന്റെ വീട്ടില്‍ അനുജന്മാർക്കുള്ള അതേ ഉത്തരവാദിത്തവും പരിഗണനയുമാണ് എനിക്കും കിട്ടിയത്. അന്ധവിദ്യാലയത്തിലല്ല, എല്ലാവരെയും പോലെയാണ് ഞാനും വളരേണ്ടത് എന്നാണ് മാതാപിതാക്കള്‍ എന്നെ പഠിപ്പിച്ചത്." ഇന്ത്യന്‍ എക്സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ ഹന്ന പറഞ്ഞു.

ഹന്ന മാതാപിതാക്കള്‍ക്കും അനുജന്മാർക്കുമൊപ്പം
ഹന്ന മാതാപിതാക്കള്‍ക്കും അനുജന്മാർക്കുമൊപ്പം

നാലാം ക്ലാസ് വരെ പഠിച്ച സ്കൂളില്‍ പല ബുദ്ധിമുട്ടുകളും നേരിട്ടു. കുറവുകള്‍ പരിഹസിക്കപ്പെട്ടു, പ്രേതമെന്നും പിശാചെന്നുമുള്ള വിളികള്‍ വരെ കേട്ടു. അഞ്ചാം ക്ലാസില്‍ പഠിക്കുമ്പോള്‍ സ്കൂള്‍ മാറി. പിന്നെയിങ്ങോട്ട്, സ്വന്തം സ്വപ്നത്തിന് പിന്നാലെ നടക്കുക മാത്രമല്ല ചുറ്റമുള്ളവരെ സ്വപ്നം കാണാന്‍ പഠിപ്പിക്കുക കൂടെയായിരുന്നു ഹന്ന. ഹന്ന സംഗീതം ചെയ്ത് പാടിയ പാട്ടുകള്‍ യൂട്യൂബില്‍ ലോകം മുഴുവന്‍ കേട്ടു. ലോകത്തിന്റെ പല കോണുകളില്‍ നിന്നും അഭിനന്ദനമെത്തി. കുഞ്ഞുങ്ങളെ പാട്ട് പഠിപ്പിക്കുകയെന്നതായി അടുത്ത ഉദ്യമം. പാട്ട് പഠിപ്പിക്കുന്നതിനൊപ്പം അവരോട് സ്വന്തം ജീവിതം പറയാനും തുടങ്ങി. അതായിരുന്നു, മോട്ടീവേഷണല്‍ സ്പീക്കിങ്ങിന്റെ തുടക്കം.

യൂട്യൂബ് ചാനലില്‍ പാട്ടുകള്‍ക്കൊപ്പം ജീവിതത്തിന് ഊർജം പകരുന്ന വാക്കുകളും നിറഞ്ഞു. മോട്ടിവേഷണല്‍ ക്ലാസിനൊപ്പം അനാഥാലയത്തിലെ കുട്ടികള്‍ക്ക് ഇംഗ്ലീഷ് പരിശീലനവും നല്‍കുന്നു. ഒന്‍പത് ഇംഗ്ലീഷ് ഭക്തിഗാനങ്ങള്‍ക്ക് ഹന്ന സംഗീതമൊരുക്കിയിട്ടുണ്ട്. മാതാപിതാക്കളാണ് ഹന്നയുടെ ബലം. അച്ഛന്‍ സൈമണ്‍ സ്വകാര്യ സ്ഥാപനത്തിലെ ലീഗല്‍ മാനേജരാണ്. കാഴ്ചാ പരിമിതിയുണ്ടെന്ന് അറിഞ്ഞത് മുതല്‍ അവളുടെ വളർച്ചയ്ക്കൊപ്പം നടക്കുകയാണ് അമ്മ ലിജ.

ഒന്‍പത് ഇംഗ്ലീഷ് ഭക്തിഗാനങ്ങള്‍ക്ക് ഹന്ന സംഗീതമൊരുക്കിയിട്ടുണ്ട്.

കാക്കനാട് രാജഗിരി ക്രിസ്തുജയന്തി പബ്ലിക് സ്കൂളില്‍ നിന്നാണ് ഹന്ന പ്ലസ്ടു പൂർത്തിയാക്കിയത്. ലോകമറിയുന്ന എഴുത്തുകാരിയാകണമെന്നാണ് ഹന്നയുടെ ആഗ്രഹം. കുട്ടികളുടെ പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യുന്ന സൈക്കോളജിസ്റ്റ് ആകാനാണ് ഇനിയുളള ശ്രമം. നോട്ടർഡാം സർവകലാശാലയില്‍ സൈക്കോളജിയില്‍ ഡിഗ്രിയെടുക്കാന്‍ അടുത്ത മാസം അമേരിക്കയിലേക്ക് പറക്കാനൊരുങ്ങുകയാണ് ഹന്ന.

logo
The Fourth
www.thefourthnews.in