50 എംഎല്‍എമാരും മുഖ്യമന്ത്രി പദവും; രാജസ്ഥാനില്‍ ജാട്ടുകള്‍ വിലപേശുമ്പോള്‍

50 എംഎല്‍എമാരും മുഖ്യമന്ത്രി പദവും; രാജസ്ഥാനില്‍ ജാട്ടുകള്‍ വിലപേശുമ്പോള്‍

പരമ്പരാഗതമായി കോണ്‍ഗ്രസിനൊപ്പം നിന്നിരുന്ന ജാട്ടുകള്‍ക്ക് പക്ഷേ ഇപ്പോള്‍ കോണ്‍ഗ്രസിനോട് വലിയപഥ്യമില്ല
Updated on
4 min read

രാജസ്ഥാനിലെ ഭൂരിപക്ഷ വിഭാഗമായ ജാട്ടുകളുടേയും പിന്നാക്കവിഭാഗക്കാരുടേയും വോട്ട് ഇത്തവണ ആരുടെ പെട്ടിയില്‍ വീഴുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ ഉറ്റുനോക്കുന്നത്. സംസ്ഥാന ജനസംഖ്യയുടെ പതിനൊന്ന് ശതമാനമായ ജാട്ടുകളും 18 ശതമാനത്തോളമുള്ള ദളിത് വോട്ടുകളും 14 ശതമാനത്തോളമുള്ള ഗോത്രവിഭാഗവുമാണ് രാജസ്ഥാന്‌റെ വിധി മുഖ്യമായും നിര്‍ണയിക്കുക. സംസ്ഥാനത്തെ ഏറ്റവും വലിയ സമുദായമായ ജാട്ടുകള്‍ (ജനസഖ്യയുടെ 21 ശതമാനം വരെയുണ്ടെന്നാണ് ജാട്ട് സംഘടനകള്‍ അവകാശപ്പെടുന്നത്) 200 ല്‍ 40 സീറ്റുകളില്‍ നിര്‍ണായകശക്തിയാണ്. എന്‍ ബ്ലോക്കായി വോട്ട് ചെയ്യുന്ന സ്വഭാവക്കാരായ ജാട്ടുകളുടെ സ്വാധീനം ഹദോത്തി, ശെഖാവതി, മാര്‍വാദ് മേഖലകളിലായി പരന്ന് കിടക്കുന്നതാണ്.

പരമ്പരാഗതമായി കോണ്‍ഗ്രസിനൊപ്പം നിന്നിരുന്ന ജാട്ടുകള്‍ക്ക് പക്ഷേ ഇപ്പോള്‍ കോണ്‍ഗ്രസിനോട് വലിയപഥ്യമില്ല. ജാട്ടുകള്‍ക്ക് ഒബിസി പദവി എന്ന ആവശ്യത്തോട് മുഖം തിരിച്ച കോണ്‍ഗ്രസിനെ ഉപേക്ഷിച്ച് 1999 ല്‍ ഒബിസി പദവി സമ്മാനിച്ച ബിജെപിക്ക് ഒപ്പം ചേര്‍ന്നവരാണ് ജാട്ടുകള്‍. എന്നാല്‍ കഴിഞ്ഞ തവണ ജാട്ടുകള്‍ കോണ്‍ഗ്രസിന് അനുകൂലമായി വോട്ട് ചെയ്തു. അതേസമയം ദളിത് വോട്ടുകളില്‍ ബിജെപിക്കും ഗോത്രവിഭാഗത്തിനിടയില്‍ കോണ്‍ഗ്രസിനും വ്യക്തമായ മേല്‍ക്കെയുണ്ട്. ഈ വോട്ടുകള്‍ ഒപ്പം നിര്‍ത്തുകയെന്നതാണ് കോണ്‍ഗ്രസും ബിജെപിയും നേരിടുന്ന പ്രധാന വെല്ലുവിളി. എന്നാലിത്തവണ കാര്യങ്ങള്‍ അത്ര എളുപ്പമാകില്ല ഇരുപാര്‍ട്ടികള്‍ക്കും. അതിന് കാരണങ്ങള്‍ പലതാണ്.

ജയ്പൂരില്‍ ചേര്‍ന്ന ജാട്ട് മഹാകുംഭില്‍ നിന്ന്‌
ജയ്പൂരില്‍ ചേര്‍ന്ന ജാട്ട് മഹാകുംഭില്‍ നിന്ന്‌

നിലവിലെ നിയമസഭയില്‍ ജാട്ടുവിഭാഗത്തില്‍ നിന്നുള്ള 37 എംഎല്‍എമാരാണ് ഉള്ളത്. ജാതിയടിസ്ഥാനത്തില്‍ ഏറ്റവും കുടുതല്‍ എംഎല്‍എ മാര്‍ ജാട്ട് വിഭാഗത്തിനാണ്. ഇത്തവണ അത് 50 ആക്കി ഉയര്‍ത്താനാണ് ജാട്ടുകളുടെ ശ്രമം. തിരഞ്ഞെടുപ്പിലെ ജാട്ടുകളുടെ നിലപാട് ജയ്പൂരില്‍ ചേര്‍ന്ന ജാട്ട് മഹാകുംഭ് വ്യക്തമാക്കിയിട്ടുണ്ട്. സംസ്ഥാനത്തെ ഏറ്റവും വലിയ സമുദായമാണെങ്കിലും അര്‍ഹമായ സ്ഥാനം ഭരണത്തില്‍ ജാട്ട് വിഭാഗത്തിന് ലഭിച്ചിട്ടില്ല. ഇത്തവണ ഇരു പാര്‍ട്ടികളും ഏറ്റവും കുറഞ്ഞത് 40 ജാട്ടുകളെ വീതം സ്ഥാനാര്‍ത്ഥികളാക്കണമെന്ന് ജാട്ട് മഹാസഭ പ്രസിഡന്‌റ്് രാജാറാം മീല്‍ പാര്‍ട്ടികളോട് ആവശ്യപ്പെട്ടിട്ടുണ്ട്. സമുദായത്തില്‍ നിന്ന് തലയെടുപ്പുള്ള നേതാക്കള്‍ ഒരുപാട് ഉണ്ടായിട്ടും ഇതുവരേയും ഒരു മുഖ്യമന്ത്രി ജാട്ട് വിഭാഗത്തില്‍ നിന്ന് ഉണ്ടായിട്ടില്ലെന്നതിനും ഇത്തവണ പരിഹാരം ഉണ്ടാക്കണമെന്നും ജാട്ട് മഹാസഭ ആവശ്യപ്പെടുന്നു. എന്നാല്‍ പരസ്യമായി ഒരു പാര്‍ട്ടിക്കും ജാട്ട് മഹാസഭ പിന്തുണ പ്രഖ്യാപിച്ചിട്ടില്ല. ആരുടെ സര്‍ക്കാരായാലും ശരി സമുദായത്തിന്‌റെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിനായി ഇവരെവച്ച് വിലപേശാനാണ് ജാട്ട് സംഘടനകളുടെ പദ്ധതി.

50 എംഎല്‍എമാരും മുഖ്യമന്ത്രി പദവും; രാജസ്ഥാനില്‍ ജാട്ടുകള്‍ വിലപേശുമ്പോള്‍
തിരഞ്ഞെടുപ്പിന് ഒരു മാസം, രാജസ്ഥാനിൽ കളത്തിലിറങ്ങി ഇ ഡി; കോണ്‍ഗ്രസ് അധ്യക്ഷന്റെ വീട്ടിൽ റെയ്ഡ്, ഗെലോട്ടിന്റെ മകന് സമൻസ്

1952 ല്‍ ജഗിര്‍ദാരി സംവിധാനം നിര്‍ത്തലാക്കിയത് മുതല്‍ കര്‍ഷകവിഭാഗമായ ജാട്ടുകള്‍ കോണ്‍ഗ്രസിനൊപ്പം തന്നെ എല്ലാ പ്രതിസന്ധിക്കാലത്തും ഉറച്ചുനിന്നവരാണ്. എന്നാല്‍ ജാട്ടുകളുടെ എക്കാലത്തേയും പ്രധാന ആവശ്യമായ ഒബിസി പദവി എന്ന ആവശ്യത്തോട് പക്ഷേ കോണ്‍ഗ്രസ് അത്ര മമത കാട്ടിയില്ല. രാജസ്ഥാനിലെ കോണ്‍ഗ്രസ് നേതാവും നിലവിലെ മുഖ്യമന്ത്രിയുമായ അശോക് ഗെഹ്ലോട്ടാണ് ജാട്ടുകള്‍ക്ക് ഒബിസി പദവി നല്‍കുന്നതിന് എതിരുനിന്നതെന്ന വികാരം ജാട്ടുകള്‍ക്കിടയില്‍ ഇപ്പോഴും പ്രബലമാണ്. കഴിഞ്ഞ തവണ അശോക് ഗെഹ്ലോട്ടിന് മാറ്റി സച്ചിന്‍ പൈലറ്റിനെ മുഖ്യമന്ത്രിയാക്കുമെന്ന വിശ്വാസത്തിലായിരുന്നു ജാട്ടുകള്‍ കോണ്‍ഗ്രസിന് വോട്ട് ചെയ്തത്. എന്നാല്‍ സച്ചിനെ മുഖ്യമന്ത്രിയാക്കിയില്ലെന്ന് മാത്രമല്ല, ഉപമുഖ്യമന്ത്രി പദവിയില്‍ നിന്ന് പിന്നീട് പുറത്താക്കുകയും ചെയ്തു. (ഉപമുഖ്യമന്ത്രി പദിവിയിലിരുന്ന കാലത്ത് സച്ചിന്‍ ജാട്ടുകള്‍ക്ക് വേണ്ടി ഒന്നും ചെയ്തില്ലെന്ന ആക്ഷേപവും ശക്തമാണ്.) ഗെഹ്ലോട്ട് മന്ത്രിസഭയില്‍ രണ്ട് ജാട്ട് അംഗങ്ങളെ മന്ത്രിയാക്കിയെങ്കിലും ചെറിയ വകുപ്പുകള്‍ മാത്രം നല്‍കി ഒതുക്കി സമുദായത്തെ അപമാനിച്ചുവെന്നും ജാട്ടുകള്‍ ആരോപിക്കുന്നു.

ജാട്ടുകളെ ഒപ്പം നിര്‍ത്തുന്നതിനാണ് സച്ചിന്‍ പൈലറ്റിനെ പിസിസി അധ്യക്ഷ സ്ഥാനത്ത് നിന്ന് നീക്കിയപ്പോള്‍ പകരം ജാട്ട് സമുദായക്കാരനായ ഗോവിന്ദ് സിങ് ദോട്ടസാരയെ നിയമിച്ചത്. ജാതി സര്‍വ്വേ നടത്താനുള്ള നടപടികള്‍ക്ക് കാലാവധി പൂര്‍ത്തിയാക്കുന്ന ഗെഹ്ലോട്ട് സര്‍ക്കാര്‍ തുടക്കമിട്ടത് ജാട്ടുകള്‍ സ്വാഗതം ചെയ്തത് കോണ്‍ഗ്രസിന് പ്രതീക്ഷ നല്‍കുന്നുണ്ട്. എന്നാല്‍ തിരഞ്ഞെടുപ്പ് വിജ്ഞാപനത്തിന് തൊട്ടുമുമ്പായി പിഎസ് സി അംഗമായി വിരമിച്ച സൈനിക ഉദ്യോഗസ്ഥനായ കേസരി സിങ് റാത്തോറിനെ നിയമിച്ചത് കോണ്‍ഗ്രസിന് തിരിച്ചടിയായി. ജാട്ടുകളെ സാമൂഹ്യമാധ്യമങ്ങളില്‍ നിരന്തരം ആക്ഷേപിച്ചയാളാണ് കേസരി സിങ് റാവത്തെന്ന ആരോപണം ജാട്ടുകളെ അശോക് ഗെഹ്ലോട്ടിനെതിരാക്കി. ഒക്ടോബര്‍ 9 ലെ കേസരി സിങ്ങിന്‌റെ നിയമനത്തിനെതിരെ ജാട്ട് മഹാസഭ ഗവര്‍ണര്‍ക്ക് കത്തയച്ചു. കമ്മീഷന്‌റെ നിക്ഷ്പക്ഷതയേയും യശസിനേയും കളങ്കപ്പെടുത്തുന്നതാണ് നിയമനമെന്ന് ജാട്ടുകള്‍ ആരോപിക്കുന്നു. കേസരി സിങിന്‌റെ പ്രസ്താവനകളെ ഗെഹ്ലോട്ട് പരസ്യമായി തള്ളിപറഞ്ഞെങ്കിലും ജാട്ടുകളുടെ എതിര്‍പ്പിനെ തണുപ്പിക്കാനായിട്ടില്ല. മുഖ്യമന്ത്രി തന്നെ തള്ളിയസ്ഥിതിക്ക് റാത്തോറിനെ പുറത്താക്കുകയോ റാത്തോര്‍ രാജിവെക്കുകയോ ചെയ്യണമെന്നാണ് ജാട്ടുകളുടെ ആവശ്യം.

ജയ്പൂരില്‍ ചേര്‍ന്ന ജാട്ട് മഹാകുംഭില്‍ നിന്ന്‌
ജയ്പൂരില്‍ ചേര്‍ന്ന ജാട്ട് മഹാകുംഭില്‍ നിന്ന്‌

മറുവശത്ത് ബിജെപിക്കും ശക്തമായ എതിര്‍പ്പാണ് ജാട്ട് സമുദായത്തില്‍ നിന്ന് ഇത്തവണ നേരിടേണ്ടിവരുന്നത്. ജന്‍മം കൊണ്ട് രജ്പുത് ആണെങ്കിലും വിവാഹബന്ധം മൂലം ജാട്ടുകളുടെ മരുമകള്‍ ആയ മുന്‍ മുഖ്യമന്ത്രി വസുന്ധര രാജെ സിന്ധ്യയാണ് കഴിഞ്ഞ രണ്ടര പതിറ്റാണ്ടോളം കാലമായി ബിജെപിക്കും ജാട്ടുകള്‍ക്കുമിടയിലെ പാലം. എന്നാല്‍ ഇത്തവണ ആ പാലം അത്ര ബലമുള്ളതല്ല. വസുന്ധര രാജെയും ബിജെപി കേന്ദ്ര - സംസ്ഥാന നേതൃത്വങ്ങളും തമ്മിലുള്ള സ്വരചേര്‍ച്ചയില്ലായ്മ ജാട്ടുകളുമായുള്ള ബന്ധത്തെ ബാധിക്കുന്നുണ്ട്. ഇതിന് പുറമെയാണ് ജാട്ട് വിഭാഗക്കാരനായ സതിഷ് പുനിയയെ സംസ്ഥാന അധ്യക്ഷന്‍ സ്ഥാനത്ത് നിന്ന് ബിജെപി നീക്കിയത്. അധികാരം ലഭിച്ചാല്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണപ്പെടുമെന്ന് ജാട്ടുകള്‍ കരുതിയിരുന്ന നേതാവായിരുന്നു പുനിയ. പകരം രജ്പുത് വിഭാഗക്കാരന്‍ ആയ രാജ്യവര്‍ധന്‍ സിങ് റാത്തോഡ് ആയിരിക്കും ബിജെപിയുടെ അടുത്ത മുഖ്യമന്ത്രിയാകുകയെന്ന സൂചനകളും ജാട്ടുകളെ ബിജെപിയില്‍ നിന്ന് അകറ്റി നിര്‍ത്തുന്നുണ്ട്. വിവാദമായ കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ പ്രതിഷേധം ഇപ്പോഴും കര്‍ഷകരായ ജാട്ടുകള്‍ക്കിടയില്‍ അണഞ്ഞിട്ടില്ല. ജാട്ടുകളെ അനുനയിപ്പിക്കാനായി ജാട്ട് വിഭാഗക്കാരായ നേതാക്കളെ പാര്‍ട്ടിയിലേക്ക് എത്തിക്കുന്ന ശ്രമത്തിലാണ് ബിജെപി. മുന്‍ കോണ്‍ഗ്രസ് എംപിയും പ്രമുഖ ജാട്ട് കുടുംബാഗവുമായ ജ്യോതി മിര്‍ദയെ പാര്‍ട്ടിയിലെത്തിച്ചത് ഇതിന്‌റെ ഭാഗമായാണ്. ജാട്ടുകളെ പ്രീണിപ്പിക്കുന്നത് ലക്ഷ്യമിട്ട് തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പായി ആറ് റാബി വിളകളുടെ താങ്ങുവില കേന്ദ്രം കൂട്ടിയിട്ടുണ്ട്.

50 എംഎല്‍എമാരും മുഖ്യമന്ത്രി പദവും; രാജസ്ഥാനില്‍ ജാട്ടുകള്‍ വിലപേശുമ്പോള്‍
തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യപ്രശ്‌നം തൊഴിലില്ലായ്മ; പ്രചാരണത്തിൽ കളംപിടിക്കുന്നത് ജാതിസെന്‍സസ്

ഇതിനിടെ ഉപരാഷ്ട്രപതിയും ജാട്ട് സമുദായത്തില്‍ നിന്നുള്ള നേതാവുമായ ജഗ്ദീപ് ദന്‍കറും പലകുറി രാജസ്ഥാനിലെത്തി. രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് തിരഞ്ഞെടുപ്പ് അടുത്തിരിക്കെ പലകുറി ദന്‍കര്‍ രാജസ്ഥാനിലെ സ്ഥലങ്ങള്‍ സന്ദര്‍ശിച്ചതെന്ന് പ്രതിപക്ഷം ആരോപിച്ചു. രാഷ്ട്രപതിയുടെ കോട്ടയിലെ സന്ദര്‍ശനം ബിജെപിയുടെ പ്രചാരണത്തിന്‌റെ ഭാഗമാണെന്ന് ആരോപിച്ച് മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് രംഗത്തെത്തി. ജാട്ട് നേതാക്കളുമായി ഉപരാഷ്ട്രപതി കൂടിക്കാഴ്ച്ച നടത്തിയത് ജാട്ട് വോട്ടുകള്‍ സ്വന്തമാക്കാനുള്ള പദ്ധതിയുടെ ഭാഗമാണെന്നാണ് ആരോപണം. എന്നാല്‍ ആരോപണം നിഷേധിച്ച ദന്‍കര്‍ തന്റെ വരവ് ബന്ധുക്കളെ കാണാനായിരുന്നുവെന്നും വിശദീകരിച്ചു.

എന്നാല്‍ ഇത്തവണ പഴയത് പോലെ അത്ര സുഖകരമായിരിക്കില്ല ഇരുപാര്‍ട്ടികള്‍ക്കും കാര്യങ്ങള്‍. ജാട്ട് വിഭാഗത്തിലെ വോട്ട് പതിവുപോലെ ബിജെപിക്കും കോണ്‍ഗ്രസിനും ഇടയില്‍ മാത്രമായിരിക്കില്ല ഇത്തവണ വിഭജിക്കപ്പെടുക. രാഷ്ട്രീയ ലോക് തന്ത്രിക് പാര്‍ട്ടിയും ജനനായക് ജനത പാര്‍ട്ടിയും ജാട്ട് വോട്ടുകളില്‍ കാര്യമായി തന്നെ വിള്ളല്‍ വീഴ്ത്തും. മുന്‍ ബിജെപി നേതാവായ ഹനുമന്‍ ബെനിവാലിന്റെ ആര്‍ എല്‍ പി തന്നെയാണ് ഇരുപാര്‍ട്ടികള്‍ക്കും മുഖ്യമായും തലവേദന സൃഷ്ടിക്കുക. 2018 ലെ തിരഞ്ഞെടുപ്പിന് ഒരുമാസം മുമ്പ് മാത്രം പിറവികൊണ്ട ആര്‍ എല്‍ പി മൂന്ന് സീറ്റിലാണ് വിജയിച്ചത്. 58 സീറ്റില്‍ ഒറ്റക്ക് മത്സരിച്ച ആര്‍ എല്‍ പി 2.4 ശതമാനം വോട്ടാണ് കന്നിഅങ്കത്തില്‍ തന്നെ സ്വന്തം പെട്ടിയിലാക്കിയത്. 2019 ല്‍ എന്‍ഡിഎയുടെ സഖ്യകക്ഷിയായി മത്സരിച്ച് നാഗ്വാര്‍ ലോക്‌സഭ മണ്ഡലത്തിലും വെന്നിക്കൊടി പാറിച്ചു. കര്‍ഷക സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ബിജെപി സഖ്യം ഉപേക്ഷിച്ച ആര്‍ എല്‍ പി ഇത്തവണ ജാട്ട് മേഖലയിലെ എല്ലാമണ്ഡലങ്ങളിലും മത്സരിക്കുന്നുണ്ട്. ഇതിനൊപ്പം തന്നെ ഭീം ആര്‍മി നേതാവ് ചന്ദ്ര ശേഖര്‍ ആസാദിന്‌റെ രാഷ്ട്രീയ പാര്‍ട്ടിയായ ആസാദ് സമാജ് പാര്‍ട്ടിയുമായി ആര്‍എല്‍പി സഖ്യമുണ്ടാക്കിയത് മേഖലയിലെ ദളിത് വോട്ടുകളില്‍ കൂടി കണ്ണുവെച്ചാണ്. ഇത്തവണ സംസ്ഥാനത്ത് തൂക്കു സഭയായിരിക്കുമെന്നും ആര് ഭരിക്കണമെന്ന് തീരുമാനിക്കുക തങ്ങളായിരിക്കുമെന്നുമാണ് ആര്‍എല്‍പി നേതാവ് ഹനുമന്‍ ബെനിവാലിന്‌റെ അവകാശവാദം. ജെയ്പൂരില്‍ ചേര്‍ന്ന ജാട്ട് മഹാ പഞ്ചായത്തില്‍ നിന്ന് ഹനുമന്‍ ബെനിവാല്‍ വിട്ടുനിന്നത് ജാട്ട് വോട്ടുകള്‍ ഭിന്നിക്കുമെന്നതിന്‍രെ വ്യക്തമായ സൂചനയായാണ് നിരീക്ഷകരുടെ വിലയിരുത്തല്‍. ആര്‍ എല്‍ പിക്ക് പുറമെ ജാട്ട് വിഭാഗത്തിനിടയില്‍ വലിയ സ്വാധീനമുള്ള ജെ ജെ പി, ഹരിയാനയില്‍ ബിജെപിയുടെ സഖ്യകക്ഷിയാണെങ്കിലും രാജസ്ഥാനില്‍ ഒറ്റക്കാണ് മത്സരരംഗത്തുള്ളത്. 30 സീറ്റുകളിലാണ് ജെ ജെ പി സ്വന്തം സ്ഥാനാര്‍ത്ഥിയെ അണിനിരത്തിയിരിക്കുന്നത്. ജാട്ട് ഭൂരിപക്ഷ പ്രദേശങ്ങളിലെ കക്ഷി നില ഇവര്‍ പിടിക്കുന്ന വോട്ടുകളെ ആശ്രയിച്ചിരിക്കും. ബിജെപിയുടെ സഖ്യകക്ഷികളായിരുന്ന ഇരുപാര്‍ട്ടികളും ചോര്‍ത്തുക ബിജെപിയുടെ വോട്ടുകള്‍ ആകുമെന്നാണ് കോണ്‍ഗ്രസിന്‌റെ പ്രതീക്ഷ.

50 എംഎല്‍എമാരും മുഖ്യമന്ത്രി പദവും; രാജസ്ഥാനില്‍ ജാട്ടുകള്‍ വിലപേശുമ്പോള്‍
മധ്യപ്രദേശിലും ഛത്തീസ്‍ഗഡിലും കോണ്‍ഗ്രസ് - ബിജെപി ഫോട്ടോ ഫിനിഷെന്ന് അഭിപ്രായ സർവേ; തെലങ്കാനയില്‍ ബിആർഎസ് വിയർക്കും

വോട്ടെടുപ്പിന് ഇനിയും മൂന്നാഴ്ചയോളമുണ്ട്. പ്രചാരണങ്ങള്‍ക്ക് ചൂട് പകരാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും രാഹുല്‍ ഗാന്ധിയുമടക്കമുള്ള നേതാക്കള്‍ വരും ദിനങ്ങളില്‍ ജാട്ട് ശക്തികേന്ദ്രങ്ങളിലെത്തും. ജാട്ട് നേതാക്കളുമായുള്ള പാര്‍ട്ടി നേതാക്കളുടെ കൂടിക്കാഴ്ചകളും ഒളിഞ്ഞും തെളിഞ്ഞും അണിയറയില്‍ സജീവം. ലോക് സഭ തിരഞ്ഞെടുപ്പിന്‌റെ സെമിഫൈനല്‍ ആണെന്നതിനാല്‍ തന്നെ നവംബര്‍ 25 ലെ തിരഞ്ഞെടുപ്പ് ഇരുപക്ഷത്തിനും ജീവന്‍മരണ പോരാട്ടവുമാണ്.

logo
The Fourth
www.thefourthnews.in