AKG Centre attack, CCTV Picture
AKG Centre attack, CCTV Picture

എകെജി സെന്ററിന് നേരെ ബോംബാക്രമണം; ആരോപണ പ്രത്യാരോപണങ്ങളുമായി സിപിഎമ്മും കോൺഗ്രസും

അക്രമിയെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല
Updated on
1 min read

എകെജി സെന്ററിനു നേരെയുണ്ടായ ബോംബാക്രമണത്തില്‍ സിപിഎമ്മിന്റെ വ്യാപക പ്രതിഷേധം. തിരുവനന്തപുരം, ആലപ്പുഴ, പത്തനംതിട്ട, കോഴിക്കോട് ഉള്‍പ്പെടെ ജില്ലകളില്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടത്തി. മന്ത്രിമാരും, എംഎല്‍എമാരും ഉള്‍പ്പെടെ നേതാക്കള്‍ എകെജി സെൻ്ററിലെത്തി. കലാപമുണ്ടാക്കാനുള്ള കോൺഗ്രസ് ഗൂഢാലോചനയുടെ ഭാഗമാണെന്ന് സിപിഎം ആരോപിച്ചു. ആക്രമിയെ ഇതുവരെ പിടികൂടാൻ കഴിഞ്ഞിട്ടില്ല.

വ്യാഴാഴ്ച രാത്രി 11.25 ഓടെ, ഇരുചക്രവാഹനത്തില്‍ എത്തിയ അക്രമിയാണ് ബോംബെറിഞ്ഞത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. എകെജി സെന്ററില്‍ പ്രവര്‍ത്തിക്കുന്ന എകെജി ഹാളിലേക്കുള്ള ഗേറ്റിനു സമീപത്തെ കരിങ്കല്‍ ഭിത്തിയിലേക്കാണ് സ്ഫോടകവസ്തു എറിഞ്ഞത്.ഫൊറന്‍സിക് വിദഗ്ധര്‍ സ്ഥലത്ത് പരിശോധന നടത്തി.

ആക്രമണത്തിനു പിന്നില്‍ കോണ്‍ഗ്രസാണെന്നും പ്രകോപനമുണ്ടാക്കാനാണ് ശ്രമമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ആരോപിച്ചു. എകെജി സെന്ററിനു നേരെയുണ്ടായ ആക്രമണം ആസൂത്രിതമാണെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി ജയരാജനും പ്രതികരിച്ചു. കലാപമുണ്ടാക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നത്. പാർട്ടി ആസ്ഥാനം ആക്രമിച്ചതിനെതിരെ സമാധാനപരമായി പ്രതിഷേധിക്കുമെന്ന് സിപിഎം നേതാക്കൾ അറിയിച്ചു.

എന്ത് തെളിവിന്റെ അടിസ്ഥാനത്തിലാണ് കോണ്‍ഗ്രസിനെതിരെ ആരോപണമുന്നയിക്കുന്നതെന്ന് വി.ഡി സതീശന്‍

എന്നാൽ കോൺഗ്രസ് ആരോപണം നിഷേധിച്ചു. കോൺഗ്രസിന് പങ്കില്ലെന്നും അക്രമിയെ ഉടൻ പിടികൂടണമെന്നും കെപിസിസി പ്രസിഡൻ്റ് കെ സുധാകരനും പ്രതിപക്ഷ നേതാവ് വിഡി സതീശനും പറഞ്ഞു. സിപിഎമ്മിൻ്റെതാണ് അക്രമത്തിന് പിന്നിലെ തിരക്കഥയെന്ന് സുധാകരൻ ആരോപിച്ചു. രാഹുല്‍ ഗാന്ധി വയനാട്ടിലെത്തുന്ന ദിവസം കോണ്‍ഗ്രസുകാര്‍ അക്രമം നടത്തുമെന്ന് കരുതുന്നത് മണ്ടത്തരമാണെന്നും സുധാകരന്‍ പ്രതികരിച്ചു. എന്ത് തെളിവിന്റെ അടിസ്ഥാനത്തിലാണ് കോണ്‍ഗ്രസിനെതിരെ ആരോപണമുന്നയിക്കുന്നതെന്ന് വി ഡി സതീശന്‍ ചോദിച്ചു. നിലവിലെ വിഷയങ്ങളില്‍ നിന്ന് ശ്രദ്ധതിരിക്കാനുള്ള സിപിഎം ശ്രമമാണ് ആക്രമണം. പിന്നില്‍ തിരുവനന്തപുരത്തെ സിപിഎം ഗുണ്ടാസംഘമാണെന്നും പ്രതിപക്ഷനേതാവ് ആരോപിച്ചു

അന്വേഷണത്തിന് പ്രത്യേക സംഘം

DCRB എ സി ഡിനിലിന്റെ നേത്യത്വത്തിലുള്ള പ്രത്യേകസംഘത്തിനാണ് അന്വേഷണചുമതല . സൈബര്‍ സെല്‍ എ സി യും സംഘത്തിലുണ്ട്. അതേസമയം പ്രതിയെ കുറിച്ച് സൂചനയൊന്നും ലഭിച്ചിട്ടില്ലെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ ജി സ്പര്‍ജന്‍ കുമാര്‍ പറഞ്ഞു .എകെജി സെന്ററിന് സമീപമുളള വീടുകളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും സിസിടിവി ദൃശ്യങ്ങള്‍ ശേഖരിക്കാനാണ് പൊലീസ് ശ്രമം

സുരക്ഷ വര്‍ധിപ്പിച്ചു

ആക്രമണത്തിനു പിന്നാലെ എകെജി സെന്ററിന്റെ സുരക്ഷ വര്‍ധിപ്പിച്ചു. രാഷ്ട്രീയ പാര്‍ട്ടികളുടെ ജില്ലാ ഓഫീസുകള്‍ക്ക് പൊലീസ് കാവല്‍ ഏര്‍പ്പെടുത്തി. ഇന്ന് വയനാട് സന്ദര്‍ശനത്തിനെത്തുന്ന രാഹുല്‍ ഗാന്ധിയുടെയും സുരക്ഷ ശക്തമാക്കും.

logo
The Fourth
www.thefourthnews.in