'പ്രതീക്ഷയില്ല, ഓർക്കാൻ തീയതികളും' ഉമര്‍ ഖാലിദിനെ  സന്ദര്‍ശിച്ച സുഹൃത്തിന്റെ ഹൃദയഭേദകമായ രാഷ്ട്രീയ കുറിപ്പ്‌

'പ്രതീക്ഷയില്ല, ഓർക്കാൻ തീയതികളും' ഉമര്‍ ഖാലിദിനെ സന്ദര്‍ശിച്ച സുഹൃത്തിന്റെ ഹൃദയഭേദകമായ രാഷ്ട്രീയ കുറിപ്പ്‌

എന്റെ പിഎച്ച്ഡി നിനക്കാണ് സമർപ്പിക്കുന്നതെന്ന് ഞാൻ പറഞ്ഞു, 'ആളുകൾ എനിക്ക് പിഎച്ച്ഡി സമർപ്പിക്കുന്നത് കണ്ടാൽതോന്നും ഞാൻ ഈ ലോകത്തോട് വിടപറഞ്ഞു എന്നായിരുന്നു ഉമറിൻ്റെ മറുപടി
Updated on
4 min read

'ഇന്നലെയായിരുന്നു എന്റെ പുതുവത്സരം, നീണ്ട ഇടവേളയ്ക്ക് ശേഷം ഞാൻ അവനെ വീണ്ടും കണ്ടുമുട്ടി', ഡൽഹി കലാപക്കേസിൽ ഇന്ത്യയിലെ തടവറയിൽ ജാമ്യം പോലുമില്ലാതെ കഴിയുന്ന ഉമർ ഖാലിദിനെ സന്ദർശിച്ച സുഹൃത്ത് അപേക്ഷ പ്രിയദർശിനിയുടെ ഫെയ്‌സ്‌ബുക്ക്‌ കുറിപ്പ് ആരംഭിക്കുന്നത് ഇപ്രകാരമാണ്. ജയിൽ ജീവിതത്തോട് പൂർണമായും പൊരുത്തപ്പെട്ട്, വരുംകാല പ്രതീക്ഷകളൊന്നുമില്ലാതെ, ദിവസങ്ങൾ കടന്നു പോകുന്നതറിയാതെ തടവറയ്ക്കുള്ളിൽ കഴിയുന്ന ദിവസങ്ങളുടെ ഓർമകളാണ് മൂന്ന് വർഷമായി ജയിലിൽ കഴിയുന്ന ഉമർ സുഹൃത്തിനോട് പങ്കുവെച്ചത്.

വേദനയുടെ ഓർമകളിലും ചെറുപുഞ്ചിരിയോടെ ഓരോ അനുഭവങ്ങളും ഉമർ വിവരിക്കുമ്പോഴും തിരിച്ചവനെ ആശ്വസിപ്പിക്കാൻ വാക്കുകളില്ലായിരുന്നു സുഹൃത്ത് അപേക്ഷ പ്രിയദർശിനിയ്ക്ക്.

ഡൽഹി കലാപാസൂത്രണത്തിന്റെ ഭാഗമായിരുന്നു എന്ന കുറ്റത്തിനാണ് ഭീകരവാദ നിരോധന നിയമമായ യുഎപിഎ ചുമത്തി ഉമർ ഖാലിദിനെതിരെ കേസെടുത്തത്. വിചാരണ പോലും തുടങ്ങിയിട്ടില്ലാത്ത ഉമറിനെതിരെയുള്ള കേസിൽ ജാമ്യം പോലും ലഭിക്കാതെയാണ് കഴിഞ്ഞ മൂന്ന് വർഷമായി അയാൾ തടവറയിൽ കഴിയുന്നത്.

'പ്രതീക്ഷയില്ല, ഓർക്കാൻ തീയതികളും' ഉമര്‍ ഖാലിദിനെ  സന്ദര്‍ശിച്ച സുഹൃത്തിന്റെ ഹൃദയഭേദകമായ രാഷ്ട്രീയ കുറിപ്പ്‌
ഉമര്‍ ഖാലിദ് - അനീതിയുടെ ഇരുട്ടില്‍ മൂന്ന് വര്‍ഷം

'പിഎച്ച്ഡി പ്രബന്ധം സമർപ്പിക്കേണ്ടതിന്റെ സമ്മർദ്ദത്തിലായിരുന്നതിനാൽ ഇപ്രാവശ്യം ഏറെ വൈകിയാണ് അപേക്ഷ തീഹാർ ജയിലിലെത്തി ഉമറിനെ കാണുന്നത്, എന്നാൽ അതിൽ യാതൊരു പരാതിയും അവനുണ്ടായിരുന്നില്ല, മറിച്ച് ജയിലിനുള്ളിലെ പരിമിതമായ സാഹചര്യങ്ങൾക്കിടയിൽ നിന്നുകൊണ്ട് തനിക്കായി രണ്ട് ജോഡി കൈയുറകൾക്കൊപ്പം ഒരു പ്ലം കേക്കും നൽകിയാണ് തന്നെ അഭിനന്ദിച്ചെതെന്നും അപേക്ഷ ഫെയ്സ്ബുക്ക് കുറിപ്പിൽ പറയുന്നു.

'My Eleventh Visit to Tihar...', എന്ന് പറഞ്ഞുകൊണ്ടാണ് അപേക്ഷ ഉമറുമായുള്ള സന്ദർശനം വിവരിക്കുന്നത്. അപേക്ഷയുടെ ഫെയ്സ്ബുക്ക് കുറിപ്പിൽ നിന്ന്:

എനിക്ക് ഇന്നലെയായിരുന്നു പുതുവത്സരം, നീണ്ട ഇടവേളയ്ക്ക് ശേഷം ഞാൻ അവനെ വീണ്ടും കണ്ടുമുട്ടി, ഒരു നിത്യത തോന്നിപ്പിച്ച ഇടവേള. ഒരു പിഎച്ച്ഡി പ്രബന്ധം എഴുതി തീർക്കുക ക്ലേശകരമായ പ്രവർത്തിയാണ്, ഒരുപാട് ത്യാഗങ്ങൾ അതിനുള്ളിലുണ്ട്. ഇത്തവണ എനിക്ക് അവന്റെ അടുത്തെത്തണമായിരുന്നു, പ്രബന്ധം സമർപ്പിക്കേണ്ടതിന്റെ സമ്മർദ്ദമായിരുന്നു അവിടെ വില്ലൻ, എനിക്ക് ത്യജിക്കേണ്ടി വന്ന ഏറ്റവും വിലപ്പെട്ട കാര്യങ്ങളിൽ ഒന്ന്. പക്ഷെ ഏറെ വൈകിയതിന്റെ ഒരു പരാതിയും അവനുണ്ടായിരുന്നില്ല.

'പ്രതീക്ഷയില്ല, ഓർക്കാൻ തീയതികളും' ഉമര്‍ ഖാലിദിനെ  സന്ദര്‍ശിച്ച സുഹൃത്തിന്റെ ഹൃദയഭേദകമായ രാഷ്ട്രീയ കുറിപ്പ്‌
മറ്റൊരു മനുഷ്യാവകാശ ദിനം: ഷോമാ സെൻ, ഉമർ ഖാലിദ്, പിന്നെ അറിയപ്പെടാത്ത ആയിരങ്ങൾ, തടവറയിൽ പെരുകുന്ന വിചാരണ തടവുകാർ

പകരം, 'ജൽദി ആവോ മുജെ കുച്ച് ദേനാ ഹേ' (വേഗം വന്നേ, നിനക്ക് ഒരു കാര്യം തരാനുണ്ട്) എന്ന് പറഞ്ഞ് തടവുകാരുമായി ലേഖനങ്ങൾ കൈമാറാൻ കഴിയുന്ന ജനാലയിലേക്ക് അവൻ എന്നെ പെട്ടെന്ന് വിളിച്ചു. ഞാൻ ആ ബാഗ് തുറന്ന് നോക്കിയപ്പോൾ ജയിലിലെ ബേക്കറിയിൽ നിന്നും മേടിച്ച രണ്ട് ജോഡി കൈയുറകൾക്കൊപ്പം ഒരു പ്ലം കേക്കുമായിരുന്നു ഉള്ളിൽ. 'സോറി യാർ, അന്ദർ സ്യാദാ കുച്ച് മിൽതാ തോ നഹിൻ ഹേ. പർ യേ തുംഹാരെ ഔർ പോവ് കെ ലിയേ, പിഎച്ച്ഡി സബ്മിഷൻ കി ഖുഷി മേ.' (ക്ഷമിക്കണം, ഇതിനുള്ളിൽ അധികമൊന്നും ലഭ്യമല്ല. പിഎച്ച്ഡി സമർപ്പിച്ചതിന്റെ സന്തോഷത്തിൽ ഇത് നിനക്കും പൗവിനും വേണ്ടിയുള്ളതാണ്), ഉമർ പറഞ്ഞു. എനിക്കതിനോട് പ്രതികരിക്കാൻ സാധിച്ചില്ല, ഒരു നിമിഷം ഞാൻ മൗനിയായി.

അപേക്ഷ ഫേസ്ബുക്കിൽ പങ്കുവെച്ച ചിത്രം
അപേക്ഷ ഫേസ്ബുക്കിൽ പങ്കുവെച്ച ചിത്രം

എന്റെ പിഎച്ച്ഡി നിനക്കാണ് സമർപ്പിക്കുന്നതെന്ന് ഞാൻ അവനോട് പറഞ്ഞു, തമാശ രൂപേണ അവൻ പറഞ്ഞു, 'ലോഗ് തോ ഐസെ മുജെ പിഎച്ച്ഡി ഡെഡിക്കേറ്റ് കർ രഹേ ഹേ ജൈസെ മെയിൻ ജാ ഹി ചുകാ ഹു. ഇൻ ദ മെമ്മറി ഓഫ്....'(ആളുകൾ എനിക്ക് പിഎച്ച്ഡി സമർപ്പിക്കുന്നത് കണ്ടാൽതോന്നും ഞാൻ ഈ ലോകത്തോട് വിടപറഞ്ഞു എന്ന്. .), അവനോടുള്ള സ്നേഹത്തിന്റെ പുറത്താണ് സമർപ്പിച്ചതെന്നും ഇതുപോലെ അസംബന്ധം പറയരുതെന്ന് ശകാരിച്ചപ്പോൾ ഒരു പുഞ്ചിരിയോടെ 'മനസ്സിലാക്കുന്നു' എന്നായിരുന്നു മറുപടി.

'പ്രതീക്ഷയില്ല, ഓർക്കാൻ തീയതികളും' ഉമര്‍ ഖാലിദിനെ  സന്ദര്‍ശിച്ച സുഹൃത്തിന്റെ ഹൃദയഭേദകമായ രാഷ്ട്രീയ കുറിപ്പ്‌
വിചാരണ ഇല്ല, ജാമ്യം ഇല്ല; ഉമര്‍ ഖാലിദ് തടവറയില്‍ ആയിരം ദിവസം പിന്നിട്ടു

എന്നെക്കുറിച്ച് മാത്രം തുടർന്നുകൊണ്ടിരുന്ന സംഭാഷണത്തിൽ അവനെക്കുറിച്ച് ഞാൻ ചോദിച്ചു. ആദ്യമൊക്കെ ഒഴിഞ്ഞുമാറി . അവസാനം അവനിലേക്ക് സംഭാഷണം കൊണ്ടുപോകാൻ എനിയ്ക്ക് സാധിച്ചു. കേസ് സുപ്രീം കോടതിയിൽ എത്തിയതുമുതൽ അത് എത്രമാത്രം വിഷമകരമായിരുന്നു എന്നതിനെക്കുറിച്ച് അവൻ പറഞ്ഞു. ' മുന്നോട്ട് പോകുന്നതിന് സ്വയം പ്രചോദനം കണ്ടെത്തുകയായിരുന്നു കഴിഞ്ഞ വർഷങ്ങളിൽ ചെയ്തത്. ഓരോ ദിവസം കഴിയുംതോറും ഇനി കുറച്ച ദൂരം മാത്രമേയുള്ളു, അവരത് കേൾക്കും, ഒരു തീരുമാനത്തിൽ എത്തും എന്ന് ആശ്വസിക്കും. പക്ഷെ ഒന്നും സംഭവിച്ചില്ല. നിലവിലെ സാഹചര്യത്തിൽ സമയം നിശ്ചലമായത് പോലെ തോന്നുന്നു.

വിരോധാഭാസമെന്ന പോലെ, ജയിലിൽ സമയം കടന്നുപോകുന്നതിനെക്കുറിച്ചും അതിന്റെ തിരിച്ചറിവിന്റെ വേദന എത്ര പെട്ടെന്നായിരുന്നുവെന്നും ഉമർ പറഞ്ഞു. 'ഒരാഴ്ചത്തേക്ക് അവധിക്ക് പോകേണ്ടിയിരുന്ന ഒരാളെ ഞാൻ കണ്ടുമുട്ടി, അവൻ പോയി രണ്ട് ദിവസത്തിന് ശേഷം വീണ്ടും കണ്ടപ്പോൾ എങ്ങനെയാണ് ഇത്ര പെട്ടെന്ന് തിരിച്ചെത്തിയതെന്ന് ഞാൻ അത്ഭുതത്തോടെ അവനോട് ചോദിച്ചു. അപ്പോഴാണ് ഏഴ് ദിവസം കടന്നുപോയി എന്ന സത്യം അയാൾ എന്നോട് പറയുന്നത്. ഞങ്ങൾ അവസാനമായി നടത്തിയ സംഭാഷണം. ഒമ്പത് ദിവസം മുൻപായിരുന്നുവത്രെ, ഈ സമയം ഇത്ര പെട്ടെന്ന് കടന്നുപോയി എന്ന തിരിച്ചറിവിൽ ഞാൻ ഞെട്ടിപ്പോയി. മറ്റൊരവസരത്തിൽ ഞാൻ എന്റെ നഖങ്ങൾ വളരുന്നത് നിരീക്ഷിക്കുകയായിരുന്നു, മൂന്ന് ദിവസം മുമ്പ് വെട്ടിയിട്ടും പിന്നെയും ഇത്ര പെട്ടന്ന് ഒരുപാട് വളർന്നുവെന്ന് ചിന്തിച്ചു. പിന്നീട് അതിനെക്കുറിച്ച് വ്യക്തമായി കണക്കുകൂട്ടിയപ്പോഴാണ്, മൂന്നാഴ്ച പിന്നിട്ടെന്ന് ഞാൻ മനസ്സിലാക്കിയത്!

ജയിലിനുള്ളിൽ നമ്മുടെ സമയബോധം നഷ്ടപ്പെടും, കാരണം അവിടെ പ്രതീക്ഷകളില്ല, അടയാളപ്പെടുത്താൻ തീയതികളില്ല, ഭാഗമാകാൻ പരിപാടികളുമില്ല. വിരസത ഓർമകളെ നിരന്തരം തടസ്സപ്പെടുത്തുകയാണ്', ഉമറിന്റെ വാക്കുകൾ വേദനിപ്പിച്ചെങ്കിലും അവൻ മനസ് തുറന്ന് സംസാരിക്കുന്നത് കേട്ടപ്പോൾ സന്തോഷം തോന്നി.

'പ്രതീക്ഷയില്ല, ഓർക്കാൻ തീയതികളും' ഉമര്‍ ഖാലിദിനെ  സന്ദര്‍ശിച്ച സുഹൃത്തിന്റെ ഹൃദയഭേദകമായ രാഷ്ട്രീയ കുറിപ്പ്‌
കൂടെയുണ്ടായിരുന്നവര്‍ പോലും, മറന്നുതുടങ്ങിയോ? ഉമര്‍ ഖാലിദിന്റെ ആശങ്കകള്‍ പങ്കുവെച്ച് സുഹൃത്തിന്റെ കുറിപ്പ്‌

അവന്റെ ജയിൽ സെല്ലിനെ കുറിച്ചും, അലങ്കോലപ്പെട്ട രീതിയിൽനിന്ന് തൻ്റെ സെല്ല് പരിപാലിക്കാൻ തുടങ്ങി എന്നതിനെക്കുറിച്ചും അവൻ എന്നോട് സംസാരിച്ചു. 'നിനക്കറിയോ, മുൻപൊക്കെ ഞാനൊരു യാത്രികനെപ്പോലെയായിരുന്നു, ഇത് കുറച്ച് സമയത്തിൻ്റെ മാത്രം കാര്യമാണ്. അതുകൊണ്ട് എന്തിന് ഞാൻ ഞാൻ കഴിയുന്ന സ്ഥലം വെടിപ്പാക്കി വെയ്ക്കാൻ സമയം മിനക്കെടുത്തണം. എന്നാൽ ഇപ്പോൾ കാര്യങ്ങൾ കുറച്ചുകൂടെ മാറി. എന്റെ ജയിൽ മുറി ഞാൻ സ്ഥിരം വൃത്തിയാക്കാറുണ്ട്, ചുവരുകളിലെ വിള്ളലുകൾ പത്രകടലാസുകൊണ്ട് നിറച്ചു. ഇവിടം വാസയോഗ്യമാക്കി. ജയിൽ ജീവിതത്തോട് ഞാൻ പൂർണമായും പൊരുത്തപ്പെട്ടു.' ഒരു ചെറുപുഞ്ചിരിയോടെ അവൻ പറഞ്ഞ വാക്കുകൾ എന്നെ അഗാധമായി അസ്വസ്ഥയാക്കി, ആ നിമിഷത്തിലും ഞാൻ മൗനിയായി.

ജയിലിനുള്ളിലെ അപരാധിത്വവും നിയമവ്യവസ്ഥയുടെ നിസാരതയുമെല്ലാം സൂക്ഷ്മമായി നിരീക്ഷിച്ചതിനെപ്പറ്റിയാണ് പിന്നീട് അവൻ സംസാരിച്ചത്.

'പ്രതീക്ഷയില്ല, ഓർക്കാൻ തീയതികളും' ഉമര്‍ ഖാലിദിനെ  സന്ദര്‍ശിച്ച സുഹൃത്തിന്റെ ഹൃദയഭേദകമായ രാഷ്ട്രീയ കുറിപ്പ്‌
'എനിക്ക് പ്രതീക്ഷകൾ നഷ്ടമാവുന്നു, തനിച്ചായെന്ന തോന്നൽ ശക്തിപ്പെടുന്നു' ജയിലിൽനിന്ന് ഉമർ ഖാലിദ് എഴുതുന്നു

'നിങ്ങളെയും നിങ്ങളുടെ സമൂഹത്തെയും നിസ്സഹായരാക്കുന്ന ഭരണകൂടത്തിന് മുന്നിൽ ഒരു തരത്തിൽ ധിക്കാരത്തോടെ നിൽക്കുന്നവൻ എന്നതാണ് ഒരാൾ ക്രിമിനലിന് സ്വയം നല്‍കുന്ന നിർവചനമെന്ന് തോന്നുന്നു.'. എന്തിനാണ് ഇത്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നത്, ഇതിൽനിന്ന് നിങ്ങൾക്ക് എന്താണ് ലഭിക്കുന്നത്? അവരിൽ ചിലരോട് ഞാൻ ചോദിച്ചു. 'സാരി ലഡായി നാക്ക് കി ഹൈ', എന്നാണ് എനിക്ക് ലഭിച്ച മറുപടി. ഇതെല്ലാം സമൂഹത്തിൽ ഒരു പ്രത്യേക പദവി നിലനിർത്താൻ വേണ്ടിയാണ്, ആണ്‍ബോധം ഇവരില്‍ പ്രത്യേക അധികാരം ഉണ്ടെന്ന തോന്നലാണ് ഉണ്ടാക്കുന്നത്. ഇത് ഭരണകൂടത്തെ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിന് സഹായകരമാകുന്നു. ഭരണകൂടം ആഗ്രഹിക്കുന്ന തരത്തിലുള്ള വാര്‍പ്പ് മാതൃകകളാക്കാന്‍ നിങ്ങള്‍ ഇങ്ങനെ സ്വയം തയ്യാറാവുകയാണ്.

അവൻ സംസാരിച്ച് കൊണ്ടിരുന്ന സമയം മുഴുവൻ ഇത്രയും പ്രതികൂലമായ സാഹചര്യത്തിലും ആ മനുഷ്യന്റെ വിമർശനാത്മകമായ ചിന്താഗതിയെ തുടരാനുള്ളക്കുറിച്ച് ഓർത്ത് ഞാൻ അത്ഭുതപ്പെട്ടു. ഈ വ്യക്തിയും അവനെപ്പോലുള്ള നിരവധി ആളുകളും ഇതിനുള്ളിൽ അഭിമുഖീകരിക്കുന്നത് വെച്ച് നോക്കുമ്പോൾ എന്റെ എഴുത്ത് പൂർത്തിയാക്കാനുള്ള ശ്രമങ്ങള്‍ വളരെ ചെറുതായി തോന്നി.

അവന്റെ തമാശകളും ജയിൽ ഗോസിപ്പുകളിലൂടെയും ചിരിച്ചുകൊണ്ടിരുന്ന ഞങ്ങൾ പിരിയേണ്ട സമയമായപ്പോൾ, അവന്റെ മുഖം ചെറുതായി മാറുന്നതും സങ്കടപ്പെടുന്നതും ഞാൻ കണ്ടു. പുറത്തുള്ള നമ്മളെല്ലാവരും നമ്മുടെ ജീവിതവുമായി മുന്നോട്ട് പോകുമ്പോൾ, കാലം തളം കെട്ടി നിൽക്കുന്ന അവസ്ഥയിലുള്ള അവന്റെ മനസിൽ എന്താണ് കടന്നുപോകുന്നതെന്ന് എനിക്ക് മനസിലാക്കാൻ എന്നെങ്കിലും സാധിക്കുമോയെന്ന് ഞാൻ ആലോചിച്ചു.

'പ്രതീക്ഷയില്ല, ഓർക്കാൻ തീയതികളും' ഉമര്‍ ഖാലിദിനെ  സന്ദര്‍ശിച്ച സുഹൃത്തിന്റെ ഹൃദയഭേദകമായ രാഷ്ട്രീയ കുറിപ്പ്‌
വിവേകം ഇവിടെ വിമതമാകുന്നു; വിമതം സത്യവും

സമത്വത്തെക്കുറിച്ചും ആത്മാഭിമാനത്തെക്കുറിച്ചും ഭയത്തിൽ നിന്നുള്ള മോചനത്തെക്കുറിച്ചും സംസാരിച്ചതുകൊണ്ടുമാത്രം ജയിലിൽ കഴിയേണ്ടി വന്ന അവന് നഷ്ടമായ വർഷങ്ങൾ തിരികെ കൊടുക്കാൻ ഏത് തരത്തിലൂള്ള നീതി സംവിധാനത്തിനാണ് സാധിക്കുകകയെന്ന് ഞാൻ ഓർത്തു.

അവനോട് യാത്ര പറഞ്ഞ് അവിടെ നിന്ന് തിരികെവരുമ്പോൾ, വരും ദിവസങ്ങളിൽ എന്തൊക്കെ ബുദ്ധിമുട്ട് തോന്നിയാലും അവരുടെ മോചനത്തിനായുള്ള പോരാട്ടം ജീവിതത്തിലെ ദൈനംദിന തിരക്കുകളിൽ മുങ്ങിപ്പോകരുതെന്ന് ഞാൻ സ്വയം ഉറപ്പിച്ചു. സ്ഥിരതയോടെയും അശ്രാന്തമായും അനീതികൾക്കെതിരെ സംസാരിച്ചുകൊണ്ടേയിരിക്കണം. അവർ നമ്മളിൽനിന്ന് കരുത്ത് നേടുന്നത് പോലെ അവരിൽ നിന്ന് നമ്മളും കരുത്ത് നേടുന്നുണ്ട്. എല്ലാ മതിലുകൾക്കുമതീതമായ 'ഐക്യദാർഢ്യങ്ങളുടെ ഈ ലംഘനങ്ങളെ തടയാൻ ലോകത്തിലെ ഒരു ശക്തിക്കും കഴിയില്ല', എന്ന് പറഞ്ഞു കൊണ്ടാണ് അപേക്ഷ തന്റെ കുറിപ്പ് അവസാനിപ്പിക്കുന്നത്!

logo
The Fourth
www.thefourthnews.in