'ആരാണ് അദ്ദേഹത്തെ ഉപദേശിക്കുന്നതെന്നറിയില്ല'; 'ഒറ്റുകാരൻ' പരാമര്‍ശത്തില്‍ ഗെഹ്‌ലോട്ടിന് സച്ചിന്‍ പൈലറ്റിന്റെ മറുപടി
രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടിന്റെ 'രാജ്യദ്രോഹി' പരാമര്‍ശമടക്കമുള്ള ആരോപണങ്ങള്‍ക്ക് മറുപടിയുമായി കോണ്‍ഗ്രസ് നേതാവ് സച്ചിന്‍ പൈലറ്റ്. അശോക് ഗെഹ്‌ലോട്ട് മുതിര്‍ന്ന പരിചയസമ്പന്നനായ നേതാവാണ്. എനിക്കെതിരെ തെറ്റായതും അടിസ്ഥാനരഹിതവുമായ ആരോപണങ്ങള്‍ ഉന്നയിക്കാന്‍ ആരാണ് അദ്ദേഹത്തെ ഉപദേശിക്കുന്നതെന്ന് എനിക്കറിയില്ല. ഇന്ന് കോണ്‍ഗ്രസ് പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്നതിനാണ് ശ്രദ്ധ നല്‍കേണ്ടതെന്നും സച്ചിന്‍ പൈലറ്റ് പ്രതികരിച്ചു.
രാജ്യത്ത് ബിജെപിയെ വെല്ലുവിളിക്കാന്‍ ഇപ്പോള്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്ക് മാത്രമേ കഴിയൂ
രാജ്യത്ത് ബിജെപിയെ വെല്ലുവിളിക്കാന്‍ ഇപ്പോള്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്ക് മാത്രമേ കഴിയൂ. രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര എങ്ങനെ വിജയിപ്പിക്കാന്‍ കഴിയുമെന്നാണ് നമ്മള്‍ ശ്രദ്ധിക്കേണ്ടത്.അതാണ് ഇപ്പോള്‍ രാജ്യത്തിന് വേണ്ടത്. ബിജെപിയെ പരാജയപ്പെടുത്താന്‍ നമ്മള്‍ ഒറ്റക്കെട്ടായി പോരാടണമെന്നും സച്ചിന്‍ പൈലറ്റ് കൂട്ടിച്ചേര്‍ത്തു. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനെയും സച്ചിന്‍ പൈലറ്റ് പരാമര്‍ശിച്ചു.
രാജസ്ഥാനിൽ വീണ്ടും എങ്ങനെ വിജയിക്കാമെന്നതിനാണ് പ്രാധാന്യം നൽകേണ്ടത്
താന്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ അധ്യക്ഷനായിരിക്കെയാണ് രാജസ്ഥാനില്‍ ബിജെപി തോറ്റത്. എന്നിട്ടും അശോക് ഗെഹ്‌ലോട്ടിന് മുഖ്യമന്ത്രിയാകാന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ വീണ്ടും അവസരം നല്‍കി. എന്നാല്‍ ഇന്ന് മുന്‍ഗണന നല്‍കേണ്ടത് രാജസ്ഥാന്‍ തിരഞ്ഞെടുപ്പില്‍ വീണ്ടും എങ്ങനെ വിജയിക്കാമെന്നതിനാണെന്നും സച്ചിന്‍ പൈലറ്റ് വ്യക്തമാക്കി. കോണ്‍ഗ്രസ് പാര്‍ട്ടിയെ ശക്തിപ്പെടുത്തേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും സച്ചിന്‍ പൈലറ്റ് കൂട്ടിച്ചേര്‍ത്തു.
സച്ചിന്‍ പൈലറ്റ് ഒറ്റുകാരനാണെന്നും ചതിയനെ ഒരിക്കലും മുഖ്യമന്ത്രിയാക്കാന്‍ കഴിയില്ലെന്നതടക്കമുള്ള ഗുരുതര ആരോപണങ്ങളാണ് ഗെഹ്‌ലോട്ട് ഉന്നയിച്ചത്. എന്‍ഡി ടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ സച്ചിനെ ആറ് തവണ ഗെഹ്‌ലോട്ട് രാജ്യദ്രോഹിയെന്നും വിളിച്ചു. പാര്‍ട്ടിയുടെ അധ്യക്ഷന്‍ സ്വന്തം സര്‍ക്കാരിനെ താഴെയിറക്കാന്‍ ശ്രമിക്കുന്നത് ഇന്ത്യയില്‍ തന്നെ ആദ്യമാണെന്നും ഗെഹ്‌ലോട്ട് കുറ്റപ്പെടുത്തിയിരുന്നു.