അടുത്ത തിരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് ആറു കോണ്‍ഗ്രസ്സ് എംപിമാര്‍ തന്നോട് പറഞ്ഞു; സിപിഎം മുഖ്യശത്രു: കെ സുരേന്ദ്രന്‍
കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളില്‍ പലരും ബിജെപിയോട് അടുത്ത് നില്‍ക്കുന്നു എന്ന സൂചന നല്‍കി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ ആര്‍എസ്എസ് അനുകൂല പ്രസ്താവനകള്‍ വിവാദമായിരിക്കെയാണ് സുപ്രധാന പ്രതികരണവുമായി കെ സുരേന്ദ്രന്‍ രംഗത്തെത്തിയിരിക്കുന്നത്. കെ സുധാകരന് മാത്രമല്ല, നിരവധി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഞങ്ങളുമായി ബന്ധപ്പെടുന്നുണ്ടെന്നാണ് ' ദി ഇന്ത്യന്‍ എക്സ്പ്രസിന്' നല്‍കിയ അഭിമുഖത്തില്‍ കെ സുരേന്ദ്രന്‍ വ്യക്തമാക്കിയിരിക്കുന്നത്.
എല്‍ഡിഎഫില്‍ ചേരാന്‍ മുസ്ലീം ലീഗിലെ ഒരു വിഭാഗം മുറവിളി കൂട്ടുകയാണ്
അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നില്ലെന്ന് ആറ് കോണ്‍ഗ്രസ് എംപിമാര്‍ തന്നോട് പറഞ്ഞിട്ടുണ്ട്. അത് നേതാക്കളുടെ അരക്ഷിതാവസ്ഥയാണ് വെളിവാക്കുന്നത്. കേരളത്തില്‍ അധികാരമില്ലാത്തതാണ് മറ്റു സംസ്ഥാനങ്ങളിലേതുപോലെ കോണ്‍ഗ്രസില്‍ നിന്ന് ബിജെപിയിലേക്ക് നേതാക്കളുടെ ഒഴുക്ക് തടയുന്നത്. കേരളത്തില്‍ കോണ്‍ഗ്രസ് കൂടുതല്‍ ദുര്‍ബലമാകുമെന്നതില്‍ സംശയമില്ലെന്നും കെ സുരേന്ദ്രന്‍ ചുണ്ടിക്കാട്ടുന്നു.
കോണ്‍ഗ്രസിനെ എതിരാളിയായി പരിഗണിക്കാന്‍ പോലും കഴിയില്ല. ശ്വാസം കിട്ടാതെ മരിച്ചു കൊണ്ടിരിക്കുന്ന ഒരു പാര്‍ട്ടിയായി കോണ്‍ഗ്രസ് മാറി
കോണ്‍ഗ്രസിനെയും മുസ്ലീം ലീഗിനെയും കടന്നാക്രമിച്ചു കൊണ്ടായിരുന്നു കെ സുരേന്ദ്രന്റെ പ്രതികരണം. മുസ്ലിം ലീഗ് ഇല്ലെങ്കില്‍ യുഡിഎഫ് ദുര്‍ബലമാകും. എല്‍ഡിഎഫില്‍ ചേരാന്‍ മുസ്ലീം ലീഗിലെ ഒരു വിഭാഗം മുറവിളി കൂട്ടുകയാണ്. നേരത്തെ ഐയുഎംഎല്ലിന്റെ അവസാന വാക്ക് പാണക്കാട് കുടുംബമായിരുന്നു. എന്നാല്‍ സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ എന്നിവരുടെ നിര്യാണത്തെ തുടര്‍ന്ന് എല്‍ഡിഎഫില്‍ ചേരണമോയെന്ന വിഷയത്തില്‍ പോലും പാര്‍ട്ടിക്കുള്ളില്‍ ഭിന്നതയുണ്ട്. പാര്‍ലമെന്ററി രാഷ്ട്രീയത്തില്‍ നിന്ന് നമ്മള്‍ എന്തിന് വിട്ടുനില്‍ക്കണം എന്ന് പാണക്കാട് കുടുംബത്തിലുള്ളവര്‍ ചിന്തിച്ച് തുടങ്ങിയിരിക്കുന്നു. അത് എന്ന് സംഭവിക്കും എന്നത് മാത്രമാണ് ഇനി അറിയേണ്ടത്. 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പോ അതിന് ശേഷമോ എന്ന് മാത്രമാണ് വ്യക്തമാകാനുള്ളത് എന്നും അദ്ദേഹം പറയുന്നു.
വര്‍ഗീയതയുടെ ശക്തമായ ധ്രുവീകരണം മാത്രമാണ് ബിജെപിക്ക് മുന്നിലുള്ള മറ്റൊരു സാധ്യത. കേരളത്തില്‍ അത് സാധ്യമല്ല
കേരളത്തില്‍ ബിജെപിയുടെ മുഖ്യ എതിരാളി സിപിഎമ്മാണ്, കോണ്‍ഗ്രസിനെ എതിരാളിയായി പരിഗണിക്കാന്‍ പോലും കഴിയില്ല. ശ്വാസം കിട്ടാതെ മരിച്ചു കൊണ്ടിരിക്കുന്ന ഒരു പാര്‍ട്ടിയായി കോണ്‍ഗ്രസ് മാറി. കേരളത്തില്‍ ബിജെപി നേരിടുന്ന പ്രതിസന്ധി ശക്തമായ സഖ്യം രൂപീകരിക്കാന്‍ കഴിയുന്നില്ല എന്നതാണ്. ന്യൂനപക്ഷ സമുദായങ്ങളുടെ പിന്തുണ ലഭിക്കാത്തതാണ് മറ്റൊരു കാരണം. ന്യൂനപക്ഷങ്ങളുടെ പിന്തുണയില്ലാതെ കേരളത്തില്‍ ബിജെപിയുടെ പ്രതീക്ഷകള്‍ ഇരുളടഞ്ഞതാണ്. വര്‍ഗീയതയുടെ ശക്തമായ ധ്രുവീകരണം മാത്രമാണ് ബിജെപിക്ക് മുന്നിലുള്ള മറ്റൊരു സാധ്യത. കേരളത്തില്‍ അത് സാധ്യമല്ല. അതിനാല്‍ മുന്നണി ശക്തിപ്പെടുത്തുന്നതിലും ന്യൂനപക്ഷങ്ങളെ, പ്രത്യേകിച്ച് ക്രിസ്ത്യന്‍ വിഭാഗത്തെ ആകര്‍ഷിക്കുന്നതിനായുമാണ് പ്രവര്‍ത്തിക്കുന്നത് എന്നും കെ സുരേന്ദ്രന്‍ ചൂണ്ടിക്കാട്ടുന്നു.