ഭരണഘടനാ ബെഞ്ചിന് മുന്നിൽ തീർപ്പുകാത്ത് 29 കേസുകൾ; പട്ടികയിൽ 31 വർഷം മുൻപത്തെ തിരഞ്ഞെടുപ്പ് കേസും
ഏറ്റവും പുതിയ കണക്ക് പ്രകാരം സുപ്രീംകോടതില്‍ തീര്‍പ്പാകാതെ കിടക്കുന്നത് 69,766 കേസുകള്‍. ഇതില്‍ 29 കേസുകള്‍ ഭരണഘടനാ ബെഞ്ചുകള്‍ക്ക് മുന്‍പാകെയും. 31 വര്‍ഷമായി ഭരണഘടനാബെഞ്ചിന് മുന്നിലിരിക്കുന്ന് കേസുപോലുമുണ്ട് എന്നതാണ് ഇതില്‍ ശ്രദ്ധേയം.
സിപിഎം എംപി എ എം ആരിഫിന്‌റെ ചോദ്യത്തിന് കേന്ദ്ര നിയമകാര്യമന്ത്രാലയം ലോക്‌സഭയില്‍ നൽകിയ മറുപടിയിലാണ് ഇതുസംബന്ധിച്ച കണക്കുള്ളത്. ഭരണഘടനാബെഞ്ചിന് മുന്നില്‍ തീര്‍പ്പ് കാത്തുകിടക്കുന്ന 29 കേസുകളില്‍ 18 എണ്ണം അഞ്ചംഗ ബെഞ്ചിന് കീഴിലാണ്. 370-ാം അനുച്ഛേദം റദ്ദാക്കിയ കേസടക്കമാണ് ഇത്. ആറെണ്ണം ഏഴംഗബെഞ്ചും അഞ്ചെണ്ണം ഒന്‍പതംഗ ബെഞ്ചും പരിഗണിക്കുന്നു. മഹാരാഷ്ട്രയിലെ സാന്താക്രൂസ് നിയോജക മണ്ഡലം തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട 1992ലെ കേസാണ് ഇതില്‍ ഏറ്റവും പഴക്കമേറിയത്. 24 വര്‍ഷമായും 21 വര്‍ഷമായും 16 വര്‍ഷമായും വിധികാത്തിരിക്കുന്ന കേസുകള്‍ ഭരണഘടനാ ബെഞ്ചിന് മുന്‍പിലുണ്ട്.
കേസുകള്‍ തീര്‍പ്പാക്കുന്നതില്‍ സമീപ വര്‍ഷങ്ങളില്‍ വലിയ വീഴ്ചയുണ്ടാകുന്നുവെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ഭരണഘടനാ ബെഞ്ച് ഏറ്റവും കുറച്ച് കേസുകള്‍ തീര്‍പ്പാക്കിയ ദശകമാണ് 2010-19 കാലം. ഈ കാലയളവില്‍ ആകെ 71 കേസുകള്‍ മാത്രമാണ് തീര്‍പ്പാക്കിയത്. 1960-69 കാലത്ത് 956 കേസുകളിലും 50-59 കാലത്ത് 440 കേസുകളിലും ഭരണഘടനാ ബെഞ്ച് വിധിപറഞ്ഞു. 1970-79 കാലത്ത് 292 കേസുകളാണ് തീര്‍പ്പാക്കിയത്. പിന്നീട് ഒരിക്കലും ഒരു ദശാബ്ദക്കാലം തീര്‍പ്പാക്കിയ കേസുകളുടെ എണ്ണം 200 എത്തിയിട്ടില്ല.
1950 ജനുവരി 26ന് സുപ്രീംകോടതി രൂപീകരിക്കുമ്പോള്‍ ചീഫ് ജസ്റ്റിസ് ഉള്‍പ്പെടെ എട്ട് ജഡ്ജിമാരാണ് ഉണ്ടായിരുന്നത്. 1956-ല്‍ 11 ആയും 1960-ല്‍ 14 ആയും എണ്ണം വര്‍ധിച്ചു. 1977ല്‍ 18 ജഡ്ജിമാരായും 1986ല്‍ 26 ജഡ്ജിമാരായും പരിധി ഉയർത്തി. 23 വര്‍ഷത്തിന് ശേഷം 31 ജഡ്ജിമാരായി എണ്ണത്തില്‍ വീണ്ടും വര്‍ധിപ്പിച്ചു. 2019 ലാണ് ജഡ്ജിമാരുടെ എണ്ണം 34 ആയി ഉയർത്തിയത്. എന്നാൽ ഇതൊന്നും കാര്യമായ മാറ്റം ഉണ്ടാക്കിയിട്ടില്ല.
കീഴ്‌ക്കോടതികളിലെ മറ്റ് കേസുകള്‍ക്കുള്ള റഫറന്‍സുകളായി സുപ്രീംകോടതിയുടെയും ഹൈക്കോടതികളുടെയും ഭരണഘടനാപരമായ വിധിന്യായത്തെ ഉപയോഗിക്കുന്നതിനാല്‍ ഇവയ്ക്ക് ഏറെ പ്രാധാന്യമുണ്ട്. എന്നാല്‍ പതിവ് കേസുകളുടെ ബാഹുല്യം മൂലം ഹൈക്കോടതികളിലും സുപ്രീംകോടതികളിലും കേസുകള്‍ തീര്‍പ്പാക്കാന്‍ വൈകുകയാണ്. വര്‍ഷങ്ങളായി കേസുകള്‍ കെട്ടിക്കിടക്കുന്നത് രാജ്യത്തെ നീതിന്യായ സംവിധാനത്തിന്റെ തന്നെ വീഴ്ചയായി വിലയിരുത്തപ്പെടുന്നുണ്ട്.