പഞ്ചാബിലും ഓപ്പറേഷൻ താമരയുമായി ബിജെപി; പത്ത് എംഎൽഎമാരെ സമീപിച്ചുവെന്ന് അരവിന്ദ് കെജ്രിവാൾ
പഞ്ചാബിലെ ഭഗവന്ത് മൻ സർക്കാരിനെ താഴെയിറക്കാൻ ബിജെപി ശ്രമിക്കുന്നുവെന്ന ആരോപണവുമായി ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി കൺവീനറുമായ അരവിന്ദ് കെജ്രിവാൾ രംഗത്ത്. ഇതിന്റെ ഭാഗമായി ബിജെപി എഎപിയുടെ 10 എംഎൽഎമാരെ സമീപിച്ചുവെന്നാണ് കെജ്രിവാളിന്റെ ആരോപണം. ''പഞ്ചാബിൽ ഞങ്ങളുടെ 10 എംഎൽഎമാരെ ബിജെപി സമീപിച്ചു. അവർ എംഎൽഎമാരെ വിലയ്‌ക്ക് വാങ്ങുകയും സർക്കാരുകളെ തകർക്കുകയുമാണ് ചെയ്യുന്നത്''- കെജ്രിവാൾ പറഞ്ഞു. സമാനമായ ആരോപണവുമായി പഞ്ചാബ് ധനമന്ത്രി കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു.
ഡൽഹിയിലെയും പഞ്ചാബിലെയും ഞങ്ങളുടെ എംഎൽഎമാരെ തട്ടിയെടുക്കാൻ ബിജെപിക്ക് കഴിയില്ലെന്നും കെജ്രിവാൾ അവകാശപ്പെട്ടു.
ഓപ്പറേഷൻ താമരയുടെ പേരിൽ രാജ്യത്തുടനീളം കോടികൾ ചെലവഴിച്ച് ബിജെപി, എംഎൽഎമാരെ തട്ടിയെടുക്കാൻ ശ്രമിക്കുകയാണെന്ന് കെജ്രിവാൾ പറഞ്ഞു. ഡൽഹിയിലെയും പഞ്ചാബിലെയും ഞങ്ങളുടെ എംഎൽഎമാരെ തട്ടിയെടുക്കാൻ ബിജെപിക്ക് കഴിയില്ലെന്നും കെജ്രിവാൾ അവകാശപ്പെട്ടു.
പഞ്ചാബ് സർക്കാരിനെ താഴെയിറക്കാൻ ബിജെപി തങ്ങളുടെ 10 എംഎൽഎമാർക്ക് 20 മുതൽ 25 കോടി രൂപയും മന്ത്രിസ്ഥാനവും വാഗ്ദാനം ചെയ്തു എന്നായിരുന്നു എഎപി നേതാവും പഞ്ചാബ് ധനമന്ത്രിയുമായ ഹർപാൽ സിങ് ചീമ കഴിഞ്ഞ ദിവസം ആരോപിച്ചത്. ബിജെപിയിലെ മുതിര്‍ന്ന നേതാക്കളുമായി കൂടിക്കാഴ്ച നടത്താനായി എംഎല്‍എമാരെ ഡല്‍ഹിയിലേക്ക് ക്ഷണിച്ചെന്നും ബിജെപിയുടെ കേന്ദ്ര നേതൃത്വം അയച്ച ചിലർ നിരന്തരം എംഎല്‍എമാരെ ഫോണില്‍ ബന്ധപ്പെട്ടിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മൂന്നോ നാലോ എംഎൽഎമാരെ കൂടെ കൊണ്ടുവന്നാൽ 50-70 കോടി രൂപ ലഭിക്കുമെന്ന് എഎപി എംഎൽഎമാരോട് പറഞ്ഞിരുന്നതായും അദ്ദേഹം ആരോപിച്ചു.
ഡല്‍ഹിയിലെ കനത്ത പരാജയത്തെ തുടര്‍ന്ന് ഇനി പഞ്ചാബില്‍ ചുവടുറപ്പിക്കാനാണ് ബിജെപിയുടെ നീക്കമെന്നും ബിജെപി ഡല്‍ഹിയില്‍ ഓപ്പറേഷന്‍ താമര നടപ്പിലാക്കുകയാണെന്നും ആംആദ്മി പാര്‍ട്ടി നേരത്തെ ആരോപിച്ചിരുന്നു. ബിജെപി കേന്ദ്ര അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് തങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ത്തുന്നവരെ ഇല്ലാതാക്കാന്‍ ശ്രമിക്കുകയാണെന്നും ഡല്‍ഹിയില്‍ എംഎല്‍എമാര്‍ക്ക് ബിജെപിയില്‍ ചേരുന്നതിനായി 20 കോടി രൂപ വാഗ്ദാനം ചെയ്തതായും ആം ആദ്മി പാര്‍ട്ടി നേരത്തെ ആരോപണം ഉന്നയിച്ചിരുന്നു.
കൂറുമാറ്റത്തിന് 25 കോടിയാണ് ഓരോ എംഎൽഎമാർക്കും ബിജെപി വാഗ്ദാനം ചെയ്യുന്നത്. കർണാടകയിൽ ഓപ്പറേഷൻ താമര വിജയിച്ചിരിക്കാം. പക്ഷേ ഡൽഹി എംഎൽഎമാർ ബിജെപിയുടെ ഓപ്പറേഷൻ പരാജയപ്പെടുത്തിയെന്നും ചീമ പറഞ്ഞു.