ഭീമ കൊറേഗാവ് കേസ്: പ്രൊഫ. ആനന്ദ് തെല്‍തുംദെയ്ക്ക് ജാമ്യം

ഭീമ കൊറേഗാവ് കേസ്: പ്രൊഫ. ആനന്ദ് തെല്‍തുംദെയ്ക്ക് ജാമ്യം

2020 ഏപ്രിൽ 14 ന് സുപ്രീം കോടതി ഉത്തരവിനെ തുടർന്നാണ് എൻഐഎ തെല്‍തുംദെയെ അറസ്റ്റ് ചെയ്തത്.
Updated on
2 min read

വിഖ്യാത ദളിത്- മാര്‍ക്‌സിസ്റ്റ് ചിന്തകനും എഴുത്തുകാരനുമായ ആനന്ദ് തെല്‍തുംദെയ്ക്ക് ബോംബെ ഹൈക്കോടതി ജാമ്യം അനുവദിച്ചു. ഭീമാ കൊറെഗാവ് കേസില്‍ യുഎപിഎ ചുമത്തപ്പെട്ട് തടവിലായിരുന്നു. 2020 ഏപ്രില്‍ മാസമാണ് തെല്‍തുംദേയെ അറസ്റ്റ് ചെയ്തത്. ജസ്റ്റിസുമാരായ എ എസ് ഗഡ്കരി, മിലന്ദ് ജാതവ് എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് ആനന്ദ് തെല്‍തുംദെയ്ക്ക് ജാമ്യം അനുവദിച്ചത്.

ഒരു ലക്ഷം രൂപയുടെ ആൾ ജാമ്യത്തിലാണ് തെൽതുംബ്‌ദെയെ ജാമ്യത്തിൽ വിട്ടയക്കാൻ ഹൈക്കോടതി നിർദ്ദേശിച്ചത്. എന്നാൽ, സുപ്രീം കോടതിയെ സമീപിക്കാൻ സമയം അനുവദിക്കണമെന്ന എൻഐഎയുടെ ആവശ്യം പരി​ഗണിച്ച് ഹൈക്കോടതി ഉത്തരവ് ഒരാഴ്ചത്തേക്ക് സ്റ്റേ ചെയ്തു. ഭീകര സംഘടനയില്‍ അംഗമാണെന്നതടക്കമുള്ള കുറ്റങ്ങളാണ് തെല്‍തുംദെയ്‌ക്കെതിരെ ചുമത്തിയിട്ടുള്ളത്. ഈ ആരോപണങ്ങള്‍ തെളിഞ്ഞാല്‍ 10 വര്‍ഷമാണ് പരമാവധി ശിക്ഷ ലഭിക്കുക. തെല്‍തുംദെ ഇതിനകം രണ്ട് വര്‍ഷം ജയില്‍ വാസം അനുഭവിച്ചുകഴിഞ്ഞുവെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ജാമ്യം അനുവദിച്ചത്.

2020 ഏപ്രിൽ 14 ന് സുപ്രീം കോടതി ഉത്തരവിനെ തുടർന്നാണ് എൻഐഎ അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. പരാതിക്കാരനായ തുഷാർ ദാമുഗഡെ 2018-ൽ പൂനെയിലെ വിശ്രാംബാഗ് പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസുമായി ബന്ധപ്പെട്ടാണ് ആനന്ദ് തെല്‍തുംദെയെ അറസ്റ്റ് ചെയ്തത്. 2021-ൽ പ്രത്യേക എൻഐഎ കോടതി അദ്ദേഹത്തിന്റെ ജാമ്യാപേക്ഷ നിരസിച്ചിരുന്നു. ഇത് ചോദ്യം ചെയ്ത് തെല്‍തുംദെ സമർപ്പിച്ച അപ്പീലിലാണ് ജസ്റ്റിസുമാരായ എഎസ് ഗഡ്കരി, മിലിന്ദ് ജാദവ് എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് ഉത്തരവ് പുറപ്പെടുവിച്ചത്.

2017 ഡിസംബർ 31ന് നടന്ന എൽഗാർ പരിഷത്ത് പരിപാടിയിൽ താൻ പങ്കെടുത്തിട്ടില്ലെന്നും പ്രകോപനപരമായ പ്രസംഗങ്ങൾ നടത്തിയിട്ടില്ലെന്നുമാണ് ആനന്ദ് തെല്‍തുംദെ ഹർജിയിൽ പറയുന്നത്. യുഎപിഎ പ്രകാരം കുറ്റം ചുമത്തുമ്പോൾ ദേശീയ അന്വേഷണ ഏജൻസി തന്നെ തീവ്രവാദിയാണെന്ന് കണക്കാക്കിയെന്നാണ് അദ്ദേഹം ഹൈക്കോടതിയിൽ വാദിച്ചത്. അതേസമയം, എൽഗർ പരിഷത്ത് സമ്മേളനത്തിന്റെ കൺവീനറും സിപിഐ (മാവോയിസ്റ്റ്) സംഘടനയുടെ നിരവധി മുന്നണി സംഘടനകളിലെ സജീവ അംഗവുമായിരുന്നു തെല്‍തുംദെയെന്നാണ് എൻഐഎയുടെ ആരോപണം.

അടുത്ത കാലത്ത് വിചാരണ ആരംഭിക്കാൻ സാധ്യതയില്ലാത്തതിനാൽ തന്റെ കക്ഷിയെ ജാമ്യത്തിൽ വിട്ടയക്കണമെന്നാണ് മുതിർന്ന അഭിഭാഷകൻ മിഹിർ ദേശായിയും തെല്‍തുംദെക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ ദേവയാനി കുൽക്കർണിയും ഹൈക്കോടതിയിൽ അറിയിച്ചത്. കൂടാതെ, തന്റെ കക്ഷി നിരോധിത ഭീകര സംഘടനയുടെ ഭാഗമാണെന്നും തീവ്രവാദ പ്രവർത്തനങ്ങൾക്ക് പ്രോത്സാഹനം നൽകിയെന്നും എൻഐഎ കുറ്റപത്രത്തിൽ അവകാശപ്പെട്ടിട്ടുണ്ടെങ്കിലും, ഈ കേസിൽ പ്രത്യേക അക്രമ സംഭവങ്ങളൊന്നും ചുമത്തിയിട്ടില്ലെന്ന് ദേശായി വാദിച്ചു . നിരോധിത ഭീകര സംഘടനയിലെ ഒരു സാധാരണ അംഗം പോലുമല്ല തന്റെ കക്ഷിയെന്നും ദേശായി കൂട്ടിച്ചേർത്തു.

യുഎപിഎ വകുപ്പുകൾ ചുമത്തപ്പെട്ട വ്യക്തിക്കെതിരെ കർശനമായ ജാമ്യ വ്യവസ്ഥകളാണ് വ്യവസ്ഥ ചെയ്തിരിക്കുന്നത്. എന്നാൽ, അത്തരം കേസുകളിൽ വിചാരണ നീണ്ടുനിൽക്കുകയാണെങ്കിൽ ആ വ്യക്തിയെ വിചാരണ കഴിയുന്നതു വരെ ജയിലിൽ പാർപ്പിക്കരുത്.
സുപ്രീം കോടതി

ഇന്ത്യയിലെ ജാതി പ്രശ്‌നങ്ങളെക്കുറിച്ച് തെല്‍തുംദെ 16 പുസ്തകങ്ങളാണ് എഴുതിയിട്ടുളളത്. കഴിഞ്ഞ 35 വർഷമായി അദ്ദേഹം പൗരാവകാശ പ്രസ്ഥാനത്തിൽ സജീവമാണെന്നും ദേശായി കോടതിയിൽ പറഞ്ഞു. മാത്രമല്ല, അദ്ദേഹത്തിനൊപ്പം ഈ കേസിൽപ്പെട്ട റോണ വിൽസന്റെ കമ്പ്യൂട്ടറിൽ നിന്നും കണ്ടെടുത്ത ഒപ്പിടാത്ത ചില കത്തുകള്‍ തെളിവായി കണക്കാക്കാനാവില്ല. ആ കത്തുകളില്‍ നിന്ന് തീവ്രവാദ പ്രവർത്തനങ്ങളിൽ അദ്ദേഹം ഏർപ്പെട്ടിരുന്നതായി കണ്ടെത്താനായിട്ടില്ലെന്നും അഭിഭാഷകന്‍ കൂട്ടിച്ചേർത്തു.

അതേസമയം, കഴിഞ്ഞ വർഷം നവംബറിൽ പോലീസുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട മാവോയിസ്റ്റ് നേതാവ് മിലിന്ദ് തെല്‍തുംദെയുമായി സഹോദരനായ ആനന്ദ് രഹസ്യമായി ബന്ധപ്പെട്ടുവെന്ന് ചൂണ്ടിക്കാട്ടി എൻഐഎയ്ക്ക് വേണ്ടി ഹാജരായ സന്ദേശ് പാട്ടീൽ ഹർജിയെ എതിർത്തു. എന്നാൽ, കഴിഞ്ഞ 25 വർഷമായി ആനന്ദ് തന്റെ സഹോദരനെ കണ്ടിട്ടില്ലെന്നും എൻഐഎയുടെ ആരോപണങ്ങൾ ന്യായീകരിക്കാനാകാത്തതാണെന്നും തെല്‍തുംദെയ്ക്ക് വേണ്ടി ഹാജരായ ദേശായി പറഞ്ഞു.

ഇന്ത്യയിലെ ജാതി വ്യവസ്ഥയെക്കുറിച്ചു അംബേദ്ക്കറിന്റെയും കാള്‍ മാര്‍ക്‌സിന്റെയും ചിന്തകളെക്കുറിച്ചും നിരവധി ഗ്രന്ഥങ്ങള്‍ രചിച്ച എഴുത്തുകാരനാണ് ആനന്ദ് തെല്‍തുംദെ. പെട്രോനെറ്റ് എംഡി, ഐഐടി പ്രൊഫസര്‍, ഗോവ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റിലെ സീനിയര്‍ പ്രൊഫസര്‍ എന്നി നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. റിപ്പബ്ലിക്ക് ഓഫ് കാസ്റ്റ്, അംബേദ്ക്കര്‍ ആന്റ് കമ്മ്യൂണിസം(എഡി), പെര്‍സിസ്റ്റന്‍സ് ഓഫ് കാസ്റ്റ് എന്നിവ അദ്ദേഹത്തിന്റെ രചനകളില്‍ ചിലതാണ്

logo
The Fourth
www.thefourthnews.in