എൻ വി രമണ
എൻ വി രമണ

മാധ്യമങ്ങള്‍ക്ക് അജണ്ടയും പക്ഷപാതിത്വവും; സമാന്തര കോടതികളാകുന്നു: ഉത്തരവാദിത്വം കാണിക്കണമെന്നും ചീഫ് ജസ്റ്റിസ്

കോടതിയുടെയോ സർക്കാരിന്റെയോ ഇടപെടൽ ക്ഷണിച്ചു വരുത്തരുതെന്നും മുന്നറിയിപ്പ്
Updated on
2 min read

മാധ്യമങ്ങള്‍ക്കെതിരെ അതിരൂക്ഷ വിമര്‍ശനവുമായി സുപ്രീം കോടതി ചീഫ് ജസ്റ്റീസ് എന്‍ വി രമണ. മാധ്യമങ്ങള്‍ കങ്കാരു കോടതികളാകുന്നുവെന്നും ടെലിവിഷന്‍ സംവാദങ്ങളും സമൂഹമാധ്യമങ്ങളിലെ ചര്‍ച്ചകളും രാജ്യത്തെ പിന്നോട്ട് നയിക്കുന്നതെന്നും ചീഫ് ജസ്റ്റിസ് കുറ്റപ്പെടുത്തി. പ്രത്യേക അജണ്ടയുള്ളതും പക്ഷപാതിത്വം നിറഞ്ഞതും തെറ്റായ വിവരങ്ങളുടെ അടിസ്ഥാനത്തിലുള്ളതുമായ മാധ്യമ സമീപനം ജനാധിപത്യവിരുദ്ധമെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. റാഞ്ചിയിലെ ഒരു പൊതുപരിപാടിയിലാണ് ചീഫ്ജസ്റ്റിസ് നിലപാട് വ്യക്തമാക്കിയത്.

ന്യായാധിപന്‍മാര്‍ പോലും തീരുമാനം എടുക്കാന്‍ ബുദ്ധിമുട്ടുന്ന വിഷയങ്ങളില്‍ മാധ്യമങ്ങള്‍ സമാന്തര കോടതികളാവുകയാണെന്ന് എന്‍ വി രമണ പറഞ്ഞു. തെറ്റായ വിവരങ്ങളുടെ അടിസ്ഥാനത്തിലോ പ്രത്യേക അജണ്ട നടപ്പാക്കലിന്റെ ഭാഗമോ ആണ് മാധ്യമ ചര്‍ച്ചകള്‍. കോടതിവിഷയങ്ങളിലടക്കം ഇങ്ങനെ ചര്‍ച്ച നടത്തുന്നത് ആരോഗ്യകരമായ ജനാധിപത്യത്തിന് തടസ്സമാണ്. മാധ്യമ വിചാരണ കേസുകള്‍ തീര്‍പ്പാക്കുന്നതിലെ ഘടകമാകരുതെന്നും എന്‍ വി രമണ പറഞ്ഞു.

അച്ചടിമാധ്യമങ്ങള്‍ അല്പമെങ്കിലും ഉത്തരവാദിത്വം കാണിക്കാറുണ്ട്. ഇലക്ട്രോണിക് മാധ്യമങ്ങളുടെ സ്ഥിതിയതല്ല. സമൂഹമാധ്യമങ്ങളുടെ കാര്യം അതിലും മോശമെന്നും ചീഫ് ജസ്റ്റിസ്

അച്ചടിമാധ്യമങ്ങള്‍ അല്പമെങ്കിലും ഉത്തരവാദിത്വം കാണിക്കാറുണ്ടെന്നും ഇലക്ട്രോണിക് മാധ്യമങ്ങളുടെ സ്ഥിതിയതല്ലെന്നും സമൂഹമാധ്യമങ്ങളുടെ കാര്യം അതിലും മോശമെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. മാധ്യമങ്ങള്‍ ഉത്തരവാദിത്വത്തോടെ പെരുമാറണം. സമീപകാലത്തെ പ്രവണതകൾ കണക്കിലെടുത്ത് മാധ്യമ നിയന്ത്രണം ഏർപ്പെടുത്തണമെന്ന ആവശ്യം വിവിധ കോണുകളിൽ ശക്തമാവുകയാണ്. എടുത്തു ചാടി സർക്കാരോ കോടതിയോ ഇടപെടുന്ന സാഹചര്യം ഉണ്ടാക്കരുതെന്നും സ്വയം നിയന്ത്രണത്തിന് തയ്യാറാകണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

എൻ വി രമണ
എൻ വി രമണ

ന്യായാധിപന്‍മാര്‍ക്കെതിരെ വരെ ആശങ്കയുളവാക്കുന്ന രീതിയിലുള്ള പ്രചാരണമാണ് മാധ്യമങ്ങളില്‍ നടക്കുന്നത്. ഇതിനെതിരെ ജഡ്ജിമാർ ഉടന്‍ പ്രതികരിക്കണമെന്നില്ല. ഇത് കഴിവുകേടായോ നിസ്സഹായതയായോ കണക്കാക്കരുതെന്നും അദ്ദേഹം പറഞ്ഞു.

നവമാധ്യമങ്ങള്‍ ശക്തമാണ് എന്നാല്‍ തെറ്റും ശരിയും വിവേചിക്കാനോ നല്ലതോ മോശമോ സത്യമോ മിഥ്യയോ തിരിച്ചറിയാനോ ഇവയ്ക്ക് കഴിവില്ല. പക്ഷപാതപരമായ ആശയങ്ങള്‍ പ്രചരിപ്പിച്ച് മാധ്യമങ്ങള്‍ ജനാധിപത്യത്തെ ദുര്‍ബലപ്പടുത്തുകയും സംവിധാനത്തെ തന്നെ അപകടത്തിലാക്കുകയുമാണെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. സ്വന്തം ഉത്തരവാദിത്വം നിറവേറ്റാതെ ജനാധിപത്യത്തെ പിന്നോട്ട് നടത്തുകയാണ് മാധ്യമങ്ങളെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

സജീവ രാഷ്ട്രീയത്തിലിറങ്ങാൻ അതീവ തത്പരനായിരുന്നു എന്നും വിധിയുടെ തീരുമാനം മറ്റൊന്നായിരുന്നുവെന്നും എൻ വി രമണ

സജീവ രാഷ്ട്രീയത്തിലിറങ്ങാൻ അതീവ തത്പരനായിരുന്നു എന്നും വിധിയുടെ തീരുമാനം മറ്റൊന്നായിരുന്നുവെന്നും രമണ പറഞ്ഞു. ജസ്റ്റിസ് എസ് ബി സിന്‍ഹ അനുസ്മരണ പ്രഭാഷണത്തിലാണ് എന്‍ വി രമണയുടെ പരാമര്‍ശം. അടുത്തമാസം ചീഫ് ജസ്റ്റിസ് പദവിയുല്‍ നിന്ന് വിരമിക്കാനിരിക്കയാണ് എൻ വി രമണ. അഭിഭാഷകനാകുന്നതിന് മുൻപ് മാധ്യമ പ്രവർത്തകനായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.

logo
The Fourth
www.thefourthnews.in