'ബുൾഡോസർ രാജ്  മുസ്ലീങ്ങളെ ലക്ഷ്യമിട്ട്'; ഇന്ത്യയിൽ ന്യൂനപക്ഷങ്ങളുടെ സ്ഥിതി ആശങ്കാജനകമെന്ന് ഹ്യൂമന്‍ റൈറ്റ്സ് വാച്ച്

'ബുൾഡോസർ രാജ് മുസ്ലീങ്ങളെ ലക്ഷ്യമിട്ട്'; ഇന്ത്യയിൽ ന്യൂനപക്ഷങ്ങളുടെ സ്ഥിതി ആശങ്കാജനകമെന്ന് ഹ്യൂമന്‍ റൈറ്റ്സ് വാച്ച്

നിയമവിരുദ്ധമായ നിര്‍മിതികളാണ് പൊളിച്ചു നീക്കിയതെന്ന് സർക്കാർ വിശദീകരിക്കുമ്പോഴും മുസ്ലീങ്ങളെ കൂട്ടത്തോടെ ശിക്ഷിക്കുന്നതിനാണ് പൊളിച്ചു നീക്കല്‍ നടപടിയെന്ന് വ്യക്തമാകുന്നുവെന്ന് റിപ്പോര്‍ട്ടിലുണ്ട്.
Updated on
2 min read

ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ മുസ്ലീങ്ങള്‍ക്കെതിരെയും പാവപ്പെട്ടവര്‍ക്കെതിരെയും ആസൂത്രിതമായി ബുള്‍ഡോസര്‍ രാജ് നടക്കുന്നുവെന്ന് ഹ്യൂമന്‍ റൈറ്റ്സ് വാച്ചിന്റെ റിപ്പോര്‍ട്ട്. 2022 ല്‍ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ മുസ്ലീങ്ങളുടെയും പാവപ്പെട്ടവരുടെയും വീടുകള്‍ പൊളിച്ചു നീക്കിയ നിരവധി സംഭവങ്ങൾ ഉണ്ടായെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. 100ഓളം രാജ്യങ്ങളിൽ ഉണ്ടായ മനുഷ്യാവകാശ ലംഘനങ്ങളിൽ പ്രതിപാദിക്കുന്ന റിപ്പോർട്ടിലാണ് ' ബുൾഡോസർ രാജ് ' ഉൾപ്പെട്ടിരിക്കുന്നത്.

വിയോജിക്കുന്നവരെയും പ്രതിഷേധിക്കുന്നവരെയും നിശബ്ദരാക്കാനുള്ള സര്‍ക്കാരിന്റെ ശ്രമമാണ് 'ബുള്‍ഡോസര്‍ രാജ്' എന്ന് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ നിരന്തരം വിമര്‍ശിക്കുമ്പോള്‍ ക്രമസമാധാനം തകര്‍ക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെയുള്ള ഫലപ്രദമായ നടപടിയാണെന്നായിരുന്നു ഇതെന്നാണ് സര്‍ക്കാര്‍ വാദം. ബിജെപി ഭരിക്കുന്ന മിക്ക സംസ്ഥാനങ്ങളിലും ഇത്തരം സംഭവങ്ങൾ സർക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നുണ്ട്.

'ബുൾഡോസർ രാജ്  മുസ്ലീങ്ങളെ ലക്ഷ്യമിട്ട്'; ഇന്ത്യയിൽ ന്യൂനപക്ഷങ്ങളുടെ സ്ഥിതി ആശങ്കാജനകമെന്ന് ഹ്യൂമന്‍ റൈറ്റ്സ് വാച്ച്
മധ്യപ്രദേശിൽ വീണ്ടും ബുൾഡോസർ രാജ്: ഗർബാ വേദിയിൽ കല്ലെറിഞ്ഞെന്ന കേസിൽ കുറ്റാരോപിതരായവരുടെ വീടുകൾ പൊളിച്ചുനീക്കി

നിയമവ്യവസ്ഥയ്ക്ക് പുറമെയാണ് സര്‍ക്കാരുകളുടെ നേതൃത്വത്തില്‍ രാജ്യത്ത് ബുള്‍ഡോസര്‍ രാജ് നടപ്പാക്കുന്നത്. മുസ്ലീം സമുദായത്തെ പ്രത്യേകമായി ലക്ഷ്യമിട്ടാണ് ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതെന്ന് 712 പേജുള്ള 2022 ലെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നു. ഏപ്രിലില്‍ മധ്യപ്രദേശ്, ഗുജറാത്ത്, ഡല്‍ഹി സംസ്ഥാനങ്ങളില്‍ വീടുകളും മറ്റും സര്‍ക്കാര്‍ പൊളിച്ചു നീക്കിയിരുന്നു. ഇവയില്‍ ഭൂരിഭാഗവും മുസ്ലീങ്ങളുടേതാണെന്നും നടപടി വര്‍ഗീയ കലാപങ്ങളുടെ പശ്ചാത്തലത്തിലാണെന്നും റിപ്പോര്‍ട്ടിലുണ്ട്. നിയമ വിരുദ്ധമായ നിര്‍മിതികളാണ് പൊളിച്ചു നീക്കിയതെന്ന് അധികാരികൾ വിശദീകരിക്കുമ്പോഴും മുസ്ലീങ്ങൾക്കെതിരായ കൂട്ടായ ശിക്ഷാനടപടിയാണ് ഇതെന്ന് വ്യക്തമാകുന്നുവെന്ന് റിപ്പോര്‍ട്ടിലുണ്ട്.

ഇതാദ്യമായാണ് 'ബുള്‍ഡോസര്‍ രാജി'ല്‍ ഒരു രാജ്യാന്തര സംഘടന ആശങ്ക പ്രകടിപ്പിക്കുന്നത്. രാജ്യത്ത് നടന്ന വിവിധ സംഭവങ്ങള്‍ റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കപ്പെടുന്നുണ്ട്. മധ്യപ്രദേശില്‍ കലാപത്തില്‍ പങ്കെടുത്ത ഹിന്ദു വിഭാഗക്കാരെ വെറുതെവിട്ടപ്പോള്‍ മുസ്ലീം വിഭാഗക്കാരുടെ വീടുകള്‍ പൊളിക്കുകയാണ് ആഭ്യന്തര മന്ത്രി നരോത്തം മിശ്രയുടെ നേതൃത്വത്തില്‍ ചെയ്തത്. ജൂണില്‍, മുഹമ്മദ് നബിക്കെതിരെ ബിജെപി നേതാക്കള്‍ നടത്തിയ പരാമര്‍ശം രാജ്യത്തുടനീളമുള്ള മുസ്ലീങ്ങളുടെ വ്യാപകമായ പ്രതിഷേധത്തിന് കാരണമായി. ജാര്‍ഖണ്ഡിലെ പ്രതിഷേധം പോലീസ് അടിച്ചമര്‍ത്താന്‍ ശ്രമിക്കുകയും രണ്ട് പേര്‍ കൊല്ലപ്പെടുകയും ചെയ്തു. ഉത്തര്‍പ്രദേശിലാകട്ടെ പ്രതിഷേധത്തിന് നേതൃത്വം നല്‍കിയവരുടെ വീടുകള്‍ പൊളിച്ചു നീക്കുകയാണ് ചെയ്തത്. കോടതി നിര്‍ദേശ പ്രകാരമോ, മറ്റ് നിയമത്തിന്‌റെ പിന്‍ബലത്തിലോ അല്ല ഇത്തരം നടപടികളൊന്നും സംസ്ഥാന സര്‍ക്കാരുകള്‍ സ്വീകരിക്കുന്നതെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

സര്‍ക്കാരിന്‌റെ ഹിന്ദുത്വ അനുകൂല സമീപനം, നീതിന്യായ വ്യവസ്ഥയെയും ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ അടക്കമുള്ള സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങളെയും പ്രതികൂലമായി ബാധിക്കുന്നുണ്ടെന്ന് വിലയിരുത്തൽ

ചൈനയില്‍ നടക്കുന്ന സമാനമായ മനുഷ്യത്വവിരുദ്ധ പ്രവര്‍ത്തനങ്ങളെ പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കം വിമര്‍ശിക്കവെയാണ് മറുഭാഗത്ത് ഇത്തരം നടപടി ബിജെപി സര്‍ക്കാരുകളുടെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നതെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. സര്‍ക്കാരിന്‌റെ ഹിന്ദുത്വ അനുകൂല സമീപനം, നീതിന്യായ വ്യവസ്ഥയെയും ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ അടക്കമുള്ള സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങളെയും സ്വാധീനിക്കുന്നുണ്ട്. ക്രിമിനല്‍ കുറ്റങ്ങള്‍ ചുമത്തിയും തീവ്രവാദ ബന്ധം ആരോപിച്ചും ജയിലടച്ചും മനുഷ്യാവകാശ പ്രവര്‍ത്തകരെയും സ്വതന്ത്ര മാധ്യമ പ്രവര്‍ത്തകരെയും നിശബ്ദരാക്കുന്നു. രാഷ്ട്രീയ എതിരാളികളെയും മനുഷ്യാവകാശ സംഘടനകളെയും തകര്‍ക്കാന്‍ വിദേശ ഫണ്ട് നിയന്ത്രണ നിയമങ്ങളടക്കം ദുരുപയോഗം ചെയ്യുന്നുവെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

'ക്രിമിനല്‍ കുറ്റങ്ങള്‍ ചുമത്തിയും തീവ്രവാദ ബന്ധം ആരോപിച്ചും ജയിലിലടച്ചും മനുഷ്യാവകാശ പ്രവര്‍ത്തകരെയും സ്വതന്ത്ര മാധ്യമ പ്രവര്‍ത്തകരെയും നിശബ്ദരാക്കുന്നു.'

ബില്‍ക്കിസ് ബാനു കേസിലെ 11 പ്രതികളെ വിട്ടയച്ച സംഭവവും റിപ്പോര്‍ട്ടില്‍ പ്രത്യേകം പരാമര്‍ശിക്കുന്നു. ഭരണഘടനയുടെ 370ാം അനുച്ഛേദം ഒഴിവാക്കി മൂന്ന് വര്‍ഷം പിന്നിടുമ്പോഴും അഭിപ്രായ സ്വാതന്ത്ര്യത്തിനും സമാധാനപരമായ ഒത്തുചേരലിനും അടക്കം ജമ്മുകശ്മീരില്‍ നിയന്ത്രണങ്ങള്‍ തുടരുന്നുവെന്നും നിരീക്ഷണമുണ്ട്. 2022 ലെ ആദ്യ ഒൻപത് മാസത്തില്‍ 1,882 ജുഡീഷ്യല്‍ കസ്റ്റഡി മരണങ്ങളും 147 പോലീസ് കസ്റ്റഡി മരണങ്ങളും ഉണ്ടായെന്നതിലും റിപ്പോര്‍ട്ട് ആശങ്ക പ്രകടിപ്പിക്കുന്നു. ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റത്തെ ഏറ്റവും വലിയ ആശങ്കകളിലൊന്നായി എച്ച്ആര്‍ഡബ്ല്യു എടുത്തുകാട്ടുന്നു. മനുഷ്യാവകാശ പ്രവര്‍ത്തക ടീസ്ത സെതല്‍വാദ്, പത്രപ്രവര്‍ത്തകന്‍ മുഹമ്മദ് സുബൈര്‍, ജാര്‍ഖണ്ഡ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന രൂപേഷ് കുമാര്‍ എന്നിവരെയും റിപ്പോര്‍ട്ടില്‍ പ്രത്യേകം പരാമര്‍ശിച്ചിട്ടുണ്ട്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെ വര്‍ധിച്ചുവരുന്ന അതിക്രമങ്ങളിലും റിപ്പോര്‍ട്ട് ആശങ്ക പ്രകടിപ്പിക്കുന്നു.

അതേസമയം സുപ്രീംകോടതിയുടെ ചില നിര്‍ണായക വിധികളെ റിപ്പോര്‍ട്ടില്‍ അനുകൂലമായി പരാമര്‍ശിക്കുന്നുണ്ട്. കൊളോണിയൽ കാലത്തെ രാജ്യദ്രോഹ കുറ്റം ഒഴിവാക്കിയതും വിവാഹിതരാണോ എന്ന് നോക്കാതെ എല്ലാ സ്ത്രീകളേയും ഗര്‍ഭ ച്ഛിദ്ര നിയമത്തിന്‌റെ പരിധിയില്‍ കൊണ്ടുവന്നതും ലൈംഗിക അതിക്രമം നേരിട്ടവര്‍ക്ക് നടത്തുന്ന രണ്ട് വിരല്‍ പരിശോധന (ടു ഫിംഗര്‍ ടെസ്റ്റ്) ഒഴിവാക്കിയതും ഇതില്‍ പെടുന്നു. അതേസമയം ഹിജാബ് വിഷയത്തിലടക്കം സുപ്രീം കോടതി നിലപാട് റിപ്പോര്‍ട്ടില്‍ വിമര്‍ശനവിധേയമാകുന്നുണ്ട്.

logo
The Fourth
www.thefourthnews.in