ജാതി വാല്‍ ഉപേക്ഷിക്കാന്‍ സിപിഐ(എംഎല്‍) ; തീരുമാനം പാര്‍ട്ടിയുടെ ഭരണഘടനാ തത്വമാക്കും

2011-ല്‍ നടന്ന ഒന്‍പതാം പാര്‍ട്ടി കോണ്‍ഗ്രസിലാണ് ജാതി ഉന്‍മൂലനം എന്ന ആശയം പാര്‍ട്ടി പരിപാടിയിലുള്‍പ്പെടുത്തിയത്

സവര്‍ണ ജാതി ആചാരങ്ങളും ചിഹ്നങ്ങളും പൂര്‍ണ്ണമായും ഉപേക്ഷിക്കാന്‍ സി.പി.ഐ.(എം.എല്‍) റെഡ്സ്റ്റാര്‍ 12-ാം പാര്‍ട്ടി കോണ്‍ഗ്രസ് പ്രമേയം. സിപിഐ(എം.എല്‍) റെഡ്സ്റ്റാര്‍ പാര്‍ട്ടിയുടെ കേന്ദ്ര കമ്മിറ്റി അംഗങ്ങള്‍ ജാതി വാലുകളോ, സവര്‍ണ കുടുംബ പേരുകളോ ഉപയോഗിക്കരുത് എന്നാണ് ഏകകണ്ഠമായി അംഗീകരിച്ച പ്രമേയത്തില്‍ തീരുമാനിച്ചത് . ഈ പ്രമേയം ഉടന്‍ പ്രാബല്യത്തില്‍ വരുന്ന വിധത്തില്‍ പുതിയ കേന്ദ്രകമ്മിറ്റിയില്‍ നടപ്പില്‍ വരുത്തും. എല്ലാ സംസ്ഥാനത്തും തീരുമാനം നടപ്പിലാക്കാന്‍ താഴേത്തട്ടിലുള്ള അണികളില്‍ വരെ രാഷ്ട്രീയ ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് സിപിഐ (എംഎല്‍) ജനറല്‍ സെക്രട്ടറി കെ എന്‍ രാമചന്ദ്രന്‍ പറഞ്ഞു.

2009ല്‍ നടന്ന പ്രത്യേക സമ്മേളനത്തില്‍ ഇത്തരമൊരു ആശയം വന്നെങ്കിലും 2011-ല്‍ നടന്ന ഒന്‍പതാം പാര്‍ട്ടി കോണ്‍ഗ്രസിലാണ് ജാതി ഉന്‍മൂലനം എന്ന ആശയം പാര്‍ട്ടി പരിപാടിയിലുള്‍പ്പെടുത്തിയത്. ജാതിവാല്‍ പാര്‍ട്ടി അംഗങ്ങള്‍ നിര്‍ബന്ധമായും ഉപേക്ഷിക്കണമെന്നത് പാര്‍ട്ടിയുടെ ഭരണഘടനാ തത്വമായി അവതരിപ്പിക്കുന്നുവെന്നതാണ് 12-ാം പാര്‍ട്ടി കോണ്‍ഗ്രസിന്റെ പ്രത്യേകത. ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ജാതിയെ അഭിസംബോധന ചെയ്യുന്നതില്‍ പരാജയപ്പെടുന്നുവെന്ന വിമര്‍ശനമുയരുമ്പോഴാണ് സിപിഐ (എം.എല്‍) ഇത്തരമൊരു പ്രമേയം പാസാക്കിയതെന്നത് ശ്രദ്ധേയമാണ്. പരിസ്ഥിതി, ജെന്റര്‍, ഫാസിസ്റ്റ് വിരുദ്ധ കൂട്ടായ്മ തുടങ്ങി വിവിധ വിഷയങ്ങളില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. കോഴിക്കോട് നടക്കുന്ന 12-ാം പാര്‍ട്ടി കോണ്‍ഗ്രസില്‍ 18 സംസ്ഥാനങ്ങളില്‍ നിന്നുള്ള മുന്നൂറ്റി അന്‍പതോളം പ്രതിനിധികളും നിരീക്ഷകരും പങ്കെടുക്കുന്നുണ്ട്.

Related Stories

No stories found.
logo
The Fourth
www.thefourthnews.in