ഓള്‍ട്ട് ന്യൂസ് സഹസ്ഥാപകന്‍ മുഹമ്മദ് സുബൈറിന് ജാമ്യം
മതവികാരം വ്രണപ്പെടുത്തിയെന്ന കേസില്‍ പ്രമുഖ ഫാക്ട് ചെക്കിങ് വെബ്‌സൈറ്റായ ഓള്‍ട്ട് ന്യൂസ് സഹസ്ഥാപകന്‍ മുഹമ്മദ് സുബൈറിന് ജാമ്യം. ഡല്‍ഹി അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചത്. കുറ്റകൃത്യം ഇനി ആവര്‍ത്തിക്കരുതെന്നും കുറ്റകൃത്യത്തിന്റെ പരിധിയില്‍ വരുന്ന തരത്തിലുള്ള ട്വീറ്റുകളോ റീട്വീറ്റുകളോ ചെയ്യരുതെന്നും കോടതി നിര്‍ദേശിച്ചു. ജസ്റ്റിസ് ദേവേന്ദർ കുമാര്‍ ജങ്കാല അദ്ധ്യക്ഷനായ ബെഞ്ചിന്‍റെതാണ് നടപടി. അമ്പതിനായിരം രൂപ കെട്ടിവയ്ക്കണമെന്ന വ്യവസ്ഥയിലാണ് ജാമ്യം.
അമ്പതിനായിരം രൂപ കെട്ടിവയ്ക്കണമെന്ന വ്യവസ്ഥയിലാണ് ജാമ്യം.
വിദേശയാത്ര ചെയ്യുന്നതിന് സുബൈറിന് വിലക്കും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ജയില്‍ മുക്തനായി മൂന്ന് ദിവസത്തിനുള്ളില്‍ പാസ്‌പോര്‍ട്ട് അന്വേഷണ ഏജന്‍സിക്ക് മുമ്പില്‍ ഹാജരാക്കാന്‍ കോടതി ആവശ്യപ്പെട്ടു. തെളിവ് നശിപ്പിക്കുന്നതോ കേസിന്റെ മുന്നോട്ടുള്ള ഗതിയെ ബാധിക്കുന്നതോ ആയ യാതൊരു പ്രവൃത്തിയിലും ഏര്‍പ്പെടാന്‍ പാടില്ലെന്നും അന്വേഷണോദ്യോഗസ്ഥര്‍ ആവശ്യപ്പെടുന്ന സാഹചര്യത്തില്‍ ഹാജരാവണമെന്നും കോടതി ഉത്തരവിട്ടു.
2018ല്‍ പോസ്റ്റ് ചെയ്ത ഒരു ട്വീറ്റ് മതവികാരം വ്രണപ്പെടുത്തിയെന്ന് ആരോപിച്ച് ജൂണ്‍ 27നാണ് സുബൈറിനെ ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്തത്. ഇന്ത്യന്‍ ശിക്ഷാ നിയമത്തിന്റെ 153എ (മതസ്പര്‍ദ്ധ വളര്‍ത്തല്‍, സമൂഹത്തിലെ സമാധാനാന്തരീക്ഷം തകര്‍ക്കല്‍), 295എ (മതവികാരം വ്രണപ്പെടുത്താനുള്ള മനപ്പൂര്‍വ്വമായ ശ്രമം) എന്നീ വകുപ്പുകള്‍ ചുമത്തിയായിരുന്നു അറസ്റ്റ്.
ഡല്‍ഹി പട്യാല ഹൗസ് കോടതി ജൂലൈ രണ്ടിന് സുബൈറിന്റെ ജാമ്യാപേക്ഷ തള്ളുകയും പതിനാല് ദിവസത്തേക്ക് കസ്റ്റഡിയില്‍ വിടുകയും ചെയ്തിരുന്നു.
സുബൈറിന്റെ അറസ്റ്റിനെതിരെ വ്യാപക പ്രതിഷേധവും ഉയര്‍ന്നിരുന്നു. അദ്ദേഹത്തെ അടിയന്തരമായി മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് വിവിധ മേഖലകളില്‍ നിന്നുള്ള നൂറിലധികം പൗരപ്രമുഖര്‍ കോടതിക്ക് കത്തയച്ചിരുന്നു. എഴുത്തുകാരനും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ ആകാര്‍ പട്ടേല്‍, ദളിത് വനിതാ ആക്ടിവിസ്റ്റ് പ്രിയങ്ക, സ്വതന്ത്ര പത്രപ്രവര്‍ത്തകന്‍ അജിത് സാഹി, പീപ്പിള്‍സ് യൂണിയന്‍ ഫോര്‍ സിവില്‍ ലിബര്‍ട്ടീസിന്റെ അര്‍ജുന്‍ ഷിയോറാന്‍, ഓള്‍ ഇന്ത്യ പ്രോഗ്രസീവ് വിമന്‍സ് അസോസിയേഷന്റെ പ്രസിഡന്റ് കവിതാ കൃഷ്ണന്‍, കര്‍വാന്‍-ഇ-മൊഹബത്തിന്റെ നടാഷ ഭാദ്വാര്‍ എന്നിവര്‍ ഉള്‍പ്പെട്ട സംഘമാണ് കത്തയച്ചത്. വസ്തുതകള്‍ പരിശോധിച്ച് വ്യാജ വാര്‍ത്തകളും തെറ്റായ വിവരങ്ങളും പുറത്തുകൊണ്ടുവരികയെന്ന മാധ്യമ ധര്‍മം നിര്‍വഹിച്ചതിന്റെ പേരിലാണ് സുബൈര്‍ വേട്ടയാടപ്പെടുന്നതെന്നായിരുന്നു കത്തിലെ ആരോപണം.
കമ്പ്യൂട്ടര്‍ എഞ്ചിനീയര്‍ ആയിരുന്ന സുബൈര്‍ 2017 ലാണ് പ്രതീക് സിന്‍ഹയുമായി ചേര്‍ന്ന് 'ഓള്‍ട്ട് ന്യൂസ്' എന്ന ഫാക്ട് ചെക്കിങ് വെബ്സൈറ്റ് ആരംഭിക്കുന്നത്. വ്യാജ വാര്‍ത്തകളും തെറ്റായ പ്രചരണങ്ങളും കണ്ടെത്തി സത്യാവസ്ഥ പുറത്തുകൊണ്ടുവരുന്ന സ്ഥാപനം വളരെ വേഗമാണ് ജനശ്രദ്ധ പിടിച്ചു പറ്റിയത്. ഇത്തരത്തിലുള്ള ഫേക്ക് ന്യൂസ് പ്രസിദ്ധീകരിക്കുന്ന നാല്‍പതോളം ഹാന്‍ഡിലുകളുടെ ഒരു ലിസ്റ്റ് അവര്‍ പുറത്തുവിട്ടിരുന്നു. അടുത്തിടെ ഓസ്ലോയിലെ പീസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് സമാധാനത്തിനുള്ള നൊബേല്‍ പുരസ്കാരത്തിനുള്ള പട്ടികയില്‍ പ്രതീക് സിന്‍ഹയെയും സുബൈറിനെയും ഉള്‍പ്പെടുത്തിയിരുന്നു.