'വിദ്യാർഥിനികളോട് ഹിജാബ് അഴിച്ചുമാറ്റാൻ പറയുന്നത് മൗലികാവകാശങ്ങളുടെ  ലംഘനം'- ജ. സുധാന്‍ഷു ധൂലിയ

'വിദ്യാർഥിനികളോട് ഹിജാബ് അഴിച്ചുമാറ്റാൻ പറയുന്നത് മൗലികാവകാശങ്ങളുടെ ലംഘനം'- ജ. സുധാന്‍ഷു ധൂലിയ

'' സ്‌കൂളുകളില്‍ അച്ചടക്കം അനിവാര്യമാണ്. എന്നാല്‍ വ്യക്തികളുടെ സ്വാതന്ത്ര്യമോ, അന്തസോ ബലികഴിച്ചുകൊണ്ടാകരുത് അത്''
Updated on
3 min read

കര്‍ണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് വിലക്കിയ നടപടിയെ എതിര്‍ത്തുകൊണ്ടാണ് ജസ്റ്റിസ് സുധാന്‍ഷു ധൂലിയ ഇന്ന് വിധി പ്രസ്താവിച്ചത്. ഭരണഘടനയുടെ 19(1)എ , 21, 25(1) അനുച്ഛേദങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു അദ്ദേഹത്തിന്‌റെ ഉത്തരവ്. മൂന്ന് പ്രധാനകാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് ധൂലിയ ഹിജാബ് നിരോധനത്തിനെതിരെ വിധി പറയുന്നത്. ഹിജാബ് മതപരമായ അനിവാര്യ ആചാരമാണോ എന്നത് കേസിൽ പ്രസക്തമല്ലെന്നും ഏത് മതാചാരവും അനുച്ഛേദം 25(1) പ്രകാരം സംരക്ഷണം അർഹിക്കുന്നു എന്നതുമാണ് പ്രധാനവാദം. മതപരമായ വിശ്വസത്തിനപ്പുറം വ്യക്തിസ്വാതന്ത്ര്യവും അഭിപ്രായ സ്വാതന്ത്ര്യവും കേസിൽ പരിഗണിക്കേണ്ടതുണ്ടെന്നാണ് രണ്ടാമതായി ഉന്നയിക്കുന്നത്. വിദ്യാഭ്യാസത്തിന് പെൺകുട്ടികൾക്ക് അവസരമൊരുക്കുക എന്ന വിശാലവിഷയവും അതിന് ഹിജാബ് തടസമാകരുത് എന്നും വിധിയിൽ അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

Attachment
PDF
8344_2022_6_1501_38867_Judgement_13-Oct-2022.pdf
Preview

ഹിജാബ് ധരിക്കണമോ വേണ്ടയോ എന്നത് ഒരാളുടെ വ്യക്തിപരമായ തിരഞ്ഞെടുപ്പിന്റെ മാത്രം പ്രശ്‌നമാണെന്നും അത് അനിവാര്യമായ മതാചാരമാണോ അല്ലയോ എന്നത് പരിഗണനാവിഷയമല്ലെന്നും ജസ്റ്റിസ് സുധാന്‍ഷു ധൂലിയ വിധി പ്രസ്താവിച്ചുകൊണ്ട് വ്യക്തമാക്കി. കര്‍ണാടകാ ഹൈക്കോടതി സ്വീകരിച്ചത് തെറ്റായ നടപടിയെന്ന് പറഞ്ഞ ജസ്റ്റിസ് ധൂലിയ അനിവാര്യമായ മതാചാരമാണോ അല്ലയോ എന്നത് ഈ കേസില്‍ വിഷയമല്ലെന്ന് നിലപാടെടുത്തു. മതസ്വാതന്ത്ര്യം ഉറപ്പുനൽകുന്ന 25(1) അനുച്ഛേദ പ്രകാരമുള്ള പരിരക്ഷ തേടുമ്പോള്‍ , അത് അനിവാര്യമായ മതാചാരമാണോ അല്ലയോ എന്നത് പ്രസക്തമല്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ഏത് മതാചാരവും വിശ്വാസവും അനുച്ഛേദം 25(1) പ്രകാരം സംരക്ഷിക്കപ്പെടേണ്ടതാണെന്ന് ജസ്റ്റിസ് ധൂലിയ നിരീക്ഷിച്ചു. ബിജോയ് ഇമ്മാനുവല്‍ Vs സ്‌റ്റേറ്റ് ഓഫ് കേരള കേസാണ് അദ്ദേഹം ഇതിനായി ഉദ്ധരിച്ചത്. അനിവാര്യമായ മതാചാരമാണോ എന്ന് തീരുമാനിക്കാനുള്ള അധികാരം മതങ്ങള്‍ക്കെന്നും വിധിയിൽ പറയുന്നു.

'വിദ്യാർഥിനികളോട് ഹിജാബ് അഴിച്ചുമാറ്റാൻ പറയുന്നത് മൗലികാവകാശങ്ങളുടെ  ലംഘനം'- ജ. സുധാന്‍ഷു ധൂലിയ
ഹിജാബ് നിരോധനം 'തെറ്റായ പാത'യെന്ന് ജസ്റ്റിസ് ധൂലിയ; എന്താണ് സുപ്രീം കോടതി വിധിയില്‍ പരാമര്‍ശിച്ച ബിജോ ഇമ്മാനുവല്‍ കേസ്?

മതപരമായ ആചാരങ്ങള്‍ക്ക് മുകളില്‍ വ്യക്തി സ്വാതന്ത്ര്യത്തിന് പ്രാധാന്യം നല്‍കുന്ന മുന്‍കാല വിധികളുണ്ടെന്ന് പറഞ്ഞ ജസ്റ്റിസ് ധൂലിയ, ഹിജാബ് കേസില്‍ മതപരമായ ആചാരം മാത്രമല്ല അഭിപ്രായസ്വാതന്ത്ര്യം കൂടി പരിഗണിക്കേണ്ടതുണ്ടെന്നും നിരീക്ഷിച്ചു. അനുച്ഛേദം 19 ഉം 25 ഉം അനുസരിച്ചുള്ള വിശ്വാസ സംരക്ഷണമാണ് ഹര്‍ജിക്കാര്‍ തേടിയതെന്നും ഹിജാബ് ധരിക്കുന്നത് ഇസ്ലാം മതവുമായി ബന്ധപ്പെട്ട അനിവാര്യമതാചാരമാണോ അല്ലയോ എന്നത് അതിനാല്‍ തന്നെ ഈ കേസില്‍ പരിഗണനാ വിഷയമല്ലെന്നും വിധി വ്യക്തമാക്കുന്നു. വിശ്വാസം ആത്മാര്‍ത്ഥമായുള്ളതും മറ്റുള്ളവര്‍ക്ക് ഏത് വിധത്തിലും ഹാനികരമല്ലാത്തതും ആണെങ്കില്‍ ക്ലാസ് മുറികളില്‍ ഹിജാബ് നിരോധിക്കാന്‍ ന്യായമായ കാരണങ്ങളൊന്നും തന്നെ ഇല്ലെന്നും വിധിയില്‍ ഉണ്ട്.

'വിദ്യാർഥിനികളോട് ഹിജാബ് അഴിച്ചുമാറ്റാൻ പറയുന്നത് മൗലികാവകാശങ്ങളുടെ  ലംഘനം'- ജ. സുധാന്‍ഷു ധൂലിയ
'ഹിജാബ് മതാചാരവുമായി ബന്ധപ്പെട്ടതല്ല '; നിരോധനം നിലനിര്‍ത്തണമെന്ന് ജസ്റ്റിസ് ഹേമന്ത് ഗുപ്ത

ദൈവശാസ്ത്രപരമായ തര്‍ക്കങ്ങള്‍ പരിഹരിക്കാനുള്ള വേദികളല്ല കോടതികളെന്ന് അഭിപ്രായപ്പെട്ട ജസ്റ്റിസ് ധൂലിയ, അന്യായമായ നിയന്ത്രണങ്ങള്‍ നടപ്പാക്കുമ്പോഴോ ഭരണഘടന അനുവദിക്കുന്ന ചട്ടങ്ങള്‍ ലംഘിക്കപ്പെടുമ്പോഴോ ആണ് കോടതികള്‍ ഇടപെടേണ്ടതെന്നും വ്യക്തമാക്കുന്നു. ''മതപരമായ കാര്യങ്ങളില്‍ ഒന്നിലധികം കാഴ്ചപ്പാടുകളുണ്ടാകും. ഒന്നിനെ മറ്റൊന്നിന് മുകളില്‍ സ്ഥാപിക്കുന്നതിന് കോടതിക്ക് ആരും അധികാരം നല്‍കുന്നില്ല.''

പെണ്‍കുട്ടികളുടെ വിദ്യാഭ്യാസമാണോ, സ്‌കൂളുകളിലെ നിര്‍ബന്ധിത ഡ്രസ് കോഡാണോ പ്രധാന പരിഗണനാ വിഷയമെന്ന് സര്‍ക്കാരും സ്‌കൂള്‍ അധികൃതരും വ്യക്തമാക്കേണ്ടതുണ്ടെന്ന് വിധിയിൽ അദ്ദേഹം അഭിപ്രായപ്പെട്ടു.

ക്ലാസ് മുറികള്‍ 'സവിശേഷമായ' പൊതുസ്ഥലമെന്നും അവിടെ മൗലികാവകാശം പ്രയോഗവത്ക്കരിക്കാനാവില്ലെന്നും സ്‌കൂളുകളില്‍ 'നിയന്ത്രിത' അവകാശങ്ങളേ ഉളളൂ എന്നുമുള്ള കര്‍ണാടകാ ഹൈക്കോടതിയുടെ കണ്ടെത്തല്‍ അംഗീകരിക്കാനാവില്ലെന്ന ജസ്റ്റിസ് ധൂലിയ വിധിയില്‍ വ്യക്തമാക്കി. ''ക്ലാസ് മുറികളെ വാര്‍ റൂമുകളുമായോ പ്രതിരോധ ക്യാമ്പുകളുമായോ തുലനം ചെയ്യുന്നത് ശരിയല്ല. സ്‌കൂളുകളില്‍ അച്ചടക്കം അനിവാര്യമാണ്. എന്നാല്‍ വ്യക്തികളുടെ സ്വാതന്ത്ര്യമോ, അന്തസോ ബലികഴിക്കുന്നതാകരുത് അച്ചടക്കം. സ്‌കൂള്‍ ഗേറ്റില്‍ വിദ്യാര്‍ഥിനികളോട് ഹിജാബ് അഴിച്ചുമാറ്റാന്‍ പറയുന്നത് അവളുടെ സ്വകാര്യതയിലേക്കും അന്തസിലേക്കുമുള്ള കടന്നുകയറ്റമാണ്. അനുച്ഛേദം 19(1)(എ)യും അനുച്ഛേദം 21ഉം അനുവദിക്കുന്ന മൗലികാവകാശത്തിന്‌റെ ലംഘനമാണിത്. ഈ അവകാശങ്ങള്‍ പെണ്‍കുട്ടികള്‍ക്ക് സ്‌കൂളിനകത്തും ക്ലാസിനകത്തും ഉണ്ട്. ''

ഹിജാബ് ധരിക്കുന്നു എന്ന കാരണത്താല്‍ മാത്രം ഒരു പെണ്‍കുട്ടിക്ക് വിദ്യാഭ്യാസം നിഷേധിച്ചുകൊണ്ട് അവളുടെ ജീവിതത്തില്‍ എന്ത് മെച്ചമാണ് ഉണ്ടാക്കുന്നതെന്ന് കൂടി പരിശോധിക്കേണ്ടതാണ്.
ജസ്റ്റിസ് സുധാൻഷു ധൂലിയ

ഹിജാബ് നിരോധനം നടപ്പാക്കിയതോടെ സ്‌കൂളില്‍ പഠിക്കുന്ന പെണ്‍കുട്ടികളുടെ എണ്ണത്തില്‍ കുറവുണ്ടായെന്നും ചിലര്‍ക്ക് പരീക്ഷ എഴുതാന്‍ സാധിച്ചില്ലെന്നുമാണ് മനസിലാകുന്നതെന്ന് ജസ്റ്റിസ് ധൂലിയ നിരീക്ഷിച്ചു. ചിലര്‍ ടിസി വാങ്ങി പോയി. പെണ്‍കുട്ടികളുടെ വിദ്യാഭ്യാസമാണോ, സ്‌കൂളുകളിലെ നിര്‍ബന്ധിത ഡ്രസ് കോഡാണോ പ്രധാന പരിഗണനാ വിഷയമെന്ന് സര്‍ക്കാരും സ്‌കൂള്‍ അധികൃതരും വ്യക്തമാക്കേണ്ടതുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

ദൈവശാസ്ത്രപരമായ തര്‍ക്കങ്ങള്‍ പരിഹരിക്കാനുള്ള വേദികളല്ല കോടതികൾ
ജസ്റ്റിസ് സുധാന്‍ഷു ധൂലിയ

പെണ്‍കുട്ടികള്‍ പഠിക്കാനായി സ്‌കൂളില്‍ പോകുന്നത് രാജ്യത്തെ ഏറ്റവും മനോഹരമായ കാഴ്ചയാണ്. അവള്‍ നമ്മുടെ പ്രതീക്ഷയാണ് , ഭാവിയാണ്. സ്വന്തം സഹോദരന്മാരെ താരതമ്യം ചെയ്യുമ്പോള്‍ പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നേടുക വലിയ പ്രയാസമേറിയ കാര്യമാണ്. ഗ്രാമങ്ങളിലും ചെറു നഗരങ്ങളിലും പെണ്‍കുട്ടികള്‍ സ്‌കൂളില്‍ പോകും മുന്‍പ് അമ്മമാരെ വീട്ടുകാര്യങ്ങളില്‍ സഹായിക്കുന്നത് നിത്യകാഴ്ചയാണ്. വിദ്യാഭ്യാസം നേടാന്‍ പെണ്‍കുട്ടികള്‍ കടന്നു പോകുന്ന വെല്ലുവിളി ആണ്‍കുട്ടികളെക്കാള്‍ പലമടങ്ങാണ്. ഈ പശ്ചാത്തലത്തില്‍ കൂടിവേണം ഈ കേസ് പരിഗണിക്കേണ്ടത്. ഹിജാബ് ധരിക്കുന്നു എന്ന കാരണത്താല്‍ മാത്രം ഒരു പെണ്‍കുട്ടിക്ക് വിദ്യാഭ്യാസം നിഷേധിച്ചുകൊണ്ട് അവളുടെ ജീവിതത്തില്‍ എന്ത് മെച്ചമാണ് ഉണ്ടാക്കുന്നതെന്ന് കൂടി പരിശോധിക്കേണ്ടതാണ്.

'വിദ്യാർഥിനികളോട് ഹിജാബ് അഴിച്ചുമാറ്റാൻ പറയുന്നത് മൗലികാവകാശങ്ങളുടെ  ലംഘനം'- ജ. സുധാന്‍ഷു ധൂലിയ
ഹിജാബ് കേസ് വിശാലബെഞ്ചിന് ; ജസ്റ്റിസുമാര്‍ക്കിടയില്‍ ഭിന്നത

ഹിജാബ് ധരിക്കണമെന്നതാണ് ഹര്‍ജിക്കാരുടെ ആവശ്യം. ഒരു ജനാധിപത്യ സംവിധാനത്തില്‍ അത് അത്ര വലിയ ആവശ്യമാണോ? അതെങ്ങനെ പൊതുബോധത്തിനും സദാചാരത്തിനും ആരോഗ്യത്തിനും എതിരാകും? ഭരണഘടനയുടെ മൂന്നാം ഭാഗത്തിലെ വ്യവസ്ഥകള്‍ക്ക് അത് എതിരാകുന്നതെങ്ങനെ? ഈ ചോദ്യങ്ങള്‍ക്ക് കര്‍ണാടകാ ഹൈക്കോടതി വിധി കൃത്യമായ ഉത്തരം നല്‍കുന്നില്ല. ഹിജാബ് ധരിച്ച് ക്ലാസ് മുറിയിലെത്തുന്ന കുട്ടി എങ്ങനെ പൊതുബോധത്തിന് പ്രശ്‌നമുണ്ടാക്കുന്നുവെന്നോ ക്രമസമാധാനപ്രശ്‌നമാകുന്നുവെന്നോ തനിക്ക് മനസിലാകുന്നില്ലെന്നും വിധിയില്‍ ജസ്റ്റിസ് ധൂലിയ വിവരിക്കുന്നു. ഭിന്നതയോട് പൊരുത്തപ്പെട്ട് ജീവിക്കുന്നത് പക്വതയുള്ള സമൂഹത്തിന്‌റെ അടയാളമെന്നും അദ്ദേഹം നിരീക്ഷിച്ചു.

ഹിജാബ് ധരിക്കണോ വേണ്ടയോ എന്നത് തികച്ചും ഒരാളുടെ തിരഞ്ഞെടുപ്പ് മാത്രമാണ്

ഇന്ത്യന്‍ ഭരണഘടനയുടെ വിവിധ ഭാവങ്ങളില്‍ ഒന്നാണ് വിശ്വാസം. നമ്മുടെ ഭരണഘടന ഒരു വിശ്വാസ പ്രമാണം കൂടിയാണ്. ന്യൂനപക്ഷങ്ങള്‍ ഭൂരിപക്ഷത്തില്‍ അര്‍പ്പിക്കുന്ന വിശ്വാസമാണിത്. അത് സംരക്ഷിക്കേണ്ടതുണ്ടെന്ന് സര്‍ദാര്‍ വല്ലഭായ് പട്ടേലിന്‌റെ പ്രസംഗം ഉദ്ധരിച്ച് ജസ്റ്റിസ് ധൂലിയ വ്യക്തമാക്കി.

ഹിജാബ് ധരിക്കണോ വേണ്ടയോ എന്നത് തികച്ചും ഒരാളുടെ തിരഞ്ഞെടുപ്പ് മാത്രമാണ്. ക്ലാസ് മുറിക്കകത്തും ഹിജാബ് ധരിക്കാന്‍ പെണ്‍കുട്ടിക്ക് അവകാശമുണ്ട്. യാഥാസ്ഥിതിക കുടുംബത്തിലുള്ളവര്‍ ഹിജാബ് ധരിച്ചാല്‍ മാത്രമേ സ്‌കൂളില്‍ പോകാന്‍ അനുവദിക്കൂ എന്ന സാഹചര്യം ഉണ്ടാകാം. ആ ഘട്ടത്തില്‍ കുട്ടിക്ക് ഹിജാബ് വിദ്യാഭ്യാസം നേടാനുള്ള ടിക്കറ്റാണ്. ഹിജാബ് നിരോധനം 19(1)(എ), 21, 25(1) അനുച്ഛേദങ്ങളുടെ ലംഘനമെന്നും ആയതിനാല്‍ കര്‍ണാടക ഹൈക്കോടതി ഉത്തരവും സര്‍ക്കാര്‍ ഉത്തരവും റദ്ദാക്കുന്നതായി ജസ്റ്റിസ് ധൂലിയ വിധയില്‍ വ്യക്തമാക്കി.

logo
The Fourth
www.thefourthnews.in