ഗൗതം നവ്‌ലാഖയ്ക്ക് വീട്ടുതടങ്കലിന് സിപിഎമ്മിന്റെ കമ്മ്യൂണിറ്റി ഹാൾ
മനുഷ്യാവകാശ പ്രവർത്തകൻ ഗൗതം നവ്‌ലാഖ വീട്ടുതടങ്കലിനായി തിരഞ്ഞെടുത്തത് നവി മുംബൈയിൽ സിപിഎമ്മിന്റെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന ലൈബ്രറി കെട്ടിടം. ഭീമാ കൊറേഗാവ് എൽഗാർ പരിഷത്ത് കേസിൽ നാല് വർഷമായി വിചാരണ തടവിൽ കഴിയുന്ന മനുഷ്യാവകാശ പ്രവർത്തകൻ ഗൗതം നവ്‌ലാഖയുടെ ആരോഗ്യ സ്ഥിതി കണക്കിലെടുത്ത് ഒരു മാസത്തേക്ക് വീട്ടുതടങ്കലിലേക്ക് മാറ്റാൻ സുപ്രീം കോടതി കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു.
കമ്മ്യൂണിസ്റ്റും ട്രേഡ് യൂണിയൻ നേതാവുമായ ബിടി രണദിവെയുടെ ബഹുമാനാർത്ഥം നവി മുംബൈയിൽ നിർമ്മിച്ച കമ്മ്യൂണിറ്റി ഹാളാണ് ഗൗതം നവ്‌ലാഖ താമസിക്കാൻ തിരഞ്ഞെടുത്തത് .
കമ്മ്യൂണിസ്റ്റും ട്രേഡ് യൂണിയൻ നേതാവുമായ ബിടി രണദിവെയുടെ ബഹുമാനാർത്ഥം നവി മുംബൈയിൽ നിർമ്മിച്ച കമ്മ്യൂണിറ്റി ഹാളാണ് ഗൗതം നവ്‌ലാഖ താമസിക്കാൻ തിരഞ്ഞെടുത്തത് . നവി മുംബൈയിലെ അഗ്രോളി ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന ഈ കെട്ടിടം 1996ലാണ് നിർമ്മിച്ചത്. കമ്മ്യൂണിറ്റി ഹാളായും ലൈബ്രറിയായും വിദ്യാർത്ഥികൾക്കുള്ള വായനശാലയായും കുട്ടികൾക്കുള്ള കരാട്ടെ പരിശീലന സ്കൂളായുമാണ് നിലവിൽ ഇത് ഉപയോഗിച്ചുവരുന്നത്. ലൈബ്രറിയിൽ പ്രധാനമായും മറാത്തി ഭാഷയിലുള്ള 20,000 ത്തിലധികം പുസ്തകങ്ങളാണ് ഉളളത്. നേരത്തെ 2000 അംഗങ്ങളുണ്ടായിരുന്ന ലൈബ്രറിയിൽ ഇപ്പോൾ പ്രതിദിനം എത്തുന്നത് അഞ്ചോ ആറോ പേരാണ്.
നവ്‌ലാഖയും ഭാര്യയും ഒന്നാം നിലയിലേക്ക് താമസിക്കുന്നതിനായി എത്തുന്നതിനാൽ വായനശാല ഇപ്പോൾ അടച്ചുപൂട്ടി
കെട്ടിടത്തിന്റെ ഒന്നാം നിലയിൽ പ്രവർത്തിക്കുന്ന വായനശാല രാവിലെ 10നും വൈകുന്നേരം 5നും ഇടയിലാണ് പ്രവർത്തിച്ച് വരുന്നത്. വായനാശാലയിൽ എത്തുന്നവരുടെ എണ്ണം കുറഞ്ഞപ്പോൾ മറ്റ് പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കാൻ തുടങ്ങി. എന്നാൽ, നിലവിൽ വായനശാല മത്സര പരീക്ഷാ ഉദ്യോഗാർത്ഥികൾക്കായി 100 രൂപ പ്രതിമാസ ഫീസ് ഈടാക്കി രാവിലെ 9 മണിക്ക് തുറക്കുകയും രാത്രി 9 മണിക്ക് അടയ്ക്കുകയും ചെയ്തു വരുന്നു. അതേസമയം, നവ്‌ലാഖയും ഭാര്യയും ഒന്നാം നിലയിലേക്ക് താമസിക്കുന്നതിനായി എത്തുന്നതിനാൽ വായനശാല ഇപ്പോൾ അടച്ചുപൂട്ടി. ഒന്നാം നിലയ്ക്ക് മുകളിൽ പ്രവർത്തിച്ച് വന്നിരുന്ന കുട്ടികളുടെ കരാട്ടെ ക്ലാസും നിർത്തലാക്കി. താമസിക്കുന്നതിന്റെ മുഴുവൻ ചിലവും നവ്‌ലാഖ തന്നെ വഹിക്കണമെന്നായിരുന്നു കോടതി നിർദേശം.
പോലീസ് ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിലാകും വീട്ടുതടങ്കൽ. മുറികൾക്ക് പുറത്തും വീടിന്റെ പ്രധാന വാതിലിന് സമീപത്തും സിസിടിവി ക്യാമറകൾ സ്ഥാപിക്കും. നിരീക്ഷണച്ചെലവായി ഏകദേശം 2.4 ലക്ഷം രൂപയാണ് നവ്‌ലാഖ നൽകേണ്ടത്. കൂടാതെ, സിസിടിവി സ്ഥാപിക്കുന്നതിനുള്ള ചെലവും അദ്ദേഹം വഹിക്കണം. കുറ്റവിമുക്തനാക്കപ്പെട്ടാൽ തുക തിരികെ നൽകുമെന്നാണ് ബെഞ്ച് അറിയിച്ചത്. വീടിന് പുറത്തേക്ക് പോകാൻ നവ്‌ലാഖയ്ക്ക് അനുമതിയില്ല. വ്യായാമത്തിന്റെ ഭാഗമായി നടക്കാൻ പോകണമെങ്കിലും പോലീസ് ഉദ്യോഗസ്ഥർ കൂടെയുണ്ടാകുമെന്നും കഴിഞ്ഞ ദിവസത്തെ കോടതി ഉത്തരവിൽ പറയുന്നു.
ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് നവ്‌ലാഖ കോടതിയിൽ ഇവിടേക്ക് താമസം മാറണമെന്ന് ആവശ്യപ്പെട്ടതിന് പിന്നാലെ കമ്മ്യൂണിറ്റി ഹാളിനെ ഒരു കുടുംബത്തിന് താമസിക്കാൻ അനുയോജ്യമായ ഇടമാക്കി മാറ്റാനുളള ശ്രമത്തിലാണ് പ്രവർത്തകർ. ബിടി രണദിവെയുടെ പേരിലുള്ള ട്രസ്റ്റിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിന്റെ ഒന്നാം നിലയാണ് നവ്‌ലാഖ വീട്ടുതടങ്കലിനായി തിരഞ്ഞെടുത്തത്. സിപിഎമ്മിന്റെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന ലൈബ്രറിക്ക് മുകളിലുള്ള താമസസ്ഥലത്ത് വീട്ടുതടങ്കലിൽ പാർപ്പിക്കണമെന്ന ഗൗതം നവ്‌ലാഖയുടെ ആവശ്യം അംഗീകരിക്കാനാകില്ലെന്ന് എൻഐഎ കോടതിയിൽ എതിർത്തിരുന്നു.
വീട്ടുതടങ്കലിനായി നവ്‌ലാഖ ആവശ്യപ്പെട്ട കെട്ടിടം കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഓഫീസാണെന്ന് ചൂണ്ടിക്കാട്ടിയ സോളിസിറ്റർ ജനറൽ തുഷാർ മേത്തയോട് അതിലെന്താണ് പ്രശ്നമെന്ന് ജസ്റ്റിസ് കെ എം ജോസഫ് ചോദിച്ചിരുന്നു. സിപിഎം ഇന്ത്യയിലെ അംഗീകരിക്കപ്പെട്ട രാഷ്ട്രീയ പാർട്ടിയാണെന്നും കോടതി കഴിഞ്ഞ ദിവസം ചൂണ്ടിക്കാട്ടി. കമ്യൂണിസ്‌റ്റ് പാർടി നിരോധിത സംഘടനയാണോയെന്ന് ജസ്‌റ്റിസ് കെ എം ജോസഫ് സോളിസിറ്റർ ജനറൽ തുഷാർമെഹ്‌തയോട് ചോദിച്ചു. തനിക്ക് അതേക്കുറിച്ച് അറിയില്ലെന്നായിരുന്നു സോളിസിറ്റർ ജനറലിന്റെ പ്രതികരണം.
കമ്യൂണിസ്‌റ്റ് പാർടി നിരോധിത സംഘടന അല്ലെന്നും എൻഐഎയുടെ വാദം കോടതിയെ നടുക്കാൻ ഉദ്ദേശിച്ചുള്ളതാണെങ്കിൽ അത് വിലപ്പോകില്ലെന്നും ജസ്‌റ്റിസ് കെ എം ജോസഫ് നിരീക്ഷിച്ചു. കമ്യൂണിസ്‌റ്റ് പാർടി മാവോയിസ്‌റ്റുകൾക്ക് എതിരാണ്. ലൈബ്രറി നടത്തുന്നത് ബി ടി രണദിവേ ട്രസ്‌റ്റാണ്. രണദിവേയും ഇഎംഎസ് നമ്പൂതിരിപ്പാടും കമ്യൂണിസ്‌റ്റ് സമുന്നത നേതാക്കളാണ് - നവ്‌ലാഖയുടെ അഭിഭാഷക നിത്യാരാമകൃഷ്‌ണൻ വിശദീകരിച്ചു. തുടർന്ന്, നവ്‌ലാഖയുടെ ആരോഗ്യസ്ഥിതി കണക്കിലെടുത്ത് ഒരു മാസത്തേക്ക് കർശനമായ ഉപാധികളോടെയാണ് സുപ്രീം കോടതി വീട്ടുതടങ്കലിനുള്ള അനുമതി നൽകിയത്.