പ്രൊഫ. ജിഎന്‍ സായിബാബയെ കുറ്റവിമുക്തനാക്കിയ നടപടി മരവിപ്പിച്ച് സുപ്രീംകോടതി
മാവോയിസ്റ്റ് ബന്ധമുണ്ടെന്ന കേസില്‍ ഡല്‍ഹി സര്‍വകലാശാല മുന്‍ പ്രൊഫസര്‍ ജിഎന്‍ സായിബാബയെ കുറ്റവിമുക്തനാക്കിയ ബോംബെ ഹൈക്കോടതി വിധി സുപ്രീം കോടതി മരവിപ്പിച്ചു. കേസിൽ നിലവിൽ ജയിൽ ശിക്ഷ അനുഭവിക്കുന്ന സായിബാബയടക്കം അഞ്ച് പേരെയും വെറുതെ വിട്ടുകൊണ്ട് വെള്ളിയാഴ്ചയാണ് ബോംബെ ഹൈക്കോടതിയുടെ നാഗ്പൂർ ബെഞ്ച് വിധി പുറപ്പെടുവിച്ചത്. ഇതിനെതിരെ മഹാരാഷ്ട്രാ സർക്കാർ നൽകിയ അപ്പീലിലാണ് സുപ്രീംകോടതി ഡിവിഷൻ ബെഞ്ചിന്റെ നടപടി. ജസ്റ്റിസ് എംആർ ഷാ, ബേല എം ത്രിവേദി എന്നിവരടങ്ങിയ ബെഞ്ച്, അവധി ദിനമായ ശനിയാഴ്ച പ്രത്യേക സിറ്റിങ് നടത്തിയാണ് ഹർജി പരിഗണിച്ചത്. കേസിൽ മറ്റൊരു ഉത്തരവ് ഉണ്ടാകുന്നത് വരെ ഹൈക്കോടതി വിധി താത്ക്കാലികമായി മരവിപ്പിച്ച കോടതി, ഹർജികൾ സമർപ്പിക്കാൻ നാല് ആഴ്ച സമയപരിധിയും നൽകി.
തെളിവുകളുടെ വിശദമായ പരിശോധനയ്ക്ക് ശേഷമാണ് കുറ്റാരോപിതരെ ശിക്ഷിച്ചതെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു. ഗൗരവമേറിയതെന്നും കോടതി പറഞ്ഞു. സാമൂഹിക വിരുദ്ധവും രാജ്യത്തിൻറെ പരമാധികാരത്തിനും അഖണ്ഡതയ്ക്കും എതിരാണ് കുറ്റകൃത്യങ്ങളെന്നും രണ്ടംഗ സുപ്രീംകോടതി ബെഞ്ച് വ്യക്തമാക്കി. ബോംബെ ഹൈക്കോടതി വിഷയത്തിനറെ മെറിറ്റിലേക്ക് കടന്നില്ലെന്നും സാങ്കേതികത്വം ചൂണ്ടിക്കാട്ടിയാണ് ശിക്ഷ റദ്ദാക്കിയതെന്നും നിരീക്ഷിച്ചാണ് സുപ്രീംകോടതിയുടെ നടപടി. യുഎപിഎ പ്രകാരമുള്ള വിചാരണയ്ക്ക് ആവശ്യമായ അനുമതി തേടിയിരുന്നില്ലെന്നും അതിനാൽ വിചാരണ അസാധുവെന്നുമാണ് ഹൈക്കോടതി വിധി വ്യക്തമാക്കിയത്.
ബോംബെ ഹൈക്കോടതി ഭാഗത്ത് തെറ്റുണ്ടെന്നും കേസിന്റെ മെറിറ്റിലേക്ക് കടക്കാതെ കുറുക്ക് വഴിയിലൂടെയാണ് വിധി പ്രസ്താവിച്ചതെന്നും സുപ്രീം കോടതി
വിചാരണയ്ക്ക് ആവശ്യമായ അനുമതി നേടിയിട്ടില്ലെന്ന വാദം സായിബാബ ഒരിക്കൽ പോലും ഉന്നയിച്ചിട്ടില്ലെന്നായിരുന്നു മഹാരാഷ്ട്രാ സർക്കാരിന് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മെഹ്ത്ത പ്രധാനമായും വാദിച്ചത്. അത് കണക്കിലെടുത്ത കോടതി വിചാരണ സമയത്ത് കോടതിയിൽ അങ്ങനെയൊരു ആവശ്യം ഉന്നയിച്ചിട്ടുണ്ടോ എന്ന് സായിബാബയ്ക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ആർ ബസന്തിനോട് ചോദിച്ചു. ബോംബെ ഹൈക്കോടതി ഭാഗത്ത് തെറ്റുണ്ടെന്നും കേസിന്റെ മെറിറ്റിലേക്ക് കടക്കാതെ കുറുക്ക് വഴിയിലൂടെയാണ് വിധി പ്രസ്താവിച്ചതെന്നും സുപ്രീം കോടതി പറഞ്ഞു. വിചാരണ കോടതിയുടെ കണ്ടെത്തലുകൾ പരിഗണിക്കാതെ സാങ്കേതിക കാരണങ്ങൾ ചൂണ്ടികാട്ടി മാത്രം അപ്പീൽ കോടതിക്ക് ഒരാളെ കുറ്റവിമുക്തനാക്കാൻ സാധിക്കില്ലെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടി.
അതേസമയം ഹൈക്കോടതിയുടെ വിധിയിൽ തെറ്റില്ലെന്ന് മുതിർന്ന അഭിഭാഷകൻ ആർ ബസന്ത് വാദിച്ചു. യുഎപിഎ നിയമം ദുരുപയോഗം ചെയ്യാതിരിക്കാൻ വേണ്ടിയുള്ള നിയമം പാലിക്കാത്തതിനാലാണ് സായിബാബ ഉൾപ്പെടെയുള്ളവരെ കുറ്റവിമുക്തരാക്കിയത്. യുഎപിഎ പ്രകാരം കേസ് എടുക്കണമോ വേണ്ടയോ എന്നത് തീരുമാനിക്കേണ്ടത് ശുപാർശ സമിതിയാണ്. എന്നാൽ ഈ കേസിൽ അങ്ങനെ ഉണ്ടായിട്ടില്ലെന്നും ബസന്ത് കോടതിയിൽ വാദിച്ചു.
വെള്ളിയാഴ്ച രാവിലെയാണ് മാവോയിസ്റ്റ് ബന്ധം ആരോപിക്കപ്പെട്ട കേസിൽ സായിബാബ അടക്കം അഞ്ച് പേരെ കുറ്റവിമുക്തരാക്കി ബോംബെ ഹൈക്കോടതിയുടെ നാഗ്പൂർ ബെഞ്ച് വിധി പറഞ്ഞത്. തുടർന്ന് വിധി റദ്ദാക്കണമെന്ന് മഹാരാഷ്ട്രാ സർക്കാരിന് വേണ്ടി സോളിസിറ്റർ ജനറൽ സുപ്രീംകോടതിയിൽ വാക്കാൽ ആവശ്യപ്പെട്ടു. ഇത് അനുവദിക്കാഞ്ഞ കോടതി അപ്പീൽ നൽകാൻ ആവശ്യപ്പെടുകയായിരുന്നു. തുടർന്നാണ് അപ്പീൽ പരിഗണിക്കാൻ പ്രത്യേക സിറ്റിങ് വിളിച്ച സുപ്രീംകോടതിയുടെ ഇടപെടൽ.
വീട്ടുതടങ്കലിനുള്ള അഭ്യർത്ഥന ഈ ഘട്ടത്തിൽ അനുവദിക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി
ശരീരത്തിന്റെ 90 ശതമാനവും തളർന്ന സായിബാബയുടെ ആരോഗ്യസ്ഥിതി പരിഗണിച്ചെങ്കിലും ജയിലിലേക്ക് തിരിച്ചയക്കരുതെന്ന് അഭിഭാഷകനായ ബസന്ത് അഭ്യർത്ഥിച്ചു. ജാമ്യത്തിനായി ഏത് ഉപാധിയും അനുസരിക്കാമെന്നും അദ്ദേഹം പറഞ്ഞു. വീട്ടുതടങ്കലിനെ കുറിച്ച് കോടതി പറഞ്ഞപ്പോൾ 'അർബൻ നക്‌സലുകളിൽ' നിന്ന് നിരന്തരം വീട്ടുതടങ്കൽ അഭ്യർത്ഥന ഉയരാറുണ്ടെന്നായിരുന്നു സോളിസിറ്റർ ജനറൽ തുഷാർ മെഹ്ത്ത വാദിച്ചത്. വീട്ടുതടങ്കലിൽ ഇരുന്ന് കൊണ്ട് ഇവർ കുറ്റകൃത്യങ്ങൾ ആസൂത്രണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. വീട്ടുതടങ്കലിനുള്ള അഭ്യർത്ഥന ഈ ഘട്ടത്തിൽ അനുവദിക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി. ഒന്നര മണിക്കൂറിലേറെ നീണ്ട വാദപ്രതിവാദങ്ങൾക്കൊടുവിലാണ് സുപ്രീംകോടതി വിധി പുറപ്പെടുവിച്ചത്.