മഹാരാഷ്ട്രയില്‍ 18 അംഗ മന്ത്രിസഭ ; ബിജെപിക്കും ശിവസേനയ്ക്കും തുല്യപങ്കാളിത്തം
വലിയ രാഷ്ട്രീയ നാടകങ്ങള്‍ക്കും അനിശ്ചിതത്വങ്ങള്‍ക്കുമൊടുവില്‍ മഹാരാഷ്ട്രയില്‍ മന്ത്രിസഭാ രൂപീകരണം. ബിജെപിയില്‍ നിന്നും ശിവസേനയില്‍ നിന്നും ഒന്‍പത് പേര്‍ വീതം സത്യപ്രതിജ്ഞ ചെയ്തു. ബിജെപി പിന്തുണയില്‍ ഏക്‌നാഥ് ഷിന്‍ഡെ സര്‍ക്കാര്‍ അധികാരത്തിലേറി 40 ദിവസങ്ങള്‍ പിന്നിടുമ്പോഴാണ് മന്ത്രിസഭ രൂപീകരിക്കുന്നത്. ഇതുവരെ മുഖ്യമന്ത്രി ഷിന്‍ഡെയും ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസും മാത്രം ചേരുന്നതായിരുന്നു മന്ത്രിസഭ.
രാവിലെ പതിനൊന്നോടെ രാജ്ഭവനിലായിരുന്നു ചടങ്ങ്. അജിത് പവാര്‍ അടക്കമുള്ള പ്രതിപക്ഷ നേതാക്കളെയും കേന്ദ്രമന്ത്രിമാരെയും ചടങ്ങിന് ക്ഷണിച്ചിരുന്നു. മന്ത്രിസഭാ വികസനം ഷിന്‍ഡെ ക്യാമ്പില്‍ പൊട്ടിത്തെറിയുണ്ടാക്കുമെന്ന പ്രതീക്ഷ ഉദ്ധവ് പക്ഷത്തിനുണ്ട്. 12 വിമത എംഎല്‍എമാരുമായി ആശയവിനിമയം നടക്കുന്നുണ്ടെന്ന് ഉദ്ധവ് പക്ഷത്തുള്ള എം പി വിനായക് റാവത്ത് പ്രതികരിച്ചിരുന്നു.
ബിജെപി സംസ്ഥാന പ്രസിഡന്റ് ചന്ദ്രകാന്ത് പട്ടേല്‍, രാധാകൃഷ്ണ വിഖെ പട്ടേല്‍, സുധീര്‍ മുങ്കന്തിവാര്‍, സുരേഷ് ഖാഡെ, ഗിരീഷ് മഹാജന്‍, രവീന്ദ്ര ചൗഹാന്‍, മംഗള്‍ പ്രഭാത് ലോധ, വിജയകുമാര്‍ ഗവിത്, അതുല്‍ സാവെ എന്നിവരാണ് ബിജെപിയില്‍ നിന്ന് സത്യപ്രതിജ്ഞ ചെയ്തത്.
ദാദാ ഭുസെ, സന്ദീപന്‍ ഭുംറെ, ഉദയ് സാമന്ത്, താനാജി സാവന്ത്, അബ്ദുള്‍ സത്താര്‍, ദീപക് കേസര്‍ക്കര്‍, ഗുലാബ്രാവോ പട്ടീല്‍, സഞ്ജയ് റാത്തോഡ്, ശംഭുരാജ് ദേശായി എന്നിവര്‍ ഷിന്‍ഡെ പക്ഷത്ത് നിന്നും സത്യപ്രതിജ്ഞ ചെയ്തു.
വിമത എംഎല്‍എമാരുടെ സംഘത്തില്‍ ഷിന്‍ഡെയോടൊപ്പം അഞ്ച് കാബിനറ്റ് മന്ത്രിമാരും നാല് സംസ്ഥാന മന്ത്രിമാരും ഉള്‍പ്പെടെ ഒമ്പത് മന്ത്രിമാരുണ്ടായിരുന്നു. ഈ എംഎല്‍എമാരെയെല്ലാം വീണ്ടും മന്ത്രിമാരാക്കുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. ഇതിനിടെ ചില ചെറുപാര്‍ട്ടികളും സ്വതന്ത്രരും സര്‍ക്കാരിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു.
കഴിഞ്ഞ മാസമാണ് മഹാരാഷ്ട്രയില്‍ സഖ്യസര്‍ക്കാറിനെ അട്ടിമറിച്ച് ശിവസേന വിമതരും ബിജെപിയും ഭരണം പിടിച്ചെടുത്തത്. തുടര്‍ന്ന് ശിവസേനക്കായുള്ള അവകാശവാദമുന്നയിച്ച് ഇരുവിഭാഗവും രംഗത്തെത്തിയിരുന്നു.