ക്രിസ്ത്യന്‍, ഇസ്ലാം മതങ്ങളിലേക്ക് പരിവര്‍ത്തനം ചെയ്ത പട്ടികജാതിക്കാര്‍ക്കായി കമ്മീഷന്‍; നിര്‍ണായക നടപടിയുമായി കേന്ദ്രം
ക്രിസ്ത്യന്‍, മുസ്ലിം മതങ്ങളിലേക്ക് പരിവര്‍ത്തനം ചെയ്ത പട്ടികജാതിക്കാര്‍ക്ക് സംവരണം നല്‍കുന്നത് പരിശോധിക്കാന്‍ കേന്ദ്രം കമ്മീഷനെ നിയോഗിക്കുന്നു. പരിവര്‍ത്തിതരുടെ സാമൂഹ്യ, സാമ്പത്തിക, വിദ്യാഭ്യാസ അവസ്ഥകളെക്കുറിച്ച് കമ്മീഷന്‍ പഠനം നടത്തും. പരിവര്‍ത്തിതര്‍ക്ക് സംവരണം ആവശ്യപ്പെട്ടു കൊണ്ടുള്ള ഹര്‍ജികള്‍ സുപ്രീംകോടതിയില്‍ നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് കേന്ദ്ര നടപടി. കമ്മീഷനെ നിയോഗിക്കാനുള്ള ശുപാര്‍ശക്ക് ന്യൂനപക്ഷ ക്ഷേമ മന്ത്രാലയം അംഗീകാരം നല്‍കി എന്നാണ് റിപ്പോര്‍ട്ട്.
കമ്മീഷനെ നിയോഗിക്കാനുള്ള ശുപാര്‍ശക്ക് ന്യൂനപക്ഷ ക്ഷേമ മന്ത്രാലയം അംഗീകാരം നല്‍കി എന്നാണ് റിപ്പോര്‍ട്ട്.
പട്ടികജാതി, പട്ടികവര്‍ഗ്ഗ വിഭാഗങ്ങളെ പറ്റി പരാമര്‍ശിക്കുന്ന ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 341-ാം വകുപ്പ് പ്രകാരം ഹിന്ദു, സിഖ്, ബുദ്ധ മതങ്ങളില്‍ ഉള്‍പ്പെടുന്നവര്‍ക്ക് മാത്രമേ പട്ടികജാതിയില്‍ അംഗമാകാന്‍ സാധിക്കുകയുള്ളൂ. 1950ല്‍ നിയമം നിലവില്‍ വരുമ്പോള്‍ ഹിന്ദു മതം മാത്രം ഉള്‍പ്പെട്ട നിയമത്തില്‍ പിന്നീട് 1956ല്‍ സിഖ് മതവും 1990ല്‍ ബുദ്ധമതവും ഉള്‍പ്പെടുത്തുകയായിരുന്നു.
കഴിഞ്ഞ ഓഗസ്റ്റ് 30ന് ജസ്റ്റിസ് സഞ്ജയ് കൗള്‍ അദ്ധ്യക്ഷനായ ബെഞ്ചിനോട് ഹര്‍ജിക്കാര്‍ ഉന്നയിച്ച വിഷയത്തിലുള്ള സര്‍ക്കാറിന്റെ നിലപാട് വൈകാതെ അറിയിക്കാമെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മെഹ്ത്ത അറിയിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് ബെഞ്ച് മെഹ്ത്തയ്ക്ക് മൂന്നാഴ്ച്ചത്തെ സമയം അനുവദിക്കുകയും കേസ് ഒക്ടോബര്‍ 11-ലേക്ക് മാറ്റുകയും ചെയ്തു.
കേന്ദ്രം നിയോഗിക്കുന്ന കമ്മീഷനില്‍ നാല് അംഗങ്ങളുണ്ടാകുമെന്നാണ് വിവരം. ഒരു കേന്ദ്ര മന്ത്രിയാകും അദ്ധ്യക്ഷ സ്ഥാനം വഹിക്കുക. കമ്മീഷന്റെ പഠന റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഒരു വര്‍ഷത്തെ സമയമാണ് അനുവദിക്കുന്നത്.
പട്ടികവര്‍ഗ്ഗത്തിനും ഒബിസിക്കും നിര്‍ദ്ദിഷ്ടമതം ആയിരിക്കണമെന്ന അനുശാസിക്കുന്നില്ലാത്തതിനാല്‍ വിഷയം ബാധകമാകുന്നത് ദളിതര്‍ക്ക് മാത്രമാണ്. ഇപ്പോള്‍ പട്ടികജാതിക്കാര്‍ക്ക് കേന്ദ്രസര്‍ക്കാര്‍ ജോലികളിലുള്ള റിസര്‍വേഷന്‍ 15%വും പട്ടികവര്‍ഗ്ഗക്കാര്‍ക്ക് 7.5%വും ഒബിസിക്ക് 27 ശതമാനവുമാണ്.
ഇതാദ്യമായല്ല പരിവര്‍ത്തിത ദളിതര്‍ക്ക് സംവരണം വേണമെന്ന ആവശ്യം ഉയരുന്നത്. 2004ല്‍ യുപിഎ സര്‍ക്കാറിന്റെ കാലത്ത് ജസ്റ്റിസ് രംഗനാഥ് മിശ്രയുടെ അദ്ധ്യക്ഷതയില്‍ സാമൂഹ്യമായും സാമ്പത്തികമായും പിന്നാക്കം നില്‍ക്കുന്ന ന്യൂനപക്ഷങ്ങളുടെ ഉന്നമനത്തിനായുള്ള നിര്‍ദ്ദേശങ്ങള്‍ ശുപാര്‍ശ ചെയ്യാനായി കമ്മീഷന്‍ രൂപീകരിച്ചിരുന്നു. 2007ല്‍ കമ്മീഷന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പട്ടികജാതിക്ക് നിര്‍ദ്ദിഷ്ടമതം നിഷ്‌കര്‍ഷിക്കരുതെന്നും പട്ടികവര്‍ഗ്ഗം പോലെ ഏത് മതത്തിലും നിലനില്‍ക്കാന്‍ അനുവദിക്കണമെന്നും നിര്‍ദ്ദേശം നല്‍കി. എന്നാല്‍ മതിയായ പഠനങ്ങളുണ്ടായിട്ടില്ലെന്ന കാരണം പറഞ്ഞ് അന്നത്തെ യുപിഎ സര്‍ക്കാര്‍ നിര്‍ദ്ദേശം തള്ളുകയായിരുന്നു.