ശ്രീലങ്കൻ പാർലമെന്റ്
(ഫയൽ ചിത്രം)
ശ്രീലങ്കൻ പാർലമെന്റ് (ഫയൽ ചിത്രം)

രാഷ്ട്രപതിയുടെ ഓഫീസ് ഒഴിഞ്ഞുകിടക്കുന്നത് രണ്ടാം തവണ; എന്താണ് ശ്രീലങ്കയിലെ എക്സിക്യൂട്ടീവ് പ്രസിഡൻസി

ശ്രീലങ്കയുടെ എക്‌സിക്യൂട്ടീവ് പ്രസിഡൻസിയുടെ 44 വർഷത്തിനിടെ ഇത് രണ്ടാം തവണയാണ് പ്രസിഡന്‍റിന്‍റെ ഓഫീസ് ഒഴിഞ്ഞുകിടക്കുന്നത്
Updated on
3 min read

സമാനതകളില്ലാത്ത പ്രതിസന്ധിയിലൂടെയാണ് ശ്രീലങ്ക കടന്നുപോകുന്നത്. പ്രസിഡന്റിന്റെയും പ്രധാനമന്ത്രിയുടെയും വസതികളടക്കം പ്രതിഷേധക്കാർ കയ്യേറി. പ്രതിഷേധം ഭയന്ന് പ്രസിഡന്റ് ​ഗോതബയ രജപക്സെ രാജ്യം വിട്ടു.

ശ്രീലങ്കയുടെ എക്‌സിക്യൂട്ടീവ് പ്രസിഡൻസിയുടെ 44 വർഷത്തിനിടെ ഇത് രണ്ടാം തവണയാണ് പ്രസിഡന്‍റിന്‍റെ ഓഫീസ് ഒഴിഞ്ഞുകിടക്കുന്നത്. 1993 ൽ വടക്കൻ കൊളംബോയിൽ മേയ് ദിന റാലിക്കിടെ എൽടിടിഇ ചാവേറാക്രമണത്തിൽ അന്നത്തെ പ്രസിഡന്റായിരുന്ന രണസിം​ഗെ പ്രേമദാസ കൊല്ലപ്പെട്ടപ്പോഴായിരുന്നു ഓഫീസ് ആദ്യമായി ഒഴി‍ഞ്ഞുകിടന്നത്.

പ്രേമദാസയുടെ പിൻ​ഗാമിയെ തെരഞ്ഞടുക്കുന്നത് വരെ അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ദിൻഗിരി ബന്ദ വിജേതുംഗ ആക്ടിംഗ് പ്രസിഡന്റായി. പിന്നീട് പ്രേമദാസയുടെ ശേഷിക്കുന്ന കാലാവധി പൂർത്തിയാക്കാൻ പാർലമെന്റ് ഏകകണ്ഠമായി തെരഞ്ഞെടുത്ത വിജേതും​ഗ ശ്രീലങ്കയുടെ മൂന്നാമത്തെ എക്സിക്യൂട്ടീവ് പ്രസിഡന്റായി സത്യപ്രതി‍ജ്ഞ ചെയ്തു.

രണസിം​ഗെ പ്രേമദാസ
രണസിം​ഗെ പ്രേമദാസ

ശ്രീലങ്കയിലെ എക്സിക്യൂട്ടീവ് പ്രസിഡൻഷ്യൽ സംവിധാനം

പുതിയ ഭരണഘടന നിലവിൽ വരുന്നതുവരെ പ്രസിഡന്റിന്റെ എക്സിക്യൂട്ടീവ് അധികാരങ്ങൾ വെട്ടിക്കുറയ്ക്കുക, ജനാധിപത്യ സ്ഥാപനങ്ങളും ജനാധിപത്യവൽക്കരണവും ശക്തിപ്പെടുത്തുക തുടങ്ങിയ പ്രധാന ആവശ്യങ്ങളാണ് ശ്രീലങ്കയിലെ പ്രതിഷേധക്കാർ മുന്നോട്ട് വെയ്ക്കുന്നത്. കൂടുതൽ സുസ്ഥിരവും കേന്ദ്രീകൃതവും സ്വേച്ഛാധിപത്യപരവുമായ ഒരു രാഷ്ട്രീയഘടന സ്ഥാപിക്കുന്നതിനാണ് 1978ൽ ശ്രീലങ്കയിൽ എക്‌സിക്യൂട്ടീവ് പ്രസിഡൻസി അവതരിപ്പിച്ചത്. എക്സിക്യൂട്ടീവ് പ്രസിഡന്റിനാണ് രാജ്യത്തിന്റെ പരമാധികാരം.

1970കളുടെ അവസാനത്തോടെ വെസ്റ്റ്മിൻസ്റ്റർ മാതൃകയിലുള്ള പ്രധാനമന്ത്രി സമ്പ്രദായം സുസ്ഥിരമല്ലാത്ത ക്ഷേമ ചെലവുകൾക്കും അമിതമായ ഭരണകൂട നിയന്ത്രണത്തിനും സാമ്പത്തിക സ്തംഭനത്തിനും കാരണമായെന്ന് ആരോപണം ഉയർന്നിരുന്നു. രണസിം​ഗെ പ്രേമദാസയുടെ മുൻ​ഗാമിയായിരുന്ന ജെ ആർ ജയവർധനയാണ് എക്സിക്യൂട്ടീവ് പ്രസിഡൻഷ്യൽ സംവിധാനം കൊണ്ടുവന്നത്. ആദ്യ എക്സിക്യൂട്ടീവ് പ്രസിഡന്റായിരുന്ന ജയവർധനെ 1978 മുതൽ 1989 വരെ പദവിയില്‍ തുടർന്നു.

ജെ ആർ ജയവർധനെ
ജെ ആർ ജയവർധനെJ R Jayewardene

പ്രധാനമന്ത്രി, കാബിനറ്റ്, ക്യാബിനറ്റ് ഇതര മന്ത്രിമാർ, പ്രവിശ്യാ ഗവർണർമാർ, അംബാസഡർമാർ, സായുധ സേനയിലെ ഉന്നത ഉദ്യോഗസ്ഥർ, ചീഫ് ജസ്റ്റിസ്, സുപ്രീം കോടതി ജസ്റ്റിസുമാർ, മറ്റ് സുപ്രധാന ഉദ്യോഗസ്ഥർ തുടങ്ങിയ തന്ത്രപ്രധാന നിയമനങ്ങൾ എക്സിക്യൂട്ടീവ് പ്രസിഡന്റാണ് നടത്തുക. രാഷ്ട്രപതിക്ക് എപ്പോൾ വേണമെങ്കിലും അടിയന്തരാവസ്ഥ പ്രഖ്യാപിക്കാനും കുറ്റവാളികൾക്ക് മാപ്പ് നൽകാനുമുള്ള അധികാരമുണ്ട്. ഇതിനൊപ്പം സിവിൽ, ക്രിമിനൽ നിയമ നടപടികളിൽ നിന്ന് സ്വയം സംരക്ഷണം നേടാനും കഴിയും.

ശ്രീലങ്കയിലെ ജനങ്ങൾ സർവ്വശക്തമായ എക്‌സിക്യൂട്ടീവ് പ്രസിഡൻസിയെ പിന്തുണച്ച സമയങ്ങളുമുണ്ട്

പാർലമെന്റിന്റെയും ജനങ്ങളുടെയും ഇഷ്ടാനിഷ്ടങ്ങൾക്കും ആ​ഗ്രഹങ്ങൾക്കും വിധേയമാകാത്ത ഒന്നായിരുന്നു എക്സിക്യൂട്ടീവ് പ്രസിഡന്റ് പദവി. 1994, 1999, 2005, 2015 വർഷങ്ങളിൽ എക്സിക്യൂട്ടീവ് പ്രസിഡൻസി നിർത്തലാക്കുകയോ പരിഷ്കരിക്കുകയോ ചെയ്യുമെന്ന് വാഗ്ദാനം ചെയ്ത സ്ഥാനാർത്ഥികൾക്ക് ശ്രീലങ്കക്കാർ വോട്ട് ചെയ്തു. എക്സിക്യൂട്ടീവിന്റെ അധികാരങ്ങൾ പരിമിതപ്പെടുത്താനുള്ള ശ്രമങ്ങളും അന്നുണ്ടായി.

എന്നാൽ ശ്രീലങ്കയിലെ ജനങ്ങൾ സർവ്വശക്തമായ എക്‌സിക്യൂട്ടീവ് പ്രസിഡൻസിയെ പിന്തുണച്ച സമയങ്ങളുമുണ്ട്. പ്രത്യേകിച്ചും ദേശീയ സുരക്ഷ ഉറപ്പാക്കാൻ അനിയന്ത്രിതമായ അധികാരമുള്ള ശക്തമായ ഒരു പ്രസിഡന്റ് ആവശ്യമാണെന്ന് അവരെ ബോധ്യപ്പെടുത്താൻ രാജപക്‌സെമാര്‍ക്ക് കഴിഞ്ഞപ്പോൾ. ജനങ്ങൾക്കിടയിൽ നിലനിന്ന ഈ വാദമാണ് 2010ലും 2020ലും ഭരണഘടനയുടെ 18, 20 ഭേദഗതികൾ പാസാക്കാൻ ഉപയോഗിച്ചത്.

17 മുതൽ 20 വരെ ഭേദഗതികൾ

കഴിഞ്ഞ 20 വർഷത്തിനിടെ എക്‌സിക്യൂട്ടീവ് പ്രസിഡൻസിയുമായി ബന്ധപ്പെട്ട് നാല് ഭേദഗതികളാണ് വരുത്തിയത്. 2001ലെ 17-ാം ഭേദഗതി ഉപരി ജുഡീഷ്യറി, തിരഞ്ഞെടുപ്പ് കമ്മീഷൻ, അഴിമതി കമ്മീഷൻ തുടങ്ങിയ സ്വതന്ത്ര കമ്മീഷനുകളുടെ നിയമനം സംബന്ധിച്ച പ്രസിഡന്റിന്റെ അധികാരങ്ങൾ കുറച്ചു. പ്രസിഡന്റ് സ്ഥാനത്തിനുള്ള രണ്ട് ടേം പരിധി എടുത്തുകളയുന്നതായിരുന്നു 18-ാം ഭേദഗതി. 2010ൽ അന്നത്തെ പ്രസിഡന്റ് മഹിന്ദ രാജപക്‌സെയാണ് 18-ാം ഭേദഗതി കൊണ്ടുവന്നത്. കൂടാതെ 10 അംഗ ഭരണഘടനാ കൗൺസിലിനെ അഞ്ചംഗ പാർലമെന്ററി കൗൺസിലിലേക്ക് മാറ്റുകയും സ്വതന്ത്ര കമ്മീഷനുകളെ പ്രസിഡന്റിന്റെ അധികാരത്തിന് കീഴിലാക്കുകയും ചെയ്തു.

എക്സിക്യൂട്ടീവ് പ്രസിഡൻസിയുമായി ബന്ധപ്പെട്ട ഏറ്റവും മോശം നിയമനിർമ്മാണമായിരുന്നു നിലവിലെ ഭരണത്തിന് കീഴിലുള്ള 2020 ലെ 20-ാം ഭേദഗതി

2015ൽ മഹിന്ദ രാജപക്‌സെയുടെ പരാജയത്തെത്തുടർന്ന് പ്രസിഡന്റ് മൈത്രിപാല സിരിസേന 18-ാം ഭേദഗതിയിലൂടെ വരുത്തിയ മിക്ക മാറ്റങ്ങളും 19-ാം ഭേദഗതിയിലൂടെ ഇല്ലാതാക്കി. 2015ലെ ഭേദഗതി പ്രസിഡൻറ് സ്ഥാനത്തിനുള്ള രണ്ട് ടേം പരിധി പുനഃസ്ഥാപിക്കുകയും മന്ത്രിമാരെ നിയമിക്കുമ്പോൾ എക്സിക്യൂട്ടീവ് പ്രസിഡൻറ് പ്രധാനമന്ത്രിയുമായി കൂടിയാലോചിക്കണമെന്നും പറയുന്നു. എക്സിക്യൂട്ടീവ് പ്രസിഡൻസിയുമായി ബന്ധപ്പെട്ട ഏറ്റവും മോശം നിയമനിർമ്മാണമായിരുന്നു നിലവിലെ ഭരണത്തിന് കീഴിലുള്ള 2020 ലെ 20-ാം ഭേദഗതി. 19-ാം ഭേദഗതി കൊണ്ടുവന്ന മിക്ക പരിഷ്കാരങ്ങളും 20-ാം ഭേദഗതി ഇല്ലാതാക്കി.

21-ാം ഭേദഗതിയും എക്സിക്യൂട്ടീവ് പ്രസിഡൻസിയുടെ ഭാവിയും

1990കൾ മുതൽ എക്‌സിക്യൂട്ടീവ് പ്രസിഡന്റ് സ്ഥാനം പൂർണ്ണമായും നീക്കം ചെയ്യണമോ അതോ വ്യവസ്ഥിതിയിൽ മാറ്റങ്ങൾ വരുത്തിയാൽ മതിയോ എന്നതിനെക്കുറിച്ചുള്ള ചർച്ചകൾ നടക്കുന്നുണ്ട്. എക്സിക്യൂട്ടീവ് പ്രസിഡൻസി റദ്ദാക്കുന്നത് 1978ലെ ഭരണഘടന അസാധ്യമാക്കുന്നു. എക്സിക്യൂട്ടീവ് പ്രസിഡൻസിയിൽ മാറ്റം വരുത്താൻ ഒരാൾക്ക് പാർലമെന്റിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷവും ജനഹിതപരിശോധനയിലൂടെ പൊതുജനങ്ങളുടെ സമ്മതവും ആവശ്യമാണ്. സങ്കീർണതകൾ കണക്കിലെടുത്ത് പരിഷ്കർത്താക്കൾ വ്യവസ്ഥയിൽ ഭേദഗതി വരുത്താനാണ് ശ്രമിക്കുന്നത്.

ശ്രീലങ്കയിലെ പ്രധിഷേധക്കാർ
ശ്രീലങ്കയിലെ പ്രധിഷേധക്കാർ

സ്വാതന്ത്ര്യത്തിന് ശേഷം ഏറ്റവും മോശം രീതിയിലുള്ള സാമ്പത്തിക പ്രതിസന്ധിയാണ് ശ്രീലങ്കയിൽ നിലവിലുള്ളത്. 1983ലെ തമിഴ്വിരുദ്ധ കലാപം, 1971,1987-89 കലാപങ്ങൾ തുടങ്ങിയ ചില കാലഘട്ടങ്ങൾക്ക് പുറമെ സമാനമായതോ മോശമായതോ ആയ രാഷ്ട്രീയ-സാമൂഹിക അസ്ഥിരത ഉണ്ടായിട്ടില്ല. ശ്രീലങ്ക ഇന്ന് അഭിമുഖീകരിക്കുന്ന ഭൂരിഭാഗം പ്രശ്നങ്ങളും, അഴിമതി മുതൽ ഭക്ഷ്യക്ഷാമം വരെയുള്ള പ്രതിസന്ധിക്ക് കാരണം എക്‌സിക്യൂട്ടീവ് പ്രസിഡൻസിയാണെന്നാണ് ജനങ്ങളുടെ ആരോപണം.

1978 മുതലുള്ള ശ്രീലങ്കൻ ചരിത്രം പരിശോധിച്ചാൽ എക്സിക്യൂട്ടീവ് പ്രസിഡൻസി സ്ഥാനം രാജ്യത്തിന് ഒരു ദുരന്തമായി മാറിയിരിക്കുകയാണ്. എന്നാൽ ഭരണഘടനാ ഭേദഗതികളാൽ എക്സിക്യൂട്ടീവ് പ്രസിഡൻസിയുടെ അധികാരങ്ങൾ പരിമിതപ്പെടുത്തിയപ്പോൾ രാജ്യം ഏറ്റവും സുസ്ഥിരമാവുകയും കൂടുതൽ നേട്ടങ്ങൾ കൈവരിക്കുകയും ചെയ്തു. നിലവിലെ അവസ്ഥയിൽ ശ്രീലങ്കയിലെ രാഷ്ട്രീയവും സാമ്പത്തികവും സാമൂഹികവുമായ അസ്ഥിരതയെ അഭിസംബോധന ചെയ്യുക എന്നത് പ്രധാനമാണ്. എന്നാൽ അതിനേക്കാളേറെ രാഷ്ട്രീയ വർഗത്തിനും സ്ഥാപനങ്ങൾക്കും എതിരായ പൊതുജനരോഷം ശമിപ്പിക്കാൻ കഴിയുന്ന പരിഷ്കാരങ്ങൾ കൊണ്ടുവരിക എന്നതാണ് കൂടുതൽ അനിവാര്യം.

logo
The Fourth
www.thefourthnews.in