ഹിജാബ് കേസ് വിശാലബെഞ്ചിന് ; ജസ്റ്റിസുമാര്‍ക്കിടയില്‍ ഭിന്നത
ഹിജാബ് കേസ് സുപ്രീംകോടതിയുടെ വിശാല ബെഞ്ചിന് വിട്ടു. ജസ്റ്റിസുമാര്‍ക്കിടയിലെ ഭിന്നതയെ തുടര്‍ന്നാണ് കേസ് വിശാല ബെഞ്ചിന് വിട്ടത്
പെണ്‍കുട്ടികളുടെ വിദ്യാഭ്യാസമാണ് എന്റെ മുന്നിലുള്ള പരിഗണന. അവളുടെ ജീവിതം നമ്മള്‍ കൂടുതല്‍ ദുസ്സഹമാക്കുകയാണോ എന്ന് ജസ്റ്റിസ് സുധാൻഷു ധൂലിയ ചോദിച്ചു. വ്യക്തിയുടെ തിരഞ്ഞെടുപ്പിന്റെ പ്രശ്‌നം മാത്രമാണ് ഹിജാബ് ധരിക്കണമോ വേണ്ടയോ എന്നത്. അതിലപ്പുറം ഒന്നുമില്ല അദ്ദേഹം പറഞ്ഞു. മതപരമായ ആചാരങ്ങളുടെ ഭാഗമാണോ ഹിജാബ് എന്നത് ഈ തര്‍ക്കത്തിന്റെ ഭാഗമാകേണ്ടതില്ലെന്നാണ് തന്റെ നിലപാടെന്നും ജസ്റ്റിസ് ധൂലിയ പറഞ്ഞു. ഹൈക്കോടതിയുടെ തെറ്റായ നിലപാടാണ്. ഭരണഘടനയുടെ 19 (1) എ, 25 (1) വകുപ്പുകളാണ് ഇവിടെ ബാധകമെന്നും ധൂലിയ പറഞ്ഞു
ഹിജാബ് നിരോധനത്തിൽ കർണാടക ഹൈക്കോടതി വിധിക്കെതിരായ അപ്പീൽ തള്ളുന്നുവെന്നായിരുന്നു ജസ്റ്റിസ് ഹേമന്ത് ഗുപ്തയുടെ നിലപാട്. അനിവാര്യമായ മത ആചാരമല്ല ഹിജാബ് എന്ന് ജസ്റ്റിസ് ഹേമന്ത് ഗുപ്ത വിധിയില്‍ വ്യക്തമാക്കി. ഹൈക്കോടതി വിധിയെ ചോദ്യം ചെയ്ത 26 അപ്പീലുകളും അദ്ദേഹം തള്ളി.
മാര്‍ച്ച് 15-നാണ് ഹിജാബ് നിരോധനം ശരിവെച്ച് കര്‍ണാടക ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. സ്ത്രീകള്‍ ഹിജാബ് ധരിക്കുന്നത് ഇസ്ലാമിന്റെ അനിവാര്യമായ ആചാരമല്ലെന്നായിരുന്നു കര്‍ണാടക ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഋതുരാജ് അവസ്തി, ജസ്റ്റിസ് കൃഷ്ണ ദീക്ഷിത്, ജസ്റ്റിസ് ജെ എം ഖാസി എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കിയത്. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ യൂണിഫോം, ഹര്‍ജി നല്‍കിയവരുടെ മൗലികാവകാശങ്ങളുടെ ലംഘനമല്ലെന്നും ബെഞ്ച് വ്യക്തമാക്കിയിരുന്നു. ഈ വിധി ചോദ്യം ചെയ്ത് മൂന്നുമാസം മുന്‍പാണ് വിവിധ ഹര്‍ജികള്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചത്.