ജയ് ഭീം എന്നാൽ പാലാരിവട്ടം പാലത്തിന്റെ ബീം അല്ല , വിവേചനത്തിനെതിരായ പ്രതിരോധ ശബ്ദം

ജയ് ഭീം എന്നാൽ പാലാരിവട്ടം പാലത്തിന്റെ ബീം അല്ല , വിവേചനത്തിനെതിരായ പ്രതിരോധ ശബ്ദം

സാമൂഹ്യ നീതിക്ക് വേണ്ടി പൊരുതുന്നവരുടെ മുദ്രാവാക്യമാണ് ഇന്ന് 'ജയ് ഭീം'
Updated on
2 min read

സമീപകാലത്ത് ഇന്ത്യയിൽ പലയിടത്തും, പ്രത്യേകിച്ച് ക്യാമ്പസുകളിൽ ഉയർന്നു കേൾക്കുന്ന മുദ്രാവാക്യമാണ് 'ജയ്ഭീം'.

പ്രതിപക്ഷ എം.എൽ.എ.മാർ നിയമസഭയിൽ മുഴക്കിയ മുദ്രാവാക്യത്തിനെതിരെ സിപിഎം എംഎൽഎ മുരളി പെരുന്നെല്ലി നടത്തിയ പരാമർശം വിവാദമായിരിക്കുന്നു. ജയ് ഭീം എന്നതുകൊണ്ട് പ്രതിപക്ഷ എംഎൽഎ മാർ ഉദ്ദേശിച്ചത് പാലാരിവട്ടം പാലത്തിൻ്റെ ബീമാണോ എന്നായിരുന്നു മുരളിയുടെ പരിഹാസം.

'ഇപ്പോൾ ജയ് ഭീം, ജയ് ഭീം എന്ന മുദ്രാവാക്യമാണ്. എന്ത് ബീമാണ്? പാലാരിവട്ടത്തിൽ തകർന്നുപോയ ബീമിനെ പറ്റിയാണോ നിങ്ങളീ മുദ്രാവാക്യം വിളിക്കുന്നത്' എന്നതായിരുന്നു എം.എൽ.എയുടെ പരിഹാസചോദ്യം. ഇത് സഭയിൽ പ്രതിഷേധത്തിന് വഴിയൊരുക്കി. ജനാധിപത്യത്തിന്റെ ശ്രീകോവിലിൽ നിന്ന് കൊണ്ട് അംബേദ്കറെ അധിക്ഷേപിച്ചത് സവർണ ബോധമാണെന്ന് പ്രതിപക്ഷം തിരിച്ചടിച്ചു.

സമീപകാലത്ത് ഇന്ത്യയിൽ പലയിടത്തും, പ്രത്യേകിച്ച് ക്യാമ്പസുകളിൽ ഉയർന്നു കേൾക്കുന്ന മുദ്രാവാക്യമാണ് 'ജയ്ഭീം'. ജാതി വിവേചനത്തിനെതിരെ സാമൂഹ്യ നീതിയ്ക്ക് വേണ്ടി പൊരുതുന്നവരുടെ മുദ്രാവാക്യമായി അത് മാറി. എന്നാൽ എങ്ങനെയാണ് ജയ് ഭീം എന്ന മുദ്രാവാക്യം ഉയർന്നുവന്നത്?

ഇന്ത്യയിലെ ബീഡി തൊഴിലാളികളുടെ സഹകരണ സൊസൈറ്റിയായ 'ബീഡി കംഗർ' സംഘത്തിന്റെ സ്ഥാപകനും തൊഴിലാളി നേതാവും കൂടിയാണ് ബാബു ഹർദാസ്

ജയ് ഭീം മുദ്രാവാക്യത്തിന്റെ ചരിത്രം

ജയ് ഭീം മുദ്രാവാക്യം ആദ്യമായി രൂപപ്പെടുത്തുന്നത് ഇൻഡിപെൻഡന്റ് ലേബർ പാർട്ടിയുടെ ചീഫ് സെക്രട്ടറിയും ഡോ. അംബേദ്കറുടെ ശക്തനായ അനുയായിമായിരുന്ന ബാബു എൽ.എൻ. ഹർദാസാണ്. ഇന്ത്യയിലെ ബീഡി തൊഴിലാളികളുടെ സഹകരണ സൊസൈറ്റിയായ 'ബീഡി കംഗർ' സംഘത്തിന്റെ സ്ഥാപകനും തൊഴിലാളി നേതാവും കൂടിയായിരുന്നു ഇദ്ദേഹം.

ബാബു എൽ.എൻ. ഹർദാസ്
ബാബു എൽ.എൻ. ഹർദാസ്

നിയമസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷം "ജയ് രാമ-പതി" എന്ന അഭിവാദ്യം അദ്ദേഹത്തിന് നല്ലതായി തോന്നിയില്ല. അങ്ങനെയിരിക്കെയാണ് മുസ്‌ലിംകൾ പരസ്പരം അഭിവാദ്യം ചെയ്യുന്ന 'സലാം അലൈകും' എന്നതിന്റെ അർഥം ഹർദാസ് മനസ്സിലാക്കിയത്. ഇതിൽ നിന്നാണ് അദ്ദേഹം 'ജയ് ഭീം' എന്ന ആശയം രൂപപ്പെടുത്തുന്നതും തുടർന്ന് പ്രചരിപ്പിക്കാൻ ആരംഭിക്കുന്നതും.

'ഭീം വിജയ് സംഘ്' പ്രവർത്തകരുടെ സഹായത്തോടെ അദ്ദേഹം ഈ അഭിവാദന രീതി പ്രചരിപ്പിച്ചു. പിന്നീടത് ദളിത്, ആദിവാസി, ന്യൂനപക്ഷ വിഭാഗങ്ങളുടെ ജനാധിപത്യ അവകാശങ്ങൾക്ക് വേണ്ടിയുള്ള പോരാട്ട ഭൂമികകളിൽ അലയടിക്കുന്ന ശബ്ദമായി.പാർശ്വവത്കരിക്കപ്പെട്ട ഓരോ മനുഷ്യനും ഭാഷയ്ക്കും, വർഗത്തിനും അതീതമായി നെഞ്ചോട് ചേർത്ത് പിടിക്കുന്ന സമത്വ മുദ്രാവാക്യമാണ് ഇന്ന് "ജയ് ഭീം"

logo
The Fourth
www.thefourthnews.in