തോക്കുകളെ പേടിക്കാതിരുന്ന ജപ്പാൻ !
തോക്കുകൊണ്ടുള്ള കുറ്റകൃത്യങ്ങള്‍ ഏറ്റവും കുറഞ്ഞ രാജ്യമായ ജപ്പാനിൽ മുൻ പ്രധാനമന്ത്രി ഷിൻസോ ആബേയ്ക്കെതിരായ ആക്രമണം ലോകത്തെയാകെ ഞെട്ടിച്ചിരിക്കുകയാണ്. തോക്ക് കൈവശം വെയ്ക്കുന്നതിന് ജപ്പാനിൽ കർശന നിയമങ്ങളാണുള്ളത്. സങ്കീർണവും ദൈർഘ്യവുമേറിയ പ്രക്രിയ ആയതുകൊണ്ട് തന്നെ ജപ്പാനിലെ സ്വകാര്യ തോക്ക് ഉടമകളുടെ എണ്ണം വളരെ കുറവാണ്. പൗരന്മാർക്ക് ഷോട്ട്ഗണ്ണുകളും എയർ റൈഫിളുകളും മാത്രമേ വാങ്ങാൻ കഴിയൂ. കൈത്തോക്കുകൾ കൈവശം വെയ്ക്കുന്നത് നിയമവിരുദ്ധമാണ്.
ജപ്പാനിൽ തോക്ക് കൈവശം വെയ്ക്കാനുള്ള നിയമങ്ങൾ
തോക്ക് ലൈസൻസിന് യോഗ്യത നേടുന്നതിന് ഒരു ദിവസം നീളുന്ന ക്ലാസിൽ പങ്കെടുക്കണം.
കുറഞ്ഞത് 95% കൃത്യതയോടെ എഴുത്ത് പരീക്ഷയും ഷൂട്ടിംഗ് റേഞ്ച് ടെസ്റ്റും വിജയിക്കണം.
മാനസികാരോഗ്യ വിലയിരുത്തലിനും മയക്കുമരുന്ന് പരിശോധനകൾക്കും വിധേയരാകണം.
ക്രിമിനൽ റെക്കോർഡ്, വ്യക്തിഗത കടം, സംഘടിത കുറ്റകൃത്യങ്ങളിലെ പങ്കാളിത്തം, കുടുംബാംഗങ്ങളുമായും സുഹൃത്തുക്കളുമായും ഉള്ള ബന്ധങ്ങൾ എന്നിവയുടെ അവലോകനം ഉൾപ്പെടെ കർശനമായ പശ്ചാത്തല പരിശോധനയുണ്ടാകും.
തോക്ക് ലഭിച്ച ശേഷം ഉടമസ്ഥർ അത് പോലീസിൽ രജിസ്റ്റർ ചെയ്യുകയും തോക്കും വെടിക്കോപ്പുകളും എവിടെയാണ് സൂക്ഷിച്ചിരിക്കുന്നതെന്നതിന്റെ വിശദാംശങ്ങൾ നൽകുകയും വേണം.
വർഷത്തിലൊരിക്കൽ തോക്ക് പോലീസ് പരിശോധനയ്ക്ക് വിധേയമാക്കണം.
തോക്ക് ഉടമകൾ അവരുടെ ലൈസൻസ് പുതുക്കുന്നതിന് ഓരോ മൂന്ന് വർഷത്തിലും വീണ്ടും ക്ലാസിൽ പങ്കെടുക്കുകയും പരീക്ഷ എഴുതുകയും വേണം.
തോക്ക് ഉപയോഗിച്ചുള്ള കുറ്റകൃത്യങ്ങൾക്ക് കനത്ത ശിക്ഷകൾ
ഒരു സംഘടിത ക്രൈം സിൻഡിക്കേറ്റിന്റെ ഭാഗമായി തോക്ക് കൈവശം വച്ചാൽ 15 വർഷം വരെ തടവ് ലഭിക്കാം
ഒന്നിലധികം തോക്ക് കൈവശം വയ്ക്കുന്നതും കുറ്റകരമാണ്. ഇതിന് 15 വർഷം വരെ തടവ് ശിക്ഷ ലഭിക്കും
പൊതുസ്ഥലത്ത് തോക്ക് പ്രയോഗിച്ചാൽ ജീവപര്യന്തം ശിക്ഷ ലഭിക്കും
2007ലാണ് ജപ്പാനിൽ അവസാനമായി ഒരു രാഷ്ട്രീയ നേതാവിന് നേരെ വെടിവെയ്പ്പ് ഉണ്ടാവുന്നത്. നാഗസാക്കി മേയറായിരുന്ന ഇക്കോ ഇറ്റോയയ്ക്ക് ഗുണ്ടാസംഘത്തിന്റെ വെടിയേൽക്കുകയായിരുന്നു. അന്നുമുതൽ ജപ്പാൻ തോക്കുകളുടെ നിയന്ത്രണം കൂടുതൽ ശക്തമാക്കി.
127 ദശലക്ഷത്തിലധികം ജനങ്ങളുള്ള ജപ്പാനിൽ വർഷത്തിൽ അപൂർവമായി മാത്രമേ പത്തിലധികം വെടിവെയ്പ്പ് മരണങ്ങൾ ഉണ്ടാവാറുള്ളൂ. 2014ൽ ജപ്പാനിൽ ആറ് വെടിവെയ്പ്പ് മരണങ്ങളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. 2020ൽ തോക്ക് ഉപയോഗിച്ചതിന് 21 പേർ അറസ്റ്റിലായിട്ടുണ്ട്.