ഇന്ത്യയുടെ ഫെഡറല്‍ സംവിധാനം ലോകത്തിന് മാതൃകയെന്ന് പ്രധാനമന്ത്രി; കേന്ദ്രം വെല്ലുവിളിയാകരുതെന്ന് മുഖ്യമന്ത്രി
കേന്ദ്രസർക്കാർ ഫെഡറലിസത്തിന് വെല്ലുവിളിയാകരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കണ്‍കറന്റ് ലിസ്റ്റിലെ വിഷയങ്ങളില്‍ സംസ്ഥാനങ്ങളുമായി കൂടിയാലോചന വേണമെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രപതി ഭവനിലെ കള്‍ച്ചറല്‍ സെന്ററില്‍ പ്രധാനമന്ത്രിയും കേന്ദ്ര ആഭ്യന്തരമന്ത്രിയും പങ്കെടുത്ത നിതി ആയോഗിന്റെ ഏഴാം ഗവേണിങ് കൗണ്‍സില്‍ യോഗത്തിലാണ് മുഖ്യമന്ത്രിയുടെ വിമർശനം. സ്റ്റേറ്റ് ലിസ്റ്റിലെ വിഷയങ്ങളില്‍ നിയമനിര്‍മാണം നടത്തുന്നതില്‍നിന്ന് കേന്ദ്രം വിട്ടുനില്‍ക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. കോവിഡ് സമയത്ത് സമയത്ത് കേന്ദ്രവും സംസ്ഥാനങ്ങളും യോജിച്ച് തീരുമാനം എടുത്തത് രാജ്യത്തെ ഫെഡറൽ സംവിധാനം മികച്ചതായെതിനാലാണെന്ന് യോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.
ലോകരാജ്യങ്ങൾക്ക് മാതൃകയാകാൻ കോവിഡ് കാലത്ത് ഇന്ത്യയ്ക്കായെന്ന് പ്രധാനമന്ത്രി പറഞ്ഞു. രാഷ്ട്രീയ ഭേദമന്യേ സഹകരിച്ച് പ്രവർത്തിച്ച സംസ്ഥാനസർക്കാരുകൾക്കാണ് ഇതിന്റെ ക്രെഡിറ്റ് എന്നും പ്രധാനമന്ത്രി പറഞ്ഞു. വികസന രാജ്യങ്ങളടക്കം ഇന്ത്യയെ ഗ്ലോബൽ ലീഡറായി കണക്കാക്കാൻ ഇത് കാരണമായെന്നും യോഗത്തിൽ പ്രധാനമന്ത്രി പറഞ്ഞു. ജൂലൈ 2019 ന് ശേഷം മുഖ്യമന്ത്രിമാരും പ്രധാമന്ത്രിയും നേരിട്ട് പങ്കെടുക്കുന്ന ആദ്യ യോഗമായിരുന്നു ഇത്.
കെ-റെയിലടക്കം വ്യോമ-റെയില്‍ പദ്ധതികള്‍ക്ക് ഉടന്‍ അംഗീകാരം നല്‍കണമെന്നും പരിസ്ഥിതിലോല മേഖലയെ സംബന്ധിച്ച സുപ്രീംകോടതി വിധിക്കെതിരെ നിയമപരിഹാരം ഉണ്ടാക്കണമെന്നും പാര്‍ശ്വവത്കൃത വിഭാഗത്തിന്റെ ബുദ്ധിമുട്ടുകള്‍ കുറയ്ക്കുന്നതിന് ഇത് അനിവാര്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്തിന്റെ വായ്പാ പരിധി ഉയര്‍ത്തുക, അവശ്യ സാധനങ്ങളെ ജിഎസ്ടി പരിധിയില്‍ ഉള്‍പ്പെടുത്തിയത് പുന:പരിശോധിക്കുക, ജിഎസ്ടി പരിഹാരം അടുത്ത അഞ്ച് വര്‍ഷത്തേക്ക് നീട്ടുക, വെട്ടിക്കുറച്ച മണ്ണെണ്ണ വിഹിതം പുന:സ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങളും മുഖ്യമന്ത്രി ഉന്നയിച്ചു.
ഭരണഘടനയുടെ 11- ഉം 12- ഉം പട്ടികകളില്‍ പറയുന്ന എല്ലാ കാര്യങ്ങളും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ ഏല്പിച്ചു കഴിഞ്ഞ കേരളം വികേന്ദ്രീകൃത പ്രവര്‍ത്തനങ്ങളില്‍ മുന്‍നിരയിലാണ്. സംസ്ഥാനത്തിന്റെ കണ്‍സോളിഡേറ്റ് ഫണ്ട് വിതരണം ചെയ്യുമ്പോള്‍ ഇതും പരിഗണിക്കമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. പിഎംഎവൈ നഗര-ഗ്രാമ പദ്ധതികള്‍ക്കുള്ള വിഹിതം വര്‍ധിപ്പിക്കണമെന്നതാണ് സംസ്ഥാനത്തിന്റെ മറ്റൊരു ആവശ്യം. നിര്‍മാണ സാമഗ്രികളുടെ വില കുത്തനെ ഉയര്‍ന്നതും പരിഗണിക്കേണ്ട വിഷയമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ദേശീയ പാതാ വികസനം സമയ ബന്ധിതമായി പൂര്‍ത്തിയാക്കണം തീര സംരക്ഷണത്തിന് സാങ്കേതിക-സാമ്പത്തിക സഹായം നല്‍കണം തുടങ്ങിയ ആവശ്യങ്ങളും മുഖ്യമന്ത്രി ഉന്നയിച്ചു.
വിദ്യാഭ്യാസത്തിലൂടെ ജനാധിപത്യം, ഭരണഘടനാമൂല്യങ്ങള്‍, മതേതരത്വം, ശാസ്ത്രാവബോധം എന്നിവ ഉള്‍ക്കൊള്ളുന്നതിന് വിദ്യാര്‍ത്ഥികള്‍ പ്രാപ്തരാകണം എന്നാണ് സംസ്ഥാനത്തിന്റെ കാഴ്ച്ചപ്പാട്. ഉന്നത വിദ്യാഭ്യാസരംഗത്ത് ഉയര്‍ന്ന പങ്കാളിത്തവും ഗുണമേന്മയും സര്‍ക്കാര്‍ ലക്ഷ്യംവയ്ക്കുന്നു. സ്വകാര്യ വിദ്യാഭ്യാസം കൊണ്ട് എല്ലാവര്‍ക്കും സമ്പൂര്‍ണ വിദ്യാഭ്യാസം എന്ന ആശയം പ്രാവര്‍ത്തികമാക്കാനാവില്ല. വിദ്യാഭ്യാസരംഗത്തെ ഡിജിറ്റല്‍ അന്തരം കുറയ്ക്കുന്നതാണ് സംസ്ഥാനത്തിന്റെ കെ-ഫോണ്‍ പദ്ധതി. കൃഷി, മൃഗസംരക്ഷണം, മത്സ്യബന്ധനം എന്നിവയില്‍ കേരളം രൂപപ്പെടുത്തിയ സമഗ്ര മാതൃക മറ്റ് സംസ്ഥാനങ്ങള്‍ക്കും അനുകരണീയമാണന്നതും മുഖ്യമന്ത്രി കൗണ്‍സിലിന്റെ ശ്രദ്ധയില്‍പ്പെടുത്തി.
നീതി ആയോഗിന്റെ പുതിയ വൈസ് ചെയര്‍മാന്‍ സുമന്‍ ബെറി ചുമതലയേറ്റ ശേഷമുള്ള ആദ്യ യോഗമാണ് ചേര്‍ന്നത്. അതേസമയം യോഗത്തില്‍ നിന്ന് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറും തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രസശേഖരറാവുവും വിട്ടുനിന്നു.ആരോഗ്യ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് വിട്ടുനില്‍ക്കുന്നതെന്ന് നിതീഷ് അറിയിച്ചപ്പോള്‍ കേന്ദ്രത്തിന്റെ മനോഭാവത്തില്‍ പ്രതിഷേധിച്ച് യോഗം ബഹിഷ്‌കരിക്കുകയാണെന്ന് കെസിആര്‍ പ്രഖ്യാപിച്ചു.