നീറ്റ് പരിശോധന: ഹര്‍ജി നിലനില്‍ക്കില്ലെന്ന വാദം തള്ളി; അന്വേഷണ വിവരങ്ങള്‍ അറിയിക്കണമെന്ന് എന്‍ടിഎയോട് ഹൈക്കോടതി

നീറ്റ് പരിശോധന: ഹര്‍ജി നിലനില്‍ക്കില്ലെന്ന വാദം തള്ളി; അന്വേഷണ വിവരങ്ങള്‍ അറിയിക്കണമെന്ന് എന്‍ടിഎയോട് ഹൈക്കോടതി

പരീക്ഷ നടത്തിപ്പ് രീതിയും വിശദീകരിക്കണം
Updated on
1 min read

കൊല്ലത്ത് നീറ്റ് പരീക്ഷാ പരിശോധനക്കിടെ പെണ്‍കുട്ടികളെ അപമാനിച്ച സംഭവത്തില്‍ നാഷണല്‍ ടെസ്റ്റിങ് ഏജന്‍സിക്ക് തിരിച്ചടി. പൊതുതാല്‍പ്പര്യ ഹര്‍ജി നിലനില്‍ക്കില്ലെന്ന എന്‍ടിഎ വാദം കോടതി അംഗീകരിച്ചില്ല. എന്‍ടിഎ നടത്തുന്ന അന്വേഷണത്തിന്റെ വിശദാംശങ്ങളും കോടതി തേടി. പരീക്ഷാനടത്തിപ്പ് രീതിയെക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കാനും കോടതി എന്‍ടിഎയോട് ആവശ്യപ്പെട്ടു. ചീഫ് ജസ്‌റ്റിസ് എസ് മണികുമാര്‍, ജസ്റ്റിസ് ഷാജി പി ചാലി എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. ഹര്‍ജി കോടതി വെള്ളിയാഴ്ച വീണ്ടും പരിഗണിക്കും.

കൊല്ലം ആയൂരിലെ പരീക്ഷാ കേന്ദ്രത്തില്‍ മെഡിക്കല്‍ യുജി പ്രവേശന പരീക്ഷയെഴുതാന്‍ എത്തിയ വിദ്യാര്‍ഥിനിയുടെ അടിവസ്ത്രം അഴിപ്പിച്ചതായിരുന്നു വിവാദമായത്. നീറ്റ് പരീക്ഷയ്ക്ക് എത്തുന്ന വിദ്യാര്‍ഥികള്‍ ലോഹം കൊണ്ടുള്ള വസ്തുക്കള്‍ ഉപയോഗിക്കരുതെന്ന് നിര്‍ദേശമുണ്ട്. അതിനാലാണ് സ്‌കാനര്‍ ഉപയോഗിച്ച് പരിശോധന നടത്തിയ ശേഷം വസ്ത്രം മാറ്റാന്‍ ആവശ്യപ്പെട്ടതെന്നായിരുന്നു പരീക്ഷാ ചുമതലയുള്ളവരുടെ വിശദീകരണം. കൊല്ലത്ത് 24 സെന്ററുകളിലാണ് പരീക്ഷ നടന്നത്. ഒരു പരാതി പോലും ലഭിച്ചിട്ടില്ലെന്നാണ് ജില്ലാ കോര്‍ഡിനേറ്ററുടെ വിശദീകരണം. തെറ്റായ ഉദ്ദേശത്തോടെയാണ് മാതാപിതാക്കളുടെ പരാതിയെന്നായിരുന്നു ജില്ലാ കോര്‍ഡിനേറ്റര്‍ എന്‍.ജെ ബാബുവിന്റെ ആരോപണം.

പരീക്ഷാ ഹാളിലേയ്ക്ക് കയറുന്നതിന് മുന്‍പുള്ള പരിശോധനയിലാണ് വിദ്യാര്‍ത്ഥിനികളുടെ അടിവസ്ത്രമഴിപ്പിച്ചത്. ലോഹക്കൊളുത്ത് ഉള്ളതിനാല്‍ വസ്ത്രം അഴിച്ചുമാറ്റണമെന്നായിരുന്നു ആവശ്യപ്പെട്ടത്. വസ്ത്രം മാറാനുള്ള സൗകര്യമില്ലാതെ വിഷമിച്ച വിദ്യാര്‍ത്ഥിനികള്‍ക്ക് കോളേജിലെ ശുചീകരണ തൊഴിലാളികളാണ് മുറി തുറന്നു കൊടുത്തത്. ദേഹപരിശോധനയ്ക്ക് എത്തിയവര്‍ എല്ലാവരുടെയും അടിവസ്ത്രം അഴിപ്പിച്ച് മുറിയിലുള്ള മേശയില്‍ കൂട്ടിയിട്ടു. തുടര്‍ന്ന് അടിവസ്ത്രമില്ലാതെ വിദ്യാര്‍ത്ഥിനികള്‍ക്ക് പരീക്ഷാഹാളിലേക്ക് കടക്കേണ്ടി വന്നു. എന്‍ടിഎയുടെ നിര്‍ദേശപ്രകാരം ഷാള്‍ ധരിയ്ക്കാന്‍ അനുമതിയില്ലാത്തതിനാല്‍ മുടി മുന്നിലേയ്ക്ക് എടുത്തിട്ടാണ് പരീക്ഷയ്ക്കിരുന്നതെന്ന് വിദ്യാര്‍ത്ഥിനികള്‍ സങ്കടം പങ്കുവെച്ചിരുന്നു. കേസില്‍ അഞ്ച് പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇവരുടെ ജാമ്യാപേക്ഷ കൊല്ലം കടയ്ക്കല്‍ മജിസ്‌ട്രേറ്റ് കോടതി തള്ളിയിരുന്നു.

logo
The Fourth
www.thefourthnews.in