സ്റ്റാന്‍ സ്വാമി, വരവര റാവു
സ്റ്റാന്‍ സ്വാമി, വരവര റാവു

നിരപരാധിത്വം തെളിയുംവരെ ഒരാളെ ജയിലില്‍ ഇടണോ? സുപ്രീം കോടതി മുന്‍ ജഡ്ജി മദന്‍ ബി ലോകൂര്‍ ചോ​ദിക്കുന്നു

ജാമ്യം അല്ല ജയിലാണ് യാഥാർത്ഥ്യം, ജാമ്യം എന്നത് വല്ലപ്പോഴുമൊക്കെ ഉരുവിടാനുള്ള മന്ത്രം മാത്രമായി ചുരുക്കപ്പെട്ടിരിക്കുന്നു
Updated on
4 min read

ഇന്ത്യയില്‍ ജാമ്യം എന്നത് വല്ലപ്പോഴുമൊക്കെ ഉരുവിടാനുള്ള മന്ത്രം മാത്രമായി ചുരുക്കപ്പെട്ടിരിക്കുന്നുവെന്ന് സുപ്രീം കോടതി മുന്‍ ജഡ്ജി മദന്‍ ബി ലോകൂര്‍. ജയില്‍ ആണ് യാഥാര്‍ത്ഥ്യം, അല്ലാതെ ജാമ്യം അല്ല. കുറ്റവാളിയെന്ന് തെളിയിക്കപ്പെടുംവരെ നിരപരാധി എന്ന ചൊല്ല് നിരപരാധിയെന്ന് തെളിയിക്കപ്പെടുംവരെ കുറ്റവാളി എന്നായി മാറ്റപ്പെട്ടിരിക്കുന്നു. ഇത്തരം യാഥാര്‍ത്ഥ്യങ്ങള്‍ അനുഭവിക്കുന്നവര്‍ വിചാരണാ തടവുകാരാണ്. 40 വര്‍ഷത്തിലേറെയായി സുപ്രീംകോടതി പരിശ്രമിച്ചിട്ടും, ഒരിക്കലും മെച്ചപ്പെടാത്ത, അല്ലെങ്കില്‍ മെച്ചപ്പെട്ടില്ലെന്നു തോന്നുന്ന സാഹചര്യങ്ങളിലാണ് അവര്‍ ജീവിക്കുന്നത്. ഈയൊരു യാഥാര്‍ത്ഥ്യത്തെ നേരായരീതിയില്‍ കൊണ്ടുവരാന്‍ നാം എന്തെങ്കിലും ചെയ്യുന്നുണ്ടോയെന്നും അദ്ദേഹം ചോദിക്കുന്നു. രാജ്യത്തെ ക്രിമിനല്‍ നിയമവ്യവസ്ഥയുടെയും ജയിലുകളിലെ പരിതാപകരമായ അവസ്ഥയെയും കുറിച്ച് ദി സ്‌ക്രോളില്‍ എഴുതിയ ലേഖനത്തിലാണ് മദന്‍ ബി ലോകൂറിന്റെ നിരീക്ഷണങ്ങള്‍.

കാര്യങ്ങള്‍ ശരിയായി മനസിലാക്കേണ്ടതിന് ചില വസ്തുതകള്‍ ആവശ്യമാണ്. ജൂലൈ 17ന് ജയ്പൂരില്‍ നടന്ന സംസ്ഥാന ലീഗല്‍ സര്‍വീസസ് അതോറിറ്റികളുടെ സമ്മേളനത്തില്‍ നിയമമന്ത്രി കിരണ്‍ റിജിജു പ്രസ്താവിച്ചത്, രാജ്യത്ത് 3.5 ലക്ഷം വിചാരണാ തടവുകാരുണ്ടെന്നാണ്. അതേസമയം, രാജ്യത്തെ ആറ് ലക്ഷം തടവുകാരില്‍ 80 ശതമാനവും വിചാരണാ തടവുകാരാണെന്നും അത് 4.5 ലക്ഷത്തിലധികം വരുമെന്നുമായിരുന്നു ചീഫ് ജസ്റ്റിസ് എന്‍.വി രമണ പ്രസംഗത്തില്‍ പറഞ്ഞത്. എണ്ണം എത്രയായാലും, എത്ര വിചാരണത്തടവുകാരുണ്ട് എന്നതാണ് പ്രധാനം.

മദന്‍ ബി ലോകൂര്‍
മദന്‍ ബി ലോകൂര്‍

ഭൗതിക സാഹചര്യങ്ങള്‍ മെച്ചപ്പെടുന്നു

ഉദ്യോഗസ്ഥരുടെ ഉദാസീനത മൂലം ജയിലുകളില്‍ സംഭവിച്ച പരിതാപകരവും ദാരുണവും മനുഷ്യത്വരഹിതവുമായ അവസ്ഥയ്ക്കാണ് പ്രധാനമായും പ്രതിവിധി ആവശ്യമായി വരുന്നത്. ആക്ടിവിസ്റ്റും ജെസ്യൂട്ട് പുരോഹിതനുമായിരുന്ന സ്റ്റാന്‍ സ്വാമിയുടെ കാര്യം പരിശോധിക്കാം. വെള്ളം കുടിക്കാന്‍ ഒരു സിപ്പറോ സ്‌ട്രോയോ അനുവദിക്കണം എന്നായിരുന്നു അദ്ദേഹത്തിന്റെ അഭ്യര്‍ത്ഥന. ജയില്‍ ജീവനക്കാര്‍ ആവശ്യം നിരസിച്ചതിനാല്‍ ആശ്വാസത്തിനായി അദ്ദേഹത്തിന് കോടതിയെ സമീപിക്കേണ്ടി വന്നു. എന്നാല്‍, കഴിഞ്ഞവര്‍ഷം ജൂലൈ 5ന് ജുഡീഷ്യല്‍ കസ്റ്റഡിയിലിരിക്കെ തന്നെ അദ്ദേഹത്തിന്റെ ദാരുണാന്ത്യവും സംഭവിച്ചു.

അത്രതന്നെ മനുഷ്യത്വരഹിതമായാണ് കവിയും ആക്ടിവിസ്റ്റുമായ വരവര റാവുവിനോടും ജയില്‍ അധികൃതര്‍ പെരുമാറുന്നത്. അദ്ദേഹത്തിന്റെ ജാമ്യാപേക്ഷയെ മെഡിക്കല്‍ കാരണങ്ങള്‍ കാട്ടിയാണ് എതിര്‍ത്തത്. ജയിലില്‍ ചികിത്സിക്കാവുന്നതിനപ്പുറം മോശമായ ആരോഗ്യനിലയല്ല അദ്ദേഹത്തിന്റേതെന്നാണ് ജയില്‍ അധികൃതരുടെ വാദം. അത് ശരിയായിരിക്കാം. പക്ഷേ, ഒന്ന് ഓര്‍ക്കണം അയാള്‍ ഏകദേശം നാല് വര്‍ഷമായി വിചാരണ തടവുകാരനാണ്, അദ്ദേഹത്തിന് 82 വയസ്സുണ്ട്. നിരപരാധിയാണെന്ന് തെളിയുന്നത് വരെ കുറ്റക്കാരനാകുമോ? അതാണോ ഇപ്പോള്‍ നടക്കുന്നത്?

എല്‍ഗാര്‍ പരിഷത്ത് കേസുമായി ബന്ധപ്പെട്ടാണ് സ്വാമിയും റാവുവും ഉള്‍പ്പെടെ പ്രവര്‍ത്തകരും അക്കാഡമീഷ്യന്മാരും അറസ്റ്റിലാവുന്നതും ജയിലിലടയ്ക്കപ്പെടുന്നതും. 2018 ജനുവരി ഒന്നിന് പൂനെയ്ക്കടുത്തുള്ള ഭീമ കൊറേഗാവില്‍ നടന്ന സമ്മേളനത്തിലെ പരാമര്‍ശങ്ങള്‍ അക്രമത്തിന് കാരണമായിയെന്നാണ് ഭരണകൂടത്തിന്റെ വാദം.

മുഹമ്മദ് സുബൈര്‍
മുഹമ്മദ് സുബൈര്‍

അനാവശ്യ അറസ്റ്റുകള്‍

രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്യുന്നത് മതിയെന്ന് സുപ്രീം കോടതി പറയുന്നതുവരെ കാര്യങ്ങള്‍ ഭരണകൂടത്തിന് രസമുള്ള കാര്യമായിരുന്നു. ഇപ്പോള്‍ നമ്മുടെ കൗശലക്കാരായ അധികാരികള്‍ ആളുകളെ അറസ്റ്റ് ചെയ്യാന്‍ മറ്റു വളഞ്ഞ വഴികള്‍ കണ്ടെത്തിയിരിക്കുന്നു. മാധ്യമപ്രവര്‍ത്തകനും വസ്തുതാ പരിശോധകനുമായ മുഹമ്മദ് സുബൈറിനെ ഡല്‍ഹിയിലും ഉത്തര്‍പ്രദേശിലുമുള്ള നിരുപദ്രവകരമായ ട്വീറ്റുകളുടെ പേരിലാണ് അറസ്റ്റ് ചെയ്തത്. ഉത്തര്‍പ്രദേശില്‍ സുബൈറിനെതിരെ ചുമത്തിയ ആറ് കേസുകളിലും സുപ്രീം കോടതി ജൂലൈ 20ന് ജാമ്യം അനുവദിച്ചതിനാല്‍ അദ്ദേഹത്തെ വിട്ടയച്ചു.

മുതിര്‍ന്ന, ആദരണീയനായ ഒരു രാഷ്ട്രീയക്കാരനെ പരോക്ഷമായി പരാമര്‍ശിച്ച് അപകീര്‍ത്തികരമായ ട്വീറ്റ് പ്രസിദ്ധീകരിച്ചെന്ന പേരിലാണ് നടി കേതകി ചിതാലെ ഒരു മാസത്തിലധികം ജയിലില്‍ കിടന്നത്. ഗുജറാത്ത് നിയമസഭാംഗം ജിഗ്നേഷ് മേവാനി വ്യാജ ആരോപണങ്ങളുടെ പേരില്‍ ഏപ്രിലില്‍ അസമില്‍ അറസ്റ്റിലായിരുന്നു. ബര്‍ഷശ്രീ ബുറാഗോഹൈന്‍ എന്ന കോളേജ് വിദ്യാര്‍ഥിനി ദേശവിരുദ്ധ കവിതയുടെ പേരില്‍ രണ്ട് മാസമാണ് അസമിലെ ജയിലില്‍ കിടന്നത്. ഹനുമാന്‍ ചാലിസ ചൊല്ലുന്നതുമായി ബന്ധപ്പെട്ട പ്രശ്‌നത്തിലാണ് രാഷ്ട്രീയക്കാരെ അറസ്റ്റ് ചെയ്തത്. എല്ലാ ആഴ്ചയും, ഇത്തരത്തില്‍ അറസ്റ്റിലാകുന്ന മുയലിനെ പീനല്‍ കോഡ് തൊപ്പിയില്‍ നിന്ന് പുറത്തെടുക്കുന്നു. അത് ഇതിനകം നിറഞ്ഞുകവിഞ്ഞ ജയിലിലെ ആള്‍പ്പെരുപ്പം പിന്നെയും വര്‍പ്പിക്കുന്നു.

ചിലര്‍ ഏറ്റവും നിസാരമായ കാരണങ്ങളാല്‍ തടവിലാക്കപ്പെടുകയും നമ്മുടെ ജയിലുകളിലെ ദയനീയമായ അവസ്ഥകള്‍ അനുഭവിക്കേണ്ടിയും വരുന്നു. അതേസമയം സ്വാധീനമുള്ളവരും ശക്തരും പണമുള്ളവരും ഭരണകൂടത്തിന്റെ അതിഥി പദവി ആസ്വദിക്കുന്നു.

ഇതിനൊരു മറുവശമുണ്ട്. ഡല്‍ഹിയിലെ തിഹാര്‍ ജയിലില്‍ തടവില്‍ കഴിയുന്ന സുകേഷ് ചന്ദ്രശേഖറിന്റെ കാര്യം നോക്കുക. മൊബൈല്‍ ഫോണുകള്‍ ഉപയോഗിക്കാനുള്ള സൗകര്യവും, ബുദ്ധിമുട്ടുകളൊന്നുമില്ലാത്ത പ്രത്യേക ബാരക്കും ലഭിക്കുന്നതിനുമായി പ്രതിമാസം 1.5 കോടി രൂപ നല്‍കുന്നുണ്ടെന്നാണ് ഇയാള്‍ക്കെതിരായ പ്രഥമ വിവര റിപ്പോര്‍ട്ടില്‍ പറയുന്നത്. ഒന്നോ രണ്ടോ രൂപ വിലയുള്ള ഒരു സ്‌ട്രോയ്ക്കു വേണ്ടിയാണ് സ്റ്റാന്‍ സ്വാമിക്ക് കോടതിയില്‍ പോകേണ്ടി വന്നതെന്ന കാര്യം മറന്നുകളയരുത്. ഇതാണോ യഥാര്‍ത്ഥത്തില്‍ നടക്കുന്നത്?

ഈ ഉദാഹരണങ്ങള്‍ സൂചിപ്പിക്കുന്നത്, ചിലര്‍ ഏറ്റവും നിസാരമായ കാരണങ്ങളാല്‍ തടവിലാക്കപ്പെടുകയും നമ്മുടെ ജയിലുകളിലെ ദയനീയമായ അവസ്ഥകള്‍ അനുഭവിക്കേണ്ടിയും വരുന്നു. അതേസമയം സ്വാധീനമുള്ളവരും ശക്തരും പണമുള്ളവരും ഭരണകൂടത്തിന്റെ അതിഥി പദവി ആസ്വദിക്കുന്നു. നിര്‍ഭാഗ്യവശാല്‍, നമ്മുടെ ജുഡീഷ്യറി അപ്രസക്തമായ കാരണങ്ങളാല്‍ ജാമ്യമോ സൗകര്യങ്ങളോ നിഷേധിക്കുന്നു, അതുവഴി പോലീസിന്റെയും പ്രോസിക്യൂഷന്റെയും നിയമവിരുദ്ധമായ കുതന്ത്രങ്ങള്‍ക്ക് അംഗീകാരത്തിന്റെ മുദ്ര പതിക്കപ്പെടുന്നു. ഇതാണിപ്പോള്‍ നടക്കുന്നത്.

ആശയവിനിമയ സൗകര്യങ്ങള്‍

പതിറ്റാണ്ടുമുമ്പ്, തീഹാര്‍ ജയിലില്‍ തടവുകാര്‍ക്ക് ലാന്‍ഡ്‌ലൈന്‍ ടെലിഫോണ്‍ സൗകര്യങ്ങള്‍ നല്‍കിയിരുന്നു. അതിനുശേഷം ഹരിയാന, കര്‍ണാടക, ഉത്തര്‍പ്രദേശ് തുടങ്ങിയ ജയിലുകളിലും സമാനമായ സൗകര്യം ഏര്‍പ്പെടുത്തി. എന്നാല്‍ മഹാരാഷ്ട്രയിലെ തലോജ ജയിലില്‍ ചില തടവുകാര്‍ക്ക് ലാന്‍ഡ്‌ലൈന്‍ സൗകര്യം നിഷേധിക്കപ്പെടുന്നു.

സുകേഷ് ചന്ദ്രശേഖര്‍
സുകേഷ് ചന്ദ്രശേഖര്‍

മറുവശത്ത്, സുകേഷ് ചന്ദ്രശേഖറിനെപ്പോലുള്ള ചില വിചാരണാ തടവുകാര്‍ വിലകൊടുത്തും മൊബൈല്‍ ഫോണിന്റെ അനധികൃത സൗകര്യം ആസ്വദിക്കുന്നു. ജയിലുകളില്‍ മൊബൈല്‍ ഫോണുകളുടെ ലഭ്യത വ്യാപകമാണ്, പഞ്ചാബ്, ഉത്തര്‍പ്രദേശ്, കര്‍ണാടക തുടങ്ങിയ പല സംസ്ഥാനങ്ങളിലും ഈ ഫോണുകള്‍ തടയാന്‍ ജാമറുകള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കേരളത്തില്‍, ജാമറുകള്‍ ഫലപ്രദമല്ലെന്ന് കണ്ടെത്തി, നിരീക്ഷണത്തിനായി ഡ്രോണുകള്‍ ഉപയോഗിക്കുന്ന കാര്യമാണ് ആലോചനയിലുള്ളത്. നിയമപരമായി അനുവദനീയമായ ഒരു സൗകര്യം ഒരു നിയമവിരുദ്ധ സൗകര്യത്തിന് തടസ്സമില്ലാതെ വഴിമാറി. അതല്ലേ നടക്കുന്നത്?

ജഡ്ജിമാരുടെ പങ്ക്

ഈ ചെളിക്കുണ്ടില്‍നിന്ന് നിന്ന് രക്ഷപ്പെടാന്‍ എന്താണ് വഴി? അറസ്റ്റ് കാര്യങ്ങളില്‍ പോലീസിന്റെ റബ്ബര്‍ സ്റ്റാമ്പായി പ്രവര്‍ത്തിക്കുന്നത് അവസാനിപ്പിക്കേണ്ടതുണ്ടെന്ന് ചില വിചാരണ ജഡ്ജിമാര്‍ക്ക് മനസ്സിലാക്കിക്കൊടുക്കുന്നതായിരിക്കും അതിനുള്ള മികച്ച തുടക്കം. പ്രിയ ന്യായാധിപന്മാരേ, ദയവായി നിങ്ങളുടെ മനസാക്ഷി ഉപയോഗിക്കുക. സ്വാതന്ത്ര്യത്തിന് നഷ്ടപ്പെടുത്താന്‍ കഴിയാത്തത്ര വിലപ്പെട്ടതാണെന്ന് ദയവായി ഓര്‍ക്കുക. നമ്മുടെ പൗരന്മാരുടെ ഭരണഘടനാപരമായ അവകാശങ്ങള്‍ക്കായി നിലകൊള്ളുക.

ഒരു വിചാരണാ തടവുകാരനെ വര്‍ഷങ്ങളോളം ജുഡീഷ്യല്‍ കസ്റ്റഡിയില്‍ സൂക്ഷിക്കുക എന്നതിനര്‍ത്ഥം ഒരു നിരപരാധിയെ വര്‍ഷങ്ങളോളം ജയിലില്‍ അടയ്ക്കുക എന്നതാണ്. അതില്‍ എന്തെങ്കിലും അര്‍ത്ഥമുണ്ടോ?

ഒറ്റരാത്രികൊണ്ട് ഇതെല്ലാം മാറിയേക്കുമോയെന്ന ചിന്ത നിങ്ങള്‍ക്ക് ഉണ്ടായിരിക്കാം. എന്നാല്‍, നിങ്ങളില്‍ ഉറക്കിടക്കുന്ന ഭീമനെ ഉണര്‍ത്താതെ അത് സാധ്യമാകില്ല. അച്ഛേ ദിന്‍ എന്നെങ്കിലും വരും. അതിനിടെ, ഒരു വിചാരണാ തടവുകാരനെ വര്‍ഷങ്ങളോളം ജുഡീഷ്യല്‍ കസ്റ്റഡിയില്‍ സൂക്ഷിക്കുക എന്നതിനര്‍ത്ഥം ഒരു നിരപരാധിയെ വര്‍ഷങ്ങളോളം ജയിലില്‍ അടയ്ക്കുക എന്നതാണ്. അതില്‍ എന്തെങ്കിലും അര്‍ത്ഥമുണ്ടോ? കുട്ടികളുള്‍പ്പെടെ കുടുംബം അനുഭവിച്ചേക്കാവുന്ന ബുദ്ധിമുട്ടുകളെക്കുറിച്ച് ചിന്തിക്കുക. അത് നീതിയോ അനീതിയോ? നിങ്ങള്‍ക്ക് ഉത്തരം പറയാന്‍ ബുദ്ധിമുട്ടുള്ള ചോദ്യമല്ല.

ഓഡിറ്റിന്റെ ആവശ്യകത

ജയ്പൂര്‍ സമ്മേളനത്തില്‍ നിയമമന്ത്രി സൂചിപ്പിച്ചതുപോലെ, രാജ്യത്തെ എല്ലാ ജില്ലയിലും ഒരു അണ്ടര്‍ ട്രയല്‍ റിവ്യൂ കമ്മിറ്റിയുണ്ട്. എന്നിരുന്നാലും, രാജ്യത്തുടനീളമുള്ള ജയിലുകളിലെ ആള്‍പ്പെരുപ്പം കണക്കിലെടുക്കുമ്പോള്‍, അവ ഫലപ്രദമല്ലെന്ന് തോന്നുന്നു. അവര്‍ എത്രമാത്രം നേട്ടങ്ങള്‍ കൈവരിച്ചുവെന്നും അവര്‍ക്ക് മെച്ചപ്പെട്ട സഹായം ആവശ്യമുണ്ടോ എന്നും പരിശോധിക്കാന്‍ നമുക്ക് ഒരു ഓഡിറ്റ് നടത്താം.

നിലവിലെ വ്യവസ്ഥകള്‍ക്കപ്പുറം ചില കാര്യങ്ങള്‍ ചിന്തിക്കണം. തുറന്ന ജയിലുകളെ എന്തുകൊണ്ട് പ്രോത്സാഹിപ്പിച്ചു കൂടാ? പഠിക്കാവുന്നതും പിന്തുടരാവുന്നതുമായ ഒട്ടനവധി വിജയകരമായ മാതൃകകളുണ്ട്.

വിചാരണത്തടവുകാര്‍ക്ക് നിയമസഹായം നല്‍കിക്കൊണ്ട് ലീഗല്‍ സര്‍വീസസ് അതോറിറ്റികള്‍ ഉദാരമായി ഇടപെടണം. നാഷണല്‍ ലീഗല്‍ സര്‍വീസസ് അതോറിറ്റിയും സ്റ്റേറ്റ് ലീഗല്‍ സര്‍വീസസ് അതോറിറ്റികളും ആയിരക്കണക്കിന് തടവുകാര്‍ക്ക് സൗജന്യ നിയമസഹായം നല്‍കിയിട്ടുണ്ട് എന്നത് ഒരു ഉത്തരമല്ല. അളവല്ല, ഗുണനിലവാരമാണ് പ്രധാനം. നല്‍കപ്പെടുന്ന നിയമസഹായത്തിന്റെ ഗുണനിലവാരത്തെക്കുറിച്ച് ധാരാളം വിമര്‍ശനങ്ങളുണ്ട് എന്നതും ഓര്‍ക്കണം. അതിനാല്‍, ഒരു ഓഡിറ്റ് ആവശ്യമാണ്. അതിലൂടെ നിരവധി പോരായ്മകള്‍ വെളിപ്പെടുമെന്ന് ഉറപ്പാണ്.

തുറന്ന ജയിലുകള്‍

നിലവിലെ വ്യവസ്ഥകള്‍ക്കപ്പുറം ചില കാര്യങ്ങള്‍ ചിന്തിക്കണം. തുറന്ന ജയിലുകളെ എന്തുകൊണ്ട് പ്രോത്സാഹിപ്പിച്ചു കൂടാ? പഠിക്കാവുന്നതും പിന്തുടരാവുന്നതുമായ ഒട്ടനവധി വിജയകരമായ മാതൃകകളുണ്ട്. ഷിംലയിലെ പദ്ധതി അത്ഭുതകരമാണ്. രാജസ്ഥാന്‍ തുറന്ന ജയിലുകളെ പ്രോത്സാഹിപ്പിക്കുന്നുണ്ട്. പശ്ചിമ ബംഗാള്‍ സമാന നിര്‍ദേശങ്ങള്‍ പരിഗണിക്കുന്നുണ്ട്. നമുക്ക് അത് പരീക്ഷിക്കാവുന്നതും, സ്വാതന്ത്ര്യത്തിന് അര്‍ത്ഥം നല്‍കാവുന്നതുമാണ്. വളരെയധികം കാര്യങ്ങള്‍ ചെയ്യാന്‍ നമുക്ക് കഴിയും. സമ്മേളനങ്ങളില്‍ സംസാരിക്കുന്നതിനപ്പുറം പരിഷ്‌കാരങ്ങള്‍ക്ക് തുടക്കമിടണം. അത് ഇപ്പോള്‍ തന്നെയാണ് ആരംഭിക്കേണ്ടത്.

logo
The Fourth
www.thefourthnews.in