ബസ് സ്റ്റോപ്പ് മുസ്ലീം പള്ളി മാതൃകയിലെന്ന് ആരോപണം ; മൈസൂര്‍ - നഞ്ചന്‍ഗുഡ
ബസ് സ്റ്റോപ്പ് പൊളിച്ച് നീക്കണമെന്ന് എം പി

ബസ് സ്റ്റോപ്പ് മുസ്ലീം പള്ളി മാതൃകയിലെന്ന് ആരോപണം ; മൈസൂര്‍ - നഞ്ചന്‍ഗുഡ ബസ് സ്റ്റോപ്പ് പൊളിച്ച് നീക്കണമെന്ന് എം പി

പൊളിച്ചു മാറ്റാന്‍ എന്‍ജീനിയര്‍മാര്‍ക്ക് അന്ത്യശാസനം
Updated on
1 min read

മൈസൂര്‍ - നഞ്ചന്‍ഗുഡ് റോഡിലെ മുസ്ലിം പള്ളി മാതൃകയിലുള്ള ബസ് സ്റ്റോപ്പ് പൊളിച്ചു നീക്കാന്‍ എന്‍ജീനിയര്‍മാരോട് ആവശ്യപ്പെട്ട് മൈസൂരു എം പി പ്രതാപ് സിന്‍ഹ . ബസ് സ്റ്റോപ്പിന് മുകളിലുള്ള മകുടം മുസ്ലിം പള്ളികളുടേതിന് സമാനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് നിര്‍ദേശം. മകുടം ഉള്‍പ്പടെ പൊളിച്ചു നീക്കണമെന്നാണ് ആവശ്യം . നിങ്ങള്‍ ചെയ്തില്ലെങ്കില്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് താന്‍ തന്നെ പൊളിച്ച് നീക്കുമെന്നാണ് എം പിയുടെ മുന്നറിയിപ്പ്

'സാമൂഹ്യ മാധ്യമങ്ങളിലൂടെയാണ് ഇങ്ങനെ ഒരു ബസ് ഷെല്‍ട്ടറിനെ കുറിച്ച് അറിഞ്ഞത് . മൂന്ന് മകുടങ്ങള്‍ ബസ് ഷെല്‍ട്ടറിനു മുകളില്‍ കാണാം . ഇത് മുസ്ലിം പള്ളികളുടെ മാതൃകയിലാണ് . ഒറ്റനോട്ടത്തില്‍ പള്ളിയാണെന്നേ തോന്നൂ . ഇടിച്ചു പൊളിച്ചു കളഞ്ഞില്ലെങ്കില്‍ അത് ഞങ്ങള്‍ക്ക് ചെയ്യേണ്ടിവരും ' എം പി കൂട്ടിച്ചേര്‍ത്തു .

മൈസൂര്‍ നഗരത്തില്‍ ഇതേ മാതൃകയില്‍ നിരവധി കെട്ടിടങ്ങള്‍ ഉണ്ട് .മൈസൂര്‍കൊട്ടാരത്തിന്റെ വാസ്തു വിദ്യയെ അനുകരിച്ചു കൊണ്ടാണ് നഗരത്തിലെ കെട്ടിടങ്ങള്‍ക്കു ഈ രൂപകല്‍പന നല്‍കിയിരിക്കുന്നത് .1897-1912 കാലഘട്ടത്തില്‍ ഇംഗ്ലീഷ് ആര്‍ക്കിടെക്ടര്‍ ആയ ഹെന്‍ട്രി ഇര്‍വിന്‍ രൂപകല്‍പന ചെയ്ത മൈസൂര്‍ കൊട്ടാരത്തില്‍ ഹിന്ദു - മുസ്ലിം - രാജ്പുത് വാസ്തു ശൈലിയുടെ സംഗമമാണ് ഉപയോഗിച്ചിരിക്കുന്നത് . കര്‍ണാട നിയമസഭ മന്ദിരമായ വിധാന്‍ സൗധ ഉള്‍പ്പടെ നിരവധി കെട്ടിടങ്ങളില്‍ മുസ്ലിംപള്ളികളുടേതിന് സമാനമായ മകുടങ്ങള്‍ കാണാം .

ഇത്തരം നിരവധി കെട്ടിടങ്ങളുടെ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തു 'ഇതും പൊളിക്കാന്‍ താങ്കള്‍ ഉത്തരവിടുമോ ' എന്ന ചോദ്യവുമായി സാമൂഹ്യ മാധ്യമങ്ങളില്‍ എം പിക്കെതിരെ നിരവധി പേര്‍ രംഗത്തു വന്നിട്ടുണ്ട് .

logo
The Fourth
www.thefourthnews.in