നിര്‍മല സീതാരാമന്‍
നിര്‍മല സീതാരാമന്‍

സൗജന്യങ്ങള്‍ നല്‍കുന്നതിന് മുന്‍പ് സാമ്പത്തിക സ്ഥിതിയെക്കുറിച്ച് ചിന്തിക്കണം: സംസ്ഥാനങ്ങളോട് നിര്‍മല സീതാരാമന്‍

സംസ്ഥാനങ്ങള്‍ സൗജന്യ സേവനങ്ങള്‍ നല്‍കുന്നതിനെ പ്രധാനമന്ത്രി നരേന്ദ്രമോദി വിമര്‍ശിച്ച് ദിവസങ്ങള്‍ക്കു ശേഷമാണ് ധനമന്ത്രിയുടെ പ്രതികരണം
Updated on
1 min read

ജനങ്ങള്‍ക്ക് സൗജന്യ സേവനങ്ങള്‍ നല്‍കുന്നതിന് മുന്‍പ് സര്‍ക്കാരിന്റെ സാമ്പത്തിക സ്ഥിതിയെക്കുറിച്ച് സംസ്ഥാനങ്ങള്‍ ചിന്തിക്കണമെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍. ബജറ്റ് രൂപകല്‍പ്പന ചെയ്യേണ്ടത് ഖജനാവിലെ പണം അനുസരിച്ചായിരിക്കണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. സംസ്ഥാനങ്ങള്‍ സൗജന്യ സേവനങ്ങള്‍ നല്‍കുന്നതിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി വിമര്‍ശിച്ച് ദിവസങ്ങള്‍ക്ക് ശേഷമാണ് ധനമന്ത്രിയുടെ പ്രതികരണം. സൗജന്യ സേവനങ്ങള്‍ നല്‍കുന്ന സംസ്ഥാന സര്‍ക്കാരുകളെ, പ്രത്യേകിച്ച് ഡല്‍ഹിയിലേയും പഞ്ചാബിലേയും ആം ആദ്മി പാര്‍ട്ടിയെയാണ് മന്ത്രി വിമര്‍ശിച്ചത്. വിഷയത്തില്‍ ചര്‍ച്ചകള്‍ ആരംഭിച്ചത് പ്രതീക്ഷ നല്‍കുന്നുവെന്നും മന്ത്രി വ്യക്തമാക്കി.

തിരഞ്ഞെടുപ്പ് സമയത്ത് നല്‍കുന്ന വാഗ്ദാനങ്ങള്‍ ബജറ്റിന് അനുയോജ്യമായ രീതിയില്‍ നിറവേറ്റുന്നുണ്ടെന്ന് സര്‍ക്കാരുകള്‍ ഉറപ്പ് വരുത്തണം

''ജനങ്ങള്‍ക്ക് എന്തെങ്കിലും സൗജന്യമായി നല്‍കാമെന്ന് നിങ്ങള്‍ വാഗ്ദാനം നല്‍കുന്നതിന് മുന്‍പ്, അത് വൈദ്യുതിയോ വെള്ളമോ എന്തുമാകട്ടെ, നിങ്ങളുടെ സര്‍ക്കാരിന്റെ സാമ്പത്തികാവസ്ഥയെക്കുറിച്ചും വരവ് ചെലവുകളെക്കുറിച്ചും ചിന്തിക്കണം. അതുപോലെ തിരഞ്ഞെടുപ്പ് സമയത്ത് നല്‍കുന്ന വാഗ്ദാനങ്ങള്‍ ബജറ്റിന് അനുയോജ്യമായ രീതിയില്‍ നിറവേറ്റുന്നുണ്ടെന്ന് സര്‍ക്കാരുകള്‍ ഉറപ്പ് വരുത്തണം '' -മന്ത്രി പറഞ്ഞു. ബിജെപി ഇക്കണോമിക് സെല്ലിന്റെ നേതൃത്വത്തില്‍ ബംഗളൂരുവില്‍ നടന്ന പരിപാടിയിലായിരുന്നു മന്ത്രിയുടെ വാക്കുകള്‍.

സംസ്ഥാനങ്ങളുടെ സൗജന്യസേവനങ്ങളെ പറ്റി പ്രധാനമന്ത്രി സംസാരിച്ചതുകൊണ്ടാണ് ഇത് ചര്‍ച്ചകള്‍ക്കും സംവാദങ്ങള്‍ക്കും കാരണമായത്, അത് നല്ല സൂചനയാണ്. വിഷയത്തിന്റെ പ്രാധാന്യം മനസിലാക്കാന്‍ കൂടുതല്‍ സമഗ്രമായ ചര്‍ച്ചകളും സംവാദങ്ങളും ആവശ്യമാണ്. എല്ലാ സര്‍ക്കാരുകള്‍ക്കും ജനങ്ങളോട് ഉത്തരവാദിത്തമുണ്ട്. സമൂഹത്തില്‍ പിന്നോക്കം നില്‍ക്കുന്ന വിഭാഗക്കാര്‍ക്കുള്‍പ്പെടെ മികച്ച വിദ്യാഭ്യാസം ഉറപ്പ് വരുത്തേണ്ടതും അടിസ്ഥാന ആരോഗ്യ പരിരക്ഷയും സര്‍ക്കാരിന്റെ കടമയാണ്. ഇതിനായി ജിഡിപിയുടെ ആറ് ശതമാനമെങ്കിലും മാറ്റി വെയ്‌ക്കേണ്ടതുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

വിദ്യാഭ്യാസമേഖലയെ ഏറ്റെടുക്കാന്‍ സ്വകാര്യ സ്ഥാപനങ്ങളെ അനുവദിച്ചിട്ടുമില്ല.

ഒരു സര്‍ക്കാരും കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കുവാനുള്ള തങ്ങളുടെ ഉത്തരവാദിത്വത്തില്‍ നിന്ന് മാറി നിന്നിട്ടില്ല. വിദ്യാഭ്യാസമേഖലയെ ഏറ്റെടുക്കാന്‍ സ്വകാര്യ സ്ഥാപനങ്ങളെ അനുവദിച്ചിട്ടുമില്ല. സ്വകാര്യ മേഖലയെ അനുവദിക്കുന്നുണ്ടെങ്കിലും കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ജവഹര്‍ നവോദയ വിദ്യാലയ, സര്‍വ ശിക്ഷാ അഭയാന്‍, ഗോത്ര വര്‍ഗ്ഗ സ്‌കൂളുകള്‍, റെസിഡന്‍ഷ്യല്‍ സ്‌കൂളുകള്‍ തുടങ്ങിയവയിലൂടെ മികച്ച വിദ്യാഭ്യാസം ഉറപ്പ് വരുത്തുന്നുണ്ട്. പണപ്പെരുപ്പത്തെക്കുറിച്ച് ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

logo
The Fourth
www.thefourthnews.in