ബിജെപിക്കും 'മതേതരര്‍ക്കു'മിടയിലെ നിതീഷിന്റെ രാഷ്ട്രീയ മലക്കം മറിച്ചിലുകള്‍

ബിജെപിക്കും 'മതേതരര്‍ക്കു'മിടയിലെ നിതീഷിന്റെ രാഷ്ട്രീയ മലക്കം മറിച്ചിലുകള്‍

മോദിയുടെ ആശയങ്ങളുടെ വിശ്വസ്തനായ നടത്തിപ്പുകാരനായി തുടരുകയായിരുന്നു പഴയ ലോഹ്യയിസ്റ്റായ നിതീഷ് കുമാർ
Updated on
2 min read

ബിഹാര്‍ വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്. ഇത്തവണയും നിതീഷ് കുമാറിനെ കേന്ദ്രീകരിച്ചാണ് ഊഹാപോഹങ്ങള്‍. ഒരിക്കല്‍ കൂടി രാഷ്ട്രീയ സാഹസത്തിന് നിതീഷ് മുതിരുമോ എന്നതാണ് അഭ്യൂഹം. മുന്‍പ് എടുത്തതുപോലുള്ള രാഷ്ട്രീയ കരണം മറച്ചിലുകള്‍ക്ക് നിതീഷ് തയ്യാറായാല്‍ അതിന്റെ രാഷ്ട്രീയ പ്രത്യാഘാതം എന്തായിരിക്കും? പ്രത്യേകിച്ച് 2024 ല്‍ ലോക്സഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ. ചൊവ്വാഴ്ച നിതീഷ് വിളിച്ച പാര്‍ട്ടി എംഎല്‍എമാരുടെയും ഭാരവാഹികളുടെയും യോഗത്തില്‍ ഇത് സംബന്ധിച്ച തീരുമാനം ഉണ്ടാകുമെന്നാണ് കരുതുന്നത്. ബിജെപിയുമായുള്ള സഖ്യം അവസാനിപ്പിക്കാന്‍ നിതീഷ് തത്വത്തില്‍ തീരുമാനിച്ചുവെന്നാണ് പറ്റ്നയില്‍നിന്നുള്ള റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

ബിജെപിക്കും 'മതേതരര്‍ക്കു'മിടയിലെ നിതീഷിന്റെ രാഷ്ട്രീയ മലക്കം മറിച്ചിലുകള്‍
ജെഡിയു -ബിജെപി തർക്കം രൂക്ഷം; എംപിമാരുടെയും എംഎല്‍എമാരുടെയും യോഗം നാളെ; നിതീഷ് സോണിയയുമായി ചര്‍ച്ച നടത്തിയെന്ന് സൂചന

രാജ്യത്തെ മതേതര പാര്‍ട്ടികള്‍ ബിജെപിയെ അകറ്റി നിര്‍ത്തിയ കാലത്തുതന്നെ ആ പാര്‍ട്ടിയുമായി സൗഹൃദം സ്ഥാപിച്ച രാഷ്ട്രീയ പ്രസ്ഥാനമായിരുന്നു നിതീഷ് കുമാറിന്റെത്. രാം മനോഹര്‍ ലോഹ്യ, ജയ്പ്രകാശ് നാരയണ്‍, കര്‍പൂരി താക്കൂര്‍ എന്നീ സോഷ്യലിസ്റ്റ് നേതാക്കളുമായി ബന്ധപ്പെട്ടായിരുന്നു തുടക്കമെങ്കിലും പ്രയോഗിക രാഷ്ട്രീയത്തിലെ തന്ത്രജ്ഞന്‍ എന്ന നിലയിലായിരുന്നു നീതീഷ് ശ്രദ്ധിക്കപ്പെട്ടത്. ബിജെപിയുമായി സഹകരിച്ചതിനെ തുടര്‍ന്ന് അടല്‍ബിഹാരി വാജ്പേയ് സര്‍ക്കാരില്‍ റെയില്‍വെ മന്ത്രിയായി. എന്നാല്‍ ലക്ഷ്യം ബിഹാറിലെ മുഖ്യമന്ത്രി സ്ഥാനമായിരുന്നു.

ലാലുപ്രസാദ് , നിതീഷ് കുമാർ
ലാലുപ്രസാദ് , നിതീഷ് കുമാർഫയൽചിത്രം

2000 ത്തിലെ തിരഞ്ഞെടുപ്പില്‍ കപ്പിനും ചുണ്ടിനുമിടിയില്‍ മുഖ്യമന്ത്രി സ്ഥാനം പോയി. കേവല ഭൂരിപക്ഷം കിട്ടാത്തതിനെ തുടര്‍ന്ന് വിശ്വാസവോട്ടിന് തൊട്ടുമുന്‍പ് രാജിവെയ്ക്കേണ്ടിവന്നു. 2005 ല്‍ ആദ്യമായി മുഖ്യമന്ത്രി പദത്തിലെത്തി. ബിജെപിയുടെ സഹായമുണ്ടായിരുന്നു. ഗുജറാത്ത് കലാപത്തിന് ശേഷവും ബിജെപിയുമായി സഹകരണം തുടര്‍ന്നെങ്കിലും, നരേന്ദ്ര മോദിയെ എതിര്‍ത്ത്, ബിജെപിയുമായി സഹകരണം തുടരുകയെന്ന നിലപാടായിരുന്നു നിതീഷിന്റെത്. മുസ്ലീം വോട്ടുകള്‍ നഷ്ടമാകാതിരിക്കാനുളള തന്ത്രമായിരുന്നു ഇത്. 2013 ല്‍ ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി നരേന്ദ്രമോദിയെ പ്രഖ്യാപിച്ചപ്പോള്‍ സഖ്യമവസാനിപ്പിച്ച നേതാവാണ് നിതീഷ് കുമാര്‍.

നരേന്ദ്ര മോദി, നിതീൽ് കുമാർ
നരേന്ദ്ര മോദി, നിതീൽ് കുമാർ

2014 ലെ ലോക്സഭ തിരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടി നേരിട്ട നിതീഷ് കുമാര്‍ തൊട്ടടുത്ത വര്‍ഷം നടന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും ബന്ധവൈരിയായിരുന്ന ലാലു പ്രസാദ് യാദവിന്റെ ആര്‍ ജെ ഡിയുമായും ചേര്‍ന്ന് മഹാസഖ്യം ഉണ്ടാക്കി. സീറ്റ് കുറവായിരുന്നെങ്കിലും മുഖ്യമന്ത്രി സ്ഥാനം നല്‍കി സഖ്യത്തില്‍ വിടവ് ഉണ്ടാകാതിരിക്കാന്‍ ലാലു പ്രസാദ് ശ്രദ്ധിച്ചു. ഉപമുഖ്യമന്ത്രിയായി തേജസ്വിനി യാദവിനെയും നിയമിച്ചു. എന്നാല്‍ പൊടുന്നനെയായിരുന്നു നിതീഷിന്റെ മലക്കം മറച്ചില്‍. തേജസ്വിനി യാദവിനെതിരെ അഴിമതി ആരോപണം ഉയര്‍ന്നുവെന്ന് ചൂണ്ടിക്കാട്ടി നിതീഷ് മറുകണ്ടം ചാടി , മോദിയുടെ ബിജെപിയുമായി ചേരുകയായിരുന്നു. മോദി ഉറ്റ സുഹൃത്തായി. അതിന് ശേഷം നരേന്ദ്ര മോദി കൊണ്ടുവന്ന എല്ലാ വിവാദ നടപടികളെയും പിന്തുണയ്ക്കുകയാണ് നിതീഷ് ചെയ്തത്. ജമ്മു കശ്മീരിന്റെ പ്രത്യേക അവകാശങ്ങള്‍ എടുത്തു കളഞ്ഞതിനും പൗരത്വ നിയമ ഭേദഗതിക്കും നിതീഷ് പിന്തുണ പ്രഖ്യാപിച്ചു. അതിന് മുമ്പ് നോട്ടുനിരോധനത്തെയും അദ്ദേഹം ന്യായികരിച്ചു. അങ്ങനെ മോദിയുടെ ആശയങ്ങളുടെ വിശ്വസ്തനായ നടത്തിപ്പുകാരനായി തുടരുകയായിരുന്നു ഈ പഴയ ലോഹ്യയിസ്റ്റ്.

എന്തായാലും 2024 ലെ ലോക്സഭ തിരഞ്ഞെടുപ്പിലും 2025 ലെ നിയമസഭ തെരഞ്ഞെടുപ്പിനെയും സംബന്ധിച്ച് നിര്‍ണായകമായിരിക്കും നീതിഷിന്റെ ഇനിയുള്ള നീക്കങ്ങള്‍

എല്ലാകാലത്തും നിതീഷിന്റെ പിന്നില്‍ രണ്ടാം സ്ഥാനക്കാരായി നില്‍ക്കാനാവില്ലെന്ന ബിജെപിയുടെ തീരുമാനമാണ് ചുവടുമാറ്റം ആലോചിക്കാന്‍ നിതിഷിനെ പ്രേരിപ്പിക്കുന്നതെന്നാണ് സൂചന. തന്റെ പാര്‍ട്ടിയെ പിളര്‍ത്താനാണ് ബിജെപി നീക്കം എന്നും അദ്ദേഹം തിരിച്ചറിയുന്നുണ്ട്. മുന്‍ നേതാവ് ആര്‍ സി പി സിങ്ങിനെയാണ് ഇതിനായി ഉപയോഗിക്കുന്നതെന്നും നിതീ്ഷ് കരുതുന്നു. വീണ്ടും നിതീഷ് - ലാലു - കോണ്‍ഗസ് സഖ്യമുണ്ടായാല്‍ മുഖ്യമന്ത്രി സ്ഥാനം ഇത്തവണ വിട്ടുകൊടുക്കാന്‍ ആര്‍ ജെ ഡി തയ്യാറാകുമോ എന്നതും കണ്ടറിയേണ്ടതാണ്. എന്തായാലും 2024 ലെ ലോക്സഭ തെരഞ്ഞെടുപ്പിലും 2025 ലെ നിയമസഭ തിരഞ്ഞെടുപ്പിനെയും സംബന്ധിച്ച് നിര്‍ണായകമായിരിക്കും നീതിഷിന്റെ ഇനിയുള്ള നീക്കങ്ങള്‍

logo
The Fourth
www.thefourthnews.in