കൊളീജിയത്തില്‍ സര്‍ക്കാര്‍ പ്രതിനിധി വേണമെന്ന കേന്ദ്ര നിർദേശത്തിനെതിരെ പ്രതിപക്ഷം; 'ജുഡീഷ്യറിയെ പിടിച്ചെടുക്കുക ലക്ഷ്യം'

കൊളീജിയത്തില്‍ സര്‍ക്കാര്‍ പ്രതിനിധി വേണമെന്ന കേന്ദ്ര നിർദേശത്തിനെതിരെ പ്രതിപക്ഷം; 'ജുഡീഷ്യറിയെ പിടിച്ചെടുക്കുക ലക്ഷ്യം'

കൊളീജിയം സമ്പ്രദായത്തിനെതിരെ കേന്ദ്രവും സുപ്രീംകോടതിയും ഏറ്റുമുട്ടല്‍ തുടരുന്നതിനിടെയാണ് നിയമമന്ത്രിയുടെ കത്തും വാദപ്രതിവാദങ്ങളും
Updated on
1 min read

ജഡ്ജിമാരെ തിരഞ്ഞെടുക്കാനുള്ള കൊളീജിയത്തില്‍ സര്‍ക്കാര്‍ പ്രതിനിധികളെ ഉള്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് ചീഫ് ജസ്റ്റിസിന് കത്തെഴുതിയ കേന്ദ്രസർക്കാർ നടപടിയെ രൂക്ഷമായി വിമർശിച്ച് പ്രതിപക്ഷം. കേന്ദ്ര നിയമ മന്ത്രി കിരൺ റിജിജു, ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന് കത്തെഴുതിയതിന് പിന്നാലെയാണ് വിമർശനം. ജുഡീഷ്യറിയെ പിടിച്ചെടുക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് പ്രതിപക്ഷം ആരോപിച്ചു. ജഡ്ജിമാരുടെ നിയമനത്തില്‍ സുതാര്യത ഉറപ്പാക്കാന്‍ കൊളീജിയത്തില്‍ സര്‍ക്കാര്‍ പ്രതിനിധി അനിവാര്യമാണെന്ന് ചൂണ്ടിക്കാട്ടി ആയിരുന്നു കേന്ദ്രമന്ത്രിയുടെ കത്ത്.

സ്വതന്ത്ര ഭരണഘടനാ സ്ഥാപനങ്ങൾ പിടിച്ചെടുക്കാനാണ് ബിജെപി നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാരിന്റെ ശ്രമമെന്ന് കോൺഗ്രസ് ആരോപിപിച്ചു. ജുഡീഷ്യറിക്കെതിരായ കിരൺ റിജിജുവിന്റെ ആവർത്തിച്ചുള്ള ആക്രമണങ്ങളും ദേശീയ ജുഡീഷ്യൽ നിയമന കമ്മീഷൻ (എൻ‌ജെ‌എ‌സി) നിയമം റദ്ദാക്കിയ സുപ്രീം കോടതി നടപടിക്കെതിരെയുള്ള ഉപരാഷ്ട്രപതി ജഗദീപ് ധൻഖറിന്റെ വിമർശനവും ഈ വലിയ പദ്ധതിയുടെ ഭാഗമാണെന്നും കോൺഗ്രസ് വ്യക്തമാക്കുന്നു. "കൊളീജിയത്തിന് നവീകരണം ആവശ്യമാണ്. എന്നാൽ ഈ സർക്കാർ ആഗ്രഹിക്കുന്നത് തികഞ്ഞ വിധേയത്വമാണ്. ഇപ്പോഴത്തെ നിർദേശം സ്വതന്ത്രമായ ജുഡീഷ്യറിക്ക് ഒരു വിഷ ഗുളികയാണ്." മുതിർന്ന കോൺഗ്രസ് നേതാവ് ജയറാം രമേശ് പറഞ്ഞു.

കിരൺ റിജിജുവിന്റെ നിർദേശം ഞെട്ടിക്കുന്നതാണെന്ന് ആർജെഡി നേതാവും രാജ്യസഭാ എംപിയുമായ മനോജ് കുമാർ ഝാ പറഞ്ഞു. ഇത് ജുഡീഷ്യറിയുടെ സ്വാതന്ത്ര്യത്തെ ഗുരുതരമായി ബാധിക്കുന്നതാണ് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

സർക്കാർ നീക്കം അങ്ങേയറ്റം അപകടകരമായ നടപടി ആണെന്നും ജുഡീഷ്യൽ നിയമനങ്ങളിൽ സർക്കാർ ഇടപെടൽ പാടില്ലെന്നും ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാൾ ട്വിറ്ററിൽ കുറിച്ചു.

സുപ്രീംകോടതി കൊളീജിയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ പ്രതിനിധികളെയും ഹൈക്കോടതി കൊളീജിയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ പ്രതിനിധികളെയും ഉള്‍പ്പെടുത്തണമെന്നാണ് കേന്ദ്രത്തിന്റെ ആവശ്യം. കൊളീജിയം സമ്പ്രദായത്തിനെതിരെ കേന്ദ്രവും സുപ്രീംകോടതിയും ഏറ്റുമുട്ടല്‍ തുടരുന്നതിനിടെയാണ് നിയമമന്ത്രിയുടെ കത്തും വാദപ്രതിവാദങ്ങളും. അതേസമയം, ജഡ്ജി നിയമനത്തിന് നിലവിലുള്ള മാനദണ്ഡം ഭേദഗതി ചെയ്യുന്നത് അംഗീകരിക്കില്ലെന്ന നിലപാടിലാണ് ജഡ്ജിമാര്‍. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ സഞ്ജയ് കിഷന്‍ കൗള്‍, കെ എം ജോസഫ്, എം ആര്‍ ഷാ, അജയ് റസ്തോഗി, സഞ്ജീവ് ഖന്ന എന്നിവരടങ്ങുന്നതാണ് നിലവിലെ സുപ്രീംകോടതി കൊളീജിയം.

logo
The Fourth
www.thefourthnews.in