വിധിയില്‍ സന്തോഷം; സുപ്രീം കോടതിക്ക് നന്ദി പറഞ്ഞ് കാപ്പന്റെ ഭാര്യ
മാധ്യമപ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പന് ജാമ്യം അനുവദിച്ചു കൊണ്ടുള്ള സുപ്രീം കോടതി വിധിയില്‍ സന്തോഷമെന്ന് കാപ്പന്റെ കുടുംബം. സുപ്രീം കോടതിക്ക് നന്ദി പറഞ്ഞ കാപ്പന്റെ ഭാര്യ റെയ്ഹാനത്ത്, കാപ്പന്റെ നിരപരാധിത്വം കോടതിക്ക് ബോധ്യപ്പെട്ടുവെന്നും പ്രതികരിച്ചു. നിയമപോരാട്ടത്തിന് കൂടെ നിന്നവര്‍ക്കും റെയ്ഹാനത്ത് നന്ദി അറിയിച്ചു.
ആറ് ആഴ്ച ഡല്‍ഹിയില്‍ തുടരണമെന്ന ഉപാധിയിലാണ് കാപ്പന് ജാമ്യം അനുവദിച്ചിരിക്കുന്നത്. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് ജാമ്യം അനുവദിച്ചത്. അതേസമയം സിദ്ദീഖ് കാപ്പന്റെ മോചനം വൈകുമെന്നാണ് റിപ്പോർട്ടുകള്‍. കാപ്പനെതിരെ എന്‍ഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റിന്റെ മറ്റൊരു കേസ് കൂടി നിലനില്‍ക്കുന്നുണ്ട്. ഇതില്‍ ജാമ്യം ലഭിച്ചാലേ കാപ്പന് പുറത്തിറങ്ങാനാകൂ.
ഉത്തര്‍പ്രദേശിലെ ഹാഥ്‌റസില്‍ ദളിത് വിഭാഗത്തില്‍പ്പെട്ട പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതിനെ തുടര്‍ന്നുള്ള സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ പോകുന്നതിനിടെയായിരുന്നു സിദ്ദീഖ് കാപ്പന്‍ അറസ്റ്റ് ചെയ്യപ്പെട്ടത്. കേരള പത്രപ്രവര്‍ത്തക യൂണിയന്‍ ഡല്‍ഹി ഘടകത്തിന്റെ സെക്രട്ടറിയായിരുന്നു അറസ്റ്റ് ചെയ്യപ്പെടുമ്പോള്‍ സിദ്ദീഖ്. യു എ പി എയാണ് സിദ്ദീഖിനെതിരെ ചുമത്തിയിരുന്നത്.