നിർബന്ധിത മതപരിവർത്തനം ഗൗരവതരമെന്ന് സുപ്രീംകോടതി; തിരുത്തൽ നടപടിക്ക് അറ്റോർണി ജനറലിന്റെ സഹായം തേടി രണ്ടംഗ ബെഞ്ച്
നിര്‍ബന്ധിതവും കബളിപ്പിച്ചുമുള്ള മതപരിവർത്തനം തടയണമെന്ന ഹർജിയിൽ അറ്റോർണി ജനറൽ ആർ വെങ്കട്ടരമണിയുടെ സഹായം തേടി സുപ്രീംകോടതി. ഇത്തരം സംഭവങ്ങൾ നടക്കുന്നുണ്ടെങ്കിൽ അത് ഗൗരവതരമായ പ്രശ്‌നമാണെന്നും അതിന് രാഷ്ട്രീയത്തിന്റെ നിറം നല്‍കേണ്ടതില്ലെന്നും എം ആർ ഷായും സി ടി രവി കുമാറും ഉൾപ്പെട്ട സുപ്രീംകോടതി ബെഞ്ച് വ്യക്തമാക്കി. നിർബന്ധിത മതപരിവർത്തനം തടയാൻ നടപടി ആവശ്യപ്പെട്ട് ബിജെപി നേതാവായ അഡ്വ അശ്വിനി ഉപാധ്യയ നല്‍കിയ പൊതു താത്പര്യ ഹര്‍ജി പരിഗണിച്ചുകൊണ്ടാണ് കോടതി ഇടപെടൽ. ഹർജി രാഷ്ട്രീയ പ്രേരിതമെന്ന തമിഴ്നാട് സർക്കാരിന്റെ വാദം കോടതി തള്ളി. ന്യൂനപക്ഷ വിഭാഗങ്ങൾക്കെതിരായ പരാമർശം ഹർജിയിൽ നിന്ന് തത്ക്കാലം നീക്കില്ലെന്നും കോടതി വ്യക്തമാക്കി. ഫെബ്രുവരി ഏഴിന് കേസ് വീണ്ടും പരിഗണിക്കും.
ഹർജിക്കാരൻ ഉന്നയിക്കുന്ന കാര്യങ്ങൾ നടക്കുന്നെങ്കിൽ അത് ഗൗരവതരമെന്ന് നിരീക്ഷിച്ച കോടതി, ഇത്തരം സംഭവങ്ങൾ തടയാൻ അമിക്കസ് ക്യൂറിയായോ മറ്റേതെങ്കിലും വിധത്തിലോ സഹായിക്കണമെന്ന് എജിയോട് ആവശ്യപ്പെട്ടു. മതസ്വാതന്ത്ര്യവും മതപരിവർത്തനവും വ്യത്യസ്തമാണെന്നും കോടതി നിരീക്ഷിച്ചു.
''അറ്റോര്‍ണി ജനറല്‍ എന്ന നിലയില്‍ ഞങ്ങള്‍ക്ക് താങ്കളുടെ സഹായം ആവശ്യമുണ്ട്. ബലമായും വാഗ്ദാനങ്ങള്‍ നല്‍കിയും മറ്റ് വഴികളിലൂടേയും മതപരിവര്‍ത്തനം നടക്കുന്നു എന്നാണ് ആരോപണം. ഇത്തരത്തില്‍ സംഭവിക്കുന്നുണ്ടോ ഇല്ലയോ എന്ന് ഞങ്ങള്‍ അഭിപ്രായം പറയുന്നില്ല. മതസ്വാതന്ത്ര്യത്തിനുള്ള അവകാശവും മതപരിവര്‍ത്തനത്തിനുള്ള അവകാശവും തമ്മില്‍ വ്യത്യാസമുണ്ട്. അതിനാല്‍ ഇത്തരത്തില്‍ സംഭവിക്കുന്നുണ്ടെങ്കില്‍ അത് തടയാന്‍ എന്ത് എപ്പോള്‍ എങ്ങനെ ചെയ്യണം? എന്തൊക്കെയാണ് സാധ്യമായ തിരുത്തല്‍ നടപടികള്‍?'' എജിയോട് കോടതി പറഞ്ഞു.
ഹർജിക്ക് പിന്നിൽ രാഷ്ട്രീയ താത്പര്യമെന്ന് തമിഴ്നാടിന് വേണ്ടി ഹാജരായ അഭിഭാഷകൻ പി വിൽസൺ പറഞ്ഞു. കോടതി വിഷയത്തിൽ ഇടപെടേണ്ടതില്ലെന്നും അദ്ദേഹം വാദിച്ചു. ജനങ്ങൾ തീരുമാനിക്കട്ടേ എന്നാണ് നിലപാടെന്നും അഭിഭാഷകൻ വ്യക്തമാക്കി. വിഷയത്തിൽ രാഷ്ട്രീയം കലർത്തരുതെന്നും ഹർജിക്കാരന്റെ രാഷ്ട്രീയം കോടതിയുടെ പരിഗണനാ വിഷയമല്ലെന്നും ജസ്റ്റിസ് ഷാ വ്യക്തമാക്കി. ഏതെങ്കിലും സംസ്ഥാനത്തെ ലക്ഷ്യംവെയ്ക്കുന്നില്ലെന്നും രാജ്യത്തെക്കുറിച്ച് ആകെയാണ് ആശങ്കയെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ 23 ന് സുപ്രീം കോടതി വിഷയത്തിൽ കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ പ്രതികരണം തേടിയിരുന്നു. നിര്‍ബന്ധിത മതപരിവര്‍ത്തനം ഭരണഘടനാ വിരുദ്ധമാണെന്നാണ് കേന്ദ്രം സുപ്രീംകോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ വ്യക്തമാക്കുന്നത്. നിര്‍ബന്ധിത മതപരിവര്‍ത്തനം തടയാന്‍ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും കേന്ദ്ര സർക്കാർ അറിയിച്ചു. മതസ്വാതന്ത്രത്തിന്റെ പരിധിയില്‍ മതം മാറ്റാനുള്ള അവകാശമില്ലെന്നറിയിച്ച ഗുജറാത്ത് സര്‍ക്കാര്‍ നേരത്തെ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. വിവാഹത്തിലൂടെ മതപരിവര്‍ത്തനത്തിന് ജില്ലാ മജിസ്‌ട്രേറ്റിന്റെ അനുമതി നിര്‍ബന്ധമാക്കുന്ന നിയമ വ്യവസ്ഥയില്‍ ഹൈക്കോടതി ഏര്‍പ്പെടുത്തിയ സ്റ്റേ ഒഴിവാക്കണെമന്നായിരുന്നു ഗുജറാത്ത് സര്‍ക്കാരിന്റെ ആവശ്യം .