പ്രൊഫ. സായിബാബയെ കുറ്റവിമുക്തനാക്കിയ വിധി റദ്ദാക്കണമെന്ന മഹാരാഷ്ട്രാ സർക്കാരിന്റെ വാക്കാലുള്ള ആവശ്യം തള്ളി സുപ്രീംകോടതി
ഡല്‍ഹി സര്‍വകലാശാലയിലെ മുന്‍ പ്രൊഫസര്‍ ജി എന്‍ സായിബാബയെ കുറ്റവിമുക്തനാക്കിയ ബോംബെ ഹൈക്കോടതി വിധി റദ്ദാക്കണമെന്ന മഹാരാഷ്ട്രാ സര്‍ക്കാരിന്റെ വാക്കാലുള്ള ആവശ്യം സുപ്രീംകോടതി തള്ളി. ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ഹിമ കൊഹ്ലി എന്നിവരടങ്ങിയ ബെഞ്ചിലാണ് മഹാരാഷ്ട്രാ സർക്കാരിന് വേണ്ടി സോളിസിറ്റർ ജനറൽ തുഷാർ മെഹ്ത്ത ആവശ്യം ഉന്നയിച്ചത്. ഗുരുതര രാജ്യവിരുദ്ധ പ്രവർത്തനമാണ് കുറ്റവിമുക്തരായവർ ചെയ്തതെന്ന് തുഷാർമെഹ്ത്ത കോടതിയെ അറിയിച്ചു. എന്നാൽ വിധി സ്റ്റേ ചെയ്യാനാവില്ലെന്ന് കോടതി വ്യക്തമാക്കി. എന്നാൽ ബോംബെ ഹൈക്കോടതി വിധിക്കെതിരെ അപ്പീൽ നൽകാനും തിങ്കളാഴ്ച തന്നെ ലിസ്റ്റ് ചെയ്യാനും സുപ്രീംകോടതി സോളിസിറ്റർ ജനറലിന് അനുമതി നൽകി.
ഇന്ന് രാവിലെയാണ് മാവോയിസ്റ്റ് ബന്ധം ആരോപിച്ച കേസിൽ സായിബാബ അടക്കം അഞ്ച് പേരെയും കുറ്റവിമുക്തരാക്കാൻ ബോംബെ ഹൈക്കോടതിയുടെ നാഗ്പൂർ ബെഞ്ച് വിധിച്ചത്. യുഎപിഎയുടെ 45 ആം വകുപ്പ് പ്രകാരം വിചാരണയ്ക്ക് ആവശ്യമായ അനുമതി നേടിയില്ലെന്നും അതിനാൽ വിചാരണ അസാധുവെന്നുമായിരുന്നു കോടതിയുടെ വിധി. ഈ വിധി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് സുപ്രീംകോടതിയെ സോളിസിറ്റർ ജനറൽ സമീപിച്ചത്.
എന്നാല്‍ ജസ്റ്റിസുമാരായ ഡി വൈ ചന്ദ്രചൂഡും ഹിമ കോഹ്ലിയും അടങ്ങിയ ബെഞ്ച് വിധി അടിയന്തരമായി റദ്ദാക്കണമെന്ന ആവശ്യം അംഗീകരിക്കാന്‍ തയ്യാറായില്ല. അയോഗ്യതയുടെ അടിസ്ഥാനത്തിലല്ല കേസ് ഹൈക്കോടതിയിൽ സർക്കാർ തോറ്റതെന്നും നടപടിക്രമങ്ങളിലെ വീഴ്ച കൊണ്ട് ആണെന്നും സോളിസിറ്റർ ജനറൽ കോടതിയെ അറിയിച്ചു. അപ്പീൽ തിങ്കളാഴ്ച തന്നെ പട്ടികയിൽപ്പെടുത്താന്‍ രജിസ്ട്രര്‍ക്ക് നല്‍കാമെന്ന് ജസ്റ്റിസ് ചന്ദ്രചൂഡ് വ്യക്തമാക്കി. തിങ്കളാഴ്ച കേസുമായി ബന്ധപ്പെട്ട് നോട്ടീസ് നല്‍കിയാലും ജി എന്‍ സായിബാബയെ കുറ്റവിമുക്തനാക്കി കൊണ്ടുള്ള ഉത്തരവ് അന്ന് സ്‌റ്റേ ചെയ്യാന്‍ സാധിക്കണമെന്നില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
മാവോയിസ്റ്റ് ബന്ധമുണ്ടെന്ന കേസില്‍ ഏഴ് വര്‍ഷത്തോളമായി ജയില്‍ശിക്ഷ അനുഭവിക്കുകയാണ പ്രൊഫ. ജിഎന്‍ സായിബാബ. 2014 ലാണ് പ്രഫ. ജിഎന്‍ സായിബാബയെ മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അറസ്റ്റ് ചെയ്യുന്നത്. ഇന്ത്യന്‍ ശിക്ഷ നിയമത്തിലെ 12 ബി, യുഎപിഎയിലെ 13, 18, 20, 38, 39 വകുപ്പുകള്‍ ചുമത്തിയായിരുന്നു കേസ് എടുത്തിരുന്നത്.ജസ്റ്റിസ് രോഹിത് ദിയോ, അനില്‍ പന്‍സാരെ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്.