സുപ്രീംകോടതിയും 'ലൈവ്' ആകുന്നു; ഭരണഘടനാ ബെഞ്ച് നടപടികൾ സെപ്റ്റംബര്‍ 27 മുതല്‍ തത്സമയം

സുപ്രീംകോടതിയും 'ലൈവ്' ആകുന്നു; ഭരണഘടനാ ബെഞ്ച് നടപടികൾ സെപ്റ്റംബര്‍ 27 മുതല്‍ തത്സമയം

ആദ്യഘട്ടത്തില്‍ യൂ ട്യൂബിലൂടെയാകും ലൈവ് സ്ട്രീമിങ്
Updated on
1 min read

സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിലെ നടപടികൾ ​ഇനി തത്സമയം സംപ്രേഷണം ചെയ്യും. ഭരണഘടനാ ബെഞ്ച് പരിഗണിക്കുന്ന കേസുകളുടെ നടപടികൾ സെപ്റ്റംബർ 27 മുതൽ സംപ്രേഷണം ചെയ്യാന്‍ തീരുമാനമായി. ആദ്യഘട്ടത്തില്‍ യൂട്യൂബിലൂടെയാകും ലൈവ് സ്ട്രീമിങ്. ചീഫ് ജസ്റ്റിസ് യു യു ലളിതിന്റെ അധ്യക്ഷതയിൽ ചൊവ്വാഴ്ച വിളിച്ചുചേർത്ത യോഗത്തിലാണ് തീരുമാനം.

സുപ്രീംകോടതിയും 'ലൈവ്' ആകുന്നു; ഭരണഘടനാ ബെഞ്ച് നടപടികൾ സെപ്റ്റംബര്‍ 27 മുതല്‍ തത്സമയം
ലൈവ് സ്ട്രീമിങ് തുടങ്ങി; സുപ്രീം കോടതി നടപടികള്‍ പൊതുജനങ്ങള്‍ക്കും കാണാം, ചരിത്രത്തില്‍ ആദ്യം

കേസുകൾ തത്സമയം സംപ്രേഷണം ചെയ്യുന്നതിന് സ്വന്തമായി വെബ്കാസ്റ്റ് ചാനല്‍ തുടങ്ങും. ചീഫ് ജസ്റ്റിസ് എൻ വി രമണ വിരമിച്ച ദിവസം, നാഷണൽ ഇൻഫോർമാറ്റിക്സ് സെന്ററിന്റെ വെബ്കാസ്റ്റ് പോർട്ടലിൽ സുപ്രീംകോടതി നടപടികൾ തത്സമയം സംപ്രേഷണം ചെയ്തിരുന്നു.

2018 സെപ്റ്റംബർ 26 നാണ് കോടതി നടപടികൾ തത്സമയം സംപ്രേഷണം ചെയ്യാൻ മൂന്നംഗ ബെഞ്ച് തീരുമാനിക്കുന്നത്

2018ല്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചാണ് ലൈവ് സ്ട്രീമിങ്ങിനെ അനുകൂലിച്ച് ഉത്തരവിട്ടത്. കേസുകളില്‍ എന്താണ് സംഭവിക്കുന്നതെന്ന് അറിയാന്‍ ഹര്‍ജിക്കാര്‍ക്ക് ഭരണഘടനാപരമായ അവകാശമുണ്ടെന്ന് ചൂണ്ടിക്കാട്ടിയുള്ള ഹര്‍ജി പരിഗണിച്ചായിരുന്നു നടപടി. മുതിര്‍ന്ന അഭിഭാഷക ഇന്ദിര ജയ്‌സിംഗ്, നിയമ വിദ്യാര്‍ഥി സ്വപ്‌നില്‍ ത്രിപാഠി എന്നിവരാണ് ആദ്യമായി ഇക്കാര്യം ഉന്നയിച്ച് സുപ്രീം കോടതിയെ സമീപിച്ചത്. സുപ്രീം കോടതി നടപടികള്‍ തത്സമയം കാണിക്കാമെന്ന നിര്‍ദേശത്തെ കേന്ദ്ര സര്‍ക്കാരും കോടതിയില്‍ പിന്തുണച്ചു. തുടര്‍ന്ന് 2018 സെപ്റ്റംബറില്‍, ഭരണഘടനാപരമായി പ്രാധാന്യമുള്ള കേസുകള്‍ തത്സമയം കാണിക്കാമെന്ന് കോടതി ഉത്തരവ് പുറപ്പെടുവിച്ചു.

ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ എ എം ഖാന്‍വില്‍കര്‍, ഡി വൈ ചന്ദ്രചൂഡ് എന്നിവരടങ്ങിയ ബെഞ്ചിന്റേതായിരുന്നു സുപ്രധാന ഉത്തരവ്. കോടതിയുടെ അന്തസ്സും ബഹുമാന്യതയും മുറിവേൽക്കാത്ത രീതിയിലായിരിക്കണം സംപ്രേഷണം. ദൂരദർശൻ പോലെയുള്ള ചാനലുകൾ വഴിയോ മറ്റ് ഔദ്യോഗിക വെബ്സൈറ്റുകൾ വഴിയോ വാദികളുടെയോ സാക്ഷികളുടെയോ അവകാശങ്ങൾ സംരക്ഷിച്ചുകൊണ്ട് തത്സമയ സംപ്രേഷണം നടത്താമെന്നായിരുന്നു നിര്‍ദേശം.

ഇതിന്‍റെ ഭാഗമായി, ഭരണഘടനാ ബെഞ്ചുകൾക്ക് മുമ്പാകെയുള്ള സുപ്രധാന വിഷയങ്ങളുടെ വാദം കേൾക്കൽ മുൻഗണനാടിസ്ഥാനത്തിൽ ആരംഭിക്കാനാണ് നിലവിലെ തീരുമാനം. കൂടാതെ, കോടതിയിലെ അടുത്ത വർഷത്തെ കലണ്ടറിനും അവധി ദിവസങ്ങളുടെ പട്ടികയ്ക്കും ഇന്നലെ നടന്ന യോഗത്തിൽ അന്തിമ തീരുമാനമായി. സുപ്രീം കോടതിയിൽ നിലവിലുള്ള നാല് ഒഴിവുകൾ നികത്താനും അഞ്ചംഗ ജഡ്ജിമാരുടെ യോഗം ചേര്‍ന്നിരുന്നു. എന്നാല്‍ ഇത് സംബന്ധിച്ച ചര്‍ച്ചയില്‍ തീരുമാനമായിട്ടില്ല.

logo
The Fourth
www.thefourthnews.in