ഷിൻഡെ വിഭാഗത്തിന് പാർട്ടി ചിഹ്നവും പേരും അവകാശപ്പെടാനാകില്ല; തിരഞ്ഞെടുപ്പ് കമ്മീഷനെ നിലപാടറിയിച്ച് ഉദ്ധവ് പക്ഷം

ഷിൻഡെ വിഭാഗത്തിന് പാർട്ടി ചിഹ്നവും പേരും അവകാശപ്പെടാനാകില്ല; തിരഞ്ഞെടുപ്പ് കമ്മീഷനെ നിലപാടറിയിച്ച് ഉദ്ധവ് പക്ഷം

നവംബർ മൂന്നിന് നടക്കുന്ന അന്ധേരി ഈസ്റ്റ് ഉപതെരഞ്ഞെടുപ്പിനെ തുടർന്നാണ് ഇരുപക്ഷവും അവകാശവാദം ഉന്നയിച്ച് മുന്നോട്ട് വന്നത്
Updated on
1 min read

ഏകനാഥ് ഷിൻഡെ വിഭാഗത്തിന് പാർട്ടിയുടെ പേരും ചിഹ്നവും അവകാശപ്പെടാൻ കഴിയില്ലെന്ന് മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ തിരഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ചു. അന്ധേരി ഈസ്റ്റില്‍ നടക്കാനിരിക്കുന്ന നിയമസഭാ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചിഹ്ന തര്‍ക്കത്തിലാണ് ഉദ്ധവ് പക്ഷം നിലപാട് അറിയിച്ചത്. ഷിന്‍ഡെ പക്ഷവും ചിഹ്നത്തിന് അവകാശവാദം ഉന്നയിച്ച സാഹചര്യത്തില്‍ ശനിയാഴ്ച ഉച്ചയ്ക്ക് രണ്ട് മണിക്കകം നിലപാട് അറിയിക്കാന്‍ ഉദ്ധവ് താക്കറെയോട് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശിച്ചിരുന്നു. ഇരുപക്ഷത്തിന്റേയും അവകാശവാദത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ അന്തിമ തീരുമാനം എടുക്കും.

ഷിൻഡെ വിഭാഗം സ്വമേധയായാണ് ശിവസേന വിട്ടത്. അതിനാല്‍ തന്നെ പേരിനോ ചിഹ്നത്തിനോ അവകാശവാദം ഉന്നയിക്കാന്‍ അവകാശമില്ലെന്നാണ് ഉദ്ധവ് താക്കറെയുടെ വാദം. അയോഗ്യത ഹര്‍ജി സുപ്രീംകോടതിയുടെ പരിഗണനയിലിരിക്കുന്നതിനാല്‍ ഷിന്‍ഡെ വിഭാഗത്തിന്റെ അവകാശവാദങ്ങളെ പരിഗണിക്കേണ്ടതില്ലെന്ന് ഉദ്ധവ് വിശദീകരിക്കുന്നു.

നിലവില്‍ നിയമസഭയിലേയും പാര്‍ലമെന്റിലേയും ഭൂരിപക്ഷം ശിവസേന അംഗങ്ങളും ഷിന്‍ഡെ പക്ഷത്താണ്. ഇതിന്റെ അടിസ്ഥാനത്തിലാണ് പാര്‍ട്ടിയുടെ പേരിനും ചിഹ്നത്തിനുമെല്ലാം അവര്‍ അവകാശവാദമുന്നയിക്കുന്നത്. എന്നാല്‍ സാങ്കേതികമായി പാര്‍ട്ടി അധ്യക്ഷ സ്ഥാനത്തുള്ളത് ഉദ്ധവ് താക്കറെയായതിനാലാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉടന്‍ തന്നെ നിലപാട് അറിയിക്കാന്‍ ആവശ്യപ്പെട്ടത്.

ബാൽ താക്കറെ സ്ഥാപിച്ച പാർട്ടിയുടെ പേരും ചിഹ്നവും ആധികാരികമായി നിലനിർത്തുന്നതിനായി പാർട്ടി അംഗങ്ങളിൽ നിന്ന് പിന്തുണ തേടുകയാണ് ഇപ്പോള്‍ ഉദ്ധവ് താക്കറെ. പാർട്ടി യൂണിറ്റുകളുടെ പിന്തുണയും തിരഞ്ഞെടുപ്പ് കമ്മിഷൻ പരിഗണിക്കുമെന്നതിനാല്‍ അഞ്ച് ലക്ഷത്തിലധികം സത്യവാങ്മൂലങ്ങൾ ശേഖരിക്കാനാണ് ഉദ്ധവ് പക്ഷം ലക്ഷ്യമിടുന്നത്.

നവംബർ മൂന്നിന് നടക്കുന്ന ഉപതെരഞ്ഞെടുപ്പിൽ എംഎൽഎ രമേഷ് ലട്‌കെയുടെ ഭാര്യ റുതുജ ലത്കെയെ മത്സരിപ്പിക്കാനാണ് താക്കറെ പക്ഷത്തിന്റെ തീരുമാനം. രമേഷ് ലത്‌കെയുടെ മരണത്തെത്തുടർന്നാണ് അന്ധേരി ഈസ്റ്റ് ഉപതെരഞ്ഞെടുപ്പിന് വഴി തുറന്നത്. കോൺഗ്രസും എൻസിപിയും റുതുജ ലത്കെയെ പിന്തുണയ്ക്കും. മുർജി പട്ടേലാണ് ഷിന്‍ഡെ പക്ഷത്തിന്റേയും ബിജെപിയുടേയും സ്ഥാനാര്‍ഥി.

പിളര്‍പ്പിന് ശേഷം ഇരുപക്ഷത്തിനും ജനപിന്തുണ തിരിച്ചറിയാനുള്ള ആദ്യ പരീക്ഷണം കൂടിയാണ് അന്ധേരി ഈസ്റ്റ് ഉപതെരഞ്ഞെടുപ്പ്. ഒക്ടോബര്‍ ഏഴിനാണ് അന്ധേരിയില്‍ ഉപതിരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ചത്.

നേരത്തെ, ശിവാജി പാർക്കിൽ ദസറ റാലി നടത്തുന്നതിനുളള നിയമ പോരാട്ടത്തിൽ ഉദ്ധവ് താക്കറെ ക്യാമ്പ് വിജയിച്ചിരുന്നു. തിരിച്ചടി നേരിട്ടതോടെ ബാന്ദ്ര കുർള കോംപ്ലക്‌സിലെ എംഎംആർഡിഎ ഗ്രൗണ്ടിലായിരുന്നു ഷിന്‍ഡെ വിഭാഗത്തിന്റെ ദസറ റാലി.

logo
The Fourth
www.thefourthnews.in