ഐക്യപ്പെടലിനെ തടയുന്ന ഭയം എന്ന രാഷ്ട്രീയം
2012 ഡിസംബര്‍ 16, മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ചു കൊണ്ട് രാജ്യ തലസ്ഥാനത്ത് നടന്ന കൂട്ട ബലാല്‍സംഘത്തിന് ഒരു പതിറ്റാണ്ട് പിന്നിട്ടിരിക്കുകയാണ്. രാജ്യത്തെ സ്ത്രീസുരക്ഷയെ സംബന്ധിച്ച് വലിയ ചോദ്യങ്ങള്‍ ഉയര്‍ത്തിക്കൊണ്ടാണ് ഡിസംബര്‍ 29ന് നിര്‍ഭയ ലോകത്തോട് വിട പറയുന്നത്. നിര്‍ഭയ പിന്നീട് സ്ത്രീ സുരക്ഷ സംബന്ധിച്ചുള്ള നിയമങ്ങളെ പോലും സ്വാധീനിച്ചു. പിന്നീട് നിര്‍ഭയയെ ആക്രമിച്ച കുറ്റവാളികളെ തൂക്കിലേറ്റിയതോടെ അവള്‍ക്ക് നീതി കിട്ടിയെന്ന് നമ്മള്‍ വ്യാജമായി സന്തോഷിച്ചു.
പക്ഷേ പലയിടത്തും ഇപ്പോഴും പല രൂപത്തില്‍ നിര്‍ഭയമാര്‍ ഉണ്ടായി കൊണ്ടെയിരിക്കുന്നു. രാഷ്ട്രീയ കാരണങ്ങളാലും മതത്തിന്റെ പേരിലും ജാതിയുടെ പേരിലുമെല്ലാം സ്ത്രീകള്‍ ഇപ്പോഴും ആക്രമിക്കപ്പെടുകയും ബലാല്‍സംഗം ചെയ്യപ്പെടുകയും ചെയ്യുന്നു.
അതായത്, നാടിനെ തെരുവിലിറക്കിയ നിര്‍ഭയ സംഭവത്തിന് ശേഷം ഒരു പതിറ്റാണ്ട് പിന്നിടുമ്പോള്‍, ഇന്ത്യ വീണ്ടും സ്ത്രീ സുരക്ഷയില്‍ വലിയ ദൂരം പിന്നോട്ട് സഞ്ചരിക്കുന്നുവെന്ന് അര്‍ത്ഥം.
നിർഭയയുടെ പത്താം വര്‍ഷത്തില്‍ നിരവധി പേര്‍ നിര്‍ഭയയെ ഓര്‍ത്തുകൊണ്ട് , ഓടുന്ന ബസിൽ അവള്‍ നേരിടേണ്ടി വന്ന ക്രൂരതകളെ ഓര്‍ത്തുകൊണ്ട് മുന്നോട്ട് വന്നു. സാമൂഹ്യ മാധ്യമങ്ങള്‍ കുറ്റവാളികളെ ഓര്‍ത്തു രോഷം കൊണ്ടു.
എന്നാല്‍ നിര്‍ഭയയുടെ പത്താം വാര്‍ഷിക ദിനത്തില്‍ മറ്റൊന്നു കൂടി സംഭവിച്ചു. ഗുജറാത്തില്‍ മുസ്ലീം വംശഹത്യ നടക്കുമ്പോള്‍ ക്രൂരമായി ബലാല്‍സംഗം ചെയ്യപ്പെട്ട ബില്‍ക്കിസ് ബാനുവിനെ സംബന്ധിച്ച ഒരു വാര്‍ത്തായിരുന്നു അത്. കുറ്റവാളികളാണെന്ന് കണ്ടെത്തിയവരെ, ജയില്‍മോചിതരാക്കിയവരെ വെറുതെ വിട്ട നടപടി ചോദ്യം ചെയ്ത റിവ്യൂ ഹര്‍ജി സുപ്രീംകോടതി തള്ളി.
എന്നാല്‍ നിര്‍ഭയയുടെ കാര്യത്തില്‍ കാണിച്ച ധാര്‍മ്മികമായ രോഷ പ്രകടനമോ, സംഭവത്തെ ഓര്‍ത്തെടുക്കലോ ഉണ്ടായില്ലെന്ന് മാത്രം. നിര്‍ഭയയയ്ക്കുണ്ടായ ഐക്യപെടല്‍ എന്തോ ബില്‍ക്കിസ് ബാനുവിന് വേണ്ടിയുണ്ടായില്ല. എന്താവും കാരണം.? സ്ത്രീ സുരക്ഷയോടുള്ള സമര്‍പ്പണമില്ലായ്മയാണോ? ബലാല്‍സംഗികളെ അപലപിക്കുന്നതില്‍ മറ്റെന്താണ് കാരണമായത്. അതൊന്നുമല്ല, കാരണം ഒന്നു മാത്രം, രാഷ്ട്രീയം. ഭയമെന്ന രാഷ്ട്രീയം.
രാഷ്ട്രീയ കാരണങ്ങളാല്‍ രാജ്യം മറന്നു തുടങ്ങിയ ഗുജറാത്ത് കലാപത്തിന്റെ ജീവിച്ചിരിക്കുന്ന രക്തസാക്ഷി കൂടി നമ്മുടെ ഫേസ്ബുക് പോസ്റ്റുകളിലെ ധാര്‍മ്മിക രോഷ പ്രകടനങ്ങളില്‍ ഒരിടം അര്‍ഹിക്കുന്നുണ്ടായിരുന്നു. അവര്‍ക്ക് വേണ്ടിയും ഉയരേണ്ടിയിരുന്നു ചില ഓര്‍മ്മപ്പെടുത്തലുകള്‍. എന്നാൽ അതുണ്ടായില്ല. നമ്മുടെ ധാര്‍മ്മിക രോഷ പ്രകടനങ്ങളിലും ഭീതിയുടെ രാഷ്ട്രീയം പിടിമുറിക്കുയിരിക്കുന്നു. നിര്‍ഭയയും ബില്‍ക്കിസ് ബാനുവും ഹഥറസിലെ പെണ്‍കുട്ടിയുമെല്ലാം ഒരോ പോലെ ഓര്‍മ്മിക്കപ്പെടേണ്ടവരാണ്.
എന്നാല്‍ ഭീതി ചില ഓര്‍മ്മകളെയും ഐക്യപ്പെടലുകളെയും തടസ്സപ്പെടുത്തുന്നു. അധികാരത്തിനെതിരായ മനുഷ്യന്റെ സമരം മറവിക്കെതിരായ ഓര്‍മ്മയുടെ ചെറുത്തുനില്‍പ്പാണെന്ന മിലാന്‍ കുന്ദേരയുടെ വാക്ക് മാത്രം ഒരിക്കല്‍ കൂടി ഓര്‍ക്കാം.