ലിങ്കൺ മുതൽ ബെനസീർ വരെ; ആബെയ്ക്ക് മുന്‍പ് കൊല്ലപ്പെട്ട ലോക നേതാക്കൾ

ലിങ്കൺ മുതൽ ബെനസീർ വരെ; ആബെയ്ക്ക് മുന്‍പ് കൊല്ലപ്പെട്ട ലോക നേതാക്കൾ

മികച്ച സുരക്ഷാ സംവിധാനങ്ങളുള്ള ലോകത്ത് പോലും നേതാക്കൾ സുരക്ഷിതരല്ല എന്നതിന്റെ തെളിവാണ് ജപ്പാൻ മുൻ പ്രധാനമന്ത്രിയുടെ കൊലപാതകം
Updated on
3 min read

വ്യക്തിപരമോ രാഷ്ട്രീയപരമോ ആയ ശത്രുത കാരണം ഉന്നത നേതാക്കൾ ആക്രമിക്കപ്പെടുന്നത് ചരിത്രത്തിൽ നമ്മൾ പല തവണ കണ്ടു. മികച്ച സുരക്ഷാ സംവിധാനങ്ങളുള്ള ആധുനിക ലോകത്ത് പോലും നേതാക്കൾ സുരക്ഷിതരല്ല എന്നതിന്റെ തെളിവാണ് ജപ്പാൻ മുൻ പ്രധാനമന്ത്രിയുടെ കൊലപാതകം. ഷിന്‍സോ ആബെയ്ക്ക് മുന്നെ ലോകത്തെ നടുക്കിയ ചില കൊലപാതകങ്ങൾ നോക്കാം.

എബ്രഹാം ലിങ്കൺ (1809-1865)

അമേരിക്കയുടെ പതിനാറാമത്തെ പ്രസിഡന്റായിരുന്നു എബ്രഹാം ലിങ്കൺ. അമേരിക്കക്കാരുടെ ഏറ്റവും പ്രിയപ്പെട്ട പ്രസിഡന്റുമാരിൽ ഒരാൾ. പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെടുന്നതിന് മുമ്പ് അമേരിക്കയിലെ അടിമത്തത്തിനെതിരെയുള്ള പോരാട്ടത്തിന്റെ മുഖ്യനായകനായിരുന്നു ലിങ്കൺ.

പ്രസിഡന്റായിരിക്കെ 1862-ൽ ലിങ്കൺ അടിമത്തം നിർത്തലാക്കാനുള്ള വിമോചന പ്രഖ്യാപനം പുറപ്പെടുവിച്ചു. 1865 ഏപ്രിൽ 14-ന് വാഷിംഗ്ടൺ ഡിസിയിലെ ഫോർഡ്സ് തിയേറ്ററിൽ നാടകം കണ്ടുകൊണ്ടിരിക്കെയാണ് എബ്രഹാം ലിങ്കൺ കൊല്ലപ്പെട്ടത്. നടനും കോൺഫഡറേറ്റ് അനുകൂലിയുമായ ജോൺ വിൽക്സ് ബൂത്ത് എബ്രഹാം ലിങ്കണ് നേരെ വെടിയുതിർക്കുകയായിരുന്നു.

Abraham Lincoln
Abraham Lincoln

മഹാത്മാ ​ഗാന്ധി (1896-1948)

ഇന്ത്യയുടെ രാഷ്ട്രപിതാവായ മഹാത്മാ ​ഗാന്ധിയെ 1948 ജനുവരി 30ന് ഹിന്ദുത്വ തീവ്രവാദിയായ നാഥുറാം വിനായക് ഗോഡ്‌സെ വെടിവെച്ച് കൊല്ലുകയായിരുന്നു. ഡല്‍ഹിയിലെ ബിര്‍ല ഹൗസില്‍ ഒരു സായാഹ്ന പ്രാര്‍ത്ഥനയില്‍ പങ്കെടുക്കുന്നതിനിടയിലായിരുന്നു കൊലപാതകം.

Mahathma Gandhi
Mahathma Gandhi

ജോൺ എഫ് കെന്നഡി (1917-1963)

അമേരിക്കയുടെ 35-ാമത് പ്രസിഡന്റായിരുന്ന ജോൺ എഫ് കെന്നഡി 1963 നവംബർ 22നാണ് കൊല്ലപ്പെടുന്നത്. 1963ല്‍ ടെക്സാസിലെ ഡാളസ് തെരുവിലൂടെ രാഷ്ട്രീയ പര്യടനം നടത്തുന്നതിനിടെ തുറന്ന കാറില്‍ സഞ്ചരിക്കുമ്പോഴാണ് ലീഹാര്‍ വി ഓസ് വാള്‍ഡ് എന്നയാളുടെ വെടിയേറ്റ് കെന്നഡി കൊല്ലപ്പെടുന്നത്. പ്രസിഡന്റ് പദവിയിലേറി മൂന്ന് കൊല്ലം തികയ്ക്കുന്നതിന് മുമ്പാണ് കെന്നഡി കൊല്ലപ്പെടുന്നത്.

John F Kennedy
John F Kennedy

മാർട്ടിൻ ലൂതർ കിം​ഗ് ജൂനിയർ (1929-1968)

1950കളിൽ അമേരിക്കൻ പൗരാവകാശ പ്രസ്ഥാനത്തിന് നേതൃത്വം നൽകിയ സാമൂഹിക പ്രവർത്തകനായിരുന്നു മാർട്ടിൻ ലൂതർ കിം​ഗ് ജൂനിയർ. അമേരിക്കയിലെ ആഫ്രിക്കൻ-അമേരിക്കൻ പൗരന്മാരുടെ വേർതിരിവ് അവസാനിപ്പിക്കുന്നതിനും അദ്ദേഹം മുഖ്യ പങ്ക് വഹിച്ചു. 1968 ഏപ്രിൽ 4ന് ജയിംസ് ഏൾ ‌റേ എന്ന വെള്ളക്കാരനായ കുറ്റവാളിയുടെ വെടിയേറ്റാണ് മാർട്ടിൻ ലൂതർ കിംഗ് കൊല്ലപ്പെടുന്നത്.

ലോറൻ മോട്ടലിലെ തന്റെ മുറിക്ക് പുറത്ത് ബാൽക്കണിയിൽ നിൽക്കുമ്പോൾ ശരീരത്തിൽ ബുള്ളറ്റ് തുളച്ച് കയറുകയായിരുന്നു. കൊല്ലപ്പെടുമ്പോൾ അദ്ദേഹത്തിന്റെ പ്രായം 39 വയസ് മാത്രമായിരുന്നു.

Martin Luther King Jr.
Martin Luther King Jr.

ഇന്ദിരാ ​ഗാന്ധി (1917-1984)

ഇന്ത്യയുടെ ചരിത്രത്തിലെ ഏക വനിതാ പ്രധാനമന്ത്രിയാണ് ഇന്ദിരാ ​ഗാന്ധി. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ദേശീയ അദ്ധ്യക്ഷയായിരിക്കെയാണ് പ്രധാനമന്ത്രി പദത്തിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ടത്. 1984 നവംബർ 31ന് സിഖ് അം​ഗരക്ഷകരുടെ വെടിയേറ്റാണ് ഇന്ദിര കൊല്ലപ്പെടുന്നത്. അമൃത്സറിലെ സുവർണക്ഷേത്രത്തിലെ സൈനിക നടപടിയ്ക്ക് എതിരായ പ്രതികാരമായിരുന്നു കൊലപാതകം.

Indira Gandhi
Indira Gandhi

ലിയാക്കത്ത് അലി ഖാൻ (1895-1951)

പാകിസ്താന്റെ ആദ്യ പ്രധാനമന്ത്രി. സ്വാതന്ത്ര്യം ലഭിക്കുന്നതിന് മുമ്പ് ഇന്ത്യയുടെ ആ​ദ്യ ധനകാര്യ മന്ത്രിയായിരുന്നു. പാകിസ്താന്‍ ഇസ്ലാമിക രാജ്യമായിരിക്കണമെന്ന യാഥാസ്ഥിതിക വിഭാഗത്തിന്റെ വാദത്തിന് വിരുദ്ധ നിലപാടെടുത്തതാണ് കൊലപാതകത്തിന് പിന്നിലെന്നാണ് റിപ്പോർട്ട്.

1951ല്‍ ജനങ്ങളെ അഭിസംബോധന ചെയ്യവെ മതഭ്രാന്തനായ ഒരാളുടെ ആക്രമണത്തിലാണ് ലിയാക്കത്ത് അലിഖാന്‍ വെടിയേറ്റ് മരിച്ചത്.

Liaquat Ali Khan
Liaquat Ali Khan

രാജീവ് ​ഗാന്ധി (1944-1991)

ഇന്ത്യൻ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രി. തമിഴ്നാട്ടിലെ ശ്രീപെരുംപുത്തൂരില്‍ ഒരു പൊതുപരിപാടിക്കിടെ ചാവോറാക്രമണത്തിലാണ് രാജീവ് ​ഗാന്ധി കൊല്ലപ്പെടുന്നത്. തമിഴ്പുലികളായിരുന്നു കൊലപാതകത്തിന് പിന്നിൽ. ശ്രീലങ്കൻ വിഘടനവാദി സംഘടനയിലെ അംഗമായ തേൻമൊഴി രാജരത്‌നമാണ് ചാവേറായി പൊട്ടിത്തെറിച്ചത്. രാജീവ് ​ഗാന്ധിക്കൊപ്പം 14 പേരും സ്ഫോടനത്തില്‍ കൊല്ലപ്പെട്ടു.

Rajiv Gandhi
Rajiv Gandhi

ബെനസീർ ഭൂട്ടോ (1988-1990)

ഒരു മുസ്ലീം ഭൂരിപക്ഷ രാഷ്ട്രത്തിന്റെ പരോമന്നത പദവിയിലെത്തുന്ന ലോകത്തിലെ ആദ്യ വനിതാ നേതാവായിരുന്നു ബെനസീർ ഭൂട്ടോ. 1988ൽ ബെനസീർ പാകിസ്ഥാന്റെ പതിനൊന്നാമത്തെ പ്രധാനമന്ത്രിയായി ചുമതലയേറ്റു. പാക് ചരിത്രത്തിലെ ഏക വനിതാ പ്രധാനമന്ത്രിയും ബെനസീറായിരുന്നു.

2007 ഡിസംബർ 27ന് റാവൽപിണ്ടിയിലെ രാഷ്ട്രീയ യോ​ഗത്തിനിടെ ബോംബ് സ്ഫോടനത്തിലാണ് ബെനസീർ കൊല്ലപ്പെടുന്നത്. സ്ഫോടനത്തിന് മുമ്പ് വെടിയേറ്റതായും റിപ്പോർട്ടുകളുണ്ട്.

Benazir Bhutto
Benazir Bhutto
logo
The Fourth
www.thefourthnews.in