Chief Justice Of India N.V ramana (file)
Chief Justice Of India N.V ramana (file)

ജുഡീഷ്യറിക്ക് വിധേയത്വം ഭരണഘടനയോട് മാത്രം : ചീഫ് ജസ്റ്റിസ്

രാജ്യത്ത് ഭരണഘടനാ സംസ്ക്കാരം ഉണ്ടാകണം
Updated on
2 min read
' യുഎസിന്റെ ഉള്‍ക്കൊള്ളല്‍ സമീപനത്തെ പ്രശംസിക്കുന്നു, ഇന്ത്യയിലുള്‍പ്പെടെ എല്ലായിടത്തും ഇത് ആവശ്യം '
Justice N.V Ramana

രാജ്യത്തെ നീതിന്യായ വ്യവസ്ഥക്ക് വിധേയത്വം ഭരണഘടനയോടു മാത്രമെന്ന് ചീഫ് ജസ്റ്റീസ്. ശനിയാഴ്ച സാന്‍ഫ്രാന്‍സിസ്‌കോയില്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യന്‍ അമേരിക്കന്‍സ് സംഘടിപ്പിച്ച അനുമോദന ചടങ്ങില്‍ സംസാരിക്കുമ്പോഴാണ് അദ്ദേഹം നീതിന്യായ സംവിധാനം രാഷ്ട്രീയ താൽപര്യങ്ങൾക്ക് അതീതമാണെന്ന് വ്യക്തമാക്കിയത്.

' ഞങ്ങള്‍ സ്വാതന്ത്ര്യത്തിന്റെ 75-ാം വര്‍ഷം ആഘോഷിക്കുകയും റിപ്പബ്ലിക്കിന് 72 വയസ്സ് തികയുകയും ചെയ്യുന്ന ഈ വേളയിലും, ഓരോ സ്ഥാപനങ്ങള്‍ക്കും ഭരണഘടന നല്‍കുന്ന ഉത്തരവാദിത്തം പൂര്‍ണമായി വിലമതിക്കാന്‍ കഴിഞ്ഞിട്ടില്ലയെന്നത് കുറച്ച് ഖേദത്തോടെ പറയേണ്ടതുണ്ട് ഭരണഘടനയുടേയും ജനാധിപത്യ വ്യവസ്ഥയുടേയും പ്രവര്‍ത്തനത്തെ കുറിച്ച് ജനങ്ങള്‍ക്കിടയില്‍ ശരിയായ ധാരണയില്ല. ഭരിക്കുന്ന സര്‍ക്കാരിന്റെ എല്ലാ നടപടികള്‍ക്കും ജുഡീഷ്യല്‍ അംഗീകാരത്തിന് അര്‍ഹതയുണ്ടെന്ന് സര്‍ക്കാര്‍ കരുതുന്നു. പൊതുസമൂഹത്തില്‍ ശക്തമായി പ്രചരിപ്പിച്ച അജ്ഞതയാണ് നീതിന്യായ വ്യവസ്ഥയ്ക്കെതിരായ ഇത്തരം ശക്തികളെ സഹായിക്കുന്നത്. ഇന്ത്യയില്‍ ഒരു ഭരണഘടനാപരമായ സംസ്‌കാരം പ്രോത്സാഹിപ്പിക്കേണ്ടതുണ്ട്. ജനാധിപത്യമെന്നത് പങ്കാളിത്തമാണ്.' അദ്ദേഹം പറഞ്ഞു.

യുഎസിന്റെ ഉള്‍ക്കൊള്ളല്‍ സമീപനത്തെ പ്രശംസിച്ച അദ്ദേഹം ഇന്ത്യയിലുള്‍പ്പെടെ ലോകത്ത് എല്ലായിടത്തും ഉള്‍ക്കൊള്ളലിനെ ബഹുമാനിക്കേണ്ടത് ആവശ്യമാണെന്നും ഇതിന് വിപരീതമായ സമീപനം ദുരന്തത്തിലേക്ക് നയിക്കുമെന്നും പറഞ്ഞു.

' അമേരിക്കന്‍ സമൂഹത്തിന്റെ സഹിഷ്ണുതയും ഉള്‍ക്കൊള്ളലുമാണ് ലോകത്തെമ്പാടുമുള്ള പ്രതിഭകളെ ആകര്‍ഷിക്കാന്‍ കഴിയുന്നത്. ഇത് സാമൂഹിക ഐക്യം വളര്‍ത്തുവാന്‍ ആവശ്യമാണ്. നമ്മെ ഭിന്നിപ്പിക്കുന്ന വിഷയങ്ങളിലല്ല, ഒന്നിപ്പിക്കുന്ന വിഷയങ്ങളിലാണ് നാം ശ്രദ്ധിക്കേണ്ടത്. മനുഷ്യന്റെ വികസനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ എല്ലാ വിഭജന പ്രശ്‌നങ്ങള്‍ക്കും മുകളില്‍ നാം ഉയരേണ്ടതുണ്ട്.' അദ്ദേഹം പറഞ്ഞു.

21-ാം നൂറ്റാണ്ടില്‍ ഇടുങ്ങിയതും നിസ്സാരവുമായ പ്രശ്‌നങ്ങള്‍ മനുഷ്യ സാമൂഹിക ബന്ധങ്ങളെ നിര്‍ണയിക്കാന്‍ അനുവദിച്ചുകൂടാ.

ഇന്ത്യയുടെയും അമേരിക്കയുടെയും വൈവിധ്യം പേരുകേട്ടതാണ്. ജോലിക്കോ പഠനത്തിനോ വേണ്ടി ഇന്ത്യയില്‍ നിന്ന് യുഎസ് പോലെയുള്ള രാജ്യങ്ങളില്‍ എത്തുന്നത് ഒരു കാലത്ത് വിശേഷാധികാരമുള്ള കുടുംബങ്ങളില്‍ നിന്ന് മാത്രമായിരുന്നു. എന്നാല്‍ ദീര്‍ഘകാല വളര്‍ച്ചയ്ക്ക് അടിത്തറയിട്ട ചില നേതാക്കള്‍ ഇത്തരം കാഴ്ചപ്പാടുകള്‍ തിരുത്തിയെന്നും ഈ അടിത്തറ എന്നും ആവശ്യമാമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ലോകമെമ്പാടും സര്‍ക്കാര്‍ മാറുന്നതനുസരിച്ച് നയങ്ങളും മാറുന്നു. എന്നാല്‍ വിവേകമുള്ള പക്വതയും ദേശസ്‌നേഹവുമുള്ള ഒരു സര്‍ക്കാരും വികസനം തടയുന്ന രീതിയില്‍ നയങ്ങളില്‍ മാറ്റം വരുത്തുകയില്ല.

നിര്‍ഭാഗ്യവശാല്‍, സർക്കാരിൽ മാറ്റം വരുമ്പോഴെല്ലാം ഇന്ത്യയില്‍ അത്തരം സംവേദനക്ഷമതയും പക്വതയും കാണാറില്ലെന്ന് അദ്ദേഹം ഖേദിച്ചു.

ജനസംഖ്യയ്ക്ക് അനുസൃതമായ വികസനമുണ്ടാകാന്‍ ഇന്ത്യയെ സഹായിക്കുന്നതിന് ജീവനക്കാരെപ്പോലെ മാത്രമല്ല, തൊഴിലുടമകളെ പോലെയും ചിന്തിക്കാന്‍ ഇന്ത്യന്‍ സമൂഹത്തോട് അദ്ദേഹം അഭ്യര്‍ത്ഥിച്ചു.

logo
The Fourth
www.thefourthnews.in