''കെ സുരേന്ദ്രന്‍ വിളിച്ചു, പേടിച്ചു..'' സുന്ദര അന്നുറങ്ങിയില്ല; അപരന്‍ കെ സുന്ദരയുടെ തുറന്നു പറച്ചില്‍

''മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്യാന്‍ അവര്‍ ആവശ്യപ്പെട്ടു. ഓണ്‍ ചെയ്യാന്‍ അനുവദിച്ചില്ല. പ്രത്യേകമായി ഭക്ഷണം തരാം എന്നവര്‍ പറഞ്ഞു. മദ്യം നീട്ടി... പണം വാഗ്ദാനം ചെയ്തു...''

2021 ലെ നിയമസഭാ തെരഞ്ഞടുപ്പില്‍ ഏറെ ചര്‍ച്ചകള്‍ക്ക് വേദിയായ മണ്ഡലമാണ് കാസര്‍ഗോഡ് ജില്ലയിലെ മഞ്ചേശ്വരം. തെരഞ്ഞടുപ്പിന് ശേഷവും മഞ്ചേശ്വരം വാര്‍ത്തകളില്‍ ഇടം പിടിച്ചു. അന്ന് തെരഞ്ഞടുപ്പില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച കെ സുന്ദര, പത്രിക പിന്‍വലിച്ചതും അതിനിടയിലുണ്ടായ ബിജെപിയുടെ നാടകീയ നീക്കങ്ങളും ഇന്നും വിവാദമായി തുടരുകയാണ്. ബിഎസ്പി സ്ഥാനാര്‍ഥിയായി പത്രിക സമര്‍പ്പിച്ച കെ സുന്ദര എന്തുകൊണ്ട് നോമിനേഷന്‍ പിന്‍വലിച്ചു? പത്രിക പിന്‍വലിക്കും മുന്‍പ് കാണാതായ സുന്ദര എവിടെയായിരുന്നു? തെരഞ്ഞടുപ്പ് കോഴ കേസിനു പിന്നിലെ സത്യമെന്ത്? സംഭവിച്ച കാര്യങ്ങള്‍ ദി ഫോര്‍ത്തിനോട തുറന്നു പറയുകയാണ് സുന്ദര.

മുസ്ലിം ലീഗിനും ബിജെപിക്കും കനത്ത വേരോട്ടമുള്ള മണ്ഡലമാണ് മഞ്ചേശ്വരം. 2016ല്‍ ആയിരുന്നു മഞ്ചേശ്വരത്ത് സുന്ദരയുടെ ആദ്യ മത്സരം. ബിഎസ്പി സ്ഥാനാര്‍ഥിയായാണ് മത്സരിച്ചത്. അന്ന് യുഡിഎഫ് പാളയത്തില്‍ നിന്നും മത്സരിച്ച അന്തരിച്ച മുന്‍ എംഎല്‍എ പിബി അബ്ദുള്‍ റസാഖിന്റെ ജയം വെറും 89 വോട്ടുകള്‍ക്കായിരുന്നു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ 89 വോട്ടിന് പരാജയപ്പെട്ടപ്പോള്‍ കെ സുന്ദര നേടിയത് 460 വോട്ടാണ്. അന്നുമുതല്‍ സുരേന്ദ്രന്റെ അപരനായി സുന്ദര മാറി.

2021ല്‍ കെ സുരേന്ദ്രന്‍ മഞ്ചേശ്വരത്തും കോന്നിയിലും മത്സരിച്ചു. കെ സുന്ദര വീണ്ടും ബിഎസ്പി സ്ഥാനാര്‍ഥിയായി മഞ്ചേശ്വരത്ത് പത്രിക നല്‍കി. മുസ്ലിം ലീഗിലെ എകെഎം അഷറഫ് ആയിരുന്നു യുഡിഎഫ് സ്ഥാനാര്‍ഥി. പത്രിക നല്‍കി ദിവസങ്ങള്‍ക്കുള്ളില്‍ സുന്ദരയെ കാണാതായി. കെ സുരേന്ദ്രനെതിരെ മത്സരിക്കരുതെന്ന് ആവശ്യപ്പെട്ട് ബിജെപി നേതാക്കള്‍ തന്നെ സമീപിച്ചു. പിന്മാറില്ലെന്ന് അറിയിച്ചതിന്റെ അടുത്ത ദിവസം മൂന്ന് ജീപ്പുകളിലെത്തിയ സംഘം തന്നെ കൂട്ടിക്കൊണ്ടു പോവുകയായിരുന്നു എന്നാണ് സുന്ദര പറയുന്നത്. ജില്ലയിലെ ബിജെപി നേതാക്കളായ സുരേഷ് നായ്ക്, സുനില്‍ നായ്ക്, മണികണ്ഠ റൈ എന്നിവരും കണ്ണൂരിലെ ഒരു അഡ്വക്കറ്റുമാണ് സംഘത്തിലുണ്ടായിരുന്നത്.

''ജോഡ്കല്ലിലെ ബിജെപി തെരഞ്ഞടുപ്പ് കമ്മറ്റി ഓഫീസിലെത്തിച്ച ശേഷം മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്യാന്‍ അവര്‍ ആവശ്യപ്പെട്ടു. ഓണ്‍ ചെയ്യാന്‍ അനുവദിച്ചില്ല. പ്രത്യേകമായി ഭക്ഷണം തരാം എന്നവര്‍ പറഞ്ഞു. മദ്യം നീട്ടി... പണം വാഗ്ദാനം ചെയ്തു... പേടികൊണ്ട് അന്ന് ഞാന്‍ ഉറങ്ങിയില്ല. തുമ്മാന്‍ (വെറ്റില മുറുക്ക്) ചവച്ച് നേരം വെളുപ്പിക്കുകയായിരുന്നു''. തെരഞ്ഞടുപ്പില്‍ നിന്നും പിന്മാറാന്‍ ബിജെപി നടത്തിയ നീക്കങ്ങള്‍ വിവരിക്കുകയാണ് കെ സുന്ദര.

''മണികണ്ഠ റൈയുടെ ഫോണിലേക്കാണ് കെ സുരേന്ദ്രന്‍ വിളിച്ചത്. പത്രിക പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടു. നടത്തിപ്പിനായി ഒരു ബാര്‍ ആവശ്യപ്പെട്ടപ്പോള്‍ ജയിച്ച ഉടന്‍ റെഡിയാക്കാം എന്നായിരുന്നു സുരേന്ദ്രന്റെ മറുപടി''. രണ്ടര ലക്ഷം രൂപ നല്‍കിയാണ് സുന്ദരയെ തെരഞ്ഞടുപ്പില്‍ നിന്നും ബിജെപി പിന്തിരിപ്പിച്ചത്. പത്രിക പിന്‍വലിച്ച ശേഷം പുതിയ മൊബൈല്‍ ഫോണും വാങ്ങി നല്‍കി. അമ്പത് ലക്ഷം തരുമെന്നായിരുന്നു ആദ്യം പറഞ്ഞതെന്നും അതില്‍ നാല്‍പത്തി ഏഴര ലക്ഷം പ്രാദേശിക ബിജെപി നേതാക്കള്‍ വീതിച്ചെടുത്തു എന്നുമാണ് സുന്ദരയുടെ ആരോപണം.

കോഴ നല്‍കി അപരനെ പിന്‍വലിച്ചാല്‍ 2016ല്‍ സംഭവിച്ച പരാജയം ഉണ്ടാകില്ലെന്നായിരുന്നു കെ സുരേന്ദ്രന്റെ കണക്കുകൂട്ടല്‍. എന്നാല്‍ പണം പോയെന്ന് മാത്രമല്ല തെരഞ്ഞെടുപ്പ് കോഴയില്‍ കേസും പിന്നാലെയെത്തി. സുന്ദരയ്ക്ക് പത്രിക പിന്‍വലിക്കാന്‍ ലഭിച്ച രണ്ടര ലക്ഷത്തില്‍ ഒന്നര ലക്ഷം അന്വേഷണ ഘട്ടത്തില്‍ പോലീസും കൊണ്ടുപോയി.

Related Stories

No stories found.
logo
The Fourth
www.thefourthnews.in