ലിസ് ട്രസ്
ലിസ് ട്രസ്

ബ്രിട്ടീഷ് പ്രധാനമന്ത്രി തിരഞ്ഞെടുപ്പ്:ക്യാബിനറ്റില്‍ ഭൂരിപക്ഷം നേടി ലിസ് ട്രസ്

ഋഷി സുനകിന്റെ പിന്തുണ കുറയുന്നു; ഇനി ബാക്കിയുള്ളത് ഒറ്റ റൗണ്ട് മാത്രം
Updated on
1 min read

ബ്രിട്ടീഷ് പ്രധാനമന്ത്രി സ്ഥാനത്തേക്കുള്ള മത്സരത്തില്‍ ലിസ് ട്രസിന് പിന്തുണ കൂടുന്നു.ആദ്യഘട്ടത്തില്‍ സാധ്യത കല്‍പ്പിച്ചിരുന്ന ഋഷി സുനക്കിന്റെ പിന്തുണ കുറയുന്നതായും കണക്കുകള്‍ സൂചിപ്പിക്കുന്നു. ക്യാബിനറ്റില്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നേതാവ് സ്ഥാനത്തേക്കുള്ള മത്സരത്തില്‍ ലിസ് ഭൂരിപക്ഷം നേടിയതോടെയാണ് ചിത്രത്തില്‍ നിന്ന് സുനക് മാഞ്ഞു തുടങ്ങുന്നത്.

തിരഞ്ഞടുപ്പില്‍ പ്രാഥമിക പട്ടികയിലുണ്ടായിരുന്ന കോമണ്‍സ് ഫോറിന്‍ അഫയേഴ്‌സ് കമ്മിറ്റി ചെയര്‍മാന്‍ ടോം തുഗെന്ദാറ്റ് ലിസിനാണ് തന്റെ പിന്തുണയെന്ന് പരസ്യമായി പ്രഖ്യാപിച്ചു.ബ്രിട്ടീഷ് മൂല്യങ്ങള്‍ക്കായി എപ്പോഴും നിലകൊള്ളുന്ന വ്യക്തിയാണ് ലിസ് എന്നാണ് ബോദ്ധ്യപ്പെട്ടിട്ടുള്ളത്.രാജ്യം കൂടുതല്‍ സുരക്ഷിതമാക്കാന്‍ ദൃഢനിശ്ചയത്തോടെ ലിസിന്റെ നേതൃത്വത്തില്‍ നീങ്ങുമെന്നതില്‍ സംശയമില്ലെന്ന് ടോം പറഞ്ഞു.ഡിഫന്‍സ് സെക്രട്ടറി ബെന്‍ വാലസും ലിസിന് പിന്തുണ പ്രഖ്യാപിച്ചു.

പാര്‍ട്ടി അംഗങ്ങളുടെ ബാലറ്റുകളില്‍ ആദ്യം സുനക് മുന്നിലായിരുന്നു.വോട്ടിംഗിന്റെ ആദ്യ റൗണ്ടുകളില്‍ എംപിമാരുടെ പിന്തുണ കൂടുതല്‍ നേടിയതും സുനക്കാണ് .എന്നാല്‍ അതിന് ശേഷം ലിസിന് ജനപ്രീതി വര്‍ദ്ധിക്കുന്നതായാണ് റിപ്പോര്‍ട്ട്.വോട്ടവകാശമുള്ള ടോറി അംഗങ്ങള്‍ക്കിടയില്‍ ട്രസ് കൂടുതല്‍ ജനപ്രിയയാണ്.

ഋഷി സുനക്
ഋഷി സുനക്

മുന്‍ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ നേരത്തേ തന്നെ സുനക്കിനെ എതിര്‍ക്കുന്നതായി പ്രഖ്യാപിച്ചിരുന്നു.മറ്റാര് പ്രധാനമന്ത്രിയായാലും സുനക്ക് വേണ്ടെന്നാണ് അദ്ദേഹത്തിന്റെ നിലപാട്.ബോറിസ് ജോണ്‍സണെതിരേയുള്ള കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയിലെ തന്നെ ചിലരുടെ നീക്കങ്ങള്‍ക്ക് സുനക്ക് ഇരയായി എന്നാണ് ചില രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍.

രാഷ്ട്രീയമായി വന്‍ പ്രതിച്ഛായാ മാറ്റത്തിന് കൂടിയാണ് ലിസ് ട്രസ് ഒരുങ്ങുന്നത്. ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയനില്‍ തന്നെ തുടരാനായി ക്യാമ്പയിന്‍ ചെയ്തവരില്‍ പ്രമുഖയായിരുന്നു വിദേശകാര്യ സെക്രട്ടറി കൂടിയായ ലിസ് ട്രസ്. അതേസമയം വോട്ടെടുപ്പ് ഫലം മറ്റൊന്നായിരുന്നു.എന്നാല്‍ ബ്രെക്സിറ്റിന്റെ കാര്യത്തില്‍ തനിക്ക് പിഴച്ച് പോയെന്നാണ് ഇപ്പോള്‍ ലിസിന്റെ നിലപാട്. തന്റെ മാതാപിതാക്കള്‍ ഇടതുപക്ഷ പ്രവര്‍ത്തകരായിരുന്നെന്നും വളരെ മുന്പ് തന്നെ തന്റെ രാഷ്ട്രീയ യാത്ര തുടങ്ങിയിരുന്നെന്നുമാണ് ഇപ്പോള്‍ ലിസ് പറയുന്നത്. ഇനി ലിസ് ട്രസ്സിന് മുന്നിലുള്ളത് ഒറ്റ റൗണ്ട് വോട്ടാണ്. റിഷി സുനക്കിന്റെ പിന്തുണ കുറയുന്നതോടെ ലിസ് ഏതാണ്ട് വിജയമുറപ്പിക്കുകയാണ്.

logo
The Fourth
www.thefourthnews.in