പ്രശാന്ത് കിഷോര്‍
പ്രശാന്ത് കിഷോര്‍

മഹാസഖ്യ സര്‍ക്കാര്‍ തൊഴിലവസരങ്ങള്‍ ഉറപ്പാക്കിയാല്‍ ബിഹാറിലെ പ്രചാരണം പിന്‍വലിക്കും; പ്രശാന്ത് കിഷോര്‍

മഹാസഖ്യ സര്‍ക്കാരിന് ജനങ്ങളുടെ പിന്തുണ ലഭിക്കുന്നില്ലെന്നും പ്രശാന്ത് കിഷോര്‍
Updated on
1 min read

ബിഹാറില്‍ 10 ലക്ഷം പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന ആര്‍ജെഡിയുടെ വാഗ്ദാനം നടപ്പാക്കാന്‍ മഹാസഖ്യ സര്‍ക്കാരിനെ വെല്ലുവിളിച്ച് പ്രശാന്ത് കിഷോര്‍. അടുത്ത ഒന്നോ രണ്ടോ വര്‍ഷത്തിനകം അഞ്ച് മുതല്‍ 10 ലക്ഷം വരെ തൊഴിലവസരങ്ങള്‍ സര്‍ക്കാര്‍ ഉറപ്പാക്കിയാല്‍, ബിഹാറില്‍ നിന്ന് തന്റെ 'ജന്‍ സൂരജ് അഭിയാന്‍' ക്യാമ്പയിന്‍ പിന്‍വലിക്കുമെന്ന് അദ്ദേഹം പറഞ്ഞു. അങ്ങിനെ സംഭവിച്ചാല്‍ നിതീഷ് കുമാറിനെ പിന്തുണയ്ക്കുമെന്നും പ്രശാന്ത് കിഷോര്‍ വ്യക്തമാക്കി.

ബുധനാഴ്ച സമസ്തിപൂരില്‍ തന്റെ അനുയായികളെ അഭിസംബോധന ചെയ്ത് സംസാരിക്കവെ, മഹാസഖ്യ സര്‍ക്കാരിന് ജനങ്ങളുടെ പിന്തുണ ലഭിക്കുന്നില്ലെന്നും പ്രശാന്ത് കിഷോര്‍ വിമര്‍ശിച്ചു. മുഖ്യമന്ത്രി പദവിയില്‍ ഉറച്ചുനില്‍ക്കാന്‍ നിതീഷ് കുമാര്‍ ഫെവിക്കോള്‍ ഉപയോഗിക്കുകയാണെന്നും മറ്റ് പാര്‍ട്ടികള്‍ അതിന് ചുറ്റും കറങ്ങുകയാണെന്നും അദ്ദേഹം പരിഹസിച്ചു.

2020-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ആര്‍ജെഡിയുടെ വാഗ്ദാനമായ 10 ലക്ഷം തൊഴിലവസരങ്ങള്‍ മഹാസഖ്യ സര്‍ക്കാര്‍ നടപ്പാക്കുമെന്ന് തേജസ്വിനി യാദവ് കഴിഞ്ഞദിവസം പറഞ്ഞിരുന്നു. സ്വാതന്ത്ര്യദിന സന്ദേശത്തില്‍ പൊതു - സ്വകാര്യമേഖലകളിലായി 20 ലക്ഷം തൊഴിലവസരം ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി നിതീഷ് കുമാറും വ്യക്തമാക്കിയിരുന്നു . ഇതിനായി മന്ത്രിസഭയിലെ പുതുതലമുറയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും തേജസ്വി യാദവിനെ ചൂണ്ടിക്കാട്ടി നിതീഷ് കുമാര്‍ പറഞ്ഞു.

പ്രാദേശികബന്ധം ഊട്ടിയുറപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഈ വര്‍ഷം ആദ്യമാണ് പ്രശാന്ത് കിഷോര്‍ ''ജന്‍ സൂരജ് അഭിയാന്‍' പ്രഖ്യാപിച്ചത്. ബിഹാറിലെ ജനങ്ങള്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ തിരിച്ചറിയുകയും പരിഹാരം നിര്‍ദേശിക്കുകയുമാണ് ലക്ഷ്യമെന്നും തെരഞ്ഞെടുപ്പ് തന്ത്രജ്ഞനായ പ്രശാന്ത് കിഷോര്‍ വ്യക്തമാക്കിയിരുന്നു.

logo
The Fourth
www.thefourthnews.in