സച്ചിൻ പൈലറ്റ്
സച്ചിൻ പൈലറ്റ്

'അഴിമതിക്കെതിരെ 15 ദിവസത്തിൽ നടപടിയില്ലെങ്കിൽ ശക്തമായ പ്രക്ഷോഭം'; രാജസ്ഥാൻ സർക്കാരിനെ വെല്ലുവിളിച്ച് സച്ചിൻ പൈലറ്റ്

'ജൻ സംഘര്‍ഷ യാത്ര'യുടെ സമാപനച്ചടങ്ങിലാണ് കോണ്‍ഗ്രസ് നേതാവായ സച്ചിന്‍ പൈലറ്റ് സ്വന്തം സർക്കാരിനെതിരെ ആഞ്ഞടിച്ചത്
Updated on
1 min read

അഴിമതിക്കേസുകളിൽ രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹലോട്ടിന് അന്ത്യശാസന നൽകി കോൺഗ്രസ് നേതാവ് സച്ചിൻ പൈലറ്റ്. വസുന്ധര രാജെസിന്ധ്യയുടെ നേതൃത്വത്തിലുളള മുന്‍ ബി ജെ പി സര്‍ക്കാരിന്റെ അഴിമതികള്‍ക്കെതിരെ 15 ദിവസത്തിനുള്ളില്‍ നടപടിയെടുക്കാന്‍ തയ്യാറായില്ലെങ്കില്‍ സര്‍ക്കാരിനെതിരെ പ്രക്ഷോഭം ശക്തമാക്കുമെന്നാണ് സച്ചിന്റെ മുന്നറിയിപ്പ്. അഞ്ച് ദിവസം നീണ്ട 'ജൻ സംഘര്‍ഷ യാത്ര'യുടെ സമാപനച്ചടങ്ങിലാണ് കോണ്‍ഗ്രസ് നേതാവായ സച്ചിന്‍ പൈലറ്റ് തന്റെ സര്‍ക്കാരിനെതിരെ തന്നെ വെല്ലുവിളി ഉയര്‍ത്തിയിരിക്കുന്നത്.

സര്‍ക്കാര്‍ ജോലിക്കായുള്ള പരീക്ഷാ ചോദ്യക്കടലാസ് ചോര്‍ന്ന കേസില്‍ ബാധിക്കപ്പെട്ടവര്‍ക്ക് നഷ്ടപരിഹാരം നല്‍കണം, രാജസ്ഥാന്‍ പബ്ലിക് സര്‍വിസ് കമ്മിഷന്‍ (ആര്‍ പി സി എസ് സി) പിരിച്ചുവിട്ട് പുനര്‍നിയമനം നടത്തണം എന്നിവയായിരുന്നു സച്ചിന്‍ പൈലറ്റ് മുന്നോട്ടുവച്ച മറ്റ് ആവശ്യങ്ങള്‍.

രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹലോട്ടുമായുളള ഭിന്നിപ്പും സച്ചിന്‍ പൈലറ്റ് തന്റെ പ്രസംഗത്തിലൂടെ വ്യക്തമാക്കി. അഴിമതിക്കെതിരെ താനും മുഖ്യമന്ത്രിയും ഒരുമിച്ച് നില്‍ക്കേണ്ടതായുണ്ടെന്നും എന്നാല്‍ അദ്ദേഹം യാതൊരു നടപടിയെടുക്കാന്‍ തയ്യാറായില്ലെന്നും സച്ചിൻ ആരോപിച്ചു.

''പ്രശ്‌നങ്ങള്‍ പ്രധാനപ്പെട്ടതായത് കൊണ്ടാണ് ഞങ്ങള്‍ക്ക് ജനപിന്തുണ ലഭിക്കുന്നത്. മുഖ്യമന്ത്രി സംസ്ഥാനത്തിന്റെ മുഖമാണ്. മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടും താനും അഴിമതി കേസുകള്‍ക്കെതിരെ ഒറ്റക്കെട്ടായി പോരാടേണ്ടതുണ്ട്. എന്നാല്‍ മുഖ്യമന്ത്രി ഇതിനെതിരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. അഴിമതി കേസുകള്‍ക്കെതിരെ കേസെടുക്കണമെന്ന് ഞാന്‍ ആവശ്യപ്പെട്ട് കുറേ കാലമായി. താന്‍ ആര്‍ക്കെതിരെയും ആരോപണങ്ങള്‍ ഉന്നയിക്കുന്നില്ല. വ്യക്തിപരമായി ആരുമായും തനിക്ക് അഭിപ്രായവ്യത്യാസമില്ല,'' അദ്ദേഹം പറഞ്ഞു.

കര്‍ണാടകയില്‍ മുഖ്യമന്ത്രിസ്ഥാനത്തിനായുള്ള പിടിവലികള്‍ മുറുകവെയാണ് രാജസ്ഥാനില്‍ ഉള്‍പ്പോര് ശക്തമാകുന്നത്. വരാനിരിക്കുന്ന സംസ്ഥാന തിരഞ്ഞെടുപ്പില്‍ രാജസ്ഥാന്‍ കോണ്‍ഗ്രസ്സിലെ ഐക്യം എന്താകുമെന്ന് കണ്ടറിയേണ്ടതുണ്ട്.

logo
The Fourth
www.thefourthnews.in