സഞ്ജയ് സിങ്
സഞ്ജയ് സിങ്

ലഫ്. ഗവര്‍ണറുടെ മാനനഷ്ടനോട്ടീസ് കീറി എറിഞ്ഞ് ആം ആദ്മി എം പി സഞ്ജയ് സിങ്

സഞ്ജയ് സിംഗ്, ദുര്‍ഗേഷ് പഥക്, അതിഷി മർലേന, സൗരഭ് ഭരദ്വാജ്, ജാസ്മിന്‍ ഷാ എന്നിവര്‍ക്ക് എതിരെയാണ് വക്കീല്‍ നോട്ടീസ് അയച്ചത്
Updated on
2 min read

ഖാദി കുംഭകോണ ആരോപണത്തില്‍ ഡല്‍ഹി ലെഫ്റ്റനന്റ് ഗവര്‍ണര്‍ അയച്ച മാനനഷ്ട നോട്ടീസ് കീറിയെറിഞ്ഞ് ആം ആദ്മി പാര്‍ട്ടി എംപി എംപി സഞ്ജയ് സിങ്. ഇന്ത്യന്‍ ഭരണഘടന തനിക്ക് സത്യം പറയാനുള്ള അവകാശം തന്നിട്ടുണ്ട്. ഒരു രാജ്യസഭാംഗം എന്ന നിലയിലും സത്യങ്ങള്‍ വിളിച്ചു പറയാന്‍ സ്വാതന്ത്ര്യമുണ്ട്. കള്ളനും, അഴിമതിക്കാരനുമായ ഒരാള്‍ അയച്ച നോട്ടീസില്‍ പതറില്ലെന്ന് സഞ്ജയ് സിങ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. അതിന് ശേഷം നോട്ടീസ് പല കഷ്ണങ്ങളായി കീറുകയും ചെയ്തു.

മദ്യ വില്‍പ്പന നയത്തിലെ അഴിമതി ആരോപിച്ച് ഉപമുഖ്യമന്ത്രി മനിഷ് സിസോദിയക്കെതിരെ സിബിഐ കേസെടുത്ത ശേഷം ഡല്‍ഹിയിലെ എഎപിയും ലഫ്റ്റനന്റ് ഗവര്‍ണർ വിനയ് കുമാർ സക്സേനയും തമ്മിലുള്ള രാഷ്ട്രീയ യുദ്ധം തുടരുകയാണ്. ലഫ്. ഗവര്‍ണര്‍ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടതോടെ സ്വകാര്യ കമ്പനികള്‍ക്ക് മദ്യക്കച്ചവടത്തിലേക്ക് കടന്നുവരാന്‍ വഴിയൊരുക്കിയ പുതിയ എക്‌സൈസ് നയം ജൂലൈയില്‍ തന്നെ എഎപി സര്‍ക്കാര്‍ പിന്‍വലിച്ചിരുന്നു. കേന്ദ്രസര്‍ക്കാര്‍ നിയമിച്ച ലഫ്. ഗവര്‍ണര്‍ കേന്ദ്രം ഭരിക്കുന്ന ബി.ജെ.പിയുടെയും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും നിര്‍ദേശങ്ങള്‍ക്കനുസരിച്ച് രാഷ്ട്രീയമായി പകപോക്കുകയാണെന്ന് എഎപി ആരോപിക്കുന്നു.

വിനയ് കുമാര്‍ സക്‌സേന
വിനയ് കുമാര്‍ സക്‌സേന

2015 മുതല്‍ 2022 വരെ ഖാദി ആന്‍ഡ് വില്ലേജ് ഇന്‍ഡസ്ട്രീസ് കമ്മീഷന്‍ (കെവിഐസി) ചെയര്‍പേഴ്സണായിരിക്കെ സക്സേന നിരവധി ക്രമക്കേടുകള്‍ നടത്തിയതായാണ് എഎപിയുടെ ആരോപണം. 2016-ല്‍ 1400 കോടി രൂപ മൂല്യമുള്ള നോട്ടുകള്‍ മാറ്റിവാങ്ങാന്‍ കെവിഐസി ജീവനക്കാരില്‍ സമ്മർദ്ദം ചെലുത്തിയതായി എഎപി എംഎല്‍എ ദുര്‍ഗേഷ് പഥക് നിയമസഭയില്‍ പറഞ്ഞു. കൂടാതെ, പദവി ദുരുപയോഗം ചെയ്ത്, മുംബൈയിലെ ഖാദി ലോഞ്ചിന്റെ ഇന്റീരിയര്‍ ഡിസൈനിംഗ് കരാര്‍ മകളുടെ സ്ഥാപനത്തിന് നല്‍കിയതായും പാർട്ടി ആരോപിച്ചു

''ഒരു രാജ്യസഭാംഗം എന്ന നിലയിലും എനിക്ക് സത്യങ്ങള്‍ വിളിച്ചു പറയാന്‍ സ്വാതന്ത്ര്യമുണ്ട്. കള്ളനും അഴിമതിക്കാരനുമായ ഒരാള്‍ അയച്ച നോട്ടീസില്‍ ഞാന്‍ പതറില്ല''

ഇതേ തുടര്‍ന്ന് സക്സേന മാനനഷ്ടം ആരോപിച്ച് തിങ്കളാഴ്ച ആം ആദ്മി പാര്‍ട്ടിയിലെ സഞ്ജയ് സിംഗ്, ദുര്‍ഗേഷ് പഥക്, അതിഷി, സൗരഭ് ഭരദ്വാജ്, ജാസ്മിന്‍ ഷാ എന്നിവര്‍ക്ക് എതിരെ വക്കീല്‍ നോട്ടീസ് അയച്ചു. വ്യാജവും അപകീര്‍ത്തികരവും അടിസ്ഥാനരഹിതവുമായ പ്രസ്താവനകള്‍ പറയുന്നതും പ്രചരിപ്പിക്കുന്നതും അവസാനിപ്പിക്കാന്‍ പാര്‍ട്ടിയിലെ എല്ലാ അംഗങ്ങളോടും അതുമായി ബന്ധപ്പെട്ട വ്യക്തികളോടും പ്രത്യക്ഷമായോ പരോക്ഷമായോ നിര്‍ദ്ദേശിച്ചുകൊണ്ട് ഒരു പത്രക്കുറിപ്പ് പുറത്തിറക്കാന്‍ അദ്ദേഹം നേതാക്കളോട് ആവശ്യപ്പെടുകയും ചെയ്തു. ഈ നോട്ടീസാണ് സഞ്ജയ് സിംഗ് ഇന്ന് കീറിക്കളഞ്ഞത്.

ഇരു പക്ഷത്ത് നിന്നുമുള്ള വാക്പോരിന്റെ ചുവടുപിടിച്ച് വലിയ ചോദ്യങ്ങളാണ് ഉയര്‍ന്നു വരുന്നത്. തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനാണോ, ലഫ്റ്റനന്റ് ഗവർണർക്കാണോ കൂടുതല്‍ അധികാരം എന്ന ചോദ്യം സുപ്രീം കോടതിയിലും ഉയര്‍ന്നു. കേസില്‍ ഒക്ടോബര്‍ 11 ന് വാദം കേള്‍ക്കാന്‍ ഭരണഘടനാ ബെഞ്ച് തീരുമാനിച്ചിട്ടുണ്ട്.

logo
The Fourth
www.thefourthnews.in