'ചിലര്‍ സൈഡ് ബെഞ്ചിലിരിക്കാന്‍ ആവശ്യപ്പെട്ടു, ഫോര്‍വേഡായി കളിക്കാനാണ് താല്‍പര്യം'; മലബാര്‍ പര്യടനവുമായി ശശി തരൂര്‍
സംസ്ഥാന രാഷ്ട്രീയത്തില്‍ ചുവടുറപ്പിക്കുന്നതിന്റെ ഭാഗമായി ശശി തരൂര്‍ നടത്തുന്ന ജില്ലാ പര്യടനങ്ങള്‍ക്ക് തുടക്കം. അപ്രഖ്യാപിത വിലക്കെന്ന വിവാദങ്ങള്‍ക്കിടെയാണ് തരൂര്‍ മലബാര്‍ പര്യടനത്തിന് തുടക്കം കുറിച്ചത്. ഇന്നു രാവിലെ 9.30ന് എം.ടി.വാസുദേവന്‍ നായരെ സന്ദര്‍ശിച്ചാണ് തരൂര്‍ പര്യടനം ആരംഭിച്ചത്. കോഴിക്കോട്, മലപ്പുറം, കണ്ണൂര്‍ എന്നീ ജില്ലകളില്‍ ഇന്നു മുതല്‍ 4 ദിവസമാണ് തരൂരിൻ്റെ പര്യടനം. ചിലര്‍ സൈഡ് ബെഞ്ചിലിരിക്കാന്‍ ആവശ്യപ്പെട്ടു, എന്നാല്‍ ഫോര്‍വേഡായി കളിക്കാനാണ് തനിക്ക് താല്‍പ്പര്യമെന്നായിരുന്നു വിവാദങ്ങളോട് ശശി തരൂരിന്റെ പ്രതികരണം. എല്ലാം ഒരു സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റിലെടുത്ത് മുന്നോട്ടു പോകാനാണ് ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞു.
തരൂരിന് ഒരു പാരയുമേൽക്കില്ലെന്നും കഴിവുള്ളവരെ അംഗീകരിക്കണമെന്നും കെ മുരളീധരൻ
അതേസമയം ശശി തരൂരിന് പിന്തുണയുമായി കെ മുരളീധരന്‍ രംഗത്തെത്തി. തരൂര്‍ കോണ്‍ഗ്രസ്സിന്റെ അവിഭാജ്യ ഘടകമാണ്. തരൂരിന് ഒരു പാരയുമേല്‍ക്കില്ലെന്നും കഴിവുള്ളവരെ അംഗീകരിക്കണമെന്നും കെ.മുരളീധരന്‍ പ്രതികരിച്ചു. തരൂര്‍ വിഷയം സംഘടനാപരമായ കാര്യമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. കെ.പി.സി.സി പ്രസിഡന്റ് ഈ കാര്യത്തില്‍ നിലപാട് പറഞ്ഞിട്ടുണ്ട്. പാര്‍ട്ടിയില്‍ ഒരു നേതാവിനും ഒരു തടസ്സവുമുണ്ടാകില്ലെന്നും വി.ഡി സതീശന്‍ കൂട്ടിച്ചേർത്തു.
വിവാദത്തില്‍ വിശദീകരണവുമായി കോഴിക്കോട് ഡിസിസിയും രംഗത്തെത്തി. തരൂരിന്റെ സന്ദര്‍ശനം എം.കെ.രാഘവന്‍ എംപി ജില്ലാ കമ്മിറ്റിയെ അറിയിച്ചിരുന്നുവെന്നും പര്യടനം വിഭാഗീയ പ്രവര്‍ത്തനമെന്ന വാര്‍ത്ത വന്നതില്‍ ചിലര്‍ക്ക് ആശങ്കയുണ്ടെന്നും കോഴിക്കോട് ഡിസിസി പ്രസിഡൻ്റ് പ്രവീണ്‍ കുമാര്‍ വ്യക്തമാക്കി. ഇതിന്റെ ഭാഗമായാണ് യൂത്ത് കോണ്‍ഗ്രസ് പിന്‍മാറിയതെന്നും പ്രവീണ്‍ കുമാര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. പര്യടനം ഡിസിസി നേതൃത്വത്തെ അറിയിച്ചില്ലെന്ന ആക്ഷേപത്തിലായിരുന്നു വിശദീകരണം. അതേസമയം ഇന്ന് വൈകുന്നേരം എം.കെ രാഘവന്‍ എം.പി. മാധ്യമങ്ങളെ കാണുമെന്ന് അറിയിച്ചിട്ടുണ്ട്.
സംഘടനാ സംവിധാനമനുസരിച്ചല്ല പരിപാടിയെന്നതിനാലാണ് സംഘാടനത്തില്‍ നിന്ന് മാറി നിന്നതെന്ന് യൂത്ത് കോണ്‍ഗ്രസ്സ് ജില്ലാ പ്രസിഡന്റ് ആര്‍.ഷെറിന്‍ അറിയിച്ചു. ശശി തരൂരിന് കണ്ണൂരില്‍ വിലക്കില്ലെന്ന് ഡിസിസി അധ്യക്ഷന്‍ മാര്‍ട്ടിന്‍ ജോര്‍ജ്ജ് പറഞ്ഞു. തരൂര്‍ പങ്കെടുക്കുന്ന പരിപാടിയില്‍ നിന്ന് ഡി.സി.സി മാറി നിന്നതല്ല. ആദ്യം ഡിസിസി ഏറ്റെടുത്ത പരിപാടി പിന്നീട് ജവഹര്‍ ലൈബ്രറിക്ക് കൈമാറുകയായിരുന്നുവെന്നും അദ്ദേഹം അറിയിച്ചു.
പാര്‍ട്ടി പദവികളില്‍ പരിഗണിക്കാതെ ഒഴിവാക്കപ്പെട്ട നിരവധി നേതാക്കള്‍ തരൂര്‍ വിഭാഗവുമായി ആശയവിനിമയം നടത്തുന്നുണ്ട്. ഇന്ത്യന്‍ ലോയേഴ്സ് കോണ്‍ഗ്രസും കാലിക്കറ്റ് ചേംബര്‍ ഓഫ് കൊമേഴ്സും സംഘടിപ്പിക്കുന്ന പരിപാടികളിലും പ്രഭാഷണത്തിലും പങ്കെടുക്കാനാണ് അദ്ദേഹം കോഴിക്കോട്ടെത്തിയത്. ചൊവ്വാഴ്ച സാദിഖലി ശിഹാബ് തങ്ങളും കുഞ്ഞാലിക്കുട്ടിയും അടക്കമുള്ള ലീഗ് നേതാക്കളുമായും തരൂര്‍ കൂടിക്കാഴ്ച നടത്തുന്നുണ്ട്.