ജ്യോതിഷ വേദിയിലെ തൻ്റെ പ്രസ്താവന വളച്ചൊടിച്ചെന്ന് ജി സുധാകരൻ, 'ശബരിമലയിലെ ഇപ്പോഴത്തെ സമ്പ്രദായത്തെക്കുറിച്ചാണ് പറഞ്ഞത്'
ശബരിമലയിൽ 50 വയസ് കഴിഞ്ഞ സ്ത്രീകൾ കയറിയാൽ മതിയെന്നത് തന്റെ പ്രതാവനയല്ലെന്ന് മുൻ മന്ത്രി ജി സുധാകരൻ. താൻ പറഞ്ഞതിനെ ചില മാധ്യമങ്ങൾ അവരുടെ താൽപ്പര്യങ്ങൾക്കനുസരിച്ച് മാറ്റിയാണ് വാർത്ത നൽകിയിരിക്കുന്നതെന്ന് അദ്ദേഹം ദ ഫോർത്തിനോട് പറഞ്ഞു. ശബരിമലയിൽ 50 വയസ് കഴിഞ്ഞ സ്ത്രീകളാണ് പ്രവേശിക്കുന്നതെന്നത് കാലാകാലങ്ങളായി തുടരുന്നതാണ്. അതേക്കുറിച്ചാണ് താൻ പറഞ്ഞതെന്നും അദ്ദേഹം ദ ഫോർത്തിനോട് വിശദീകരിച്ചു. ''എന്നെക്കുറിച്ച് ജനങ്ങൾക്ക് അറിയാം. മാധ്യമങ്ങൾ എന്തെഴുതിയാലും വിശ്വസിക്കുന്നവരല്ല ജനങ്ങൾ''- ജി സുധാകരൻ പറഞ്ഞു.
ജ്യോതിഷ താന്ത്രികവേദി സംസ്ഥാന വാർഷികാഘോഷത്തിന്റെ ഉദ്ഘാടന വേദിയിലെ പ്രസംഗമാണ് വിവാദമായത്. കമ്മ്യൂണിസ്റ്റുകളിൽ നിന്നും ജനങ്ങൾ പ്രതീക്ഷിക്കുന്നത് കിട്ടുന്നില്ലെന്ന് പറഞ്ഞത് അടുത്തിടെ കേരളത്തിൽ നടന്ന നരബലിയെ മുൻ നിർത്തിയായിരുന്നുവെന്നും ജി സുധാകരൻ വ്യക്തമാക്കി.
പ്രാദേശിക തലത്തിൽ പ്രവർത്തിക്കുമ്പോൾ കമ്മ്യൂണിസ്റ്റുകാരാണെന്ന് ജനങ്ങൾക്ക് ബോധ്യമാകണം. അങ്ങനെ അല്ലാതെ ആരെങ്കിലും പ്രവർത്തിച്ച് വരികയാണെങ്കിൽ അത് പരിശോധിച്ച് പാർട്ടി അവരെ തിരുത്തണം
കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് ഒരു പ്രത്യയശാസ്ത്രമുണ്ടെന്നും അതിന് വിരുദ്ധമായി പ്രവർത്തിക്കുന്ന ആരെങ്കിലും ഉണ്ടെങ്കിൽ അവരെ പാർട്ടി തിരുത്തണമെന്ന് അദ്ദേഹം പറഞ്ഞു. കമ്മ്യൂണിസ്റ്റുകാരും കോൺഗ്രസുകാരും രണ്ട് പ്രത്യയശാസ്ത്രങ്ങളിലാണ് വിശ്വസിക്കുന്നത്. പ്രാദേശിക തലത്തിൽ പ്രവർത്തിക്കുമ്പോൾ കമ്മ്യൂണിസ്റ്റുകാരാണെന്ന് ജനങ്ങൾക്ക് ബോധ്യമാകണം. അങ്ങനെ അല്ലാതെ ആരെങ്കിലും പ്രവർത്തിച്ച് വരികയാണെങ്കിൽ അത് പരിശോധിച്ച് പാർട്ടി അവരെ തിരുത്തണമെന്നും അദ്ദേഹം പറഞ്ഞു.
ഞാനൊരു കമ്മ്യൂണിസ്റ്റുകാരനാണ്. ഞാനൊരു കോൺഗ്രസുകാരനെപ്പോലെയാണെന്ന് ഞാൻ പറയുമോ എന്നും അദ്ദേഹം ചോദിച്ചു. ഓരോ പാർട്ടിക്കും ഓരോ പ്രത്യയ ശാസ്ത്രം ഉണ്ട്. കമ്മ്യൂണിസ്റ്റ് പാർട്ടിയിലെ പ്രാദേശിക പ്രവർത്തകർ ആ പ്രത്യയശാസ്ത്രത്തിന് അനുസരിച്ച് വേണം പ്രവർത്തിക്കാൻ. എന്നാൽ, ചിലർ പ്രത്യയ ശാസ്ത്രത്തിന് വിരുദ്ധമായി പ്രവർത്തിച്ച് വരികയാണ്. അവരെ കോൺഗ്രസാണോ, കമ്മ്യൂണിസ്റ്റാണോ, ബിജെപിയാണോ എന്ന് തിരിച്ചറിയാൻ പറ്റാതായിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ നിന്നും ജനങ്ങൾ പ്രതീക്ഷിക്കുന്ന ചിലതുണ്ട്. അതിന് വിരുദ്ധമായി പ്രവർത്തിക്കുന്ന ചില പ്രാദേശിക പ്രവർത്തകരിൽ നിന്നും ജനങ്ങൾക്ക് അത് കിട്ടുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. അടുത്തിടെ കേരളത്തിൽ നടന്ന നരബലിയെ മുൻ നിർത്തിയായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന.
നരബലി പോലുളള അന്ധവിശ്വാസങ്ങൾക്ക് പിന്നാലെ പ്രാദേശിക തലത്തിലുളള ഏതെങ്കിലും പ്രവർത്തകർ പോകുന്നുണ്ടെങ്കിൽ പാർട്ടി അത് പരിശോധിക്കണമെന്നും അങ്ങനെയുളളവരെ തിരുത്തണമെന്നും ജി സുധാകരൻ പറഞ്ഞു. നരബലി പോലുളള അന്ധവിശ്വാസങ്ങൾ കേരളത്തിൽ ഒരു കാലത്ത് ഉണ്ടായിരുന്നു. അതിനെ കുറിച്ച് ജനങ്ങൾക്ക് ബോധവത്കരണം നടത്തിയാണ് കമ്മ്യൂണിസ്റ്റ് പാർട്ടി മുന്നോട്ട് വന്നിട്ടുളളത്. എക്കാലവും കമ്മ്യൂണിസ്റ്റ് പാർട്ടി അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കും എതിരാണെന്നും അദ്ദേഹം പറഞ്ഞു.
പ്രപഞ്ചത്തിൽ ജ്ഞാന പ്രപഞ്ചവും അജ്ഞാത പ്രപഞ്ചവും ഉണ്ട്. ഇത് ഞാൻ പറഞ്ഞതല്ല. കാറൽ മാർക്സ് പറഞ്ഞതാണ്. അറിയപ്പെടുന്ന ലോകവും അറിയപ്പെടാത്ത ലോകവും എന്നിങ്ങനെ രണ്ടായി ലോകത്തെ തിരിക്കാം. ശാസ്ത്ര സാങ്കേതികവിദ്യ വളർന്നതോടു കൂടി അറിയപ്പെടാത്ത ലോകം ചുരുങ്ങി വരികയാണ്. അറിയപ്പെടുന്ന ലോകം വിപുലവുമാകുന്നു. അറിയപ്പെടാത്ത ലോകം നിലനിൽക്കുന്നിടത്തോളം ജ്യോതിഷം പോലുളള സമ്പ്രദായങ്ങൾക്ക് പിന്നാലെ ആളുകൾ പോകുമെന്നും അദ്ദേഹം പറഞ്ഞു. ഇത് പ്രപഞ്ചത്തെക്കുറിച്ചുളള മാർക്സിന്റെ വിശകലനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.